സമുദ്രഗിരിമേഘോര്‍വിവിസ്ഫോടമയമപ്യജം
കാഷ്ഠമൌനവദേവേദം ജഗദ്‌ബ്രഹ്മവതിഷ്ഠതേ (6.2/54/3)
വസിഷ്ഠന്‍ തുടര്‍ന്നു: ഉണ്മ എന്നത് അനന്തമാണ്.
അവിച്ഛിന്നമായ ബോധമാണ്. അത് അറിയാനുള്ള ഒരു ‘വസ്തു’വല്ല. അത് അറിയുക എന്നത്
അസാദ്ധ്യവുമത്രേ. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍ എന്നിത്യാദി വാക്കുകള്‍ ആവര്‍ത്തിച്ചുപയോഗിച്ച്
അവ സത്യമെന്ന തോന്നലുണ്ടാവുകയാണ്. സൃഷ്ടിക്ക് കാരണം ഒന്നുമില്ലാത്തതിനാല്‍ അതിന്
അസ്തിത്വമില്ല. എന്നാല്‍ ഈ വസ്തുത ഒരാള്‍ എങ്ങിനെയാണ് ദൃഢീകരിക്കുക? മനസ്സ് പൂര്‍ണ്ണമായും
സമതയില്‍ അഭിരമിക്കുമ്പോള്‍ എന്താണോ അതാണ് ഉണ്മ.
ആ സത്യത്തില്‍ ലോകങ്ങള്‍
പ്രകടിതമാവുന്നു എന്ന് മാത്രം. ശൂന്യതയില്‍ നിന്നും ലോകം എന്ന പ്രതീതി
ഉണ്ടാവുന്നു! അതിനാല്‍ ബ്രഹ്മം മാത്രമാണ് ഈ സൃഷ്ടിരൂപത്തിലും നിലകൊള്ളുന്നതെന്ന്
നാം മനസ്സിലാക്കണം. സൃഷ്ടി എന്നതും ഒരു കേവലപദം മാത്രമാണ്. സത്യമായുള്ളത് ബ്രഹ്മം
മാത്രം.
‘ഞാന്‍’, ‘നീ’, ‘ലോകം’, മുതലായ
വാക്കുകള്‍ ബ്രഹ്മത്തില്‍ ബ്രഹ്മമായി നിലകൊള്ളുന്നു. “സമുദ്രം, പര്‍വ്വതം,
മേഘം,ഭൂമി, തുടങ്ങിയ എല്ലാമെല്ലാം അജമാണ് (ജനിക്കാത്തതാണ്).
സംസ്കരിക്കപ്പെടാത്തതാണ്. കാഷ്ഠമൌനമായി ബ്രഹ്മത്തില്‍ ലോകം നിലകൊള്ളുന്നു (കാഷ്ഠമൌനം-
വിറകിന്റെ നിശ്ശബ്ദാവസ്ഥ)
നൈസര്‍ഗ്ഗിക സ്വഭാവത്താല്‍
ദൃഷ്ടാവ് ദൃശ്യത്തില്‍ ദൃഷ്ടിയായി നിലകൊള്ളുന്നു. കര്‍മ്മത്തില്‍ കര്‍ത്താവ്
സഹജമായി നിലകൊള്ളുന്നു. മറ്റൊന്ന് ചെയ്യാന്‍ അയാള്‍ക്ക് കാരണമൊന്നുമില്ല. അതില്‍ കര്‍ത്താവോ
ഭോക്താവോ ഇല്ല. ജഡത്വമോ അനുഭവമോ ഇല്ല. നിശ്ശൂന്യതയോ വിഷയമോ ഇല്ല.
ജീവിതവും
മരണവും, സത്യവും അസത്യവും, നന്മയും തിന്മയും, എല്ലാം സമുദ്രോപരിയുണ്ടാവുന്ന അലകളെല്ലാം
ജലമാണ് എന്നപോലെ ഒരേയൊരു വസ്തുവാണ്. വിഷയ-വിഷയീ ഭേദം വെറും ഭാവനയാണ്. സൃഷ്ടിയുടെ
കാരണം ആര്‍ക്കും എത്ര പരിശ്രമിച്ചാലും കണ്ടുപിടിക്കാന്‍ ആവില്ല.
കാരണമൊന്നുമില്ലാതെ പ്രകാശിക്കുന്ന വസ്തു വാസ്തവത്തില്‍ വെറും ഭ്രാമക്കാഴ്ചമാത്രമാണ്.
സൃഷ്ടി-സൃഷ്ടാവ് എന്ന ബന്ധമില്ലാതേ തന്നെ ‘അത്’ ജാജ്വല്യമാനമാകുന്നത്
സ്വപ്രകാശത്താലാണ്.
രാമന്‍
ചോദിച്ചു: ആല്‍മരത്തിന്റെ വിത്തില്‍ വന്‍മരം മുഴുവന്‍ ഒളിച്ചിരിക്കുന്നതായി നാം
കാണുന്നു. അതുപോലെ ബ്രഹ്മത്തില്‍ ലോകം അടങ്ങിയിരിക്കുന്നു എന്ന് കരുതിയാല്‍ പോരെ?
വസിഷ്ഠന്‍
പറഞ്ഞു: അങ്ങിനെയൊരു ബീജം ഉള്ളപ്പോള്‍, അതിനെ തുണയ്ക്കുന്ന മറ്റു ഘടകങ്ങള്‍
ഉള്ളപ്പോള്‍ സൃഷ്ടി എന്നൊരു സാദ്ധ്യത ഉണ്ട്. എന്നാല്‍ എല്ലാ ഘടകങ്ങളും
ആത്യന്തികപ്രളയത്തില്‍ വിലയിക്കുമ്പോള്‍ ഈ ബീജമെവിടെയാണ്? അതിനെ
പരിപോഷിപ്പിക്കുന്ന മറ്റു ഘടകങ്ങളും എവിടെയാണ്?
അനന്തമായ
അവിച്ഛിന്നമായ ബോധം മാത്രമാണ് സത്യം എന്നുള്ളപ്പോള്‍ ഒരു പരമാണുവിനുപോലും
വേറിട്ടൊരു നിലനില്‍പ്പ് സദ്ധ്യമേയല്ല. അപ്പോള്‍പ്പിന്നെ സൃഷ്ടിബീജം എങ്ങിനെ
ഉണ്ടാവാനാണ്? പരംപൊരുള്‍ എന്താണോ അതുതന്നെയാണ് വിശ്വമായി നിലകൊള്ളുന്നതും.
No comments:
Post a Comment
Note: Only a member of this blog may post a comment.