Jun 5, 2014

522 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 522

തജ്ഞസ്യാകൃഷ്ടമുക്തസ്യ സമം ധ്യാനം വിനാ സ്ഥിതി:
നിമ്നം വിനൈവ തോയസ്യ ന സംഭവതി കാചന (6.2/43/36)
വസിഷ്ഠന്‍ തുടര്‍ന്നു:  സത്യജ്ഞാനി ലോകത്തെ കാണുന്നത് ജന്മനാ അന്ധനായ ഒരാള്‍ തന്റെ സ്വപ്നത്തില്‍ ലോകത്തെ ‘കാണുന്നത്’ പോലെയും ദീര്‍ഘനിദ്രയില്‍ ഒന്നും 'കാണാത്തതു'പോലെയുമാണ്. ആശകളുടെ അഗ്നിയടങ്ങി പ്രശാന്തശീതളമാണയാളുടെ മനസ്സും ഹൃദയവും.
“പ്രബുദ്ധന്റെ മനസ്സില്‍ ആസക്തികള്‍ ഇല്ലാത്തതുകൊണ്ട് ധ്യാനനിമഗ്നനല്ലെങ്കിലും അത് സമതയുടെ നിറവിലായിരിക്കും. പുറത്തേയ്ക്ക് വെള്ളമൊഴുകുന്നില്ലെങ്കില്‍ തടാകത്തിലെ ജലം ഓളങ്ങളില്ലാതെ അക്ഷോഭ്യമായിരിക്കുമല്ലോ.”

ബാഹ്യമായി മാനസീകവ്യാപാരങ്ങളാണ് വിഷയങ്ങള്‍. മേധാശക്തിയില്‍ വസ്തുക്കള്‍ ഉണ്ടാക്കുന്ന ധാരണാമുദ്രകളാണ് മനോവ്യാപാരങ്ങള്‍. സമുദ്രത്തില്‍ എത്തുന്നതുവരെ ജലം പലപേരുകളില്‍ പലവിധത്തില്‍ അറിയപ്പെടുന്നു. അതുപോലെ ബോധം വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളായും അതിനനുസരിച്ച് മനോവ്യാപാരങ്ങളായും കാണപ്പെടുന്നു. വസ്തുവും മനസ്സും അപ്പോള്‍ രണ്ടല്ല എന്ന് വരുന്നു. അവയില്‍ ഏതെങ്കിലും ഇലാതാവുമ്പോള്‍ രണ്ടും ഇല്ലാതാവുന്നു. രണ്ടിനും സത്തയില്ല. അവയൊടുങ്ങുമ്പോള്‍ ശാന്തിയാണ്.

സത്യജ്ഞാനി അവയെ ഉപേക്ഷിക്കുന്നുവെങ്കിലും അയാള്‍ക്കൊന്നും നഷ്ടമാവുന്നില്ല. ‘വസ്തു’, ‘മനസ്സ്’, എന്നീ കാര്യങ്ങള്‍ക്ക് പ്രസക്തി ഇല്ലതന്നെ. പ്രസക്തിയുള്ളത് അനന്തമായ ബോധത്തിന് മാത്രം. കാലം, ദൂരം, വസ്തു, തുടങ്ങി അജ്ഞാനിയ്ക്ക് നിജമായി അനുഭവപ്പെടുന്നവ ജ്ഞാനിക്ക് മിഥ്യയാണ്. ധൈര്യശാലിയെ സംബന്ധിച്ചിടത്തോളം ഭൂതപ്രേതങ്ങള്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്. ജ്ഞാനിയെ സംബന്ധിച്ചിടത്തോളം ലോകം അങ്ങിനെയാണ്. എന്നാല്‍ അജ്ഞാനിക്ക് സത്യജ്ഞാനി വിവരമില്ലാത്തവനാണ്.

രാമാ, വസ്തു, മനസ്സ് ഇത്യാദികളില്‍ പെട്ടുപോവരുത്. നീ അത്മാഭിരാമനാവൂ. ബോധം തന്നെയാണ് വന്മരത്തിന്റെ വിത്തെന്നപോലെ, വൈവിദ്ധ്യമാര്‍ന്ന ശാഖോപശാഖകളായി മൂര്‍ത്തീകരിക്കുന്നത്. ഈ വസ്തുക്കളെ ഉപേക്ഷിച്ചാല്‍ എന്ത് അവശേഷിക്കുന്നുവോ അതിനെ ബോധമെന്നു പേരിട്ടു വിളിക്കുന്നത് പോലും അതിനെ പരിമിതപ്പെടുത്തുന്നു. വാക്കുകള്‍ക്ക് അതിനെ വിവരിക്കാനാവില്ല .

മനസ്സും ദ്രവ്യവും ഒന്നാണ്. രണ്ടും മിഥ്യ. ഭ്രമക്കാഴ്ചയാണ് തെറ്റായ തോന്നലുണ്ടാക്കുന്നത്. എന്നാല്‍ ആത്മജ്ഞാനം ഈ ഭ്രമത്തെ ഇല്ലാതാക്കുന്നു. ആത്മജ്ഞാനവും ലോകമെന്ന കെട്ടുകാഴ്ചയുടെ അവസാനവും ജ്ഞാനോദയത്തിന്റെ ലക്ഷണമാണ്.

ആസക്തികളടങ്ങാത്തതിനാല്‍ ഉണ്ടാവുന്ന അഹംകാരം ആകുലതകളെ സൃഷ്ടിക്കുന്നു. അടിവേര് മുതല്‍ കടയും,ശാഖകളും, ഉപശാഖകളും ഇലകളും പൂക്കളും കായ്കളും എല്ലാം മരം തന്നെയാണ്. അതുപോലെ ബോധം എല്ലാമെല്ലാമാണ്. അവിഭാജ്യമായ സത്ത. അനുപാധികമായ ഉണ്മ.

നെയ്യ് തണുക്കുമ്പോള്‍ കട്ടിയായി ഉറയുന്നതുപോലെ ബോധം വിഷയമായി (ദ്രവ്യമായി) ‘ഉറയുന്നു’. എന്നാല്‍ അനന്തമായ, അവ്യയമായ ബോധത്തില്‍ അത്തരം പരിണാമങ്ങള്‍ ഒന്നും സാദ്ധ്യമല്ല. അത്തരം പരിണാമങ്ങള്‍ മിഥ്യാധാരണകളാണ്. അതുകൊണ്ട് ആത്മജ്ഞാനമുള്ളയാളിന്റെ ഹൃദയത്തില്‍ വസ്തുബോധം ഉരുകിയില്ലാതെയാവുന്നു. കാരണം അയാളില്‍ ഭ്രമങ്ങളോ അഹംകാരമോ ഇല്ല.  

No comments:

Post a Comment

Note: Only a member of this blog may post a comment.