Jun 21, 2014

546 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 546

ബോധ: കാലേന ഭവതി മഹാമോഹവതാമപി
യസ്മാന്ന കിംചനാപ്യസ്തി ബ്രഹ്മതത്ത്വാദൃതേക്ഷയം (6.2/68/12)

വസിഷ്ഠന്‍ തുടര്‍ന്നു: അപ്സരസ് അങ്ങിനെപറഞ്ഞപ്പോള്‍ ഞാന്‍ പത്മാസനസ്ഥനായി. ധ്യാനസപര്യയിലൂടെ സമാധിയില്‍ എത്തി. എല്ലാ വസ്തുവിഷയസങ്കല്‍പ്പങ്ങളും ഉപേക്ഷിച്ച് ശുദ്ധമായ ബോധത്തില്‍ മാത്രം എന്റെ ദൃശ്യത്തെ ഉറപ്പിച്ചു. ഞാന്‍ സ്വയം ആ ബോധമായി മാറിയതോടെ എന്നില്‍ പൂര്‍ണ്ണമായ, ശുദ്ധമായ, വിശ്വദര്‍ശനം ഉണ്ടായി. ഈ സത്യദര്‍ശനം എന്നിലെ എല്ലാ വസ്തുവിഷയഭാവനകളെയും ഇല്ലാതെയാക്കി.

ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത ബോധദീപ്തി എന്നെ വലയം ചെയ്തു. ആ ബോധതലത്തില്‍ ഞാന്‍ ആകാശമോ പാറയോ ഒന്നും കണ്ടില്ല. എങ്കിലും അനന്തതയെപ്പറ്റി ഞാന്‍ അറിഞ്ഞിരുന്നു. എന്തൊക്കെ നേരത്തെ കണ്ടിരുന്നുവോ അതെല്ലാം ഏകമായ ആത്മാവ് മാത്രമാണ്. അതാണെനിക്ക് അനുഭവങ്ങളെ നല്‍കിയിരുന്നത്. പാറയായി കണ്ടിരുന്നത് ചിദാകാശം മാത്രമായിരുന്നു. മനുഷ്യന്‍ മറ്റുള്ളവരുടെ സ്വപ്നസൃഷ്ടിയാണ്. അയാള്‍ താനൊരു മനുഷ്യനാണെന്നു സ്വപ്നം കാണുകയാണ്.

“എങ്കിലും ഏറ്റവും ദുരിതപൂരിതമായ ദുസ്വപ്നങ്ങള്‍ കാണുന്നവന്‍ പോലും എപ്പോഴെങ്കിലും ഉണരുമല്ലോ. അതുപോലെ ഏറ്റവും ഭ്രമാത്മകമായ ദൃശ്യങ്ങളില്‍ ഉഴറി ജീവിക്കുന്നവര്‍ പോലും പ്രബുദ്ധതയെ പ്രാപിക്കുന്നു. കാരണം  ശാശ്വതബ്രഹ്മം എന്ന നിത്യസത്യമല്ലാതെ മറ്റൊന്നും ഉണ്മയായി ഇല്ലല്ലോ.”

അതുകൊണ്ട് പാറയായി ഞാന്‍ നേരത്തെ കണ്ടത് ബോധമല്ലാതെ മറ്റൊന്നുമല്ല എന്ന് ഞാന്‍ അറിയുന്നു. ഭൂമി, പദാര്‍ഥങ്ങള്‍ എന്നിങ്ങിനെ വ്യതിരിക്തമായ യാതൊന്നും ഇല്ല. എല്ലാ ഘടകപദാര്‍ത്ഥങ്ങളുടെയും ആത്മാവാണ് ബ്രഹ്മശരീരം. ഈ ധാരണയും ഒരു ഭാവനയാണ്. വിശ്വത്തിന്റെ സൂക്ഷ്മശരീരം എന്ന സങ്കല്‍പ്പംപോലും  ഈ ധാരണയില്‍നിന്നും ഉല്പന്നമാണ്.  

ആദ്യമായുണ്ടാവുന്ന ധാരണ, അല്ലെങ്കില്‍ ചിന്ത ജീവന്റെ ദേഹമാണ്. അജ്ഞാനസന്തതിയായ ചിന്ത – അതായത് ഞാന്‍ എന്ന ചിന്ത- മനസ്സിനെ യഥാര്‍ത്ഥവസ്തുവായി തെറ്റിദ്ധരിക്കുന്നു. യാതൊരു കാരണവും ലക്ഷ്യവും കൂടാതെ പ്രത്യക്ഷസത്യമായി ഈ ധാരണകള്‍ ഉണ്ടാവുന്നതോടെ ബോധം ഒരനാത്മവസ്തുവായി സ്വയം കാണാന്‍ തുടങ്ങുന്നു. ഇപ്പോള്‍ പ്രത്യക്ഷ സത്യമായിരിക്കുന്ന ദേഹാദികള്‍ വാസ്തവത്തില്‍ മിഥ്യയാണ്. എത്ര വിരോധാഭാസമെന്നു നോക്കൂ. സത്യം മിഥ്യയായും മിഥ്യ സത്യമായും കാണപ്പെടുന്നു. അതാണ്‌ മായാശക്തി.

സൂക്ഷ്മശരീരമാണ് സ്പഷ്ടമായ സത്യങ്ങളില്‍ പ്രഥമം. സത്യം സര്‍വ്വവ്യാപിയും അനുഭവപ്രദവുമാണെങ്കിലും പദാര്‍ത്ഥം വെറും ഭ്രമക്കാഴ്ചയാണ്. ‘വള’ എന്ന രൂപഭാവം സ്വര്‍ണ്ണത്തിന്റെ ഭ്രമാത്മക ദൃശ്യം മാത്രമാകുമ്പോഴും ആളുകള്‍ അതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘അത് വളയാണ്’ എന്ന് പറയുന്നു. അതിവാഹികന്‍ എന്ന് അറിയപ്പെടുന്ന സൂക്ഷ്മശരീരം പദാര്‍ത്ഥനിര്‍മ്മിതിയല്ല. ഈ അറിവിന്റെ അഭാവത്തിലാണ് ജീവന്‍ ഭ്രമാത്മകമായ അതിവാഹികന്റെ മായാജാലത്തില്‍ വീഴുന്നത്. എത്ര മൂഢത്വം!

അന്വേഷണത്തിന്റെ അവസാനം പദാര്‍ത്ഥമോ ദേഹമോ കണ്ടെത്തുകയില്ല. സൂക്ഷ്മശരീരം ഇഹലോകത്തിലും പരലോകത്തിലും മാറ്റമില്ലാതെ നിലകൊള്ളുന്നു. 

No comments:

Post a Comment

Note: Only a member of this blog may post a comment.