Jun 22, 2014

558 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 558

പുരമണ്ഡലദൈത്യാഗ്നി സുരനാഗവിവസ്വതം
നികുരംബം ദധദ്വ്യോമ്നി മശകാനാമിവോച്ചയം (6.2/77/24)

വസിഷ്ഠന്‍ തുടര്‍ന്നു: ആ സമയത്ത് ആകാശം മുഴുവന്‍ നാശത്തിന്റെ ചാരം മൂടിയിരുന്നു. ആ ചാരത്തെ ചുഴറ്റിയടിച്ചുകൊണ്ട് കൊടുങ്കാറ്റുവീശി. തുള്ളിക്കൊരുകുടമെന്ന മട്ടില്‍ മഴത്തുള്ളികള്‍ ആരവത്തോടെ പെയ്തിറങ്ങി. സര്‍വ്വനാശത്തിന്റെ രക്ഷസവര്‍ഗ്ഗം ജയാരവം മുഴക്കുന്നത്പോലെ എങ്ങും ശബ്ദായമാനമായിരുന്നു. ഇന്ദ്രന്മാരുടെയും മറ്റു ദേവതകളുടെയും എരിഞ്ഞടങ്ങിയ നഗരാവശിഷ്ടങ്ങള്‍ കാറ്റടിച്ചു പറത്തി അങ്ങുമിങ്ങും ചിതറിവീണു.

അങ്ങിനെ ജലം, അഗ്നി, വായു – മൂന്നു മൂലഭൂതങ്ങളും നിയന്ത്രണംവിട്ട് പരസ്പരം മല്ലടിക്കുന്നതുപോലെയും എല്ലാ ക്രമങ്ങള്‍ക്കും ഭംഗം വന്നതായും കാണപ്പെട്ടു. കാതടപ്പിക്കുന്ന ഭീകരശബ്ദങ്ങള്‍ എങ്ങും മുഴങ്ങി. പേമാരി ചംച്ചം ശബ്ദത്തോടെ  തീകെടുത്തി. മഹാനദികള്‍ മലകളെയും ഭൂഖണ്ഡങ്ങളെയും നഗരങ്ങളെയും പൊടിച്ചു തകര്‍ത്ത് ഒഴുകി. ബഹിരാകാശങ്ങളില്‍ നക്ഷത്രങ്ങളും ഗോളങ്ങളും അതത് ഭ്രമണപഥങ്ങളില്‍ നിന്നും വ്യതിചലിച്ചു കലുഷമായി.

ഉയര്‍ന്നു വന്ന തിരമാലകള്‍ മലകളെ തകര്‍ത്തുകളഞ്ഞു. കാറ്റ് അവയെ ദൂരേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. എല്ലാടവും ഇരുട്ട് നിറഞ്ഞു. സൂര്യകിരണങ്ങളെ ഇരുണ്ട നീല നിറമാര്‍ന്ന മഴയും മേഘവും മറച്ചു പിടിച്ചു. ഛിന്നഭിന്നമാകുന്ന ഭൂമിയില്‍ വേരുറയ്ക്കാതെ മലകള്‍ അടിതെറ്റി മറഞ്ഞു. കൂറ്റന്‍ തിരമാലകള്‍ ആ മലകളെ പൊക്കി ദൂരെ വലിച്ചെറിഞ്ഞു.

മൂന്നുലോകങ്ങളും നിലവിളിച്ചുകൊണ്ട് അലറുന്നത്പോലെ കാണപ്പെട്ടു. ദേവന്മാരും അസുരന്മാരും കൊടിയ ദുരന്തങ്ങളെ നേരിട്ടുകൊണ്ടിരുന്നു. അപ്പോഴും അവര്‍ എന്തിനെന്നറിയാതെ ശത്രുത നിമിത്തം പരസ്പരം പോരാടിക്കൊണ്ടിരുന്നു. പ്രാണന്‍ മാത്രം ഈ നാശത്തിന്റെ ഇടയില്‍ എല്ലാ വസ്തുക്കളുടെയും അപചയം ഉറപ്പാക്കിക്കൊണ്ട് അങ്ങുമിങ്ങും ഉലാവുന്നുണ്ടായിരുന്നു.

“ആ സമയം നഗരങ്ങളും അസുരന്മാരും അഗ്നിയും സര്‍പ്പങ്ങളും സൂര്യന്മാരുമെല്ലാം ആകാശത്ത് പറന്നു നടക്കുന്ന ഈയാംപാറ്റകളെപ്പോലെയും കൊതുകുകളെപ്പോലെയും കാണപ്പെട്ടു.”

ദിഗ്ദേവതമാര്‍ പോലും നാശത്തിന്റെ പാതയിലായി. എല്ലായിടത്തും കാലുഷ്യവും ക്രമരാഹിത്യവും നടമാടി. സൃഷ്ടിക്കപ്പെട്ട എല്ലാ ജീവനിര്‍ജ്ജീവജാളങ്ങള്‍ എല്ലാം പൊടിപടലമായിത്തീര്‍ന്ന് എങ്ങും നിറഞ്ഞു. ലോകംമുഴുവന്‍ അമൂല്യരത്നങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്മ്യങ്ങളുടെ പൊട്ടും പൊടിയും ചിതറി നിറഞ്ഞ് വിശ്വമാകെ കാണാന്‍ വയ്യാതെയായി.

സൃഷ്ടി എന്നറിയപ്പെടുന്ന എല്ലാമെല്ലാം ഇല്ലാതായിക്കഴിയുമ്പോഴും ബാക്കിയായി  നിലനില്‍ക്കുന്ന ആ ‘ഒന്ന്‍’ മാത്രം നിലകൊണ്ടു. എല്ലാ ജീവജാലങ്ങളും നശിച്ചതോടെ വീണ്ടും ആ ‘നിറവ്’ പ്രകടമായി. വാസ്തവത്തില്‍ ആ നിറവ് എന്നുമെന്നും ഉണ്ടായിരുന്നത് തന്നെയാണ്. അപ്പോഴേയ്ക്കും പ്രളയാഗ്നിയെ പൂര്‍ണ്ണമായി കെടുത്തിക്കൊണ്ട് പേമാരി പെയ്യുകയും എല്ലാം പ്രശാന്തമാവുകയും ചെയ്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.