സ ഏവ വാഡവോ ഭൂത്വാ വഹ്നിരാകല്‍പമര്‍ണവേ
അഹംകാര: പിബത്യംബു രുദ്ര: സര്‍വം തു തത്തദാ (6.2/80/35)
വസിഷ്ഠന്‍ തുടര്‍ന്നു: ആ രുദ്രന്‍ പ്രാണവേഗത്തില്‍
വിശ്വസമുദ്രത്തെ മുഴുവന്‍ കുടിച്ചു വറ്റിക്കുന്ന കാഴ്ചയാണ് പിന്നീട് ഞാന്‍ കണ്ടത്.
ഘോരമായ തീ ജ്വലിച്ചു വര്‍ഷിച്ചുകൊണ്ടിരുന്ന വായിലേയ്ക്ക് സമുദ്രജലം ഇരച്ചു
കയറുന്നു!
“സമുദ്രജഠരത്തില്‍, അല്ലെങ്കില്‍ ഭൂമിയില്‍ അഗ്നിയായി
അഹംകാരം (രുദ്രന്‍) നിലകൊള്ളുന്നു.
ലോകചക്രത്തിന്റെ അന്ത്യത്തില്‍ അവന്‍ സമുദ്രം കുടിച്ചു വറ്റിക്കുന്നു. അഹംകാരമാണ്
എല്ലായ്പ്പോഴും എല്ലായിടത്തും എല്ലാമായിരിക്കുന്നത്.”
ആസമയത്ത്
അനന്തശുദ്ധമായ ആകാശത്തില്‍ നാല് കാര്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഒന്ന്: കറുത്തനിറത്തില്‍
രുദ്രന്‍. അയാള്‍ക്ക് ചലനമില്ല, യാതൊരുവിധതാങ്ങുകളും കൂടാതെയാണ് രുദ്രന്റെ നിലനില്‍പ്പ്.
രണ്ട്: ചെളിമണ്ണ് നിറഞ്ഞ ഭൂമി- പാതാളം മുതല്‍ സ്വര്‍ഗ്ഗംവരെയുള്ള എല്ലാ ലോകങ്ങള്‍ക്കും
ഇടമേകുന്നത് ഭൂമിയാണ്. മൂന്ന്: സൃഷ്ടിയുടെ മുകളറ്റം. ഏറെ അകലെയായതിനാല്‍
ദൃഷ്ടിസാദ്ധ്യതയ്ക്കുമപ്പുറമാണത്. നാല്: ഇതിലെല്ലാം, എല്ലായിടത്തും സ്വരൂപമായി,
സഹജമായി അനന്താവബോധം സര്‍വ്വവ്യാപിയായി വിരാജിച്ചു. ഇങ്ങിനെ നാല് വസ്തുതകളല്ലാതെ
മറ്റൊന്നും ഉണ്ടായിരുന്നില്ല.
രാമന്‍
ചോദിച്ചു: ബ്രഹ്മാവിന്റെ വാസസ്ഥലം ഏതാണ്? അതിനെ മൂടി മറയ്ക്കുന്നതെന്താണ്?
എങ്ങിനെയാണത് നിലനില്‍ക്കുന്നത്?
വസിഷ്ഠന്‍
പറഞ്ഞു: ബ്രഹ്മാവിന്റെ ഇരിപ്പിടം ഭൂമിയുടെ മദ്ധ്യമാണ്. അത് ഭൂമിയേക്കാള്‍
പത്തുമടങ്ങ് വലുപ്പമുള്ള ജലധിയാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ജലധിയേക്കാള്‍
പത്തുമടങ്ങ് വലുതാണ് അഗ്നിയുടെ മണ്ഡലം. അതിനെയും ചൂഴുന്ന വായുമണ്ഡലം
അഗ്നിമണ്ഡലത്തിന്റെ പതിന്മടങ്ങ് വലുപ്പമുള്ളതാണ്. ഒടുവില്‍ വായുമണ്ഡലത്തിന്റെ
പത്തുമടങ്ങ് വലുപ്പത്തില്‍ ആകാശമണ്ഡലം. ഇവയ്ക്കെല്ലാമപ്പുറമാണ് അനന്തമായ
ബ്രഹ്മാകാശം.
രാമന്‍
ചോദിച്ചു: മഹര്‍ഷേ, ആരാണ് ഈ സൃഷ്ടികളെ താഴെനിന്നും മുകളില്‍ നിന്നും താങ്ങിപ്പിടിച്ചു
നിര്‍ത്തുന്നത്?
വസിഷ്ഠന്‍
പറഞ്ഞു: ഭൂമി മുതലായവയെ താങ്ങി നിര്‍ത്തുന്നത് ഹിരണ്യഗര്‍ഭം അല്ലെങ്കില്‍
വിശ്വപുരുഷന്‍ എന്ന ബ്രഹ്മ-അണ്ഡമാണ്.
രാമന്‍
ചോദിച്ചു: ഭഗവന്‍, ഈ ബ്രഹ്മ-അണ്ഡത്തെ ആരാണ് നിലനിര്‍ത്തുന്നത്?
വസിഷ്ഠന്‍
പറഞ്ഞു: ബ്രഹ്മാണ്ഡം വീഴുന്നു എന്നോ വീഴുന്നില്ല എന്നോ എങ്ങിനെ കരുതിയാലും അതിനെ
താങ്ങി നിര്‍ത്താന്‍ മറ്റൊരു വസ്തുവുമില്ല. കാരണം ഈ വിശ്വമെന്ന ഭാവനയ്ക്ക് നിയതമായ
യാതൊരു പരിമിതികളുമില്ല. രൂപമുണ്ടെന്ന്
തോന്നിക്കുമെങ്കിലും വാസ്തവത്തില്‍ അതിന് രൂപമോ, ദേഹമോ, പദാര്‍ത്ഥ സംഘാതമോ ഇല്ല.
‘അത് വീഴുന്നു’, ‘അതിനെ പിടിക്കുന്നു’ എന്നൊക്കെ നാം പറയുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാക്കുന്നത്?
അനന്തതയില്‍ എന്തെന്തു ഭാവന ചെയ്യുന്നുവോ അതപ്രകാരം ഭവിക്കുന്നു, അത്രതന്നെ.
അനന്തബോധത്തിന്റെ സ്വപ്നനഗരമാണ് സൃഷ്ടി!
No comments:
Post a Comment
Note: Only a member of this blog may post a comment.