Jun 9, 2014

525 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 525

ഇതി വിശ്രാന്തവാനേഷ മനോഹരിണകോരിഹന്‍
തത്രൈവ രതിമായാതി ന യാതി വിടപാന്തരം (6.2/45/1)

വസിഷ്ഠന്‍ തുടര്‍ന്നു: “അങ്ങിനെ പ്രശാന്തിയില്‍ മനസ്സെന്ന മാന്‍പേട ആനന്ദം അനുഭവിക്കുന്നു. അത് മറ്റെങ്ങും പോകാന്‍ ആഗ്രഹിക്കുന്നില്ല.”

കുറച്ചുകഴിയുമ്പോള്‍ ധ്യാനവൃക്ഷം ഫലം നല്‍കാന്‍ തുടങ്ങും. അത് പരമാത്മാവിനെക്കുറിച്ചുള്ള വെളിപാടാണ്. മനസ്സ് ധ്യാനവൃക്ഷത്തില്‍ ഈ അറിവിനെ ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നു. പിന്നീട് മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി ഈ ഫലം നുണയാന്‍ മനസ്സ് ധ്യാനവൃക്ഷത്തിന്റെ മുകളിലേയ്ക്ക് കയറിപ്പോകുന്നു.
  
ആ മരത്തിന്റെ മുകളില്‍ എത്തിക്കഴിഞ്ഞാല്‍ മനസ്സ് പിന്നെ ലൌകീകമായ എല്ലാ ചിന്തകളും അവസാനിപ്പിച്ച് വിഷയാനുബദ്ധമായ എല്ലാറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നു. പാമ്പ്‌ പടംപൊഴിക്കുന്നതുപോലെ പഴയ സ്വഭാവങ്ങളും ചിട്ടകളും ശീലങ്ങളുമെല്ലാം കളഞ്ഞ് മനസ്സെന്ന മാന്‍ ധ്യാനവൃക്ഷത്തിന്റെ ഉച്ചിയിലേയ്ക്ക് കയറിപ്പോകുന്നു. പഴയകാലത്തെ ഓര്‍മ്മകള്‍ വരുമ്പോള്‍ അതിന്റെ വ്യര്‍ത്ഥതയോര്‍ത്ത് അയാള്‍ പൊട്ടിച്ചിരിക്കുന്നു. ‘ഞാന്‍ എങ്ങിനെയാണ് അത്തരമൊരു മൂഢനായി ഇത്രനാള്‍ കഴിഞ്ഞത്!’

ലോഭദംഭാദി ദോഷങ്ങള്‍ ഇല്ലാതെ ധ്യാനവൃക്ഷത്തിനു മുകളില്‍ ഒരു ചക്രവര്‍ത്തിയെപ്പോലെ അയാള്‍ മരുവുന്നു. അനുദിനം ആസക്തികള്‍ കുറഞ്ഞുകുറഞ്ഞു വരുന്നു. അയാള്‍ അനിച്ഛാപൂര്‍വ്വാം വന്നുചേരുന്നവയെ വേണ്ടെന്നു വയ്ക്കുന്നില്ല. അങ്ങിനെ വരാത്ത കാര്യങ്ങളെ ആഗ്രഹിക്കുന്നുമില്ല. അനന്തമായ അവബോധത്തെക്കുറിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളും ഉപാധിരഹിതമായ ജീവനെക്കുറിച്ചുള്ള അറിവുമാണയാളെ വലയം ചെയ്തിരിക്കുന്നത്. അജ്ഞാനത്തില്‍ ആണ്ടുമുങ്ങി നടന്നിരുന്ന തന്റെ  പൂര്‍വ്വകാലത്തെ ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക് ചിരിയാണ് വരുന്നത്. തന്റെ ഭാര്യാപുത്രാദി ബന്ധുക്കളെ കാണുമ്പോഴും അയാള്‍ക്ക് ചിരി വരുന്നു. പൂര്‍വ്വജന്മത്തിലെങ്ങോ കണ്ടുമറന്നവരോ സ്വപ്നദൃശ്യത്തിലെ കഥാപാത്രങ്ങളോ ആണവര്‍ എന്നാണയാള്‍ക്ക് തോന്നുന്നത്.

പ്രവര്‍ത്തനങ്ങളിലെ  ആസക്തിയും അനാസക്തിയും, ഭയവും പൊങ്ങച്ചവും, അഹങ്കാരവും, ഭ്രമവും എല്ലാമെല്ലാം വെറും കുട്ടിക്കളിയായി അയാള്‍ക്ക് തോന്നുന്നു. ലോകത്തിലെ ക്ഷണികങ്ങളായ അനുഭവങ്ങളെ നോക്കി ഭ്രാന്തന്റെ അനുഭവങ്ങളാണവ എന്നറിഞ്ഞ് അയാള്‍ പൊട്ടിച്ചിരിക്കുന്നു.
അങ്ങിനെയൊരു അസാധാരണതലത്തില്‍ മനസ്സാകുന്ന മാന്‍പേട ഭാര്യാപുത്രാദിയായ ഒന്നിനെപ്പറ്റിയും ആകുലപ്പെടുന്നില്ല. അയാളുടെ ദൃഷ്ടി ഊന്നിയിരിക്കുന്നത് അനന്തമായ, ഉണ്മയായ ആ ‘ഒന്നില്‍’ മാത്രമാണ്. ഈ ദൃഷ്ടി ജാഗരൂകമായിത്തീർന്ന്  ധ്യാനവൃക്ഷത്തിന്റെ ഉച്ചിയില്‍ അയാള്‍ എത്തുന്നു. 

പണ്ട് നിര്‍ഭാഗ്യകരം എന്ന് കരുതിയിരുന്ന കാര്യങ്ങള്‍പോലും അയാള്‍ക്ക് ആഹ്ളാദകരം തന്നെ. എങ്കിലും അത്യാവശ്യമുള്ള നിയതകര്‍മ്മങ്ങള്‍, ആ കര്‍മ്മത്തിനായി മാത്രം ധ്യാനത്തില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റവനെപ്പോലെ   അയാള്‍ ചെയ്യുന്നു. എന്നിട്ട് തിരികെ ധ്യാനത്തിലേയ്ക്ക് മടങ്ങുന്നു. സമാധിസ്ഥിതിയിലേയ്ക്ക് സ്വാഭാവികമായി അയാള്‍ എത്തിച്ചേരുന്നു.

മറ്റുള്ളവരെപ്പോലെ ശാസം കഴിക്കുന്നതുകൊണ്ട് അഹങ്കാരം ഉണ്ടെന്നു തോന്നുമെങ്കിലും ആ മനസ്സ് അഹങ്കാരം തീണ്ടാത്തതാണ്. ഇച്ഛിക്കാതെ വന്നുചേരുന്ന സുഖാനുഭവങ്ങള്‍ അയാളില്‍ ആവേശമൊന്നുമുണ്ടാക്കുന്നില്ല. പൊതുവേ സുഖാനുഭവങ്ങള്‍ക്ക് പുറം തിരിഞ്ഞാണാ മനസ്സിന്റെ സ്ഥിതി.

അത് പൂര്‍ണ്ണമാണ്.

ലോകത്തിലെ പ്രവര്‍ത്തനങ്ങളിലും പരിശ്രമങ്ങളിലും ആ മനസ്സ് നിദ്രാവസ്ഥയിലാണ്. ആ മനസ്സിന്റെ ശരിയായ സ്ഥിതിയെ എങ്ങിനെ വര്‍ണ്ണിക്കാനാവും? മോക്ഷം എന്ന പരമപദത്തിലേയ്ക്ക് എത്താന്‍ ഇനി അധികം താമസമില്ല. ഒടുവില്‍ അത് തന്റെ ബുദ്ധിപോലും വേണ്ടെന്നുവച്ച് ഉപാധിരഹിതമായ ബോധത്തില്‍ വിലീനമാവുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.