Jun 22, 2014

554 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 554

ഏവം സംപദ്യതേ ബ്രഹ്മാ തഥാ സംപദ്യതേ ഹരി:
ഏവം സംപദ്യതേ രുദ്ര ഏവം സംപദ്യതേ കൃമി: (6.2/73/37)
വസിഷ്ഠന്‍ തുടര്‍ന്നു: ആകാശത്ത് ബോധത്തിന്റെ ധൂളികള്‍ ചലിക്കുമ്പോള്‍ അത് നേരത്തേ ഇവിടെ ‘ചെയ്തിരുന്ന’ കാര്യങ്ങള്‍ അവിടെ ‘ചെയ്യുന്നു’.
അങ്ങിനെ സമയമെന്ന ഒരു ക്രമം ഉണ്ടാവുന്നു. അപ്രകാരം തന്നെ ‘മുകളില്‍’, ‘താഴെ’, ദിശകള്‍, മുതലായ സ്ഥലകാല വ്യത്യാസങ്ങളും ഉണ്ടാവുന്നു. അത് നിശ്ശൂന്യതയുടെ അല്ലെങ്കില്‍ ആകാശത്തിന്റെ പ്രകൃതിയാണെങ്കിലും അത് കാലം, ദേശം, കര്‍മ്മം, വസ്തു, വാക്കുകളുടെ അര്‍ത്ഥം അല്ലെങ്കില്‍ അവയെക്കുറിച്ചുള്ള അവബോധം എന്നിവയൊക്കെയായി മാറുന്നതുപോലെ കാണപ്പെടുകയാണ്.

അങ്ങിനെ അതിവാഹികമെന്ന സൂക്ഷ്മശരീരം സംജാതമാവുന്നു, ഇത് സ്വയം അതിന്റെ അസ്തിത്വത്തെപ്പറ്റി അവബോധിക്കുകയാല്‍ സ്ഥൂലദേഹമായി ഘനീഭവിക്കുന്നു. ആകാശമെന്നപോലെ, ഒരിക്കലുമൊരിടത്തും പരിമിതപ്പെടുത്തി അടയ്ക്കപ്പെടാന്‍ സാദ്ധ്യതയില്ലെങ്കിലും ബോധം മൂര്‍ത്തീകരിക്കപ്പെട്ടതായി കാണപ്പെടുകയാണ്.

അതില്‍ ‘തല’, ‘കാല്’, മുതലായ ഭാവനകള്‍ ഉണര്‍ന്ന് അവയവങ്ങളായിത്തീരുന്നു. ദേഹത്തിലെ മറ്റവയവങ്ങളും അപ്രകാരം തന്നെ ഉണ്ടാകുന്നു. ഭാവാഭാവങ്ങളായും, ആദാനപ്രദാനങ്ങളുമായും ക്രമികങ്ങളായ മറ്റു കാര്യങ്ങളായും ‘പരിണമിക്കുന്നത്’ അതേ ബോധം തന്നെയാകുന്നു. ബോധം ഈ ധാരണകളെ ഉണ്മയായി കണക്കാക്കുന്നു.

“അങ്ങിനെ ബ്രഹ്മാവെന്ന സൃഷ്ടാവ്, ഹരി അല്ലെങ്കില്‍ വിഷ്ണുവിന്റെ തലം  എന്ന അവസ്ഥ, രുദ്രന്‍ അല്ലെങ്കില്‍ ശിവന്റെ തലം, അല്ലെങ്കില്‍ ഒരു പുഴുവിന്റെ അവസ്ഥ എന്നിവയൊക്കെയായി ബോധം ഭവിക്കുന്നതുപോലെ കാണപ്പെടുന്നു.” വാസ്തവത്തില്‍ ബോധം അവയൊന്നും ആയിട്ടില്ല, കാരണം അത് ശുദ്ധമായ, അനന്തമായ അനുപാധികമായ ബോധം മാത്രമാണല്ലോ.

മൂന്നു ലോകങ്ങളിലുമുള്ള ദേഹങ്ങളുടെ ബീജാവാപം ഇങ്ങിനെയാണ്‌. സംസാരമെന്ന ഈ ലോകത്തിന്റെ ബീജവും ഇതത്രേ. മുക്തിപദത്തിന് വിഘാതമായി നിലകൊള്ളുന്നതിതാണ്.
എല്ലാറ്റിന്റെയും കാരണവും കാലകര്‍മ്മങ്ങളുടെ നിയന്താവും ഇതാണ്. ഇതാണ് അജനെങ്കിലും ആദ്യത്തെ ജീവി (മനുഷ്യന്‍). ഭൌതീകമായ ശരീരമില്ലാത്തതിനാല്‍ അതിനെ ആര്‍ക്കും പിടിക്കാന്‍ സാദ്ധ്യമല്ല. ഉറക്കത്തില്‍ സ്വപ്നം കാണുന്ന ഒരാള്‍ ഒരു സിംഹവുമായി മല്‍പിടുത്തം നടത്തി അലറിവിളിച്ചുകരയുമ്പോഴും അയാള്‍ ശാന്തനായി ഉറങ്ങുകതന്നെയാണല്ലോ.

അതുപോലെ അനന്തബോധം അനവധി ഭാവനകളെയും ധാരണകളെയും തല്‍ജന്യങ്ങളായ സൃഷ്ടികളേയും നിലനിര്‍ത്തുന്നുവെങ്കിലും അതിനു സ്വയം മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല.
അനന്താവബോധവുമായി താരതമ്യം ചെയ്യുമ്പോള്‍ നാനാദിശകളിലേയ്ക്കും അനേകകോടി കാതങ്ങള്‍ വിസ്തൃതമാര്‍ന്ന ഈ ലോകം പരമാണുവില്‍ നിലകൊള്ളുന്നു. മൂന്നുലോകങ്ങളും ഒരു വൈക്കോല്‍ത്തുരുമ്പില്‍ അടങ്ങുന്നു. മഹത്തായ ഈ ലോകത്തെ ദേഹമാക്കി, അതിനെ നിയന്ത്രിക്കുന്ന ബ്രഹ്മാവ്‌ ഒരണുവില്‍ നിലകൊള്ളുന്നു എന്ന് പറയുമ്പോഴും അതിനുവേണ്ടി പ്രത്യേക ഇടമൊന്നും ആവശ്യമില്ല. കാരണം സ്വപ്നത്തിലെ പര്‍വ്വതത്തിനിരിക്കാന്‍ വേറെ സ്ഥലം കണ്ടെത്തേണ്ടതില്ലല്ലോ.

വിശ്വപുരുഷനെ ‘സ്വയം ഭൂ ബ്രഹ്മാവ്‌’ എന്നാണ് വിളിക്കുന്നത്. വിരാട്ട് എന്നും ആ സൃഷ്ടാവ് അറിയപ്പെടുന്നുണ്ടെങ്കിലും ബോധം തന്നെയാണത്. ബോധം ചലനത്തെ തിരിച്ചറിയുന്നതുകൊണ്ട് അത് സ്വയം പ്രാണനെ അനുഭവിക്കുന്നു. വിശ്വം മുഴുവന്‍ ചുറ്റിയടിക്കുന്ന കാറ്റായി, പ്രാണനും അപാനനുമായി വിശ്വത്തിന്റെ ഹൃദ്ചലനമാവുന്നത് ഇത് തന്നെയാണ്. വാതം, അല്ലെങ്കില്‍ പ്രാണന്‍, പിത്തം അല്ലെങ്കില്‍ ചൂട്, ശ്ലേഷ്മം അല്ലെങ്കില്‍ നനവ് എന്നിവ ദേഹത്തിന്റെ മൂന്ന് പ്രധാനഘടകങ്ങളത്രേ. വിശ്വമാനത്തില്‍ അവ യഥാക്രമം കാറ്റും, സൂര്യനും ചന്ദ്രനുമാണ്. 

No comments:

Post a Comment

Note: Only a member of this blog may post a comment.