ഏവംരൂപമഹം ജാലം ഭാവയന്‍യത്തദാസ്ഥിത:
തദഹങ്കാര ഇത്യദ്യ കഥ്യതേ ത്വാദൃശൈര്‍ജനൈ: (6.2/87/35)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ പഞ്ചഭൂതങ്ങളും
പഞ്ചേന്ദ്രിയങ്ങളും ഉണ്ടായതോടെ അതിനനുസരിച്ചുള്ള ജ്ഞാനവും അനുഭവവും എന്നില്‍
ഉദിക്കുകയുണ്ടായി. അവയ്ക്ക് രൂപഭാവങ്ങള്‍ ഇല്ലാത്തതിനാല്‍ അസ്തിത്വവും
ഇല്ലായിരുന്നു. അവ വെറും മായമാത്രമായിരുന്നു.
“ഞാനങ്ങിനെ എന്നിലെ ധാരണകളെയും അനുഭവങ്ങളെയും കുറിച്ച്
ധ്യാനിച്ചിരുന്നു. ആ അവസ്ഥ നിങ്ങള്‍ക്ക് അഹംകാരമെന്നോ ‘അഹം’ എന്നോ ഉള്ള പേരുകളില്‍
അറിയാം.”
ഈ അവസ്ഥയ്ക്ക് കൂടുതല്‍ ഘനം പ്രാപിച്ചു സ്ഥൂലമാവുമ്പോള്‍ അത്
ബുദ്ധിയായി. അതുപിന്നെയും സ്ഥൂലമാകുന്നതാണ് മനസ്സ്. അങ്ങിനെ ശുദ്ധാവബോധമാണെങ്കിലും ഞാന്‍ ഒരു സൂക്ഷ്മദേഹവും
അന്തക്കരണവും (മനസ്സും ബുദ്ധിയും ചേര്‍ന്നത്) ആര്‍ജ്ജിച്ചതായി കാണപ്പെടുന്നു.
അപ്പോഴും ഞാന്‍ വായുവിനേക്കാള്‍ സൂക്ഷ്മവും ശൂന്യവുമായതിനാല്‍ യാതൊന്നിന്റെ
ഭാവനയ്ക്കും ഞാനൊരു തടസ്സമാവുന്നില്ല.
എന്നാല്‍
ഞാനിങ്ങിനെയൊരു ധാരണാസ്തിത്വത്തില്‍ ഏറെക്കാലം തുടരുമ്പോള്‍ നിങ്ങള്‍ എനിക്കൊരു
സ്ഥൂലദേഹത്തെ സങ്കല്‍പ്പിച്ചു നല്‍കുകയാണ്. എന്നെപ്രതി നിങ്ങള്‍ക്കുണ്ടാവുന്ന
സങ്കല്‍പ്പധാരണയുടെ ഫലമായാണ് ഞാന്‍ ഈ വാക്കുകളെ ശബ്ദമായി സൃഷ്ടിക്കുന്നത്. നിങ്ങള്‍
അത് കേള്‍ക്കുന്നത് സ്വപ്നത്തില്‍ കേള്‍ക്കുന്ന ശബ്ദം പോലെയാണ്. ഒരു ശിശുവിന്റെ
ആദ്യശബ്ദം ‘ഓം’ എന്നാണ്. അതുകൊണ്ടാണ് ‘ഓം’ ശബ്ദങ്ങളില്‍ പ്രഥമമാണ് എന്ന്
പറയുന്നത്. അതിനുശേഷം
ഞാന്‍ സ്വപ്നത്തിലെന്നവണ്ണം എന്തുപറയുന്നുവോ അത് നിങ്ങള്‍ക്കെന്റെ
വാക്കുകളായിത്തീരുന്നു.
ഞാന്‍
പരബ്രഹ്മമാണ്! സ്വയം പരിപൂര്‍ണ്ണനായ ഞാനാണ് എല്ലാ സൃഷ്ടിയ്ക്കും കാരണം. ഞാന്‍
എല്ലാവര്‍ക്കും ഗുരുവാകുന്നു. ഞാനിതെല്ലാം എന്റെ ചിന്തകളില്‍ നിന്നും ഭാവനകളില്‍
നിന്നും സൃഷ്ടിച്ചവയാണ്. ഞാനങ്ങിനെ നിലകൊള്ളുന്നുവെങ്കിലും ഞാന്‍ അജനാണ്. ഇനിയും
ജനിച്ചിട്ടില്ലാത്തവനാണ്. ഞാനീ വിശ്വത്തെ മുഴുവന്‍ കണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍
കണ്ടതെല്ലാം ശുദ്ധമായ നിശ്ശൂന്യത മാത്രം.
ഇതെല്ലാം
ശുദ്ധമായ അനുഭവം മാത്രമാകുന്നു. ഭൂമിയടക്കം യാതൊന്നും നിലനില്‍ക്കുന്നില്ല.
യാതൊന്നും ഒരിക്കലും ഉണ്ടായിട്ടുമില്ല. അകത്തും പുറത്തും ഒന്നുമില്ല. എല്ലാം ബോധം
മാത്രമാകുന്നു. എല്ലാം ബോധത്തിനുള്ളിലാകുന്നു. ബ്രഹ്മത്തില്‍ ലോകമില്ല. എന്നാല്‍
ബ്രഹ്മമാണ് ലോകത്തെ കാണുന്നതും അനുഭവിക്കുന്നതും. തോന്നലുകള്‍ ഒരിക്കലും സത്യമല്ല.
അവ ഭാവനകള്‍ മാത്രമാണ്.
കണ്ണുകള്‍ക്ക്
സത്യത്തെ കാണാനാവില്ല. അവയ്ക്ക് വിഷയവസ്തുക്കളെ കാണാം അത്രതന്നെ. എന്നാല്‍ അന്തര്‍നേത്രങ്ങളായ
ആതിവാഹികമിഴികള്‍ക്ക് സൃഷ്ടിജാലത്തെ അറിയാനാകുന്നു. സത്യത്തെ ബ്രഹ്മമായും നിര്‍വാണതലമായും
സൂക്ഷ്മനേത്രങ്ങള്‍ക്ക് കാണാം.
ആകാശത്തെ
ഞാന്‍ അനുഭവിക്കുമ്പോള്‍ ഞാന്‍ ഭൂമിയെ അറിയുന്നു; ഞാന്‍ ഭൂമിയാകുന്നു.
ആ
ഭൂമിയില്‍ ഞാന്‍ എണ്ണമില്ലാത്ത അനേകം വിശ്വങ്ങളെ അറിയുന്നു. അപ്പോഴും എന്റെ ഉണ്മ അനന്തമായ
അവബോധമാണെന്നുള്ള ശാശ്വതമായ അറിവ് എന്നില്‍ ജ്വലിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
എന്റെയുള്ളില്‍
ഞാന്‍ അത്യത്ഭുതകരങ്ങളായ അനേകം പ്രതിഭാസങ്ങളേയും സംഭവങ്ങളേയും കണ്ടറിഞ്ഞു. കര്‍ഷകന്‍
ഞാനാകുന്ന ഭൂമിയെ ഉഴുതു മറിക്കുന്നതിന്റെ അനുഭവം എന്നിലുണ്ടായി. സൂര്യതാപത്തിന്റെ
പൊള്ളല്‍ എന്നെ എരിച്ചു. കോരിച്ചൊരിയുന്ന മഴവെള്ളത്തിന്റെ തണുപ്പെന്നെ പൊതിഞ്ഞു.
ബ്രഹ്മാണ്ഡത്തിന്റെ അതിരുകള്‍ കാക്കുന്ന ലോകാലോകപര്‍വ്വതങ്ങള്‍ നിലകൊള്ളുന്ന
ഭയാനകമായ ആകാശമായി ഞാന്‍ മാറി. എണ്ണമറ്റ ജീവജാലങ്ങളുടെ കര്‍മ്മകലാപങ്ങള്‍ക്ക് ഞാന്‍
വേദിയായി. വൈവിദ്ധ്യതയോടെ അനേകം ദേവാസുരമാനവമൃഗകീട ജീവികള്‍ എന്നില്‍ നിറഞ്ഞ്
എന്നെ പൂര്‍ണ്ണനാക്കി. ഭൂമിയിലെ മലകളും കാടുകളും എല്ലാം എന്നില്‍ നിറഞ്ഞുവിളങ്ങി.
No comments:
Post a Comment
Note: Only a member of this blog may post a comment.