സത്ത്വാവഷ്ടംഭയന്ത്രേണ
മന്ത്രേണാരാധിതേന വാ
ദൃശ്യന്തേഽപി ച ഗൃഹ്യന്തേ കദാചിത്കേനചിത്ക്വചിത് (6.2/94/39)
വസിഷ്ഠന്‍ തുടര്‍ന്നു: ചില
പിശാചുക്കള്‍ക്ക് നമ്മെപ്പോലെ കൈകാലുകളും മറ്റും ഉണ്ടെങ്കിലും അവരുടേത് അതിലോലമായ
ദേഹമാണ്. മറ്റു ചില പിശാചുക്കള്‍ക്ക് ഭയാനകമായ നിഴല്‍ രൂപങ്ങളാണുള്ളത്. അവര്‍
മനുഷ്യദേഹങ്ങളെയും മനസ്സുകളെയും അതിക്രമിച്ചു ബാധിക്കുന്നു. അവരില്‍ ചിലര്‍
മനുഷ്യരെ കൊല്ലുന്നു. ചിലര്‍ മൂടല്‍മഞ്ഞ് പോലെയും മറ്റുചിലര്‍ സ്വപ്നജീവികള്‍
പോലെയുമായിരിക്കും. ചിലരുടെ ദേഹം വായുനിര്‍മ്മിതമാണ്. ചില പിശാചുക്കള്‍ക്ക് അവയെ കാണുന്നവന്റെ
ഭ്രമത്തിനൊത്ത ദേഹരൂപങ്ങളായിരിക്കും ഉണ്ടാവുക.
അവരെ നമുക്ക് അറിയാനാകില്ല.
അവര്‍ക്ക് മറ്റുള്ളവരെയും അങ്ങിനെതന്നെ. എന്നാല്‍ അവര്‍ സുഖം, ദുഃഖം, ഉഷ്ണം, ശീതം
എന്നിവയെല്ലാം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് തിന്നാനോ കുടിക്കാനോ ആവില്ല. അവര്‍ക്ക്
ഒന്നും എടുക്കാനും കഴിയില്ല. എന്നാലവര്‍ക്കും ആശ, വെറുപ്പ്, ഭയം, ക്രോധം,ദുര, ഭ്രമം
എന്നിത്യാദി വികാരങ്ങളുണ്ട്. അവരെ ആകര്‍ഷിച്ച് നമ്മുടെ വരുതിയിലാക്കാന്‍
മന്ത്രങ്ങളും, മരുന്നുകളും, തപസ്സും, ദാനവും, ധൈര്യവും, ധര്‍മ്മവും എല്ലാം
ഉപയോഗിക്കാം.
“സത്വഗുണപ്രധാനിയായ
ഒരുവനെപ്പോലും പിശാചുക്കള്‍ ബാധിച്ചേക്കാം. മാസ്മരീകങ്ങളായ കളമെഴുത്തുകള്‍,
കോലങ്ങള്‍, മണ്ഡലങ്ങള്‍, മന്ത്രങ്ങള്‍, ആരെങ്കിലും എവിടെയെങ്കിലും എപ്പോഴെങ്കിലും
ചെയ്യുന്ന പൂജകള്‍ എന്നിവയെല്ലാം കൊണ്ട് ബാധയുണ്ടാവാം”
എന്നാല്‍ ചില പ്രേതങ്ങള്‍
പവിത്രമാണ്. അവര്‍ ദേവതകളായി കാണപ്പെടുന്നു. ചിലര്‍ മനുഷ്യരൂപികളും മറ്റുചിലര്‍
സര്‍പ്പരൂപികളുമാണ്. ചിലര്‍ നായ്ക്കളെയും ചെന്നായ്ക്കളെയും പോലെ ഗ്രാമങ്ങളിലും
കാടുകളിലും പൊട്ടക്കിണറുകളിലും വഴിയോരങ്ങളിലും മറ്റ് മലിനസ്ഥലങ്ങളിലും അധിവസിക്കുന്നു. അവരുടെ ഉദ്ഭവം എങ്ങിനെയെന്ന്
ഇനി പറയാം.
അനന്തബോധത്തില്‍
ജീവന്‍ എന്നൊരു ധാരണ ഉദിച്ചുയരുന്നു. അതിന്റെ മാന്ദ്യം വര്‍ദ്ധിച്ച് കൂടുതല്‍
സാന്ദ്രതയാര്‍ന്ന് അഹംകാരമാവുന്നു, അല്ലെങ്കില്‍ മനസ്സാകുന്നു. അതാണ് പിന്നീട്
സൃഷ്ടികര്‍ത്താവായ ബ്രഹ്മാവായി അറിയപ്പെടുന്നത്.
ഈ
പ്രപഞ്ചമാകെ ഉയര്‍ന്നുണര്‍ന്നു നിലകൊള്ളുന്നത് വെറും ധാരണയിലാണ്. അതുകൊണ്ടുതന്നെ
അത് മിഥ്യയാകുന്നു. എന്നാല്‍ അതിന്റെ അനുഭവം യാഥാര്‍ത്ഥ്യമെന്നപോലെയാണ്. തന്റെ
തോന്നല്‍ മാത്രമാണ് സത്യമെന്ന തോന്നല്‍ ഒരുവന് ഉണ്ടാകാമല്ലോ. ഈയര്‍ത്ഥത്തില്‍
ദേവന്മാരും മറ്റു സൃഷ്ടികളുമെല്ലാം സത്യമെന്ന് തോന്നാം. വാസ്തവത്തില്‍ ഇവിടെ ഒരു
കൃഷിയിടമില്ല, വിത്തില്ല, കൃഷിക്കാരനില്ല, മരമില്ല, - ചുരുക്കത്തില്‍
സൃഷ്ടിയെന്നത് ഇല്ലാത്ത വസ്തുവാണ്.
എന്നാല്‍
സൃഷ്ടിയെന്ന സങ്കല്‍പ്പഭാവനയില്‍ ഇതെല്ലാം ഉണ്ട് താനും. അവയില്‍
ജാജ്വല്യമാനപ്രഭയുള്ളവരാണ് ദേവന്മാര്‍. പകുതി വെന്ത – പക്വതയെത്താത്തവരാണ്
മനുഷ്യര്‍. കട്ടികൂടിയ മാലിന്യമാകുന്ന മൂടുപടം കൊണ്ട് കാഴ്ച മറഞ്ഞിരിക്കുന്നവരാണ്
മൃഗങ്ങളും കൃമികീടങ്ങളും എന്നാല്‍ യാതൊരുപകാരവുമില്ലാതെ അശരീരികളായുള്ളവരാണ്
പ്രേതപിശാചുക്കള്‍. ഈ ഭേദങ്ങള്‍ ഉരുത്തിരിയുന്നത് ബ്രഹ്മാവിന്റെ ഇഛയ്ക്കൊത്തല്ല,
പ്രത്യുത എല്ലാത്തിനും കാരണം അവരവരുടെ സ്വതന്ത്രേഛമാത്രമാണ്. ഒരുവന്‍
എന്താഗ്രഹിക്കുന്നുവോ എന്ത് ഭാവിക്കുന്നുവോ അതായിത്തീരുന്നു.
എന്നാല്‍ എല്ലാമെല്ലാം അതിവാഹികനെന്ന സൂക്ഷ്മ ദേഹമായി കാണുന്നുവെങ്കിലും അതെല്ലാം ബോധം മാത്രമാണ്. തുടര്‍ച്ചയായി ആത്മവഞ്ചന (തെറ്റിദ്ധാരണ) യില്‍ തുടരുന്നതുമൂലമാണ് അവര്‍ക്ക് ഭൌതികദേഹവും മൂര്‍ത്തരൂപവും ഉണ്ടാകുന്നത്. പിശാചുക്കളും അവരവരുടെ സ്വരൂപങ്ങളില്‍ നിലകൊള്ളുന്നു. ചെയ്യേണ്ടതെല്ലാം യഥേഷ്ടം ചെയ്ത് സ്വഭാവത്തിനനുസരിച്ചുള്ള അനുഭവങ്ങള്‍ സ്വായത്തമാക്കുകയാണ്. അവര്‍ ഒരു സ്വപ്നത്തിലെന്നവണ്ണം പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ സംവേദനക്ഷമരല്ലാത്തതിനാല്‍ അവര്‍ സ്വപ്നവസ്തുക്കളെപ്പോലെ നിലകൊള്ളുന്നു.
പ്രേതപിശാചുക്കളെപ്പോലെ
തന്നെ വേതാളങ്ങളും ഉടലില്ലാത്തവരുമുണ്ട്. അവര്‍ സ്വയം അജ്ഞാനത്തിന്റെ, അല്ലെങ്കില്‍
ഇരുട്ടിന്റെ ഒരു വലയമുണ്ടാക്കി സൂര്യകിരണങ്ങളെപ്പോലും പ്രവേശിപ്പിക്കാതെ
അതിനുള്ളിലിരിക്കുന്നു. അവര്‍ അജ്ഞതയുടെ ഇരുട്ടിലാണ് തഴച്ചുവളരുന്നത്.
ജ്ഞാനത്തിന്റെ പ്രകാശം അവര്‍ക്ക് ശത്രുവാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.