Jul 2, 2014

575 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 575

സര്‍വ്വപാതാള പാദേന ഭൂതലോദരധാരിണാ
ഖമൂര്‍ധ്നാപി തദാ രാമ ന ത്യക്താഥ പരാണുതാ (6.2/91/50)

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട്  വായുധാരണയിലൂടെ സ്വയം വായുവായി ധ്യാനിച്ചുറച്ച് ഞാന്‍ വായുധാതുവായി. പുല്ലിനെയും ഇലകളെയും വള്ളിപ്പടര്‍പ്പുകളെയും വയ്ക്കോല്‍ത്തുരുമ്പിനെയും നൃത്തമാടാന്‍ പഠിപ്പിച്ചത് ഞാനാണ്!. ഊയലാടുന്ന മന്ദശീതളമാരുതനായി ഞാന്‍ തരുണീമണികള്‍ക്ക്  ഇഷ്ടക്കാരനായി.

എന്നാല്‍ അതേസമയം എന്നിലെ താപഗരിമ ഉഷ്ണവാതമായും കൊടുങ്കാറ്റായും ഭീതിപരത്തിക്കൊണ്ടുമിരുന്നു. നന്ദനോദ്യാനങ്ങളില്‍ ഞാന്‍ മാധുര്യമാര്‍ന്ന സുഗന്ധം പേറി ഉലാവിയിരുന്നു. എന്നാല്‍ നരകങ്ങളില്‍ ഞാന്‍ അഗ്നിസ്ഫുലിംഗങ്ങളെ പറത്തിക്കൊണ്ടിരുന്നു.

എന്റെ ഗതിവേഗം കണ്ട് ആളുകള്‍ മനസ്സും ഞാനും സഹോദരങ്ങളാണോ എന്ന് സംശയിക്കുന്നു. ഗംഗാനദിയിലെ ഒഴുക്കിനനുസരിച്ച് ഞാന്‍ നീങ്ങി. മറ്റുള്ളവരുടെ ക്ഷീണമകറ്റാനും അവര്‍ക്ക് സാന്ത്വനമേകാനും വേണ്ടി എത്ര പ്രയത്നിക്കാനും എനിക്കുല്‍സാഹമായിരുന്നു.  

ശബ്ദതരംഗങ്ങളെ ഞാന്‍ വഹിച്ചു നടന്നു. അതിനാല്‍ എന്നെ ആകാശത്തിന്റെ ഉത്തമസുഹൃത്തായി കണക്കാക്കുന്നു. എല്ലാ ജീവികളുടെയും മര്‍മ്മപ്രധാനമായ അവയവങ്ങളില്‍ ഞാനുണ്ട്. അഗ്നിയുടെ രഹസ്യം എനിക്കറിയാം. ഞാന്‍ അഗ്നിയുടെ സുഹൃത്താണ്. പ്രാണവായുവായി ജീവനുള്ള എല്ലാ ദേഹങ്ങളെയും ചലിപ്പിക്കുന്നത് ഞാനാണ്. അതിനാല്‍ അവര്‍ക്കെല്ലാം ഞാന്‍ അവരുടെ മിത്രമാണ്, അതേസമയം ശത്രുവുമാണ്. ഞാന്‍ എല്ലാവര്‍ക്കും മുന്നില്‍ എപ്പോഴുമുണ്ടെങ്കിലും ആര്‍ക്കുമെന്നെ കാണാന്‍ കഴിയില്ല. വിശ്വപ്രളയവേളയില്‍ പരവ്വതങ്ങളെപ്പോലും എടുത്തെറിയാന്‍ എനിക്കാകും.

വായുവെന്ന നിലയില്‍ വസ്തുക്കളെ കൂട്ടിച്ചേര്‍ക്കുക, ഉണക്കുക, ഉയര്‍ത്തിപ്പിടിച്ചു താങ്ങിനിര്‍ത്തുക, കമ്പനങ്ങള്‍ അല്ലെങ്കില്‍ ചലനങ്ങളുണ്ടാക്കുക, ഗന്ധം പരത്തുക, ശീതളിമ നല്‍കുക എന്നീ ആറു കര്‍ത്തവ്യങ്ങള്‍ എനിക്കുണ്ട്. ദേഹങ്ങളെ ഉണ്ടാക്കലും നശിപ്പിക്കലും എന്റെ ജോലിയുടെ ഭാഗമാണ്. വായുധാതുവായി ഞാന്‍ ഓരോരോ അണുക്കള്‍ക്കുള്ളിലും വിശ്വത്തെ മുഴുവന്‍ ദര്‍ശിക്കുന്നു. ആ വിശ്വങ്ങളില്‍ ഞാന്‍ അതിസൂക്ഷ്മങ്ങളായ അണുക്കളെയും അവയ്ക്കുള്ളില്‍ വിശ്വങ്ങളെയും ദര്‍ശിക്കുന്നു. 

അവയൊന്നും വാസ്തവത്തില്‍ ‘ഉള്ളവ’യല്ല. എല്ലാം ആകാശത്തില്‍ അല്ലെങ്കില്‍ ബ്രഹ്മാണ്ഡ നിശ്ശൂന്യതയില്‍ ധാരണാസൃഷ്ടമായ കാഴ്ചകളാണ്. അവിടെയും ദേവതമാരും ഗ്രഹങ്ങളും മലകളും സമുദ്രങ്ങളും ജനന-ജരാ-മരണങ്ങളെന്ന ധാരണാ വിലാസങ്ങളും ഉണ്ട്. എന്റെ ഹൃദയത്തില്‍ നിറവുണ്ടാകുന്നത്ര ഞാന്‍ എല്ലാടവും കറങ്ങിത്തിരിഞ്ഞിരിക്കുന്നു. എന്റെ ദേഹത്തില്‍ എണ്ണമറ്റ ജീവജാലങ്ങളും യക്ഷകിന്നരഗന്ധര്‍വ്വാദികളും, ഈച്ചകളും മശകങ്ങളും  കുടിപാര്‍ത്തിരിക്കുന്നു. ഞാന്‍ മൂലമാണവര്‍ക്ക് മൂര്‍ത്തരൂപങ്ങള്‍ ഉണ്ടായത്. എന്റെ സ്പര്‍ശനമാത്രയില്‍ അവര്‍ക്ക് ആഹ്ലാദമുണ്ടാകുന്നു, എങ്കിലും അവര്‍ക്ക് ഞാന്‍ ദൃഷ്ടിഗോചരമല്ല.

“പാതാളം എന്റെ പാദങ്ങളാണെങ്കിലും ഭൂമി ഉദരമാണെങ്കിലും ആകാശം ശിരസ്സാണെങ്കിലും ഞാന്‍ എന്റെ അണുമാത്രമായ സ്വഭാവത്തെ ഉപേക്ഷിച്ചില്ല.”

ഞാന്‍ എല്ലാ ദിശകളിലേയ്ക്കും വ്യാപിച്ച് എല്ലാ കാലത്തും എല്ലാമെല്ലാം ചെയ്തുകൊണ്ട് നിലകൊള്ളുന്നു. ഞാന്‍ എല്ലാറ്റിന്റെയും ആത്മാവാണ്. ഞാന്‍ എല്ലാമെല്ലാമാണ്. എങ്കിലും ശുദ്ധമായ ശൂന്യതയാണ് ഞാന്‍.

ഞാന്‍ എന്തോ ആയി നിലകൊള്ളുന്നതായി അനുഭവിച്ചു; ഞാന്‍ ഒന്നുമല്ലാ എന്നും അനുഭവിച്ചു. മൂര്‍ത്തമായും അമൂര്‍ത്തമായും നിലകൊണ്ടു. ഈ അവസ്ഥകളെക്കുറിച്ചെല്ലാം ഞാന്‍ അവബോധത്തോടു കൂടെയും അല്ലാതെയും കഴിഞ്ഞു. ഞാന്‍ അനുഭവിച്ചതുപോലെയുള്ള അനന്തകോടി വിശ്വങ്ങളുണ്ട്. 
 
മനുഷ്യന്‍ സ്വപ്നത്തില്‍ അസംഖ്യം വസ്തുക്കളെ കാണുന്നു. അതുപോലെ ഞാന്‍ ഓരോരോ അണുവിനുള്ളിലും ബ്രഹ്മാണ്ഡങ്ങളെ കണ്ടു; അവകളില്‍ നിറഞ്ഞിരിക്കുന്ന അണുക്കളേയും വ്യക്തമായിക്കണ്ടു.

ഞാന്‍ തന്നെയാണീ കാണപ്പെട്ട വിശ്വങ്ങളായിത്തീര്‍ന്നത്. അതിന്റെയെല്ലാം ആത്മാവായി അവയില്‍ നിറഞ്ഞു വിളങ്ങിയതും ഞാന്‍. എങ്കിലും ഞാന്‍ അവയെ പൊതിഞ്ഞു എന്നു പറയുക വയ്യ.

ഇതെല്ലാം വെറും വാക്കുകളുടെ കസര്‍ത്താണ്‌. ‘അഗ്നിയില്‍ താപം ഉണ്ട്’ എന്ന കാര്യം പറയാന്‍ വസ്തുത ഒന്ന് മാത്രമാണെങ്കിലും മൂന്നു വാക്കുകള്‍ വേണം.! 

No comments:

Post a Comment

Note: Only a member of this blog may post a comment.