സര്‍വത്രൈവാസ്തി പൃഥ്വ്യാദി സ്ഥൂലം തച്ച ന കിഞ്ചന
ചിദ്വ്യോമൈവ യഥാ സ്വപ്നപൂരം പരമജാതവത് (6.2/90/5)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ എന്റെ ഹൃദയത്തില്‍ ഞാന്‍
ഭൂമിയെ അനുഭവിച്ചു. എന്തെല്ലാം കണ്ടിട്ടുണ്ടോ അനുഭവിച്ചിട്ടുണ്ടോ അതെല്ലാം അവിടെ,
എന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവ വിഷയ-വിഷയീ ബന്ധത്തിലെന്നപോലെ
എന്നില്‍ നിന്നും വേറിട്ടതായി എനിക്ക് തോന്നി.
കാരണം സര്‍വ്വവ്യാപിയായ വിശ്വം എങ്ങും നിറഞ്ഞിരിക്കുന്നു; ബ്രഹ്മം എങ്ങും
നിറഞ്ഞിരിക്കുന്നു; നിശ്ശൂന്യതയും എങ്ങുമെങ്ങും നിറഞ്ഞിരിക്കുന്നുവല്ലോ.
ഭൂമിതലം സര്‍വ്വവ്യാപിയായിരിക്കുന്നു;
എങ്കിലും അത് ശുദ്ധബോധമാണ്. ഒരു സ്വപ്നനഗരംപോലെ അതൊരിക്കലും വാസ്തവത്തില്‍
സൃഷ്ടിക്കപ്പെട്ടിട്ടില്ല.
വാസ്തവത്തില്‍ വൈവിദ്ധ്യതയോ
അതിന്റെ അഭാവമോ ഇല്ല. ഭാവഭാവങ്ങള്‍ക്കും ഉണ്മയില്ല. ‘ഞാന്‍’ ഇല്ല. എങ്ങിനെയാണ്
എന്തെങ്കിലും ‘ഉണ്ട്’ എന്ന് പറയാന്‍ കഴിയുക? അനുഭവിക്കുന്നുവെങ്കിലും
സൃഷ്ടിയെന്നത് ഒരിക്കലും ഇല്ലാത്ത, ഉണ്ടാവാത്ത കാര്യമാണ്! അല്ല,
എന്തെങ്കിലുമുണ്ടെന്നു വരികില്‍ അത് ബ്രഹ്മം മാത്രമാകുന്നു. സ്വപ്നനഗരത്തിന്റെ
ഉണ്മയെപ്പറ്റി അസന്നിഗ്ധമായി ആര്‍ക്ക് തെളിവ് നല്‍ക്കാന്‍ കഴിയും?
പ്രിഥ്വിധാരണയില്‍
ഭൂമിയെനിക്ക് അനുഭവമായതുപോലെ ജലധാരണയില്‍ എനിക്ക് ജലം അനുഭവമായി. ജലത്തെ
ധ്യാനിച്ച് ഞാന്‍ ജലമായി. സ്വയം ജഡമല്ലെങ്കിലും ഞാനങ്ങിനെയായി. സമുദ്രത്തിന്റെ
കുക്ഷിയില്‍ ഞാന്‍ ഏറെനേരം കഴിഞ്ഞത് ഉചിതമായ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണ്. ഞാന്‍
ചെടികളുടെയും വള്ളിപ്പടര്‍പ്പുകളുടെയും ദേഹത്തില്‍ വസിച്ചു. അവരുമായി സംവദിച്ചു.
ജീവജാലങ്ങളുടെ വദനത്തില്‍ പ്രവേശിച്ച് അവയുടെ മര്‍മ്മാവയവങ്ങളില്‍ കുടിപാര്‍ത്തു.
നദീതടങ്ങളില്‍ ഇടതടവില്ലാതെ ഞാനൊഴുകിയൊഴുകി ഇടയ്ക്കുള്ള അണക്കെട്ടുകളില്‍ ഇളവേറ്റ്
കിതച്ചുനിന്നു.
ഞാന്‍
നീരാവിയായി ഉയര്‍ന്ന് ആകാശത്ത് മഴമേഘമായി കുടിയേറി. അവിടെയെന്റെ തോഴനായ
ഇടിമിന്നലിന്റെകൂടെ കുറച്ചുനേരം ചിലവഴിച്ചു. അനന്തബോധം എല്ലാടവും നിറഞ്ഞിരിക്കുന്നതുപോലെ ജലധാതുവായി ഞാന്‍ എല്ലാ ജീവജാലങ്ങളിലും നിറഞ്ഞു. നാവിലെ രസമുകുളങ്ങളുമായി ചങ്ങാത്തത്തിലായ ഞാന്‍
വ്യത്യസ്തമായ രുചിഭേദങ്ങള്‍ അനുഭവിച്ചു. അത് ശുദ്ധമായ ജ്ഞാനമാണ്!.
ഈ
സ്വാദുകള്‍ അറിഞ്ഞത് ഞാനല്ല, എന്റെ ദേഹമല്ല, മറ്റാരുമല്ല. അന്തരാനുഭവത്തിന്റെ
അനുഭവം – അനുഭവം വിഷയവും വിഷയിയും ആവുക എന്നത് അസാദ്ധ്യമാകയാല്‍ അതും മിഥ്യ.
കൂമ്പിനിന്ന
പൂക്കള്‍ വിടരുമ്പോള്‍ അതില്‍ ഞാന്‍ ബാഷ്പകണമായി. തേനീച്ചകള്‍ മധുവുണ്ട് കഴിഞ്ഞ്
ബാക്കിവന്ന മധുരിമ ഞാനും ആസ്വദിച്ചു.
പതിന്നാലുതരം
ജീവികളില്‍ ഞാന്‍ സ്വാദിന്റെ അവബോധമായി ജീവിച്ചു. ജലകണികകളായിമാറി കാറ്റിന്റെ
തോണിയില്‍ ഞാന്‍ ദൂരദൂരങ്ങള്‍ സഞ്ചരിച്ചു. അങ്ങിനെ ജലത്തിന്റെ ധാതുതലത്തില്‍
നിന്നുകൊണ്ട് വൈവിദ്ധ്യമാര്‍ന്ന, കൌതുകസമ്പന്നമായ അനുഭവങ്ങള്‍ ഞാനാര്‍ജിച്ചു.
നൂറുകണക്കിന്
ലോകങ്ങള്‍ ഉണ്ടായി മറയുന്നതിനു ഞാന്‍ സാക്ഷിയായി. ഈ ലോകത്തിനു
രൂപമുണ്ടായിക്കൊള്ളട്ടെ ഇല്ലാതെയിരുന്നുകൊള്ളട്ടെ, അത് ശുദ്ധമായ ബോധമാണ്.
നിശ്ശൂന്യമാണ്.
രാമാ
നീയും ഒന്നുമല്ല; എന്നാല്‍ നീ അസ്തിത്വരഹിതനല്ല. നീ പരിശുദ്ധമായ, പരമബോധമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.