Jul 12, 2014

582 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 582

തസ്മാത്സ്വനിശ്ചയേ യസ്മിന്‍യ: സ്ഥിത: സ തഥാ തത:
അവശ്യം ഫലമാപ്നോതി ന ചേദ്ബാല്യാന്നിവര്‍ത്ത്തേ (6.2/97/8)
വസിഷ്ഠന്‍ തുടര്‍ന്നു: പരമാത്മാവിന്റെ സ്വപ്നമാണ് ഈ ലോകം. എല്ലാമെല്ലാം ബ്രഹ്മമാണ്. അനുഭവവും ബ്രഹ്മം.
ലോകമെന്ന ഭ്രമക്കാഴ്ച വെറും പ്രകടനമാണ്. എന്നാല്‍ പരമബോധം ദൃഷ്ടമായ ഒന്നല്ല. അതുകൊണ്ട് ഭ്രമക്കാഴ്ച്ചയെ സത്യമായി, ആത്മാവിന്റെ സങ്കല്‍പ്പമായി കരുതാന്‍ ഇടയാകുന്നു. അനന്തബോധത്തിന്റെ സത്യാവസ്ഥ ‘മനസ്സിലാക്കാവുന്ന’ ഒരു തലത്തിലല്ലാ എങ്കിലും ലോകമെന്ന കാഴ്ചയെ ഭ്രമമായിത്തന്നെ കണക്കാക്കണം. നിശ്ശൂന്യതയെന്ന ധാരണയ്ക്ക് അങ്ങിനെയാണ് സാംഗത്യമുണ്ടാവുന്നത്. 
അനന്തബോധം അല്ലെങ്കില്‍ അതില്‍ നിന്നും ഉണരുന്ന പരമപുരുഷന്‍ കര്‍മ്മങ്ങളില്‍ പങ്കാളിയല്ല. അഹേതുകഹേതുവാണ് ലോകത്തിന്റെ ഉദ്ഭവത്തിന് നിദാനം. ഇതെല്ലാവര്‍ക്കും അനുഭവമുള്ളതും അറിയാവുന്നതുമാണ്. ചിലര്‍ പറയുന്നത് ബ്രഹ്മം ലോകമായി കാണപ്പെടുന്നു എന്നാണ്. ഇരുട്ടില്‍ കയറിനെ പാമ്പായി കാണുന്നതുപോലെയുള്ള അവിദ്യാദര്‍ശനമാണത്. എങ്കിലും അനുഭവത്തില്‍ ഇതും സത്യമാണ്. 

വിശ്വമെന്നത് അണുക്കളുടെ ഒരു സംഘാതമാണ്‌ എന്ന തത്വത്തിനും പ്രസക്തിയുണ്ട്. ഈ അറിവും ഉത്തമനിരീക്ഷണത്തോടെ വന്നുചേര്‍ന്ന അറിവാണല്ലോ. മറ്റുചിലരുടെ അഭിപ്രായത്തില്‍ ലോകമെന്നത് നാം എന്ത് കാണുന്നോ അതാണ്‌. ഈ തത്വം നാം കാണാത്ത ഇതരലോകങ്ങളിലും ബാധകമാണല്ലോ. അതിനാല്‍ ലോകമെന്നത് സത്തോ അസത്തോ അല്ല. അത് വെറും ആപേക്ഷികം മാത്രം. ഇനിയും ചിലരുടെ നോട്ടത്തില്‍ ബാഹ്യലോകം മാത്രമേ സത്യമായുള്ളൂ. മറ്റൊരു സത്തയും ഉണ്ടെന്നു കണക്കാക്കേണ്ടതില്ല. അവരെയും തെറ്റ് പറയാനാവില്ല. അവര്‍ അവരവരുടെ അനുഭവമനുസരിച്ച്‌, അവര്‍ക്ക് എത്താന്‍ കഴിയാത്ത അനുഭവതലങ്ങളെ തിരസ്കരിക്കുന്നു എന്നേയുള്ളു. മറ്റുള്ളവരുടെ അനുഭവങ്ങള്‍ക്ക് അങ്ങിനെ ഒരതീതതലം ഉണ്ടാവാം എന്നൊരു സാദ്ധ്യത അവര്‍ കാണുന്നതേയില്ല.

എല്ലാമെല്ലാം എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന തത്വവും പ്രസക്തമാണ്. ഈ മാറ്റങ്ങള്‍ക്ക് നിദാനമായ ശക്തി സര്‍വ്വശക്തമായിരിക്കണമല്ലോ. ദേഹമെന്ന കിളിക്കൂട്ടില്‍ ജീവനെന്ന കിളി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും മരണത്തോടെ ആ കിളി കൂടുവിട്ടു പറന്നു മറ്റൊരു ധാമത്തിലേയ്ക്ക് പോകുന്നുവെന്നും ഉള്ള വിശ്വാസം ചില വിദേശങ്ങളില്‍ പ്രബലമാണ്. അവരുടെ സമൂഹത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഈ തത്വത്തിനും സാംഗത്യമുണ്ട്.

മഹാന്മാര്‍ എല്ലാത്തിനെയും സമതാഭാവത്തില്‍ വീക്ഷിക്കുന്നു. യഥാര്‍ത്ഥ്യമായുള്ളത് എല്ലാറ്റിന്റെയും ആത്മാവാണെന്ന സത്യത്തെ അവര്‍ അറിയുന്നു. ചൈതന്യവത്തായ പ്രത്യേകകാരണങ്ങള്‍ (സൃഷ്ടാവ്) ഒന്നും കൂടാതെ പ്രകൃതി സ്വയമേവ ഉരുത്തിരിഞ്ഞുണ്ടാവുന്നു എന്ന് കരുതുന്നവരുമുണ്ട്. കാരണം പ്രകൃതിയില്‍ അനഭികാമ്യങ്ങളായ അനേകം പ്രശ്നങ്ങള്‍ - പ്രകൃതി ദുരന്തങ്ങള്‍ മുതലായവ ഉണ്ടാകുന്നുണ്ടല്ലോ. എന്നാല്‍ എല്ലാറ്റിന്റെയും സൃഷ്ടാവായി ഒരു വിശ്വശില്പി-നിയന്താവുണ്ടെന്നു പറയുന്നവരുടെ വാദവും വിലയുള്ളതാണ്. വിശ്വശക്തിയുടെ കേദാരമായി ആ ഭഗവാനെ അവര്‍ കാണുന്നു. 

മറ്റുള്ള ലോകങ്ങളും ഈ ലോകവും നിലകൊള്ളുന്നുണ്ടെന്ന് പറയുന്നവരും ശരിയാണ്. അവരെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥയാത്ര, പൂജാദികര്‍മ്മങ്ങള്‍, ഇവയ്ക്കെല്ലാം അര്‍ത്ഥമുണ്ട്. എല്ലാമെല്ലാം പൂര്‍ണ്ണശൂന്യമാണെന്ന വാദവും വൃഥാവിലല്ല. കാരണം ധ്യാനാത്മകനിരീക്ഷണത്തില്‍ നിന്നാണല്ലോ അവര്‍ അത്തരം ഒരു വിശ്വാസമാര്‍ജ്ജിച്ചിട്ടുണ്ടാവുക.

അനന്തബോധമെന്നത് ശുദ്ധസ്ഫടികം പോലെയാണ്. അതിനെല്ലാറ്റിനെയും, സകലമാന ധാരണകളേയും പ്രതിഫലിപ്പിക്കാനാവും.

അറിവുള്ളവര്‍ അനന്തബോധത്തെ ശൂന്യമെന്നോ ശൂന്യമല്ലെന്നോ കണക്കാക്കുന്നില്ല. അത് അനന്തശക്തിയുള്ളതാണ്. പരിമിതമായ ദൃഷ്ടിക്കും അറിവിനും അതിനെ അളക്കാനാവില്ല.

“അതിനാല്‍ എന്തിലാണോ ഒരുവന്‍ സുദൃഢമായി വിശ്വസിക്കുന്നത്, അവന്‍ അതില്‍ത്തന്നെ സധീരം അടിയുറച്ചു നില്‍ക്കുകയാണെങ്കില്‍, അയാള്‍ ആ ഭാവനാസാക്ഷാത്ക്കരത്തെ വെറും കുട്ടിക്കളിയായി കണക്കാക്കാതിരിക്കുന്ന പക്ഷം, അയാള്‍ ആ ലക്ഷ്യത്തില്‍ എത്തുകതന്നെ ചെയ്യും.

സാധകന്‍ സത്യാന്വേഷികളുമായി സത്സംഗം ചേര്‍ന്ന്‍ സത്യത്തെ അറിയാന്‍ ശ്രമിക്കണം. എന്നിട്ട് അവനവന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എത്തിച്ചേരുന്ന തീരുമാനങ്ങളില്‍ ചാഞ്ചല്യമില്ലാതെ അടിയുറച്ചു നില്ക്കണം.

No comments:

Post a Comment

Note: Only a member of this blog may post a comment.