Jul 2, 2014

572 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 572

ഇദം ച മാനസം ചാഹം സമ്പന്ന: പൃഥുഭൂതലം
നേദം ന മാനസം നൈവ സംപന്നോ വസ്തുതസ്ത്വഹം  (6.2/89/2)
വസിഷ്ഠന്‍ തുടര്‍ന്നു: ഭൂമിബോധത്തില്‍ ഞാനിരുന്നപ്പോള്‍ ഞാനതില്‍ ഒഴുകുന്ന നദികളടക്കം എല്ലാ അനുഭവങ്ങളേയും സ്വാംശീകരിച്ചു. ഇവിടെ ഞാന്‍ ബന്ധുക്കളെയും സ്വജനങ്ങളെയും നഷ്ടപ്പെട്ടവരുടെ കണ്ണീരും അലമുറയും അനുഭവിച്ചറിഞ്ഞു. ലാസ്യനൃത്തമാടുന്ന പെണ്‍കൊടികളുടെ ആനന്ദം ഞാനറിഞ്ഞു. വിശപ്പിന്റെ നിലവിളികള്‍, വരള്‍ച്ചയുടെ കെടുതികള്‍, ഭൂമികുലുക്കത്തിന്റെ നാശങ്ങള്‍, യുദ്ധത്തിന്റെ കെടുതികള്‍, കളകൂജനം പൊഴിക്കുന്ന കിളികള്‍, സുന്ദരതടാകങ്ങള്‍, കഷ്ടപ്പെട്ടുഴറുന്ന കീടങ്ങള്‍, സമ്പന്നന്റെ ആഹ്ലാദകേളികള്‍, തഴച്ചുവളരുന്ന കാടുകള്‍, ധ്യാനനിരതരായ മാമുനിമാര്‍ എല്ലാം എന്നില്‍, എന്റെ ഭൂമി-ദേഹത്തില്‍ അനുഭവമായി.
രാമന്‍ ചോദിച്ചു: അങ്ങ് ഭൂമിയെ ധ്യാനിച്ചിരുന്ന (പാര്‍ത്ഥിവധാരണ) അവസ്ഥയില്‍ ആ ഭൂമി സത്യമായിരുന്നോ അതോ വെറും മനോസങ്കല്‍പ്പം മാത്രമോ?

വസിഷ്ഠന്‍ പറഞ്ഞു: “വാസ്തവത്തില്‍ അവയെല്ലാം മനസ്സിലെ ഭാവനകളായിരുന്നു. എന്നാല്‍ അവ ഭാവനകള്‍ ആയിരുന്നുമില്ല. ഞാന്‍ വാസ്തവത്തില്‍ ഭൂമിയായി ഭവിച്ചുമില്ല.”

മനസ്സിനെക്കൂടാതെ ഭൂമിയില്ല. എന്തിനെയെങ്കിലും സത്തെന്നോ അസത്തെന്നോ കണക്കാക്കുന്നത് മനോവ്യാപാരമാണ്.

സത്യത്തില്‍ ഞാന്‍ പരിശുദ്ധമായ അനന്തബോധമാണ്. അതില്‍ ധാരണകള്‍ ഉണ്ടാവുമ്പോള്‍ അവയെ സങ്കല്‍പ്പo, ചിന്ത, ഭാവന, എന്നൊക്കെ നാം പറയുന്നു. ആ ധാരണ മനസ്സാണ്, ഭൂമിയാണ്‌, ലോകമാണ്, ബ്രഹ്മാവാണ്. ആകാശത്ത് ലോകമായി പ്രത്യക്ഷമാവുന്നത് ഈ ധാരണയാലാണ്. ആകാശത്ത് കാണുന്ന സങ്കല്‍പ്പനഗരംപോലുള്ള കാഴ്ചയാണ് ലോകം.
ഞാന്‍ ഭൂമിയായി അനുഭവിച്ചത് അത്തരം ഒരു മനോഭാവനയാണ്. അത് മനസ്സില്‍ വ്യാപിച്ചിരിക്കുന്നു. അതിനെപ്പറ്റി തുടര്‍ച്ചയായി ചെയ്യുന്ന ധ്യാനം ആ ധാരണയെ ദൃഢീകരിച്ചു ഭൂമിയെപ്പോലെ ഉറപ്പുള്ളതാക്കുകയാണ്.

ഭൂമിയെന്ന തലം മനസ്സിലാണ്. അത് ബോധത്തില്‍ ഉയര്‍ന്നുണരുന്ന ഭാവനയാണ്. അല്ലെങ്കില്‍ അത് ശൂന്യമാണ്. ഈ ഭൂമിഭാവന ഏറെക്കാലം മനസ്സില്‍ ഇരുന്ന് കഴിയുമ്പോള്‍ ഒടുവില്‍ ആ മാനസീകാവസ്ഥയ്ക്ക് പകരം ഉറച്ച വസ്തുക്കള്‍ ദൃഢീകരിച്ചുറഞ്ഞ ഭൂമിയായി ഭവിക്കുകയാണ്. ഇങ്ങിനെ നോക്കിയാല്‍ ഭൂമിയ്ക്ക് അസ്തിത്വമില്ല.

എന്നാല്‍ സൃഷ്ടിയുടെ ആദ്യം മുതലേതന്നെ ഭൂമിയെന്ന ഖരവസ്തു ‘ഉണ്ടായിരുന്നു’. സ്വപ്നത്തിലെ വസ്തുക്കള്‍ വാസ്തവത്തില്‍ സ്വപ്നം കാണുന്നവന്റെ ബോധം തന്നെയാണ് എന്നതുപോലെ അനന്തബോധമാണ് ലോകമെന്ന കാഴ്ചയെ സ്വപ്നം കാണുന്നത്. ബോധത്തിലുണരുന്ന ധാരണയും ശുദ്ധബോധം തന്നെ. അപ്പോള്‍ ലോകവും ശുദ്ധബോധമാണ്. സത്യത്തില്‍ യാതൊരു ധാരണയും ഇല്ലാ എന്നതിനാല്‍ ലോകമോ ആത്മാവോ ഒന്നും ‘ഉള്ളതല്ല’. 

ഇങ്ങിനെ നോക്കുമ്പോള്‍ ലോകത്തിന് അസ്തിത്വമില്ല. സൂക്ഷ്മമായ ആത്മനിരീക്ഷണത്തില്‍ നിന്നും ദൃഷ്ടിമാറ്റിയാലുടന്‍ ലോകം പ്രത്യക്ഷമാവുന്നതായാണ് അനുഭവം. സ്ഫടികം അതിനുള്ളില്‍ നിന്നും പ്രകാശത്തെ വിവിധ നിറങ്ങളില്‍ പ്രതിഫലിപ്പിച്ചു വിക്ഷേപിക്കുന്നത് അതങ്ങിനെ ചെയ്യണം എന്ന ഇച്ഛയൊന്നും ഉണ്ടായിട്ടല്ല. അതുപോലെ അനന്തബോധം അനിച്ഛാപൂര്‍വമെങ്കിലും ലോകത്തെ വിക്ഷേപിക്കുകയാണ്.

ലോകം മാനസീകമായ ഭാവനയോ ദ്രവ്യപ്രപഞ്ചമോ രണ്ടുമല്ല. ശുദ്ധമായ ബോധമാണ് ലോകമായി കാണുന്നത്. മൂന്നു ലോകങ്ങളിലുമുള്ള എണ്ണമറ്റ ജീവജാലങ്ങളുടെ തെറ്റിദ്ധാരണ ഘനീഭവിച്ചുണ്ടായതാണ് ലോകം. അതുകൊണ്ടാണ് ലോകത്തിന് ആപേക്ഷികമായ അസ്തിത്വം അനുഭവപ്പെടുന്നത്.

‘ഞാനാണിതെല്ലാം, എല്ലാത്തിലുമെല്ലാം ഞാനാണ്!’ ഈ സത്യത്തെ സ്വാംശീകരിച്ചാണ് ഞാന്‍ എല്ലാമെല്ലാം കണ്ടത്.

No comments:

Post a Comment

Note: Only a member of this blog may post a comment.