ഉപലാ അപി മിത്രാണി ബന്ധവോ വനപാദപാ:
വനമദ്ധ്യേ സ്ഥിതസ്യാപി സ്വജനാ മൃഗപോതകാ: (6.2/102/3)
രാമന്‍ ചോദിച്ചു: ഒരുവന്‍ പരമസത്യത്തെ സാക്ഷാത്ക്കരിച്ചു
കഴിഞ്ഞാല്‍പ്പിന്നെ അയാള്‍ക്ക് എന്താണ് സംഭവിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: “അങ്ങിനെയുള്ള ഒരാള്‍ക്ക് വെറും കല്ലുപോലും
സുഹൃത്താണ്. കാട്ടിലെ മരങ്ങള്‍ ബന്ധുക്കളാണ്. വനത്തില്‍ താമസിക്കുമ്പോള്‍ അയാള്‍ക്ക്
ബന്ധുമിത്രാദികളായി ഉള്ളത് കാട്ടുമൃഗങ്ങളാണ്.”
സാമ്രാജ്യം അയാള്‍ക്ക് നിശ്ശൂന്യമാണ്. ദുരിതങ്ങള്‍ അയാള്‍ക്ക്
സൌഭാഗ്യങ്ങളാണ്. സാമ്രാജ്യാധിപതി ആയിരിക്കുമ്പോഴും അയാള്‍ക്ക് ദുഖദുരിതങ്ങളെ
ആഘോഷമാക്കാന്‍ കഴിയും. പൊരുത്തക്കേടിനെ ഒരുമയുടെ ലയമാക്കാന്‍ അയാള്‍ക്കാവുന്നു.
ദുഖങ്ങളെ ആഹ്ളാദമാക്കാനും കര്‍മ്മകുശലതയോടെ പ്രവര്‍ത്തിക്കുമ്പോഴും സുദീര്‍ഘമൌനത്തിലെന്നപോലെ
പ്രശാന്തനാകാനും അയാള്‍ക്ക് കഴിയുന്നു.
കര്‍മ്മത്തിലയാള്‍
അകര്‍മ്മത്തെ കാണുന്നു. ദീര്‍ഘനിദ്രയില്‍ അയാള്‍ ഉണര്‍ന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍
അയാള്‍ മരിച്ചവനെപ്പോലെയാണ്. എല്ലാമെല്ലാം ചെയ്യുമ്പോഴും അയാള്‍ ഒന്നുമേ
ചെയ്യുന്നില്ല. അയാളുടെ സുഖാസ്വാദനത്തില്‍ ഭോക്തൃത്വഭാവമില്ല. അയാള്‍ എല്ലാവര്‍ക്കും
സുഹൃത്താണ്. മറ്റുള്ളവരോട് അയാള്‍ കൃപാലുവും ഉദാരവാനുമാണ്, എന്നാല്‍ അയാള്‍ക്കാരോടും
സഹതാപമില്ല. ആസക്തിയില്ലാത്തതും പരിപക്വവുമായ അയാളുടെ ആവശ്യങ്ങള്‍ നമുക്കറിയാം.
സ്വപ്രവര്‍ത്തികള്‍ ഉചിതമായി ചെയ്യുന്നതിലാണയാള്‍ക്ക് താല്‍പ്പര്യം. സന്ദര്‍ഭാനുസാരം
സന്തോഷ ദുഃഖങ്ങള്‍ പ്രടിപ്പിക്കാന്‍ അയാള്‍ക്കാവുന്നു. സ്വമേധയാ സഹജമായ കാര്യങ്ങളെ
അയാള്‍ നിരാകരിക്കുന്നില്ല. ജീവിതനാടകത്തിലെ അയാളുടെ ഭാഗം ഭംഗിയായി അഭിനയിക്കാന്‍
അയാള്‍ ജാഗരൂകനാണ്. ദുഖിതനോട് അയാള്‍ക്ക് അനുകമ്പയുണ്ട്. ആഹ്ളാദവേളകളില്‍ അയാള്‍
സര്‍വ്വാത്മനാ പങ്കുകൊള്ളുന്നു. എന്നാല്‍ അയാളുടെ ഹൃദയത്തില്‍ ഇവയൊന്നും
നിറഭേദമുണ്ടാക്കുന്നില്ല.
രാമന്‍
ചോദിച്ചു: സമര്‍ത്ഥരും കൌശലക്കാരുമായവര്‍ക്ക് ഇപ്പറഞ്ഞ രീതിയിലുള്ള ജീവിതം
നയിക്കാമല്ലോ. കുതിരയുടെ ബ്രഹ്മചര്യം പോലെ ശരിയായ ഉദ്ദേശങ്ങളില്ലാതെ പ്രകടനപരമായ
ജീവിതം നയിക്കുന്നവരും ഉണ്ടാകാമല്ലോ? ഇവരില്‍ കപടനാട്യക്കരെയും ശരിയായ സത്യദര്‍ശികളെയും
തമ്മില്‍ എങ്ങിനെ തിരിച്ചറിയാനാകും?
വസിഷ്ഠന്‍
പറഞ്ഞു: കപടമായാല്‍പ്പോലും സത്യദര്‍ശികളെപ്പോലുള്ള പെരുമാറ്റം അഭിലഷണീയമാണ്,
അനുമോദനാര്‍ഹമാണ്. ശരിയായ ജ്ഞാനമുള്ളവര്‍ സ്വയം അവര്‍ക്ക് ആഗ്രഹങ്ങള്‍ ഉള്ളതുപോലെ
പെരുമാറും. മൂഢന്മാരുടെ കൂടെ സ്വയം മറന്നെന്നപോലെ ചിരിച്ചുല്ലസിക്കുകയും ചെയ്യും.
അവരുടെ ഉള്ളിലെ പ്രശാന്തതയും പ്രബുദ്ധതയും ആര്‍ക്കും അറിയുകയില്ല. എന്നാല്‍
ജ്ഞാനികള്‍ പരസ്പരം തിരിച്ചറിയുന്നു. ജ്ഞാനികള്‍ അവരുടെ അറിവിനെ
കൊട്ടിഘോഷിക്കുകയില്ല, ജനത്തിന്റെ കയ്യടിക്കായി പരിശ്രമിക്കുകയുമില്ല. ജ്ഞാനിയുടെ
പന്ഥാവില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കുന്നതടസ്സങ്ങളാണ് അവയെല്ലാം.
“ഞാനെത്ര
നല്ലവനാണെന്ന് എല്ലാവരും അറിയാന്‍ ഞാന്‍ കൊതിക്കുന്നു. അങ്ങിനെ അവരെന്നെ
പൂജിക്കട്ടെ’, എന്നിത്യാദി ചിന്തകള്‍ കപടന്മാരില്‍ മാത്രമേ കാണൂ. അന്തരീക്ഷത്തില്‍
പൊങ്ങാന്‍ കഴിയുന്ന ലഘിമ, മുതലായ സിദ്ധികള്‍ മന്ത്രങ്ങളാലും പ്രത്യേകതരം
മരുന്നുകളാലും സ്വായത്തമാക്കാവുന്നതാണ്. അതിന് ജ്ഞാനിയാവണം എന്നൊന്നുമില്ല.
കുറച്ചു കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും നേടാവുന്നവയാണ് സിദ്ധികള്‍.
അവ പ്രബുദ്ധതയുടെ ലക്ഷണമൊന്നുമല്ല. അഹംകാരമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രേരകമാവുന്നത്. ഇങ്ങിനെ ലഭിക്കുന്ന സിദ്ധിവിശേഷങ്ങള്‍ വാസനകളെ ഊട്ടിവളര്‍ത്തുന്നു.
മനോപാധികളെ കൂടുതല്‍ നിറമുള്ളതാക്കുന്നു.
പ്രബുദ്ധന്
ഇതിലൊന്നും താല്‍പര്യമില്ല. ലോകം അയാള്‍ക്ക് പുല്ലുവിലയാണ്. അനിച്ഛാപൂര്‍വമാണ്
പ്രബുദ്ധന്റെ ജീവിതം. ഉചിതായ കര്‍മ്മങ്ങള്‍ ആകസ്മികമായി ചെയ്തയാള്‍
മുന്നോട്ടുപോകുന്നു. പ്രബുദ്ധന്റെ ജ്ഞാനത്തേക്കാള്‍ വലുതായ സ്വര്‍ഗ്ഗീയസുഖഭോഗങ്ങളൊന്നുമില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.