Jun 25, 2014

570 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 570

ഗതം സ്വഭാവം ചിദ്വ്യോമ യഥാ ത്വം രാമ നിദ്രയാ
ജാഗ്രദ്വാ സ്വപ്നലോകം വാ വിശാന്‍വേത്സി സമം ഘനം (6.2/87/10)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ അനന്തബോധത്തില്‍ ധ്യാനനിരതനായിരിക്കെ ഇപ്പറഞ്ഞ സൃഷ്ടിജാലങ്ങളെല്ലാം എന്റെയുള്ളില്‍ത്തന്നെ, ഈ ദേഹത്തില്‍ ഞാനിരിക്കെ ഉണ്ടായതാണെന്ന് എനിക്കറിയാന്‍ കഴിഞ്ഞു. വിത്തിനുള്ളില്‍ വൃക്ഷം അടങ്ങിയിരിക്കുന്നുണ്ടല്ലോ.
ഒരുവന്‍ ഉറങ്ങാനായി കണ്ണടയ്ക്കുമ്പോള്‍ അവന്‍ പ്രവേശിക്കുന്ന അന്തര്‍ലോകം അവന്റെ തന്നെ ഉള്‍ക്കാഴ്ചയാണ്. അതുപോലെ അവന്‍ ഉണരുമ്പോള്‍ ആ കാഴ്ച ജാഗ്രദ് ലോകത്തിലേയ്ക്ക് ഉന്മുഖമാവുന്നു. സൃഷ്ടിയെ ഒരുവന്‍ അനുഭവിക്കുന്നത് സ്വയം അവന്റെ ഹൃദയത്തില്‍ ആ സൃഷ്ടിയ്ക്കുള്ളില്‍ പ്രവേശിക്കുമ്പോഴാണ്.
ശുദ്ധാകാശത്തില്‍ സൃഷ്ടിയുടെയാ പ്രകടനം ദര്‍ശിച്ചശേഷം സൃഷ്ടിയുടെ വിവിധഭാവങ്ങളെ കാണാനുള്ള ആകാംക്ഷയോടെ ഞാന്‍ എന്റെയുള്ളിലെ മറ്റു ഭാഗങ്ങളിലേയ്ക്ക് നോക്കി. അങ്ങിനെ എന്നിലെ ആന്തരപ്രഭ ആ ‘നവീനമായ’ ആകാശങ്ങളെയും അനുഭവിച്ചു. 
“അല്ലയോ രാമാ നിദ്രയിലാകട്ടെ, ജാഗ്രദിലാകട്ടെ, നീ നിന്റെ ആത്മബോധത്തിലെയ്ക്ക് പ്രവേശിക്കുകയാണെങ്കില്‍ അതും ഘനസാന്ദ്രമായ ബോധം തന്നെയാണെന്ന് നിനക്കറിയാനാകും.”

ഈ നിര്‍മ്മലബോധം മാത്രമേ ഉള്ളു എന്നതാണല്ലോ പ്രഥമസത്യം. അതിലാണ് ‘ഞാന്‍’ ഉണര്‍ന്നുയര്‍ന്നു വന്നത്. അതിന്റെ സാന്ദ്രീകരണമാണ് ബുദ്ധി. ഈ ബുദ്ധിയുടെ സാന്ദ്രീകരണം മനസ്സ്. ശുദ്ധമായ ശബ്ദഭൂതത്തെയും മറ്റ് മൂലഭൂതങ്ങളെയും അറിയുന്നത് തന്മാത്രകള്‍. അവയുടെ അനുഭവങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങള്‍ ഉണ്ടാവുന്നു.

ചിലര്‍ പറയുന്നത് സൃഷ്ടിയ്ക്ക് ഒരു ക്രമാനുഗതസ്വഭാവമാണുള്ളതെന്നാണ്. മറ്റുള്ളവര്‍ പറയുന്നത് സൃഷ്ടിയ്ക്ക് നിയതമായ യാതൊരു ക്രമവുമില്ലെന്നാണ്. എന്തായാലും അനന്തബോധത്തിലെ അതാത് പ്രഥമധാരണകളാല്‍ ഉരുത്തിരിഞ്ഞു സൃഷ്ടമായ വസ്തുക്കളുടെയോ ജീവജാലങ്ങളുടെയോ സ്വഭാവത്തെ മാറ്റിമറിക്കുക അസാദ്ധ്യമത്രേ.

സൃഷ്ടികളെ വീക്ഷിച്ചുകൊണ്ടിരിക്കെ സ്വയം അണുമാത്രരൂപിയായിമാറി, ഞാനൊരു പ്രഭാകിരണമായതായി ഞാനറിഞ്ഞു. അതിനെപ്പറ്റി ധ്യാനിക്കെ, ഞാന്‍ വീണ്ടും സ്ഥൂലരൂപമാര്‍ജ്ജിക്കുകയും അതില്‍ ഇന്ദ്രിയാനുഭവസാദ്ധ്യതകള്‍ നാമ്പിടുകയും ചെയ്തു. എനിക്ക് ‘കാഴ്ച’യുണ്ടായി. അതിനുള്ള ഇന്ദ്രിയം കണ്ണുകളായി. ഞാന്‍ കണ്ടത് ദൃശ്യമായി. ഈ അനുഭവം ദൃശ്യാനുഭവമായി. എപ്പോഴാണ് ആ ദര്‍ശനം ഉണ്ടായത് എന്ന തോന്നല്‍ കാലമെന്ന ധാരണയെ എന്നില്‍ അങ്കുരിപ്പിച്ചു. എങ്ങിനെയാണ് ആ കാഴ്ച എനിക്കുമുന്നില്‍ വിക്ഷേപമായത് എന്ന ചിന്ത അതിനൊരു ക്രമമുണ്ടാക്കി. എവിടെയൊക്കെയാണോ ആ കാഴ്ചകളെ ഞാന്‍ കണ്ടത് ആ ഇടങ്ങള്‍ ആകാശമായി.

ഈ ധാരണകള്‍ സുദൃഢതയാര്‍ന്ന് സൃഷ്ടിക്രമമായി. ബോധം തന്റെ കണ്ണ് തുറന്ന്  സ്വയം തന്റെ പ്രാഭവങ്ങളെപ്പറ്റി അവബോധിക്കവേ ശുദ്ധതന്മാത്രകള്‍ ഉണ്ടായി. പിന്നീട് അവയ്ക്ക് ചേര്‍ന്ന ഇന്ദ്രിയങ്ങളും സംജാതമായി. എന്നാല്‍ ഇവയെല്ലാം വാസ്തവത്തില്‍ ശുദ്ധാകാശം ഭാവസാന്ദ്രമായതുമാത്രമാണ്.

അതുപോലെ ‘ഞാന്‍ എന്തെങ്കിലും കേള്‍ക്കട്ടെ’ എന്ന് ഞാന്‍ ചിന്തിക്കവേ, ശബ്ദമുണ്ടാവുകയും എന്നില്‍ ശ്രോത്രിന്ദ്രിയം സംജാതമാവുകയും ചെയ്തു. പിന്നീട്, സ്പര്‍ശനം, ഘ്രാണനം, രസം, എന്നിവയും അതാതിന് ഉചിതമായ ഇന്ദ്രിയ സംഘാതങ്ങളും ഉണ്ടാവുകയായി. വാസ്തവത്തില്‍ ഇവയെല്ലാം എന്നിലുണ്ടായി എന്ന് പറയുമ്പോഴും ഉണ്മയില്‍ ഒന്നുമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം

569 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 569

ദുരവത്പ്രേക്ഷ്യതേ മാംസദൃശാ യദ്യേവ സാ ശിലാ
ദൃശ്യതേ തച്ഛിലൈവൈകാ ന തു സര്‍ഗാദി കിഞ്ചന (6.2/86/15)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ബ്രഹ്മാകാശത്ത് മൂര്‍ത്തീകരിച്ചതുപോലെ നിന്നിരുന്ന  രുദ്രഭഗവാന്‍  എങ്ങിനെയാണ് പരിപൂര്‍ണ്ണപ്രശാന്തനായത് എന്ന് ഇനി ഞാന്‍ പറഞ്ഞുതരാം.

സൃഷ്ടിയെന്ന പേരില്‍ ബോധം ഭിന്നഭാവങ്ങള്‍ ആര്‍ജ്ജിച്ചു നില്‍ക്കുന്നത് രുദ്രന്‍ കണ്ടു. പെട്ടെന്നാ ഭിന്നതകളെ ഭഗവാന്‍ ‘വിഴുങ്ങി’യതുപോലെ തോന്നി. രുദ്രന്‍ ആകാശമായി ആകാശത്ത് നിലകൊണ്ടു.

ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം തന്റെ ആകൃതിയെ മേഘംപോലെ ലോലവും അണുപ്രായവുമാക്കിയതായി ഞാനെന്റെ ദിവ്യദൃഷ്ടിയില്‍ കണ്ടു. പിന്നെ അദ്ദേഹം അപ്രത്യക്ഷനായി. പരമപ്രശാന്തിയായി; പരബ്രഹ്മവുമായി ഒന്നുചേര്‍ന്ന് ശുദ്ധബോധമായി.
അങ്ങിനെ രാമാ, ആ പാറക്കല്ലിനുള്ളില്‍ ഞാന്‍ വിശ്വത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ കണ്ടു. ആ മോഹദൃശ്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. വീണ്ടും പാറക്കല്ലില്‍ നോക്കുമ്പോള്‍ അനേകം സൃഷ്ടിജാലങ്ങള്‍ കാളരാത്രിയുടെ അവയവങ്ങള്‍ എന്നപോലെ ഞാന്‍ കണ്ടു. എന്നാല്‍ ഇക്കണ്ട കാഴ്ചകള്‍ എന്നിലെ പ്രബുദ്ധനയനങ്ങളിലൂടെയാണ് ഞാന്‍ കണ്ടത്. എല്ലായിടത്തെയും എല്ലാക്കാലത്തെയും സകലകാഴ്ചകളും ഒരേസമയം കാണാന്‍ കഴിയുന്ന ദിവ്യ ചക്ഷുസ്സാണല്ലോ പ്രബുദ്ധത.

“ഒരു കല്ലിനെ ഒരുവന്‍ ദൂരെ നിന്ന് വീക്ഷിക്കുമ്പോള്‍ അതൊരു കല്ലുമാത്രമായി കാണപ്പെടുന്നു. അതില്‍ സൃഷ്ടിയില്ല.”

അതുകഴിഞ്ഞ് ഞാന്‍ കല്ലിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് എന്റെ ദൃഷ്ടിയെ തിരിച്ചു. സൃഷ്ടിജാലങ്ങള്‍ ഉണ്ടായിമറയുന്ന കാഴ്ചകള്‍ ഒരിക്കല്‍കൂടി ഞാനവിടെ കണ്ടു. ആ പാറക്കല്ലിന്റെ ഓരോ ഭാഗത്തും ബൃഹത്തായ സൃഷ്ടിജാലത്തെയും എനിക്ക് കാണായി. ഞാന്‍ നോക്കുമ്പോള്‍ ആ മലയിലെ ഒരോരോ കല്ലുകളിലും ഇത്തരം സൃഷ്ടിലീലകള്‍ തുടരുകയായിരുന്നു!

അവയില്‍ ചിലതില്‍ ബ്രഹ്മദേവന്‍ സൃഷ്ടിയുടെ പ്രാരംഭത്തിലാണ്‌. മറ്റുചിലതില്‍ ദേവന്മാര്‍ ബ്രഹ്മചിത്തത്തില്‍ നിന്നും ഉദ്ഭൂതമാവുന്നതേയുള്ളു. ചിലതില്‍ മനുഷവര്‍ഗ്ഗം അധിവസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിലതില്‍ അസുരന്മാര്‍ ഇല്ല. ചില ലോകങ്ങളില്‍ സത്യയുഗമാണെങ്കില്‍ മറ്റുചിലതില്‍ കലിയുഗം. ചില ലോകങ്ങളില്‍ ജരാനരകളും മരണവും ഇല്ല. എന്നാല്‍ മറ്റുചിലതില്‍ അവിടെ ധര്‍മ്മത്തിന് ഗ്ലാനിയൊന്നും ഉണ്ടാവാത്തതുകൊണ്ട്‌ എല്ലാ മനുഷ്യരും പ്രബുദ്ധതയെ പ്രാപിച്ചിരിക്കുന്നു.

പിന്നെ വിശ്വത്തിന്റെ ഭൂതവര്‍ത്തമാനഭാവി സ്ഥിതിഗതികളെ ഞാന്‍ നേരിട്ട് കണ്ടു. ചിലതില്‍ ഘനസാന്ദ്രമായ ആന്ധ്യവും അജ്ഞതയും കാണുകയുണ്ടായി. ചില ലോകങ്ങളില്‍ രാമരാവണയുദ്ധം നടക്കുന്നു. എന്നാല്‍ മറ്റുചിലതില്‍ രാവണന്‍ സീതയെ അപഹരിക്കുന്നതേയുള്ളു. ചില ലോകങ്ങളെ ദേവന്മാരും മറ്റുചിലതിനെ അസുരന്മാരുമാണ് ഭരിക്കുനത്.
രാമന്‍ ചോദിച്ചു: ഭഗവാനേ, പറയൂ, രാമനായി ഞാന്‍ നേരത്തേതന്നെ ഈ ജന്മത്തിനു മുന്‍പ് ഉണ്ടായിരുന്നോ?

വസിഷ്ഠന്‍ പറഞ്ഞു: നീയും ഞാനുമെല്ലാം അനവധി തവണ ആവര്‍ത്തിച്ചു ജനിച്ചിരിക്കുന്നു. എന്നാല്‍ അനന്തമായ പരമസത്യത്തിന്റെ ദൃഷ്ടിയില്‍ നീയോ ഞാനോ ഈ ലോകമോ ഒന്നും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. ഇതെല്ലാം ജലോപരിയുള്ള അലകള്‍ മാത്രം. അവയുടെ നിജസ്ഥിതികളും നാമരൂപാദികളും ഭ്രമാത്മകതയുടെ പരിണിതഫലമാണ്.

568 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 568

സാധുര്‍വസതി ചോരൌഘേ താവദ്യാവദസൌ നതം
പരിജാനാതി വിജ്ഞായ ന തത്ര രമതേ പുന: (6.2/85/24)

വസിഷ്ഠന്‍ തുടര്‍ന്നു: സങ്കല്‍പ്പത്തിലെ നഗരം വെറും ഭാവനയാണ്. സത്യത്തില്‍ ഉള്ളതല്ല. അതുപോലെയീ സൃഷ്ടിജാലം എന്നത് അനന്തബോധചൈതന്യത്തില്‍ ഉയര്‍ന്നു വിക്ഷേപിക്കപ്പെടുന്ന ഒരു ധാരണ മാത്രമാണ്.

ഭഗവാന് കാളരാത്രിയെന്നത് കാറ്റിനു ചലനം എന്നതുപോലെയാണ്. ശൂന്യാകാശത്ത് കാറ്റ് ചലിക്കുന്നത് അതിനൊരു രൂപമുണ്ടെന്ന മട്ടിലാണ്. അനന്തബോധത്തില്‍ ഭഗവാന്റെ ഇഛയ്ക്കൊത്തെന്നപോലെ അവള്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. ആ ചലനം നിലയ്ക്കുമ്പോള്‍ ഭഗവാന്‍ മാത്രം ശേഷിക്കുന്നു.

അവളിങ്ങിനെ ആകാശത്ത് നടനമാടിവരുമ്പോള്‍ ആകസ്മികമായി (കാക്കയും പനമ്പഴവും) അവള്‍ ഭഗവാനുമായി കണ്ടുമുട്ടുന്നു. ആ നിമിഷത്തില്‍ അവള്‍ ക്ഷീണിതയായി ശോഷിച്ച് സുതാര്യയാവുന്നു. അവള്‍ തന്റെ ബ്രഹ്മാണ്ഡരൂപമുപേക്ഷിച്ച് ചിലപ്പോള്‍ മലയാവുന്നു, ചെറിയൊരു പട്ടണമാവുന്നു, പിന്നെയൊരു സുന്ദരതരുവാകുന്നു, അവള്‍ ആകാശംപോലെയാകുന്നു. എന്നാല്‍ അവസാനം നദി ചെന്ന് കടലില്‍ച്ചെന്നുചേര്‍ന്ന് സ്വയം കടലാവുന്നതുപോലെ അവള്‍ സ്വയം ഭഗവാന്റെ സ്വരൂപമായിത്തീരുന്നു. അപ്പോള്‍ ഭഗവന്‍ അദ്വൈതഭാവത്തില്‍ പ്രോജ്വലിക്കുന്നു.

രാമന്‍ ചോദിച്ചു: ഭഗവന്‍, എന്തിനാണ് ആ ദിവ്യജനനി അങ്ങിനെ പരമപ്രശാന്തയാവുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ അത് ജഗന്മായ, പ്രകൃതി എന്നെല്ലാം അറിയപ്പെടുന്ന അനന്തബോധചടുലചൈതന്യമാണ്. ഒരിക്കലും പ്രക്ഷുബ്ദമാവാത്ത ജനനിയാണവള്‍. ഈ അമ്മയുടെ മേലെ ബോധം മാത്രമേയുള്ളൂ. അതാണെങ്കില്‍ പരമപ്രശാന്തതതന്നെയാണ്.
ഭഗവാന്റെ ഇഛയ്ക്ക് ചാലകതയുള്ളിടത്തോളം ഈ ചൈതന്യധാര പ്രവര്‍ത്തനോന്മുഖമായി തുടരും. ചുരുക്കത്തില്‍ ഭഗവാനെ കാണുന്നതുവരെ അവളുടെ നടനം തുടരും എന്നര്‍ത്ഥം.

ബോധവും ചൈതന്യവും അവിഭാജ്യങ്ങളാകയാല്‍ ഈ ഊര്‍ജ്ജം ഭഗവാനെ അവബോധിക്കുമ്പോള്‍  സ്വയം ഭഗവാനായിത്തീരുന്നു. പ്രകൃതി ഭഗവാനെ തൊടുന്നമാത്രയില്‍ അതതിന്റെ പ്രകൃതിഗുണം – ചടുല പ്രകൃതി- ഉപേക്ഷിക്കുന്നു. നദി സമുദ്രത്തിലെന്നപോലെ അവള്‍ ഭഗവാനില്‍ വിലയിക്കുന്നു. ഒരുവന്റെ നിഴല്‍ അവസാനിക്കുമ്പോള്‍ ആ നിഴല്‍ അവനിലേയ്ക്ക് വിലയിക്കുന്നു എന്ന് പറയുന്നതുപോലെ ചൈതന്യചലനം ബോധത്തിലേയ്ക്ക് മടങ്ങുന്നു. ഈ ചലനം തന്നെ ബോധത്തിലെ ധാരണമാത്രമായിരുന്നല്ലോ.

“ഒരു മഹാത്മാവ് സത്യമറിയുന്നതുവരെ ചിലപ്പോള്‍ കള്ളന്മാരുമായി സഹവാസം ചെയ്തേക്കാം എന്നാല്‍ സത്യമറിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ അദ്ദേഹമാ സംഗം ഇഷ്ടപ്പെടുകയില്ല.”

ബോധം ദ്വൈതത്തില്‍ അഭിരമിക്കുന്നത് സ്വയം ആ ദ്വന്ദതയെ തിരിച്ചറിയുന്നതുവരെ മാത്രമാണ്. നിര്‍വാണപദത്തിന്റെ മഹിമയില്‍ എത്തുന്നതുവരെ മാത്രമേ ബോധചൈതന്യനടനം തുടരുകയുള്ളൂ. ബോധത്തെ ‘അറിയുമ്പോള്‍’ അത് ശുദ്ധബോധമാകുന്നു.  പരംപൊരുളിനെ സാക്ഷാത്ക്കാരിക്കുന്നത് വരെ മാത്രമേ ഒരുവന്‍ സംസാരത്തില്‍ ആണ്ടുമുഴുകിയിരിക്കുകയുള്ളു. കാണുന്നമാത്രയില്‍ സംസാരം പരമപ്രകാശത്തില്‍ വിലയിക്കുകയാണ്. ദുരിതജീവിതസാഗരത്തില്‍ നിന്നും എന്നെന്നെയ്ക്കുമായുള്ള മോചനം ലഭിച്ചാല്‍പ്പിന്നെ ആരാണതുപേക്ഷിക്കുക?


567 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 567

യദ്യഥാഭൂത സര്‍വ്വാര്‍ത്ഥ ക്രിയാകാരി പ്രദൃശ്യതെ
തത്സത്യമാത്മാനോന്യസ്യ നൈവാതത്താമുപേയുഷ: (6.2/84/40)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ ചടുലചൈതന്യം ഓരോരോ ഇടങ്ങളില്‍ പരിണാമവിധേയമാവാതെ ഇരിക്കുമ്പോള്‍ അത് ഭഗവാന്‍ ശിവനാണ്. അതായത് ആ ചൈതന്യം തന്നെ ശിവനാണ്. ഈ ചൈതന്യത്തിന്റെ അവയവങ്ങളാണ് ദേവിയുടെ ചടുലചലനങ്ങള്‍. സൃഷ്ടിക്കപ്പെട്ട ലോകങ്ങള്‍, ഭൂഖണ്ഡങ്ങളും കടലും കാടുകളും മലകളും ശാസ്ത്രങ്ങളും ദിവ്യയാഗങ്ങളും വൈവിദ്ധ്യമാര്‍ന്ന ആയുധങ്ങളോടെ അരങ്ങേറുന്ന യുദ്ധകോലാഹലങ്ങളും പതിന്നാലുലകവും എല്ലാമെല്ലാം അവളുടെ അവയവങ്ങളത്രേ!  
രാമന്‍ പറഞ്ഞു: മാമുനേ, ഇപ്പറഞ്ഞ ചൈതന്യാവയവങ്ങള്‍ ഉണ്മയാണോ അസത്യമാണോ?

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാമാ, ബോധത്തിന്റെ ചൈതന്യാവയവങ്ങളായി ഇപ്പറഞ്ഞതെല്ലാം സത്യംതന്നെ. കാരണം ഇതെല്ലാം അനുഭവിച്ചതും ബോധം തന്നെയാണല്ലോ! ഒരു കണ്ണാടി ബാഹ്യവസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ ബോധം സ്വയമുള്ളില്‍ ഉള്ളിലുള്ളതിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടത് സത്യമാണ്.

സങ്കല്‍പ്പനഗരം അല്ലെങ്കില്‍ ഒരു നഗരത്തിന്റെ ഭ്രമാത്മകദൃശ്യം വിക്ഷേപിക്കുന്നതും ബോധത്തിലാണല്ലോ. ഇതൊരുപക്ഷേ തുടര്‍ച്ചയായി ധ്യാനിക്കുന്നതുകൊണ്ടാവാം അല്ലെങ്കില്‍ ബോധത്തിന്റെ നിര്‍മ്മലതകൊണ്ടുമാവാം. 

സൃഷ്ടിയെന്നത് ഉണ്മയാണ് എന്നാണെന്റെ അഭിപ്രായം - അതൊരു പ്രതിഫലനമായി കണക്കാക്കിയാലും, സ്വപ്നവസ്തുവായി കരുതിയാലും വെറുമൊരു ഭാവനയായി കണ്ടാലും എല്ലാം ആത്മാവെന്ന ശുദ്ധസത്യത്തെ ആസ്പദമായാണല്ലോ ഉണ്ടാവുന്നത്.

എന്നാല്‍ നീനക്കീ വാദത്തെ “ഈ സങ്കല്‍പ്പസൃഷ്ടികള്‍കൊണ്ടെനിക്ക് യാതോരുപകാരവുമില്ല” എന്ന് ഖണ്ഡിക്കാം. ഒരിടത്തു നിന്നും ദൂരെ മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയവര്‍ക്ക് ആദ്യത്തെയിടത്തെ ലോകംകൊണ്ട് എന്താണൊരു പ്രയോജനം എന്നു ചോദിക്കുമ്പോള്‍, അവിടേയ്ക്ക് താമസം മാറ്റിയവര്‍ക്ക് അതിന്റെ പ്രയോജനം ഉണ്ടാവും എന്നാണുത്തരം. അങ്ങിനെയാണ് എല്ലാക്കാര്യങ്ങളും.

എന്തെല്ലാം ഇവിടെ നിലകൊണ്ട് പ്രവര്‍ത്തിക്കുന്നുവോ അതെല്ലാം ഒരുവന്റെ ആത്മാവിനെ സംബധിച്ചിടത്തോളം സത്യമാണ്. എന്നാല്‍ അവയെപ്പറ്റി അറിയാത്തവന്, അതേപ്പറ്റി അവബോധിക്കാത്തവനെ സംബധിച്ചിടത്തോളം അവയെല്ലാം അസത്യവുമാണ്.”

അതുകൊണ്ട് സൃഷ്ടികളും ജീവജാലങ്ങളും അവയെപ്പറ്റി അവബോധിക്കുന്നവരുടെ ഉള്ളില്‍ ബോധചൈതന്യത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. എന്നാല്‍ അവയെപ്പറ്റി അറിവില്ലാത്തവര്‍ക്കവ അസത്താണ്. ഭൂതഭാവിവര്‍ത്തമാനകാലങ്ങളില്‍ ആത്മാവിലങ്കുരിക്കുന്ന, ധാരണകളും സ്വപ്നങ്ങളും എല്ലാം സത്യമാണ്; കാരണം ആത്മാവ് സത്യമാണല്ലോ!

ദൂരെ ദേശത്തേയ്ക്ക് പോകുന്നവന്‍ അവിടത്തെ കാഴ്ചകള്‍ കാണുന്നതുപോലെ ഇപ്പറഞ്ഞ സൃഷ്ടിജാലങ്ങളെ കാണുവാന്‍ ഒരുവന്‍ അതാതു ദൃശ്യങ്ങള്‍ക്ക് ചേര്‍ന്നവിധത്തിലുള്ള ബോധതലങ്ങളില്‍ എത്തിയിരിക്കണം എന്ന് മാത്രം. സത്യത്തെ മാറ്റാന്‍ ബോധചൈതന്യത്തിന്റെ ചലനങ്ങള്‍ക്കാവില്ല. സ്വപ്നത്തില്‍പ്പോലും ഇതാണ് സ്ഥിതി. സ്വപ്നത്തില്‍ ഒരുവന്‍ തന്റെ ഉറക്കത്തിനോ സ്വപ്നത്തിന്റെ തുടര്‍ച്ചയ്ക്കോ ഭംഗം വരാതെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് യാത്രപോകുന്നു!

മൂന്നു ലോകങ്ങള്‍ (ത്രികാലങ്ങള്‍) എന്നത് ഉണ്മയില്ലാത്ത ഭാവനയാണെന്ന് തിരിച്ചറിഞ്ഞാല്‍പ്പിന്നെ ആ സങ്കല്‍പ്പത്തിന് ഭംഗമുണ്ടാവുകയോ ഇല്ലാതിരിക്കുകയോ എന്നത് ഒരു വിഷയമേയല്ല.    

566 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 566

സ ഭൈരവശ്ചിദാകാശ: ശിവ ഇത്യഭിധീയതേ
അനന്യാം തസ്യതാം വിദ്ധി സ്പന്ദശക്തിം മനോമയീം (6.2/84/2)

വസിഷ്ഠന്‍ തുടര്‍ന്നു: “ബോധത്തിന്റേതായ ആ മണ്ഡലം തന്നെയാണ് ഭൈരവനും ശിവനും. ആ ഭഗവാനില്‍ നിന്നും പിരിക്കാനരുതാത്ത ചടുലചൈതന്യശക്തി മനസ്സിന്റെ പ്രകൃതിയാണ്.”

വായുവിനെ ‘കാണാന്‍’ കഴിയുന്നത് അതിന്റെ ചാലകസ്വഭാവത്താലാണ്. ചൂടുള്ളത്കൊണ്ടാണ് അഗ്നിയെ അറിയാന്‍ കഴിയുന്നത്. ശുദ്ധപ്രശാന്തതയാലാണ് ശുദ്ധബോധമായ ശിവനെ അറിയാന്‍ കഴിയുന്നത്.

പരമശിവന്‍ എല്ലാ വിവരണങ്ങള്‍ക്കും അതീതനാണ്. ഭഗവാന്റെ ചടുലചൈതന്യമാണ് അദ്ദേഹത്തിന്‍റെ ഇഛകളെ നടപ്പിലാക്കുന്നത്. ആ ഇഛകള്‍ ഓരോരോ ദൃശ്യങ്ങളായി വിക്ഷേപിക്കപ്പെടുന്നു. ഈ ഊര്‍ജ്ജം, അല്ലെങ്കില്‍ ചൈതന്യം, അല്ലെങ്കില്‍ മായ, ബോധം തന്നെയാണ്. ‘അവള്‍’ ജീവശക്തിയാണ്. അതിനാല്‍ ജീവന്‍ എന്നവള്‍ക്ക് പേര്.
അനന്തബോധത്തില്‍ സൃഷ്ടിയെന്നത് പ്രകൃത്യാ സഹജമായതിനാല്‍ അവളെ പ്രകൃതി എന്ന് വിളിക്കുന്നു. കാണപ്പെടുന്ന എല്ലാറ്റിന്റെയും എല്ലാ അനുഭവങ്ങളുടെയും ഹേതു അവളാകയാല്‍ ‘ക്രിയ’ എന്നും അവള്‍ക്ക് പേരുണ്ട്.

ദുഷ്ടതയ്ക്ക് നേരേ ക്രുദ്ധയാവുന്നതിനാല്‍ അവള്‍ക്ക് ചണ്ഡിക എന്നു പേരുണ്ട്.
നീലത്താമരയുടെ നിറത്തോടു കൂടിയതിനാല്‍ ഉത്പല എന്നവള്‍ അറിയപ്പെടുന്നു.
എല്ലായ്പ്പോഴും വിജയശ്രീയായതിനാല്‍ അവള്‍ ജയ.
പൂര്‍ണ്ണതയുടെ ഇരിപ്പിടമാകയാല്‍ അവള്‍ സിദ്ധയാണ്.
ജയ, ജയന്തിയും വിജയയുമാണ്.

ഒരിക്കലും കീഴടക്കാന്‍ ആകാത്തതിനാല്‍ അപരാജിത എന്നുമവള്‍ക്ക് പേരുണ്ട്.
ദുഗ്രാഹ്യമായ മൂര്‍ത്തിയാകയാല്‍ അവള്‍ ദുര്‍ഗ്ഗ.
ഓങ്കാരത്തിന്റെ പൊരുളായതിനാല്‍ അവള്‍ ഉമ.
എല്ലാവരാലും ആലപിക്കപ്പെടുന്നതിനാല്‍ അവള്‍ ഗായത്രി.
എല്ലാറ്റിന്റെയും സൃഷ്ടിഹേതുവാകയാല്‍ അവള്‍ സാവിത്രി.
മഞ്ഞയും ചുവപ്പും നിറത്തോടുകൂടിയതിനാല്‍ അവള്‍ ഗൌരി.

ഒരുവന്റെയുള്ളിലെ ദൃശ്യങ്ങളെ അറിവായി വിസ്ത്രൃതമാക്കുന്നതിനാല്‍ അവള്‍ സരസ്വതി. ഉറങ്ങുന്നവനില്‍ പ്രകാശകിരണമായും പ്രബുദ്ധനില്‍ ധ്യാനസമയത്ത് പ്രണവനിനദത്തിന്റെ സൂക്ഷ്മകമ്പനങ്ങളായും നിലകൊള്ളുന്നതിനാല്‍ അവള്‍ ഇന്ദുകല (ചാന്ദ്രരശ്മി).

ആകാശം ദേഹമാക്കിയ ദേവിക്കും ശിവനും നീലനിറമാണ്. ആകാശമാണവരുടെ മാംസവും എല്ലുകളും എല്ലാമെല്ലാം. ആകാശത്തില്‍ ആകാശമായി അവരിരിക്കുന്നു !.
അവളുടെ നൃത്തചേഷ്ഠകള്‍ സൃഷ്ടിയെയും, അപചയത്തെയും മരണത്തെയും കാണിക്കുന്നു. അവളുടെ ഊര്‍ജ്ജചലനം മൂലമാണ് ലോകങ്ങള്‍ കാണപ്പെടുന്നത്. അതിനാല്‍ അവള്‍ക്ക് അനേകം അവയവങ്ങള്‍ ഉണ്ടെന്നു പറയുന്നു. ഈ കാളിയാണ് എല്ലാറ്റിലും അവയുടെ സഹജസ്വഭാവങ്ങളെ നിക്ഷേപിക്കുന്നത്.

എന്നാല്‍ അവളെ അറിയാനോ വിവരിക്കാനോ ആര്‍ക്കുമാവില്ല. വായുവിലെ ചലനംകൊണ്ട് ആകാശത്തെ നാം അറിയുന്നു. അതുപോലെ ബോധത്തിലെ ചൈതന്യം സുവിദിതമാവുന്നത് ആ ബോധത്തില്‍ കര്‍മ്മങ്ങള്‍ പ്രകടമാവുമ്പോഴാണ്. എങ്കിലും ചലനവും കര്‍മ്മവുമൊന്നും ബോധത്തിന്റെ ‘ഗുണ’ങ്ങളായി കണക്കാക്കാന്‍ വയ്യ. കാരണം ബോധത്തിന് ഗുണങ്ങളോ നിയതസ്വഭാവങ്ങളോ ഇല്ല. ബോധം പ്രശാന്തവും ശുദ്ധവുമാണ്. വിവരണങ്ങള്‍ക്കതീതം. വാസ്തവത്തില്‍ ബോധത്തിലെ ചലനം എന്ന ധാരണ തന്നെ അജ്ഞാനമാണ്.

565 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 565

മയാ ദൃഷ്‌ടാ തദാകാശമേവ ശാന്തം തദാകൃതി:
മയേവ തത്പരിജ്ഞാതം നാന്യ: പശ്യതി തത്തഥാ (6.2/83/3)
വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ മുന്‍പ് പരമശിവന്‍ എന്ന് വിസ്തരിച്ചതായ വിശ്വരൂപം വാസ്തവത്തില്‍ ശുദ്ധബോധമാണ്. അത് തന്നെയാണ് രുദ്രനായും നര്‍ത്തക(കി)നായും കാണപ്പെട്ടത്. അങ്ങിനെയുള്ള രൂപങ്ങളോ രൂപമില്ലായ്മയോ ഒന്നും വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. ബോധഘനത്തില്‍ ഇപ്പറഞ്ഞ അനുഭവങ്ങളുടെ പ്രതീതിയുണ്ടായിരുന്നു എന്ന് മാത്രം.
“ഞാന്‍ കണ്ടത് പരമപ്രശാന്തിയുടെ തലമായ ആകാശമാണ്‌. അനുഭവിച്ചത് ഞാന്‍ വിവരിച്ച രൂപങ്ങളുമാണ്. മറ്റാരും ഈ വിധത്തില്‍ ആ കാഴ്ചകള്‍ കണ്ടിട്ടില്ല.”
ലോകചക്രം അവസാനിക്കുമ്പോള്‍ രുദ്രനായും ഭൈരവിയായും വിവരിക്കപ്പെട്ടതെല്ലാം ഭ്രമാത്മകവിക്ഷേപങ്ങളാണ്. ആ രൂപഭാവങ്ങളില്‍ അവരെ കണ്ടത് ഞാന്‍ മാത്രം. ബോധം മാത്രമാണ് നിലനില്‍ക്കുന്നത്. ഭൈരവനായോ മാറ്റ് ഏതെങ്കിലും രൂപമായോ ചിന്തിച്ചാല്‍ അതപ്രകാരമാവുന്നു. ഒരു വാക്കും അതിന്റെ പൊരുളും അറിവാകാന്‍ ബോധം കൂടിയേ തീരൂ. അത്തരം വസ്തുവിഷയസംബന്ധിയായ അറിവ് നിസ്തന്ദ്രമായി ഉപയോഗിച്ചുറപ്പിക്കുകമൂലം അവയും അവയെക്കുറിക്കുന്ന വാക്കുകളും  ഉണ്മയാണെന്ന് തോന്നുകയാണ്. 
ഭൈരവനോ ഭൈരവിയോ, രുദ്രനോ കാളരാത്രിയോ വിശ്വപ്രളയമോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം ഭ്രമാത്മകമായ വിക്ഷേപങ്ങള്‍ മാത്രമായിരുന്നു. അനന്തമായ ബോധം മാത്രമാണ് സത്യം.
അങ്ങിനെ മൂര്‍ത്തഭാവത്തിലുള്ള രുദ്രനെയും രുദ്രന്റെ അമൂര്‍ത്ത ഭാവത്തെയും ഞാന്‍ പറഞ്ഞു തന്നു. ഇനിയാ വിശ്വനൃത്തത്തിന്റെ പ്രാധാന്യം എന്തെന്ന് പറയാം. ബോധത്തില്‍ എപ്പോഴും സഹജമായ കമ്പനമുണ്ട്. ആ ചലനത്തിന്റെ അഭാവത്തില്‍ അതിന്റെ ‘ഉണ്മ’യ്ക്ക് അര്‍ത്ഥമില്ലാതെയാവും. അങ്ങിനെയാണ്, ബോധത്തിനുള്ളില്‍ സഹജമായ ചലനമാണ് രുദ്രനായി പ്രത്യക്ഷമായത്.
ചലനം ബോധത്തിന്റെ പ്രകൃതമാണ്. ചലനത്തെ ബോധത്തില്‍ നിന്നും വേര്‍പെടുത്താന്‍ വയ്യ. രുദ്രനടനത്തില്‍ ഞാന്‍ ദര്‍ശിച്ചത് ബോധചലനമാണ്. എന്നാല്‍ ആ ചലനം ശുദ്ധമായ ചലനമാണ്. എന്റെ മനസ്സിന്റെ ഉപാധിക്കനുസൃതമായി ഞാനാ ചലനത്തെ ഭഗവാന്റെ നൃത്തമായി വിവക്ഷിച്ചു. ശുദ്ധബോധത്തിലെ ചലനമാണ് ഭഗവാന്റെ വിശ്വനടനം.

രാമന്‍ ചോദിച്ചു: അസത്തായതെല്ലാം വിശ്വപ്രളയസമയത്ത് വിലയിച്ചു എന്ന് പറഞ്ഞുവല്ലോ, അപ്പോള്‍പ്പിന്നെ ബോധം എങ്ങിനെയാണ്, എന്തിനെപ്പറ്റിയാണ് അവബോധിച്ചത്?

വസിഷ്ഠന്‍ തുടര്‍ന്നു: തീര്‍ച്ചയായും ബോധം ‘മറ്റൊന്നിനെ’പ്പറ്റി അവബോധിക്കുകയില്ല. ഇവിടെ ‘ദൃശ്യമെന്നു’ പറഞ്ഞത് ബോധത്തിന്റെതന്നെ സഹജഭാവത്തെയാണ്. സ്വപ്നസമയത്ത് ഒരുവന്റെ ദൃശ്യത്തിലുള്ള നഗരങ്ങളും മറ്റും അവന്റെ ബോധത്തിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ ആ ബോധം സ്വയം എല്ലാ ചലനങ്ങളെയും അറിയുന്നു. ചലനങ്ങളുടെ ആദിമുതല്‍ അതവസാനിക്കുന്നതുവരെ ബോധത്തില്‍ അവയെപ്പറ്റിയുള്ള അവബോധം സഹജമത്രേ.  
അങ്ങിനെയാണ് നിമിഷങ്ങള്‍, യുഗങ്ങള്‍, ലോകചക്രങ്ങള്‍, എന്നുവേണ്ട, നീ, ഞാന്‍, എന്നീ ധാരണകളും (കമ്പനങ്ങളും) അവബോധിക്കുന്നത്. 

അതിനാല്‍ ബോധത്തില്‍ എകതയോ നാനാത്വമോ നിശ്ശൂന്യതയോ ബോധം എന്നൊരു ‘വസ്തു’വോ അബോധമോ ഇല്ല തന്നെ. ശുദ്ധമായ നിശ്ശൂന്യതമാത്രം - പക്ഷെ അതുപോലുമില്ല. ഉള്ളത് അനന്തമായ ബോധം മാത്രം.

564 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 564

ചേതനത്വാത്തഥാഭൂതസ്വ ഭാവവിഭവാദൃതേ
സ്ഥാതും ന യുജ്യതേ തസ്യ യഥാ ഹേമ്നോ നിരാകൃതി (6.2/82/6)
രാമന്‍ ചോദിച്ചു: എല്ലാമെല്ലാം നശിച്ചുകഴിഞ്ഞിട്ടും അവള്‍ എങ്ങിനെ, ആരുമായാണ് നൃത്തം ചെയ്തത്? മാത്രമല്ല അവള്‍ക്ക് ഇത്രയധികം കണ്ഠാഭരണങ്ങള്‍ എവിടെനിന്ന് കിട്ടി?
വസിഷ്ഠന്‍ പറഞ്ഞു: രാമാ, അത് സ്ത്രീയോ പുരുഷനോ ആയിരുന്നില്ല. അവര്‍ നൃത്തം ചെയ്തുമില്ല.! അവര്‍ക്ക് നിയതമായ രൂപങ്ങളോ ദേഹങ്ങളോ ആഭരണങ്ങളോ ഒന്നുമുണ്ടായിരുന്നുമില്ല.
ആദികാരണവും എല്ലാ കാരണങ്ങള്‍ക്കും ഹേതുവായിരിക്കുന്നതും പ്രശാന്തമായി നിലകൊള്ളുന്നതും ചലനം കൊണ്ട് എല്ലായിടത്തും വ്യാപിച്ച് നിറഞ്ഞിരിക്കുന്നതുമായ അനാദി-ശാശ്വത-അനന്തബോധമാണത്. ഭഗവാന്‍ ശിവന്‍ തന്നെയാണത്. വിശ്വത്തിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാവുമ്പോള്‍ ഭഗവാന്‍ ഭൈരവന്റെ രൂപമെടുക്കുന്നതുപോലെ തോന്നുന്നു. വാസ്തവത്തില്‍ അമൂര്‍ത്തമായ അനന്താകാശം തന്നെയാണത്.

“സ്വരൂപപ്രകൃതിയായ സകലമാന മഹിമകളോടും കൂടി മൂര്‍ത്തീകരിച്ച് വിരാജിച്ചരുളിയ അനന്തബോധം പൊടുന്നനെ അമൂര്‍ത്തമായി എന്ന് പറയുന്നതിലും അനൌചിത്യമുണ്ട്. സ്വര്‍ണ്ണത്തിന് യാതൊരു മൂര്‍ത്തരൂപവുമില്ലാതെ ഒരസ്തിത്വം ഉണ്ടാവുക അസാദ്ധ്യം!” 

എങ്ങിനെയാണ് ബോധത്തിന് ബോധഭാവമില്ലാതെ നിലകൊള്ളാന്‍ കഴിയുക? മൂര്‍ത്തരൂപമില്ലാത്ത സ്വര്‍ണ്ണം എങ്ങിനെ കാണാന്‍ കഴിയും? എങ്ങിനെയാണ് എന്തിനെങ്കിലും സ്വയം പ്രകടമാവാതെ നില നില്‍ക്കാന്‍ കഴിയുക? കരിമ്പിന്‍ തണ്ടിന് അതിന്റെ മാധുര്യം ഉപേക്ഷിക്കാനാകുമോ? മാധുര്യം പോയ്പ്പോയാല്‍പ്പിന്നെയത് കരിമ്പല്ല! അതിന്റെ നീര് മധുരിക്കുകയില്ല. ബോധത്തിന്റെ ബോധഭാവം നഷ്ടപ്പെട്ടാല്‍ അത് ബോധമാവുന്നതെങ്ങിനെ? 

എല്ലാമെല്ലാം അതാതിന്റെ ഭാവത്തില്‍ നിലകൊള്ളുകയേ നിവൃത്തിയുള്ളൂ. അതിനാല്‍ അനന്തമായ ശുദ്ധാവബോധം ഒരിക്കലും മാറ്റങ്ങള്‍ക്കോ ഉപാധികള്‍ക്കോ വിധേയമായിട്ടേയില്ല. അതില്‍ യാതൊരുവിധ പോരായ്മകള്‍ക്കും സാദ്ധ്യത പോലുമില്ല.
അത് സ്വയംപ്രഭമാണ്. അനാദിമദ്ധ്യാന്തമാണ്. സര്‍വ്വശക്തമാണ്. വിശ്വചക്രങ്ങളില്‍ ആകാശമായും ഭൂമിയായും പ്രകൃതിക്ഷോഭങ്ങളായും പ്രളയമായും കാണപ്പെടുന്ന കാഴ്ചകളില്‍ ഒന്നും യാതൊരുണ്മയുമില്ല. ജനനം, മരണം, മായ, ഭ്രമം, ആന്ധ്യം, ചപലത, ഉറപ്പ്, ഉറപ്പില്ലായ്മ, ജ്ഞാനം, ബന്ധനം, മുക്തി, നന്മതിന്മകള്‍, അറിവ്, അജ്ഞത, മൂര്‍ത്താമൂര്‍ത്തഭാവങ്ങള്‍, നിമിഷങ്ങള്‍ മുതല്‍ യുഗങ്ങള്‍ വരെയുള്ള കാലഗണനകള്‍, ദൃഢതയും, ചഞ്ചലതയും, നീയും ഞാനും, മറ്റുള്ളവരും, സത്യവും അസത്യവും, മിടുക്കും മൂഢതയും, കാല-ദേശ-കര്‍മ്മ-വസ്തു ധാരണകളും, രൂപങ്ങളും, ദൃശ്യങ്ങളും അവയുമായി ബന്ധമുള്ള ചിന്തകളും, ബുദ്ധിപരമായ വ്യായാമങ്ങളും അവയില്‍ നിന്നുദിക്കുന്ന കര്‍മ്മങ്ങളും, ഇന്ദ്രിയങ്ങളും, സര്‍വ്വവ്യാപിയായ എല്ലാത്തിന്റെയും സംഘാതഘടകങ്ങളായ പഞ്ചഭൂതങ്ങളും, എല്ലാം ശുദ്ധമായ ബോധമാണ്. ബോധം തന്റെ സ്വരൂപത്തില്‍ ലോപമുണ്ടാക്കാതെതന്നെ ഇതെല്ലാമായി പ്രകടമാവുന്നു. ആകാശം എത്ര ഭാഗങ്ങളായി മുറിച്ചാലും വിഭിന്നമാവുന്നില്ലല്ലോ.

ഈ അനന്തബോധം തന്നെയാണ് ശിവനായും ഹരിയായും ബ്രഹ്മാവായും സൂര്യചന്ദ്രന്മാരായും, ഇന്ദ്രനായും വരുണനായും യമനായും കുബേരനായും അഗ്നിയായും  വിരാജിക്കുന്നത്. പ്രബുദ്ധതയില്‍ എത്തിയവര്‍ നാനാത്വം കാണുന്നില്ല. അവര്‍ ഏകാത്മകമായ അനന്തബോധവുമായി താതാത്മ്യഭാവത്തിലാണെപ്പോഴും.  

563 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 563

ഡിംബം ഡിംബം സുഡിംബം പചപച സഹസാഝമ്യ ഝമ്യം
പ്രഝമ്യം നൃത്യന്തി ശബ്ദാ വാദ്യൈ: സ്രജ മുരസി ശിര:ശേഖരം
തര്‍ക്ഷ്യ പക്ഷൈ: പൂര്‍ണം രക്താസവാനം യമമഹിഷമഹാശൃംഗമാദായ
പാണൌ പായാദ്വോ വന്ദ്യമാന: പ്രളയമുദിതയാ ഭൈരവ: കാളരാത്ര്യാ (6.2/81/102)

വസിഷ്ഠന്‍ തുടര്‍ന്നു: ആ നൃത്തം എന്തായിരുന്നു? നക്ഷത്രഖചിതമായ ആകാശം ചുറ്റുകയാണ്! പര്‍വ്വതങ്ങള്‍ കറങ്ങുന്നു! ദേവാസുരന്മാരെല്ലാം മശകങ്ങളെപ്പോലെ ചുറ്റും പറന്നു കറങ്ങുന്നു. നര്‍ത്തകിയ്ക്ക് ചുറ്റും വഴിഞ്ഞൊഴുകുന്ന വര്‍ണ്ണപ്പാവാടപോലെ വട്ടം കറങ്ങുന്ന ആകാശം! കല്പതരുക്കളെപ്പോലുള്ള മഹാവൃക്ഷങ്ങള്‍ അവളുടെ ദേഹത്തിലെ രോമങ്ങളാകയാല്‍ അവളുടെ ചടുല ചലനങ്ങള്‍ അത്യന്തം ആകര്‍ഷകമായിരുന്നു. ഭൂമിയിലേയ്ക്കും സ്വര്‍ഗ്ഗത്തിലേയ്ക്കും അവള്‍ മാറിമാറി ചുവടുകള്‍ വയ്ക്കുന്നതുപോലെ തോന്നിച്ചു.
സൂര്യചന്ദ്രാദികള്‍, ദിനരാത്രങ്ങള്‍ എന്നിവ അവളുടെ നഖങ്ങളില്‍ പ്രതിഫലിച്ചു. മേരുപര്‍വ്വതം മുതലായ വന്മലകളും ഈ നൃത്തത്തില്‍ പങ്കുകൊണ്ടു. മറ്റൊരു മഹാപ്രളയം അടുത്തുവോ എന്ന് തോന്നുമാറ് എല്ലാം ഇളകി വശായിരുന്നു. സര്‍വ്വൈശ്വര്യങ്ങള്‍, പൂര്‍ണ്ണജ്ഞാനം, ത്യാഗം എന്നീ നാരുകള്‍ കോര്‍ത്തൊരു ദിവ്യോപവീതം ദേവതയുടെ ദേഹത്തെ അലങ്കരിച്ചു.
എല്ലാമെല്ലാം കറങ്ങുന്നതുപോലെ കാണപ്പെട്ടുവെങ്കിലും യാതൊന്നും വാസ്തവത്തില്‍ ചലിക്കുന്നുണ്ടായിരുന്നില്ല. അവളുടെ നാസാരന്ധ്രങ്ങളില്‍ നിന്നും ഘുംഘുമാ ശബ്ദത്തോടെ വായു കടന്നുപോയിക്കൊണ്ടിരുന്നു.

ദേവതയുടെ എണ്ണമറ്റ കയ്യുകള്‍ വായുവില്‍ ചുഴറ്റിയിരുന്നതുമൂലം ആകാശം മുഴുവന്‍ മഥിക്കപ്പെടുന്നുണ്ടായിരുന്നു. ഈ കാഴ്ച കാണ്‍കെ ഞാനും അവശനായി, ആകെ ചിന്താക്കുഴപ്പത്തിലുമായി. അവളുടെ ദേഹത്തെ അലങ്കരിച്ചിരുന്ന കണ്ണാടികള്‍ ഇളകിയപ്പോള്‍ മലകള്‍ താഴെ വീഴാന്‍ തുടങ്ങി. ആകാശചാരികളും, ദേവന്മാരും അവരുടെ കൊട്ടാരങ്ങളുമെല്ലാം വീണടിയാന്‍ ആരംഭിച്ചു. അവളുടെ ദേഹത്തുള്ള സ്ഥാവരവസ്തുക്കള്‍പോലും ഇളകാന്‍ തുടങ്ങി.

മലകള്‍ക്ക് മുകളിലായി സമുദ്രങ്ങള്‍ നര്‍ത്തനം തുടങ്ങിയത് അത്ഭുതകരമായ കാഴ്ചയായിരുന്നു. മലകള്‍ ശൂന്യാകാശത്ത് നടനം തുടര്‍ന്നു. ഭൂമിയ്ക്ക് താഴെയുള്ള ഇടങ്ങളും, ഭൂഖണ്ഡങ്ങള്‍ ആകെയും, നന്ദനോദ്യാനങ്ങളും നഗരങ്ങളും എല്ലാം സൂര്യമണ്ഡലത്തില്‍ നൃത്തം ചെയ്തു. ദേവതയുടെ വസ്ത്രത്തിലെ കണ്ണാടിത്തൊങ്ങലുകളില്‍ അടിയുന്ന വയ്ക്കോല്‍ത്തുരുമ്പെന്നപോലെയാണിവ കാണപ്പെട്ടത്.

മരുമരീചികയിലെ ജലത്തില്‍ മത്സ്യങ്ങള്‍ നീന്തിക്കളിച്ചു. ആകാശത്ത് നഗരങ്ങളും മലകളും കാണപ്പെട്ടു. പ്രളയാകാശവും മേഘപടലവും താഴെത്തകര്‍ന്നടിഞ്ഞ മലകള്‍ക്ക് മേല്‍ ഇളവേറ്റു.

കാളരാത്രിയുടെ ദേഹത്തില്‍ ദിനരാത്രങ്ങളും സൃഷ്ടിസംഹാരങ്ങളും ശുദ്ധാശുദ്ധങ്ങളും എല്ലാം കാണപ്പെട്ടു. ദേവാദികള്‍ പോലും അവളുടെ പ്രക്ഷുബ്ദ ചലനത്തില്‍ പ്രകമ്പിതരായിയെന്ന് തോന്നിയെങ്കിലും അനന്താവബോധത്തിന്റെ നിശ്ചലത കാരണം അവയ്ക്ക് ഇളക്കമേതും ഉണ്ടായില്ല.
  
അവളുടെ ബോധത്തില്‍ സഹജമായ അറിവുകള്‍ ഉണ്ടായിരുന്നു. നിമിഷം തോറും അവളുടെ ചടുലചലനങ്ങള്‍ കൊണ്ട് വിശ്വങ്ങള്‍ സൃഷ്ടിക്കപ്പെടുകയും  സംഹരിക്കപ്പെടുകയും ചെയ്തു. ഒരു ബാലനില്‍ അനുനിമിഷം മാറുന്ന ശ്രദ്ധയെന്നപോലെ അവള്‍ തന്റെ ലീല അനവരതം തുടര്‍ന്നു.  

അവളിപ്പോള്‍ അടുത്താണ്., അല്ല അകലെയാണ്., ഇപ്പോള്‍ അണുസമാനരൂപിയാണ്., അല്ല വിശ്വരൂപിയാണ്. വിശ്വത്തിന്റെ സൃഷ്ടിശക്തിയുടെ പ്രകടവൈഭവം മുഴുവന്‍ അവളില്‍ മൂര്‍ത്തീകരിച്ചിരിക്കുന്നു.

“അവള്‍ നൃത്തമാടുന്നു. ‘ഡിംബം, ഡിംബം, പച പച ഝമ്യ’ ശബ്ദാരവത്തോടെ   മരണദേവനായ കാലന്റെ വാഹനമായ മഹിഷത്തിന്റെ കൊമ്പുകളില്‍ പിടിച്ചുകൊണ്ട് അവള്‍ നൃത്തമാടി വരുന്നു. തലയോട്ടികള്‍ കൊരുത്ത മാലയാണ് കഴുത്തില്‍. മുടിയില്‍ മയില്‍‌പ്പീലി. അവള്‍ സംഹാരദേവനായ രുദ്രനെ നമസ്കരിക്കുന്നു. ആ രുദ്രന്‍ നിനക്ക് അഭയമേകട്ടെ.”

562 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 562

കാളരാത്രിരിയം സേതി മയാനുമിതദേഹികാ
കാളീ ഭഗവതീ സേയമിതി നിര്‍ണിതസജ്ജനാ (6.2/81/24)

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട് ഞാന്‍ കണ്ടത് ആ രുദ്രന്‍ ആകാശത്ത് ലഹരിപിടിച്ചവനെപ്പോലെ നടനം ചെയ്യുന്നതാണ്. വിശ്വപ്രളയജലം മൂര്‍ത്തീകരിച്ച് ഒരു നര്‍ത്തകന്റെ രൂപം ഉരുവായതുപോലെയുള്ള അത്ഭുതകരമായ കാഴ്ച! രുദ്രന്റെ നടനം കണ്ടിരിക്കേ ഞാന്‍ അദ്ദേഹത്തിന്‍റെ പുറകില്‍ ഒരു നിഴല്‍ കണ്ടു. സൂര്യനില്ലാതെ എങ്ങിനെ നിഴലുണ്ടാകാന്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരിക്കേ ആ നിഴല്‍ രുദ്രന്റെ മുന്നിലേയ്ക്ക് വന്നു നൃത്തം ചെയ്യാന്‍ തുടങ്ങി.
അവള്‍ക്ക് മൂന്നു കണ്ണുകള്‍ ഉണ്ടായിരുന്നു. കൊലുന്നനെയെങ്കിലും കാളിമയാര്‍ന്ന ഭീമാകാരം! അവളുടെ വദനത്തില്‍ നിന്നും തീ വര്‍ഷിച്ചുകൊണ്ടിരുന്നു. കാളരാത്രിയെന്നോ സ്ത്രീഭാവം പൂണ്ട അനന്താകാശമെന്നോ തോന്നിക്കുന്ന ഒരു സത്വം! ആകാശം പരക്കെ അവളുടെ കൈകള്‍ നീണ്ടു. നീണ്ടു ചടച്ച രൂപമായതിനാല്‍ അവളുടെ ഞരമ്പുകള്‍ ദൃശ്യമായിരുന്നു. നല്ല ഉയരം. ഞരമ്പുകളാകുന്ന കയറുകൊണ്ട് അവള്‍ വീണുപോകാതെ ആരോ കെട്ടിവരിഞ്ഞു മുറുക്കിയതുപോലെ തോന്നിക്കുന്നു.

സൂര്യന്മാരുടെയും ദേവാസുരന്‍മാരുടെയും തലകള്‍ കൊരുത്ത മാലയാണവളുടെ ആഭരണം. നാഗങ്ങളാണ് അവളുടെ കര്‍ണ്ണാഭരണങ്ങള്‍. അവള്‍ക്കിപ്പോള്‍ ഉള്ളത് ഒരു കയ്യാണ്! പെട്ടെന്ന്‍ അവള്‍ക്ക് അനേകം കൈകള്‍ ഉണ്ടായി. ഇപ്പോളിതാ അവളുടെ കൈകള്‍ എല്ലാം ആ നടനവേദിയില്‍ ആരോ തൂക്കിയെറിഞ്ഞിരിക്കുന്നു. അവള്‍ക്ക് ഒരു വായുണ്ടായിരുന്നു. പെട്ടെന്ന് അവള്‍ക്ക് അനേകം വക്ത്രങ്ങള്‍ ഉണ്ടായി. ക്ഷണത്തില്‍ അവള്‍ക്ക് വായില്ലാതെയായി.
അവള്‍ക്ക് ഒരു കാലുണ്ടായിരുന്നു. പെട്ടെന്ന് അവള്‍ക്ക് കാലുകള്‍ അനേകം ഉണ്ടായി. എന്നാല്‍ ക്ഷണത്തില്‍ അവള്‍ക്ക് കാലുകള്‍ ഒന്നും ഇല്ലാതെയായി.  

“ഈ കാഴ്ചകളില്‍ നിന്നും അവള്‍ കാളരാത്രിയാണെന്ന് ഞാന്‍ മനസ്സിലാക്കി. മഹാത്മാക്കള്‍ അവളെ കാളിയെന്നും ഭാഗവതിയെന്നും വിളിക്കുന്നു.”

അവളുടെ മൂന്നു കണ്ണുകള്‍ അഗ്നികുണ്ഡങ്ങളത്രേ. അവള്‍ക്ക് ഉയര്‍ന്ന കവിളെല്ലുകളും താടിയുമുണ്ട്. നക്ഷത്രങ്ങളെ വായുവില്‍ കോര്‍ത്ത് അവള്‍ കണ്ഠാഭരണമാക്കിയിരിക്കുന്നു. അവളുടെ നീണ്ട ബാഹുക്കള്‍ എല്ലാ ദിശകളിലും ആകാശം മുഴുവന്‍ പരന്നു നിലകൊണ്ടു. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശക്തിയാല്‍ മലകള്‍ പോലും പറപറന്നു. നടനവേളയില്‍ അവളുടെ ദേഹം വികസിച്ചു വീണ്ടും വലുതായി.

ഞാനീ നടനദൃശ്യം കാണ്‍കെ അവള്‍ മാമലകളെ പൂക്കള്‍ കൊരുക്കുന്നതുപോലെ ഒരു മാലയാക്കി. മൂലോകങ്ങള്‍ അവളുടെ ദേഹത്തില്‍ താഴെ, മധ്യഭാഗം, മുകളില്‍ എന്നിങ്ങിനെ മൂന്നു ഭാഗങ്ങളുള്ള കണ്ണാടിയായി. നഗരങ്ങള്‍, കാടുകള്‍ മലകള്‍, എന്നിവ അവളുടെ കണ്ഠമാല്യത്തിലെ പൂക്കളായി. നഗരങ്ങളും പട്ടണങ്ങളും ഋതുക്കളും മൂലോകങ്ങളും മാസങ്ങളും ദിനരാത്രങ്ങളും അവളുടെ കൈകാലുകളായി. ധര്‍മ്മാധര്‍മ്മങ്ങള്‍ അവളുടെ കമ്മലുകളായി. വേദങ്ങള്‍ ജ്ഞാനദുഗ്ദ്ധം നിറഞ്ഞ മാറിടങ്ങളായിരുന്നു. അവളുടെ കൈകളില്‍ അനേകം ദിവ്യായുധങ്ങള്‍ ഉണ്ടായിരുന്നു. ദേവാദികളും മറ്റുമായ പതിന്നാലുതരം ജീവികള്‍ അവളുടെ ദേഹത്തിലെ രോമങ്ങളായിരുന്നു. വീണ്ടും വീണ്ടും ജനിക്കാനുള്ള ആവേശത്തോടെ ഈ ജീവികള്‍ അവരവരുടെ നഗര-ഗ്രാമവാസികളുമായി ചേര്‍ന്ന് നര്‍ത്തനം തുടരുന്നുണ്ടായിരുന്നു.

വിശ്വം മുഴുവനും നിസ്തന്ദ്രമായ ചലനം തുടരുന്നത് അവളുടെ നാടനത്തിനാലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വമാകെ നിലകൊള്ളുന്നത് അവളിലാണ്. വിശ്വം, ഒരുകണ്ണാടിയിലെന്നപോലെ അവളുടെ ദേഹത്തില്‍ പ്രതിഫലിക്കുകയാണ്. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ വിശ്വങ്ങള്‍ അനേകം ഉണ്ടായി മറഞ്ഞ് വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു.

561 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 561

സ ഏവ വാഡവോ ഭൂത്വാ വഹ്നിരാകല്‍പമര്‍ണവേ
അഹംകാര: പിബത്യംബു രുദ്ര: സര്‍വം തു തത്തദാ (6.2/80/35)
വസിഷ്ഠന്‍ തുടര്‍ന്നു: ആ രുദ്രന്‍ പ്രാണവേഗത്തില്‍ വിശ്വസമുദ്രത്തെ മുഴുവന്‍ കുടിച്ചു വറ്റിക്കുന്ന കാഴ്ചയാണ് പിന്നീട് ഞാന്‍ കണ്ടത്. ഘോരമായ തീ ജ്വലിച്ചു വര്‍ഷിച്ചുകൊണ്ടിരുന്ന വായിലേയ്ക്ക് സമുദ്രജലം ഇരച്ചു കയറുന്നു!
“സമുദ്രജഠരത്തില്‍, അല്ലെങ്കില്‍ ഭൂമിയില്‍ അഗ്നിയായി അഹംകാരം (രുദ്രന്‍)  നിലകൊള്ളുന്നു. ലോകചക്രത്തിന്റെ അന്ത്യത്തില്‍ അവന്‍ സമുദ്രം കുടിച്ചു വറ്റിക്കുന്നു. അഹംകാരമാണ് എല്ലായ്പ്പോഴും എല്ലായിടത്തും എല്ലാമായിരിക്കുന്നത്.” 
ആസമയത്ത് അനന്തശുദ്ധമായ ആകാശത്തില്‍ നാല് കാര്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഒന്ന്: കറുത്തനിറത്തില്‍ രുദ്രന്‍. അയാള്‍ക്ക് ചലനമില്ല, യാതൊരുവിധതാങ്ങുകളും കൂടാതെയാണ് രുദ്രന്റെ നിലനില്‍പ്പ്. രണ്ട്: ചെളിമണ്ണ് നിറഞ്ഞ ഭൂമി- പാതാളം മുതല്‍ സ്വര്‍ഗ്ഗംവരെയുള്ള എല്ലാ ലോകങ്ങള്‍ക്കും ഇടമേകുന്നത് ഭൂമിയാണ്‌. മൂന്ന്: സൃഷ്ടിയുടെ മുകളറ്റം. ഏറെ അകലെയായതിനാല്‍ ദൃഷ്ടിസാദ്ധ്യതയ്ക്കുമപ്പുറമാണത്. നാല്: ഇതിലെല്ലാം, എല്ലായിടത്തും സ്വരൂപമായി, സഹജമായി അനന്താവബോധം സര്‍വ്വവ്യാപിയായി വിരാജിച്ചു. ഇങ്ങിനെ നാല് വസ്തുതകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
 
രാമന്‍ ചോദിച്ചു: ബ്രഹ്മാവിന്റെ വാസസ്ഥലം ഏതാണ്? അതിനെ മൂടി മറയ്ക്കുന്നതെന്താണ്? എങ്ങിനെയാണത് നിലനില്‍ക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാവിന്റെ ഇരിപ്പിടം ഭൂമിയുടെ മദ്ധ്യമാണ്. അത് ഭൂമിയേക്കാള്‍ പത്തുമടങ്ങ് വലുപ്പമുള്ള ജലധിയാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ജലധിയേക്കാള്‍ പത്തുമടങ്ങ് വലുതാണ്‌ അഗ്നിയുടെ മണ്ഡലം. അതിനെയും ചൂഴുന്ന വായുമണ്ഡലം അഗ്നിമണ്ഡലത്തിന്റെ പതിന്മടങ്ങ് വലുപ്പമുള്ളതാണ്. ഒടുവില്‍ വായുമണ്ഡലത്തിന്റെ പത്തുമടങ്ങ് വലുപ്പത്തില്‍ ആകാശമണ്ഡലം. ഇവയ്ക്കെല്ലാമപ്പുറമാണ് അനന്തമായ ബ്രഹ്മാകാശം.

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ആരാണ് ഈ സൃഷ്ടികളെ താഴെനിന്നും മുകളില്‍ നിന്നും താങ്ങിപ്പിടിച്ചു നിര്‍ത്തുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഭൂമി മുതലായവയെ താങ്ങി നിര്‍ത്തുന്നത് ഹിരണ്യഗര്‍ഭം അല്ലെങ്കില്‍ വിശ്വപുരുഷന്‍ എന്ന ബ്രഹ്മ-അണ്ഡമാണ്.

രാമന്‍ ചോദിച്ചു: ഭഗവന്‍, ഈ ബ്രഹ്മ-അണ്ഡത്തെ ആരാണ് നിലനിര്‍ത്തുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാണ്ഡം വീഴുന്നു എന്നോ വീഴുന്നില്ല എന്നോ എങ്ങിനെ കരുതിയാലും അതിനെ താങ്ങി നിര്‍ത്താന്‍ മറ്റൊരു വസ്തുവുമില്ല. കാരണം ഈ വിശ്വമെന്ന ഭാവനയ്ക്ക് നിയതമായ യാതൊരു പരിമിതികളുമില്ല.  രൂപമുണ്ടെന്ന് തോന്നിക്കുമെങ്കിലും വാസ്തവത്തില്‍ അതിന് രൂപമോ, ദേഹമോ, പദാര്‍ത്ഥ സംഘാതമോ ഇല്ല. ‘അത് വീഴുന്നു’, ‘അതിനെ പിടിക്കുന്നു’ എന്നൊക്കെ നാം പറയുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാക്കുന്നത്? അനന്തതയില്‍ എന്തെന്തു ഭാവന ചെയ്യുന്നുവോ അതപ്രകാരം ഭവിക്കുന്നു, അത്രതന്നെ. അനന്തബോധത്തിന്റെ സ്വപ്നനഗരമാണ് സൃഷ്ടി!

‘അത് വീഴുന്നു’ എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ എപ്പോഴും അത് വീണുകൊണ്ടേയിരിക്കുന്നു. ആകാശത്തത് നിലനില്‍ക്കുന്നു എന്ന് കരുതുമ്പോള്‍ അത് ആകാശത്ത് നിലകൊണ്ടു ചലിക്കുന്നു. അതിനെ അചലമായി സങ്കല്‍പ്പിക്കുമ്പോള്‍ അതപ്രകാരം നില്‍ക്കുന്നു. അത് നശിക്കുന്നു എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ നാശം ഭവിക്കുന്നതായും കാണപ്പെടുന്നു. 

Jun 22, 2014

560 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 560

കാകുത്സ്ഥ രുദ്രനാമാ സാവഹങ്കാരതയോത്ഥിത:
വിഷമൈകാഭിമാനാത്മാ മൂര്‍ത്തിരസ്യാമലം നഭ: (6.2/80/19)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ എല്ലാ ദേവതമാരും പന്ത്രണ്ടു സൂര്യന്മാരും ബ്രഹ്മാവുമായി വിലയിക്കെ, ഈ സൂര്യന്മാര്‍ വിരിഞ്ചന്റെ ലോകത്തെപ്പോലും എരിക്കാന്‍ തുടങ്ങി. ഭൂമിയെ അവര്‍ നേരത്തെതന്നെ ചാരമാക്കിയിരുന്നല്ലോ. സൃഷ്ടാവിന്റെ ലോകം ചുട്ടെരിച്ചുകഴിഞ്ഞ് അവരും ബ്രഹ്മാവിനെപ്പോലെ ധ്യാനത്തിലാണ്ട് എണ്ണയില്ലാതെ കത്തുന്ന ദീപനാളമെന്നപോലെ നിര്‍വാണപദം പൂകി.

കട്ടിപിടിച്ച ഇരുട്ട് എല്ലാടവും നിറഞ്ഞു. അപ്പോള്‍ ഞാനൊരു ഭീകരരൂപം കാണുകയുണ്ടായി. ഇരുട്ട് മൂര്‍ത്തീകരിച്ചതുപോലെയൊരു സത്വം! പ്രളയനാശങ്ങള്‍ ചേര്‍ന്ന് ഉരുവായ ഒരുഗ്രരൂപം. എന്നാല്‍ അതിനൊരു സ്വയംപ്രഭയുണ്ടായിരുന്നു. അഞ്ചു മുഖങ്ങള്‍, പത്തു കയ്യുകള്‍, മൂന്നു കണ്ണുകള്‍!  കയ്യില്‍ ത്രിശൂലം! അതിന് കാര്‍മേഘത്തിന്റെ നിറമായിരുന്നു. വിശ്വസമുദ്രം മൂര്‍ത്തീകരിച്ചതുപോലെ വിശ്വസമുദ്രത്തില്‍ നിന്നും ഉയിര്‍ത്തുവന്ന അതിന് ചിറകുവച്ച പര്‍വ്വതത്തിന്റെ ഭാവം. തൃക്കണ്ണും ത്രിശൂലവും കണ്ട് ‘ഇത് രുദ്രന്‍ തന്നെ’ എന്ന് ഞാന്‍ വിചാരിച്ചു. ദൂരെനിന്നതിനെ നമസ്കരിച്ചു.

രാമന്‍ ചോദിച്ചു: ആരാണീ രുദ്രന്‍? എന്താണീ അഞ്ചു മുഖങ്ങളും പത്തു കയ്യുകളും മറ്റും ?

വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, അത് രുദ്രനാണ്. അഹംഭാവമാണത്. സമസംതുലിതാവസ്ഥയെ തകിടം മറിക്കുന്നതില്‍ വ്യാപൃതനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ രൂപം ശുദ്ധബോധത്തിന്റെ, അല്ലെങ്കില്‍ ആകാശത്തിന്റേതാണ്.” ആകാശത്തിന്റെ നിറമാണ്. ശുദ്ധമാകയാല്‍ ആകാശം പോലെ ഛേദിക്കാന്‍ കഴിയാത്ത ഒന്നാണത്. ‘ആകാശാത്മാ; എന്ന് അതിന് പേരുണ്ട്. എല്ലാവരിലെയും ആത്മഭാവമാകയാല്‍ സര്‍വ്വവ്യാപിയാണത്. പരമാത്മാവ്‌, പരംപൊരുള്‍ എന്നൊക്കെയും അതറിയപ്പെടുന്നു.

അഞ്ചുമുഖങ്ങള്‍ ജ്ഞാനേന്ദ്രിയങ്ങളാകുന്നു. അഞ്ചുകര്‍മ്മേന്ദ്രിയങ്ങളും കര്‍മ്മക്ഷേത്രങ്ങളും പത്ത് കൈകള്‍. അനന്തബോധം സ്വയം തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ മൂര്‍ത്തീകരണം ഉണ്ടാവുന്നുള്ളു. എന്നാല്‍ ഈ രുദ്രരൂപം പോലും അനന്തതയുടെ കേവലം ചെറിയൊരു ഭാഗം മാത്രമാകുന്നു. അനന്തതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രുദ്രനും മിഥ്യ.

ഈ രൂപം വെറുമൊരു ഭ്രമകല്‍പ്പന മാത്രം. ചിദാകാശം വികസ്വരമാവുമ്പോള്‍ അദ്ദേഹം ഉണ്ടാവുന്നു. ആകാശത്തു വായുവായും ജീവികളില്‍ പ്രാണനായും അത് പ്രകടമാവുന്നു. കാലക്രമത്തില്‍ എല്ലാ ചലനങ്ങളും അവസാനിച്ച് രുദ്രനും സമതയിലെത്തുന്നു.
സത്വ-രാജസ്-തമസ് എന്നീ ത്രഗുണങ്ങളും, ഭൂത-വര്‍ത്തമാന-ഭാവി എന്നീ ത്രികാലങ്ങളും, ചിത്ത-ബുദ്ധി-അഹങ്കാരാദി മൂന്ന് അന്തരേന്ദ്രിയങ്ങളും, ഓങ്കാരത്തിന്റെ മൂന്നു മാത്രകളും, മൂന്നു വേദങ്ങളും രുദ്രന്റെ മൂന്നു കണ്ണുകളാണ്. ത്രിശൂലം നമ്മെ കാണിക്കുന്നത് മൂന്നുലോകങ്ങളും രുദ്രന്റെ കൈയ്ക്കുള്ളില്‍ നിലകൊള്ളുന്നു എന്നാണ്.

പൂര്‍ണ്ണ സത്വത്തിന്റെ തലത്തില്‍ വിരാജിച്ച് എല്ലാവര്‍ക്കും നന്മയെ പ്രദാനം ചെയ്യാന്‍ അവതരിച്ചവനാകയാല്‍ ‘ശിവന്‍’ എന്നും അദ്ദേഹത്തെ വിളിക്കുന്നു. പിന്നീട് അദ്ദേഹം പൂര്‍ണ്ണപ്രശാന്തിയിലെത്തുമ്പോള്‍ ‘കൃഷ്ണന്‍’ എന്നറിയപ്പെടുന്നു. ഭാവനയായി വിശ്വത്തെ സൃഷ്ടിക്കുന്നതും വിശ്വസമുദ്രത്തെ കോരിക്കുടിക്കുന്നതും പൂര്‍ണ്ണപ്രബുദ്ധപ്രശാന്തിയില്‍ വിലയിക്കുന്നതും ഇതേ സത്വമാണ്!. 

559 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 559

തസ്മാത്സ്വഭാവ: പ്രഥമം പ്രസ്ഫുരന്‍വേത്തി സംവിദം
വാസനാകാരണം പശ്ചാദ്‌ബുദ്ധ്വാ സംപശ്യതി ഭ്രമം (6.2/79/33)
വസിഷ്ഠന്‍ തുടര്‍ന്നു: അവിടെ ആകാശമൊന്നും ഉണ്ടായിരുന്നില്ല. ദിക്കുകളും, ‘താഴെ’, ‘മുകളില്‍’ എന്നിത്യാദി തരംതിരിവുകളും പഞ്ചഭൂതങ്ങളും സൃഷ്ടിജാലങ്ങളും ഒന്നും വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് പരിമിതികളില്ലാത്ത ബോധസമുദ്രം മാത്രം.
അതിനിടയില്‍ സൂര്യോദയത്തില്‍ ഭൂമിയെന്നതുപോലെ ഞാന്‍ ബ്രഹ്മലോകം കണ്ടു. അവിടെ സൃഷ്ടാവായ വിരിഞ്ചന്‍ സുദീര്‍ഘധ്യാനത്തില്‍ ആമഗ്നനായി മലപോലെ ഇളക്കമേതുമില്ലാതെ മരുവുന്നു. പ്രധാന എന്ന പ്രഥമ തത്വവും, മാമുനിമാരും ദേവതകളും സിദ്ധചാരണഗന്ധര്‍വ്വാദി പ്രമുഖരുമെല്ലാം ബ്രഹ്മാവിന്റെ ചുറ്റും ഇരുന്നു ധ്യാനിക്കുന്നു. എല്ലാവരും ജീവനറ്റവരെന്ന്  തോന്നുമാറ് ചലനമറ്റ് ധ്യാനസമുദ്രത്തിന്റെ ആഴത്തില്‍ വിരാജിക്കുന്നു. 
പന്ത്രണ്ടു സൂര്യന്മാരും അവിടെവന്നു ധ്യാനനിരതരായി. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ട ദൃശ്യങ്ങളെ അതേപടി കാണുന്നതുപോലെ പിന്നെയും കുറച്ചുകഴിഞ്ഞ് ഞാന്‍ ബ്രഹ്മാദികളെ തെളിമയോടെ കാണുകയുണ്ടായി. സ്വപ്നത്തിന്റെ ഭൌതീകമൂര്‍ത്തികളായല്ല, മറിച്ച്  മനസിസ്ന്റെ ഉപാധികളെ മൂര്‍ത്തീകരിച്ച വസ്തുക്കളായിട്ടാണ് ഞാനവരെ കണ്ടത്. പിന്നീട് ഈ ദേവതകളുമെല്ലാം മിഥ്യയാണെന്ന് ഞാനറിഞ്ഞു. ആ സ്ഥലത്ത് നിന്നും എങ്ങോട്ടും ഗമിക്കാതെ തന്നെ അവരെല്ലാം എന്റെ ദൃഷ്ടിയില്‍ നിന്നും പോയ്മറഞ്ഞു.

ബ്രഹ്മാവിനെപ്പോലെ സ്വയം നാമരൂപങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ അവരെല്ലാം നിര്‍വ്വാണപദം പൂകിയെന്നും ഞാനറിഞ്ഞു. വാസനകള്‍ എന്ന സ്വാര്‍ജ്ജിത പരിമിതികള്‍ അവരില്‍ അവശേഷിക്കാത്തതിനാല്‍ അവര്‍ക്ക് അദൃശ്യരാവാന്‍ കഴിയുന്നു. ദേഹമെന്നത് കേവലം മിഥ്യയാണ്. അതിനെ ഉണ്ടാക്കുന്നത് മനോപാധികള്‍ അല്ലെങ്കില്‍ വാസനകളാണ്. വാസനകളുടെ അഭാവത്തില്‍ ഉറക്കമെണീറ്റ് വരുമ്പോള്‍ സ്വപ്നദൃശ്യങ്ങളുടെ അനുഭവമെന്നപോലെ ദേഹം ഇല്ലാതാവുന്നു. അതുപോലെതന്നെ ആതിവാഹികന്‍ എന്ന സൂക്ഷ്മശരീരമോ ആധിഭൌതീകന്‍ എന്ന സ്ഥൂലശരീരമോ ജാഗ്രത്തില്‍ ഇല്ല. കാരണം മാനസീകോപാധികള്‍ അപ്പോള്‍ ഇല്ലല്ലോ.

സ്വപ്നത്തിന്റെ ഉദാഹരണം പറഞ്ഞത്, അത് എല്ലാവരും അനുഭവിക്കുന്ന ഒരു  കാര്യമായതുകൊണ്ടാണ്‌. സ്വന്തം അനുഭവത്തെ നിരാകരിക്കുന്നവന്‍ വര്‍ജ്യനത്രേ. ഉറക്കം നടിക്കുന്നവനെ എങ്ങിനെ ഉണര്‍ത്താനാണ്? സ്വപ്നാനുഭാവത്തിനു നിദാനമായ ദേഹം ഇല്ലാതാവുമ്പോള്‍ സ്വപ്നം നിലയ്ക്കുന്നു. ദേഹത്തിന്റെ അഭാവത്തില്‍ അങ്ങേ ലോകത്തൊരു ജീവിതം ഉണ്ടെന്ന് എങ്ങിനെ പറയും?

തീര്‍ച്ചയായും, സൃഷ്ടിയെന്നത് മിഥ്യ തന്നെയാണ്. ലോകം എന്തായിരുന്നില്ലയോ അതൊരിക്കലും ആയിരുന്നിട്ടേയില്ല. ഇപ്പോഴും അതിന് ഉണ്മയില്‍ അസ്തിത്വമില്ല.

ബോധം ശരീരത്തിന്റെ ഒരു വിപുലീകരണം മാത്രമാണെന്ന് പറഞ്ഞാല്‍ പിന്നെയീ ശാസ്ത്രങ്ങളെല്ലാം മൂല്യരഹിതമാവും. ശാസ്ത്രങ്ങളുടെ അനുശാസനം വെറുതെ നിരാകരിക്കാനാണെങ്കില്‍പ്പിന്നെ എന്തിനാണ് ഈ ശാസ്ത്രശാസനങ്ങള്‍?
ദേഹമുള്ളിടത്തോളം ഭ്രമക്കാഴ്ച്ചകള്‍ നിലനില്‍ക്കുന്നു എന്ന് അംഗീകരിച്ചാല്‍ അവ സത്യമായി തോന്നുന്നു. ബോധം ദേഹത്തില്‍ ആകസ്മികമായി അങ്കുരിക്കുന്നു എന്നാണു വാദമെങ്കില്‍ അതിനെന്തുകൊണ്ട് അതിന്റെ അനന്ത സാദ്ധ്യതയെ സാക്ഷാത്ക്കരിച്ചുകൂടാ? ഏതായാലും ബോധം സ്വയം അവബോധിച്ചു സങ്കല്‍പ്പിക്കുന്നതെല്ലാം, അതിനെ നാം സത്തെന്നോ അസത്തെന്നോ വിളിച്ചാലും അപ്രകാരം ഭവിക്കുന്നു.

“അതിനാല്‍ സ്വരൂപത്തിന്‌ തന്നെ ബോധമായി തിരിച്ചറിയാന്‍ കഴിയുന്നത് ആന്തരീകമായി സ്വയമുണ്ടാവുന്ന ചലനം മൂലമാണ്. പിന്നീട് വാസനകള്‍ നിമിത്തം മനോപാധികളിലൂടെ  ഭ്രമാത്മകമായ ഭാവനകള്‍ യഥാതഥമെന്നപോലെ  ഭവിക്കുന്നു.” ഉപാധിസ്ഥമായ ബോധം ബന്ധനമാണ്. എന്നാല്‍ ഉപാധികളെപ്പറ്റി അറിയാതെ (അവബോധിക്കാതെ) ഇരിക്കുമ്പോള്‍ നിര്‍വാണമായി.

558 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 558

പുരമണ്ഡലദൈത്യാഗ്നി സുരനാഗവിവസ്വതം
നികുരംബം ദധദ്വ്യോമ്നി മശകാനാമിവോച്ചയം (6.2/77/24)

വസിഷ്ഠന്‍ തുടര്‍ന്നു: ആ സമയത്ത് ആകാശം മുഴുവന്‍ നാശത്തിന്റെ ചാരം മൂടിയിരുന്നു. ആ ചാരത്തെ ചുഴറ്റിയടിച്ചുകൊണ്ട് കൊടുങ്കാറ്റുവീശി. തുള്ളിക്കൊരുകുടമെന്ന മട്ടില്‍ മഴത്തുള്ളികള്‍ ആരവത്തോടെ പെയ്തിറങ്ങി. സര്‍വ്വനാശത്തിന്റെ രക്ഷസവര്‍ഗ്ഗം ജയാരവം മുഴക്കുന്നത്പോലെ എങ്ങും ശബ്ദായമാനമായിരുന്നു. ഇന്ദ്രന്മാരുടെയും മറ്റു ദേവതകളുടെയും എരിഞ്ഞടങ്ങിയ നഗരാവശിഷ്ടങ്ങള്‍ കാറ്റടിച്ചു പറത്തി അങ്ങുമിങ്ങും ചിതറിവീണു.

അങ്ങിനെ ജലം, അഗ്നി, വായു – മൂന്നു മൂലഭൂതങ്ങളും നിയന്ത്രണംവിട്ട് പരസ്പരം മല്ലടിക്കുന്നതുപോലെയും എല്ലാ ക്രമങ്ങള്‍ക്കും ഭംഗം വന്നതായും കാണപ്പെട്ടു. കാതടപ്പിക്കുന്ന ഭീകരശബ്ദങ്ങള്‍ എങ്ങും മുഴങ്ങി. പേമാരി ചംച്ചം ശബ്ദത്തോടെ  തീകെടുത്തി. മഹാനദികള്‍ മലകളെയും ഭൂഖണ്ഡങ്ങളെയും നഗരങ്ങളെയും പൊടിച്ചു തകര്‍ത്ത് ഒഴുകി. ബഹിരാകാശങ്ങളില്‍ നക്ഷത്രങ്ങളും ഗോളങ്ങളും അതത് ഭ്രമണപഥങ്ങളില്‍ നിന്നും വ്യതിചലിച്ചു കലുഷമായി.

ഉയര്‍ന്നു വന്ന തിരമാലകള്‍ മലകളെ തകര്‍ത്തുകളഞ്ഞു. കാറ്റ് അവയെ ദൂരേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. എല്ലാടവും ഇരുട്ട് നിറഞ്ഞു. സൂര്യകിരണങ്ങളെ ഇരുണ്ട നീല നിറമാര്‍ന്ന മഴയും മേഘവും മറച്ചു പിടിച്ചു. ഛിന്നഭിന്നമാകുന്ന ഭൂമിയില്‍ വേരുറയ്ക്കാതെ മലകള്‍ അടിതെറ്റി മറഞ്ഞു. കൂറ്റന്‍ തിരമാലകള്‍ ആ മലകളെ പൊക്കി ദൂരെ വലിച്ചെറിഞ്ഞു.

മൂന്നുലോകങ്ങളും നിലവിളിച്ചുകൊണ്ട് അലറുന്നത്പോലെ കാണപ്പെട്ടു. ദേവന്മാരും അസുരന്മാരും കൊടിയ ദുരന്തങ്ങളെ നേരിട്ടുകൊണ്ടിരുന്നു. അപ്പോഴും അവര്‍ എന്തിനെന്നറിയാതെ ശത്രുത നിമിത്തം പരസ്പരം പോരാടിക്കൊണ്ടിരുന്നു. പ്രാണന്‍ മാത്രം ഈ നാശത്തിന്റെ ഇടയില്‍ എല്ലാ വസ്തുക്കളുടെയും അപചയം ഉറപ്പാക്കിക്കൊണ്ട് അങ്ങുമിങ്ങും ഉലാവുന്നുണ്ടായിരുന്നു.

“ആ സമയം നഗരങ്ങളും അസുരന്മാരും അഗ്നിയും സര്‍പ്പങ്ങളും സൂര്യന്മാരുമെല്ലാം ആകാശത്ത് പറന്നു നടക്കുന്ന ഈയാംപാറ്റകളെപ്പോലെയും കൊതുകുകളെപ്പോലെയും കാണപ്പെട്ടു.”

ദിഗ്ദേവതമാര്‍ പോലും നാശത്തിന്റെ പാതയിലായി. എല്ലായിടത്തും കാലുഷ്യവും ക്രമരാഹിത്യവും നടമാടി. സൃഷ്ടിക്കപ്പെട്ട എല്ലാ ജീവനിര്‍ജ്ജീവജാളങ്ങള്‍ എല്ലാം പൊടിപടലമായിത്തീര്‍ന്ന് എങ്ങും നിറഞ്ഞു. ലോകംമുഴുവന്‍ അമൂല്യരത്നങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്മ്യങ്ങളുടെ പൊട്ടും പൊടിയും ചിതറി നിറഞ്ഞ് വിശ്വമാകെ കാണാന്‍ വയ്യാതെയായി.

സൃഷ്ടി എന്നറിയപ്പെടുന്ന എല്ലാമെല്ലാം ഇല്ലാതായിക്കഴിയുമ്പോഴും ബാക്കിയായി  നിലനില്‍ക്കുന്ന ആ ‘ഒന്ന്‍’ മാത്രം നിലകൊണ്ടു. എല്ലാ ജീവജാലങ്ങളും നശിച്ചതോടെ വീണ്ടും ആ ‘നിറവ്’ പ്രകടമായി. വാസ്തവത്തില്‍ ആ നിറവ് എന്നുമെന്നും ഉണ്ടായിരുന്നത് തന്നെയാണ്. അപ്പോഴേയ്ക്കും പ്രളയാഗ്നിയെ പൂര്‍ണ്ണമായി കെടുത്തിക്കൊണ്ട് പേമാരി പെയ്യുകയും എല്ലാം പ്രശാന്തമാവുകയും ചെയ്തു.

557 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 557

ഉദ്യത് ബ്രഹച്ചടചടാരവപൂരിതാശോ
ഭീമോഭവത്സലിലദാനലസന്നിപാത:
ദുര്‍വാരവൈരിവിഷമോ മഹതാം ബലാനാം
സംഗ്രാമ ഉഗ്ര ഇവ ഹേതിഹതോഗ്രഹേതി:  (6.2/76/39)

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട് അവിടെ നാശത്തിന്റെ കൊടുങ്കാറ്റ് ഭീകരാരവത്തോടെ ആഞ്ഞടിച്ച് മലകളും സമുദ്രങ്ങളും ഇളകി മറിഞ്ഞു. അവയുടെ സഹജസ്ഥിതികളെ ഉല്ലംഘിച്ചും പാതാളങ്ങള്‍ ഇനിയുമിനിയും താഴേയ്ക്ക് നിപതിച്ചും കാണപ്പെട്ടു. സൃഷ്ടിയാകെ വരണ്ട് ചേതനാരഹിതമായി.

ഇതുകഴിഞ്ഞപ്പോള്‍ വിറളിപിടിച്ചൊരു രാക്ഷസനെപ്പോലെ ഭീകരമായി അലറികൊണ്ടൊരു മേഘം പ്രത്യക്ഷമായി. സൃഷ്ട്യാരംഭത്തില്‍ ബ്രഹ്മാവ്‌ അണ്ഡകടാഹത്തെ  പൊട്ടിച്ചപ്പോള്‍ ഉണ്ടായ മഹത്തായ ശബ്ദത്തിന് സമാനമായിരുന്നു ഇത്.

പൊട്ടിത്തകരുന്ന ലോകങ്ങളുടെയും സമുദ്രങ്ങളുടെയും ശബ്ദത്തോട് ചേര്‍ന്ന് ഈ ഭീകരാരവം പതിന്മടങ്ങ് ബലവത്തായി മുഴങ്ങി. ലോകം മാത്രമല്ല, സ്വര്‍ഗ്ഗവും പാതാളവും എല്ലാം ഈ ശബ്ദവലയത്തിന്റെ ഉള്ളിലായി. ഞാനാ മേഘനിനദം കേട്ടു. വിശ്വപ്രളയത്തിന്റെ നിദാനം കുറിക്കുന്ന നാദമാണിത്.
 
ഞാനാലോചിച്ചു: പ്രളയാഗ്നിയും മേഘവും എങ്ങിനെയാണ് ഒരേസമയം നിലനില്‍ക്കുക? ഞാന്‍ എല്ലാ ദിശകളിലേയ്ക്കും ദൃഷ്ടി പായിച്ചു. ഇടിവെട്ടും മിന്നലുമായി എല്ലാം സ്തംഭിച്ചിരിക്കുന്നു. പെട്ടെന്ന് മുകളില്‍ നിന്നും കൊടും തണുപ്പും താഴെ നിന്ന് തിളച്ചുപൊള്ളുന്ന ചൂടും എനിക്കനുഭവപ്പെട്ടു. മേഘം കാണാനരുതാത്തത്ര ഉയരത്തിലായിരുന്നു. അഗ്നി വളരെ താഴെയും.

ലോകത്തെ ആഹരിച്ച് തീര്‍ത്ത് അഗ്നി വെറും ശലാകകള്‍ മാത്രമായി പ്രോജ്വലിച്ചു നിന്നു. പ്രളയത്തിന്റെ കാര്‍മേഘം താഴെയിറങ്ങിയപ്പോള്‍ കൂട്ടിന്  മിന്നലിന്റെ പ്രഭയുണ്ടായിരുന്നു. സപ്തസമുദ്രങ്ങളിലെ ജലം മുഴുവനും ആ മേഘത്തിന്റെ മൂലയിലെ ചെറിയൊരംശം പോലും ആവുമായിരുന്നില്ല. സപ്തസമുദ്രങ്ങള്‍ ആകാശത്തോളം ഉയര്‍ന്നതുപോലെ കാണപ്പെട്ടു. പന്ത്രണ്ടു സൂര്യന്മാര്‍ ആ മേഘത്തിലെ ചുഴികളെന്നപോലെയും ചുറ്റുപാടും കാണുന്ന തിളക്കമേറിയ മിന്നല്‍പിണരുകള്‍ ആകാശസമുദ്രത്തില്‍ ചലിക്കുന്ന ജലജീവികളെപ്പോലെയും തോന്നിച്ചു.
 
പിന്നീട് മഴവന്നു. അതിലെ ഓരോ തുള്ളിയും ഓരോ പേമാരിയായിരുന്നു. മഴത്തുള്ളികള്‍ കൊണ്ട് വിശ്വം നിറഞ്ഞു. മഴവീണയിടങ്ങളെല്ലാം പൊടിഞ്ഞു  തകര്‍ന്നു. ആകാശം മുഴുവന്‍ ഒരു വന്‍ജലധിയായി. ഈ മഴ പ്രളയാഗ്നിയെ കെടുത്തിക്കൊണ്ടിരുന്നു. ജലം ഭൂമിയെ വലയംചെയ്തു.

“അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന അഗ്നിയുമായി പെരുമഴ കൂടിക്കുഴഞ്ഞു. പരസ്പരം കീഴടക്കാന്‍ അവയ്ക്കാവുമായിരുന്നില്ല. അഗ്നിയും ജലവും -ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഒരിക്കലും കഴിയാത്ത രണ്ടു ശത്രുക്കളാണവര്‍. ശക്തിയിലും പ്രതാപത്തിലും ഒന്നിനൊന്നു മെച്ചമായതുകൊണ്ട് അതീവഭീകരമായിരുന്നു ഈ രണദൃശ്യം.” 

556 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 556

ആക്രന്ദരോദനശ്രാന്തമൂര്‍ധനി: സരണാമരം
നാഗലോകജ്വലജ്ജാലാപാതാളോത്തപ്ത ഭൂതലം (6.2/75/24)

വസിഷ്ഠന്‍ തുടര്‍ന്നു: ബ്രഹ്മാവ്‌ ധ്യാനാവസ്ഥയില്‍ ഇരുന്നപ്പോള്‍ ഞാന്‍ ചുറ്റുപാടും നോക്കി. അതാ എല്ലാ ദിശകളിലും ഓരോരോ സൂര്യന്മാര്‍ ഉദിക്കുന്നു!. ഈ അസാധാരണമായ ദൃശ്യം കണ്ടുകൊണ്ടിരിക്കേ ഭൂമിയുടെ വയറ്റില്‍ നിന്നെന്നപോലെ ഒരു സൂര്യഗോളം ഭൂമിക്കടിയില്‍ നിന്നും അഗ്നിയായി പടര്‍ന്നുപിടിച്ചു പൊങ്ങിവരുന്നത്‌ കാണായി. ആകെ പതിനൊന്നു സൂര്യന്മാര്‍. കൂടാതെ ഉപസൂര്യന്മാര്‍ മൂന്നെണ്ണം കൂടി ഉണ്ടായിരുന്നു. പരമശിവന്റെ മൂന്നു കണ്ണുകള്‍ പോലെയുള്ള ഈ മൂന്നെണ്ണം ചേര്‍ന്ന്‍ പന്ത്രണ്ടാമത്തെ സൂര്യനായി.

ആകെ ചൂടേറിയതിനാല്‍ അവിടംവിട്ടു ഞാന്‍ ദൂരെയുള്ള മറ്റൊരിടത്തേയ്ക്ക് പോയി. അവിടത്തെയും ആകാശമാകെ ഈ സൂര്യന്മാരാല്‍ ജ്വലിച്ചു തിളങ്ങിനിന്നിരുന്നു. ഖടഖടാരവവും കടകടാരവവും എങ്ങും മുഴങ്ങിക്കേട്ടു. എല്ലാടത്തും ജീവികള്‍ താപത്താല്‍ വലഞ്ഞു. സമുദ്രജീവികള്‍ക്ക് പോലും അതില്‍ നിന്നും രക്ഷപെടാന്‍ ആയില്ല. സര്‍വ്വനാശം സമ്പൂര്‍ണ്ണമായി. പര്‍വ്വതങ്ങള്‍ തീപിടിച്ച നഗരങ്ങള്‍ക്ക്മേല്‍ പതിച്ച് എല്ലാറ്റിനെയും നിലംപരിശാക്കി.

ആളുകള്‍ വാവിട്ടലച്ചു നിലവിളികൂട്ടി. യോഗികള്‍ തങ്ങളുടെ പ്രാണനെ ശിരോഗ്രത്തിലൂടെ സ്വതന്ത്രമാക്കി മുക്തിപദത്തെ പുല്‍കി. താഴെനിന്നും മുകളില്‍നിന്നും തീ പടര്‍ന്നുപിടിച്ച ഭൂമി ആളിക്കത്തി. രുദ്രന്റെ കണ്ണുകളില്‍ നിന്നും കൊളുത്തിയ തീ വിശ്വമാകെ പടര്‍ന്ന് എല്ലാ ജീവികളെയും ഭക്ഷിച്ചു. ഭും ഭും ആരവത്തോടെ രാക്ഷസിമാര്‍ പരസ്പരം തീഗോളം എറിഞ്ഞു കളിക്കുകയാണോ എന്ന് തോന്നി. ഉല്‍ക്കകള്‍ മലമുകളില്‍ പതിച്ചു. അവയുടെ നൃത്തം നാശം വിതക്കുന്നതായിരുന്നു.

ഭൂമിയില്‍ നിന്ന് പൊങ്ങിയ തീ ആകാശം മുട്ടെ പടര്‍ന്നു പിടിച്ചു ലോകമാകെ പരന്നു. സ്വര്‍ണ്ണക്കട്ടികള്‍ നിറഞ്ഞ സുമേരു പര്‍വ്വതം പോലും ഉരുകാന്‍ തുടങ്ങി. ഹിമാലയത്തിലെ മഞ്ഞ് ഉരുകിയില്ലാതായി. മലയപര്‍വ്വതം മാത്രം നാശമൊന്നും ഏല്‍ക്കാതെ നിലകൊണ്ടു. തന്നെ എരിക്കുന്നവനുപോലും സുഖസുഗന്ധം നല്‍കുന്ന ചന്ദനം പോലെ, പാവനചരിതനായ മഹാത്മാവിനെപ്പോലെ മലയപര്‍വ്വതം സമാധാനവും സന്തോഷവും പ്രസരിപ്പിച്ചുകൊണ്ട് നിലകൊണ്ടു. രണ്ടു കാര്യങ്ങള്‍- ആകാശവും സ്വര്‍ണ്ണവും മാത്രമേ ഒന്നും ബാധിക്കാതെ നിലനിന്നുള്ളൂ. ആകാശം സര്‍വ്വവ്യാപിയും സ്വര്‍ണ്ണം ശുദ്ധവുമാണല്ലോ.

അതിനാല്‍ ഞാന്‍ വിശ്വസിക്കുന്നത് സത്വം – നിര്‍മലതയാണ് ഏറ്റവും അഭികാമ്യം എന്നാണ്. ചടുലതയും മാലിന്യവും നിറഞ്ഞ രജസ്സോ, അലസതയും ആന്ധ്യവും നിറഞ്ഞ  തമസ്സോ അഭികാമ്യമല്ലതന്നെ. പ്രബുദ്ധരായ മാമുനിമാരുടെ ജ്ഞാനത്താല്‍ അജ്ഞാനത്തിന്റെ അവസാനകണികകള്‍ പോലും ഇല്ലാതാവുന്നപോലെ ചാരം പോലും ബാക്കിവയ്ക്കാതെ എല്ലാമെല്ലാം എരിഞ്ഞില്ലാതായി. ആത്മജ്ഞാനത്തോടെ ആര്‍ജ്ജിതമായ അജ്ഞാനത്തിന്റെ ചാരംപോലും ഇല്ലാതാവുമല്ലോ.

രുദ്രന്റെ കൈലാസത്തില്‍ ഈ തീ പടര്‍ന്നുപിടിക്കാന്‍ കുറച്ചുകൂടി കാലമെടുത്തു. എന്നാല്‍ രുദ്രനൊന്നു മുഖം തിരിച്ചപ്പോള്‍ കൈലാസവും എരിഞ്ഞു കത്താന്‍ തുടങ്ങി. ഒന്നുമൊന്നും ബാക്കിയുണ്ടായില്ല.

ലോകമെന്നൊരിടം, വിശ്വമെന്നൊരു സൃഷ്ടി, ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം എന്ന് വരും തലമുറകള്‍ ചിന്തിച്ചേക്കാനും മതി!.  

555 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 555

ജഗദ്‌ബ്രഹ്മാ വിരാട് ചേത്തി ശബ്ദാ: പര്യായവാചകാ:
സങ്കല്‍പമാത്രമേവൈതേ ശുദ്ധചിദ്വ്യോമ രൂപിണ: (6.2/74/25)

വസിഷ്ഠന്‍ തുടര്‍ന്നു: വിരാട്പുരുഷന് രണ്ടു ദേഹങ്ങളുണ്ട്. ആദിയന്തങ്ങളില്ലാത്തെ ശുദ്ധബോധമാണ് മുകളില്‍. താഴെയീ വിശ്വവുമാണ്. അതിനാല്‍ അദ്ദേഹത്തിന് ഈ ലോകത്തെ ഒരണ്ഡത്തെയെന്നപോലെ പുറത്തു  നിന്ന് പൂര്‍ണ്ണമായിക്കാണാം. അദ്ദേഹമാ അണ്ഡത്തെ രണ്ടാക്കി പകുത്തു. മുകളിലെ പകുതിയെ ആകാശമെന്നും താഴത്തെ പകുതിയെ ഭൂമിയെന്നും പേരിട്ടു വിളിച്ചു.

മുകളിലെ പാതി വിരാട്ടിന്റെ ശിരസ്സായി. താഴത്തെ പാതി പാദമായി. മധ്യഭാഗം പുറവും ജഘനവുമായി. വിസ്താരവും ദൂരവും നിമിത്തം അതിന്റെ മുകള്‍ഭാഗം നീലനിറത്തില്‍ ശൂന്യാകാശമായി. വിഹായസ് വിരാട്ടിന്റെ വായും അതിലെ നക്ഷത്രങ്ങള്‍ വായിലെ രക്തബിന്ദുക്കളുമാകുന്നു. ദേവാസുരമനുഷ്യാദികള്‍ വിരട്ടിന്റെ ദേഹത്തിലെ വായുകണങ്ങളാകുന്നു. ദേഹത്തിലെ സൂക്ഷ്മാണുക്കളും രോഗാണുക്കളും ഭൂതപിശാചുക്കളാകുന്നു. ശരീരത്തിലെ ദ്വാരങ്ങള്‍ മറ്റുലോകങ്ങളാകുന്നു.

വിരാട്ടിന്റെ അരക്കെട്ട് സമുദ്രങ്ങള്‍. നാഡികള്‍ നദികള്‍. ജംബുദ്വീപമെന്ന ഭൂഖണ്ഡം ഹൃദയം. മലകള്‍ കരളും പിത്തഗ്രന്ഥിയും. മേഘങ്ങള്‍ മാംസപേശികള്‍. കണ്ണുകളാവുന്നത് സൂര്യചന്ദ്രന്മാര്‍. ബ്രഹ്മലോകം മുഖം. സോമരസമാണ് ഊര്‍ജ്ജം.

മഞ്ഞുനിറഞ്ഞ മലകള്‍ വിരാട്ടിന്റെ കഫം. കാട്ടുതീയാണ് ജഢരാഗ്നി. കാറ്റാണു പ്രാണാപാനന്മാര്‍. മരങ്ങളും സര്‍പ്പങ്ങളും വിരാട്ടിന്റെ മുടിക്കൂട്ടം. സ്വയം വിശ്വമനസ്സാകയാല്‍ വിരാട്ടിനു വേറെയൊരു മനസ്സില്ല.

അനന്താത്മാവ് സ്വയം അനുഭവമായി, ശുദ്ധബോധസ്വരൂപമായി നിലകൊള്ളുകയാല്‍ അതില്‍ നിന്നും വേറിട്ടൊരനുഭവവും ഇല്ല.

അതുപോലെ എല്ലാ ഇന്ദ്രിയങ്ങളുടെയും അനുഭവം സ്വയമാര്‍ജ്ജിക്കുന്നതിനാല്‍ വിരാട്ടിനു വേറിട്ട്‌ ഇന്ദ്രിയങ്ങള്‍ ഇല്ല. ഈ ഇന്ദ്രിയങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ വെറും ഭാവനയില്‍ മാത്രമേയുള്ളൂ. മനസ്സിനോട് ഇന്ദ്രിയങ്ങള്‍ ചേര്‍ന്നിരിക്കുന്നത് ദേഹത്തോട് അവയവങ്ങള്‍ ചേര്‍ന്നിരിക്കുന്നതു പോലെയാണെന്ന് പറയുന്നത് ശരിയല്ല. കാരണം ദേഹവും അതിലെ അവയവങ്ങളും ഒരൊറ്റ സംഘാതമാണ്‌. അവയവങ്ങള്‍ ഇല്ലെങ്കില്‍ ദേഹമില്ലല്ലോ.

എന്തെല്ലാം കര്‍മ്മങ്ങള്‍ സമാരംഭിക്കുന്നുണ്ടോ അവയെല്ലാം വിരാട്ടില്‍ തുടങ്ങുന്നു. വിരാട്ടിന്റെ പ്രഭാവത്താല്‍ ലോകം സത്യമായി തോന്നുന്നു. വിരാട്ട് നിലയ്ക്കുമ്പോള്‍ ലോകവും നിലയ്ക്കുന്നു. “ലോകം (സൃഷ്ടി), ബ്രഹ്മാവ്‌ (സൃഷ്ടികര്‍ത്താവ്), വിരാട്ട് (വിശ്വപുരുഷന്‍) എന്നെല്ലാമുള്ള വാക്കുകള്‍ ഭാഗ്യന്തരേണ പറയുന്നതാണ്. ഇവയെല്ലാം ശുദ്ധാവബോധത്തില്‍ ഉയര്‍ന്നുവന്ന ധാരണകള്‍ മാത്രമാകുന്നു.”

രാമന്‍ ചോദിച്ചു: ഈ വിശ്വപുരുഷന്‍ വെറും ഭാവന മാത്രമാകുമ്പോള്‍ അദ്ദേഹം എങ്ങിനെയാണ് ആ ശരീരത്തില്‍ നിലകൊള്ളുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ധ്യാനാവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങിനെയാണോ നീ നിന്റെ ഹൃദയത്തില്‍ നിവസിക്കുന്നത് അതുപോലെയാണ് വിശ്വപുരുഷന്റെ കാര്യവും. ഒരു കണ്ണാടിയിലെ പ്രതിബിംബമെന്നപോലെ എല്ലാ ദേഹങ്ങളിലും ജീവന്‍ പ്രതിഫലിക്കുന്നു. അതുപോലെ വിശ്വപുരുഷന്‍ വിശ്വമെന്ന സ്വന്തം ദേഹത്തില്‍ കുടികൊള്ളുന്നു.

വിരാട്ടിന് അവയവങ്ങള്‍ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിലും അതില്‍ യാതൊരുവിധ വിഭിന്നതകളുമില്ല. ഒരു പാറയെന്നപോലെ പൂര്‍ണ്ണമായി, അവിച്ഛിന്നമായി, അനന്തമായി, ബോധമായി അത് നിലകൊള്ളുന്നു.