Jan 11, 2015

713 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 713

യോഗവാസിഷ്ഠം നിത്യപാരായണം  അവസാനിക്കുന്നു.

തൃഷ്ണാവരത്രാധൃഠബന്ധബദ്ധാ
യേ ഗ്രന്ഥയോജ്ഞസ്യ ഹൃദി പ്രരൂഢ:
സര്‍വേ ഹി തേ മോക്ഷകഥാവിചാരാ-
ദ്ബാലാ ഹ്യബാലാ ഇവ യാന്ത്യഭേദം (6.2/215/9)

വാല്‍മീകി പറഞ്ഞു: ഭരദ്വാജാ അങ്ങിനെ ശ്രീരാമനും മറ്റുള്ളവരും ആത്മജ്ഞാനമെന്ന പരമമായ ജ്ഞാനമാര്‍ജ്ജിച്ചു ധന്യരായി, എല്ലാ ആകുലതകള്‍ക്കും അതീതരായി. അവരെപ്പോലെ എല്ലാ സംശയങ്ങളുമകന്ന് മുക്തനായ ഒരു മുനിയെപ്പോലെ നീയും ജീവിച്ചാലും. ഈ ശാസ്ത്രം കേട്ടതിലൂടെ നീയും ജീവന്‍മുക്തനായിരിക്കുന്നു. ചെറുബാലന്മാര്‍ പോലും ഈ ശാസ്ത്രശ്രവണത്താല്‍ മുക്തിപദമണയുന്നതാണ്.
“ചെറു ബാലന്മാര്‍ വളര്‍ന്നു പരിപക്വപ്പെടുന്നതുപോലെ ആസക്തികളാല്‍ കളങ്കിതമായ, ബന്ധനങ്ങളില്‍പ്പെട്ടുഴറുന്ന അജ്ഞാനികള്‍ പോലും മുക്തിപ്രദായകമായ ഈ ശാസ്ത്രത്തിന്റെ നിസ്തന്ദ്രമായ പഠനം കൊണ്ട് സകലവിധത്തിലുള്ള വിഭാഗീയതകള്‍ക്കും അതീതരായിത്തീരും.
പിന്നീടൊരിക്കലും അവര്‍ സംസാരത്തില്‍പ്പെട്ടുഴറുകയില്ല. ഈ ശാസ്ത്രം അതിന്റെ അര്‍ത്ഥം ഗ്രഹിക്കാതെയാണെങ്കില്‍പ്പോലും വായിക്കുന്നവര്‍, ഇതിന്റെ പതിപ്പ് ഒരു ഗ്രന്ഥത്തില്‍ പകര്‍ത്തുന്നവര്‍, മറ്റുള്ളവരെ ഇത് വായിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍, ഇതിനെപ്പറ്റി അഭിപ്രായം പറയുന്നവര്‍ എല്ലാവരും മഹത്തായ പുണ്യമാണ് ആര്‍ജ്ജിക്കുന്നത്. അവര്‍ക്ക് സ്വര്‍ഗ്ഗത്തിലെ സുഖങ്ങള്‍ അനുഭവിക്കാന്‍ ഇടവരുന്നു. അവരുടെ മൂന്നാം ജന്മത്തില്‍ മുക്തിയായി.

വാല്മീകി അഗ്നിവേശനോടു പറഞ്ഞു: മഹാമുനിയായ വസിഷ്ഠന്‍ ശ്രീരാമനോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നിനക്ക് പറഞ്ഞു തന്നു. ഈ പാത സ്വീകരിച്ചു നിനക്കും മുക്തിപദമണയാം.

രാജാവ് പറഞ്ഞു: ഭാഗവന്‍, അങ്ങയുടെ കൃപയാല്‍ ഞങ്ങള്‍ സംസാരസാഗരത്തെ തരണം ചെയ്യാന്‍ പര്യാപ്തരായിത്തീര്‍ന്നു.

ദേവദൂതനായ ദേവദത്തനോടായി രാജാവിങ്ങിനെ പറഞ്ഞു: നിങ്ങള്‍ എന്റെ ഉത്തമസുഹൃത്തുക്കള്‍ തന്നെയാണ്. ഇനി നിങ്ങളുടെ ധാമങ്ങളിലേയ്ക്ക് മടങ്ങിയാലും. ഇവിടെക്കേട്ട സത്യവചനങ്ങളെ മനനം ചെയ്ത് ധ്യാനിക്കാന്‍ ഞാനുറച്ചിരിക്കുന്നു.

ദൂതന്‍ ഗന്ധര്‍വ്വന്മാരോടു പറഞ്ഞു: ഞാനിതെല്ലാം കേട്ട് അതീവ സന്തോഷത്തിലാണിപ്പോള്‍. ഇനി ഞാന്‍ ഇന്ദ്രലോകത്തിലേയ്ക്ക് വിടകൊള്ളുകയാണ്.

ഗന്ധര്‍വ്വന്‍ പറഞ്ഞു: അങ്ങില്‍ നിന്നും ഇതെല്ലാം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായതില്‍ ഞാനേറെ അനുഗൃഹീതനാണ്. ഇനി അങ്ങ് ഇന്ദ്ര സവിധമണഞ്ഞാലും.

അഗ്നിവേശന്‍ കാരുണ്യനോട് പറഞ്ഞു: അങ്ങിനെ എല്ലാ ആകാശചാരികളും ധ്യാനനിമഗ്നരായിത്തീര്‍ന്നു. നീയിത് നല്ലവണ്ണം കേട്ടുവല്ലോ, അല്ലെ?

കാരുണ്യന്‍ പറഞ്ഞു: അച്ഛാ, തീര്‍ച്ചയായും. എന്നിലെ ഭ്രമചിന്തകള്‍ അറ്റിരിക്കുന്നു. ഞാനിനി അനിച്ഛാപൂര്‍വ്വകമായി വന്നു ചേരുന്ന കര്‍മ്മങ്ങളെ ഉചിതമായി അനുഷ്ഠിച്ച് എന്നിലെ നൈസര്‍ഗ്ഗികതയില്‍ അഭിരമിച്ചു ജീവിക്കും. 

അഗസ്ത്യന്‍ സുതീക്ഷ്ണനോട് പറഞ്ഞു: അങ്ങിനെ തന്റെ മകനായ കാരുണ്യനെ അഗ്നിവേശന്‍ ഉപദേശിക്കുകയുണ്ടായി. ഈ ശാസ്ത്രത്തെ സംശയിക്കേണ്ടതില്ല. സംശയമുള്ളവന് നാശം നിശ്ചയം!

സുതീക്ഷ്ണന്‍ പറഞ്ഞു: എന്നിലെ അവിദ്യ മാഞ്ഞുപോയിരിക്കുന്നു. ജ്ഞാനത്തിന്റെ പ്രഭ ഇപ്പോളെന്നില്‍ ഭാസുരമായി വിളങ്ങുന്നു. സമുദ്രത്തിലെ തിരകളെന്നപോലെ എല്ലാ വസ്തുക്കളും വിഷയങ്ങളും അനന്തബോധത്തില്‍ നിലകൊള്ളുന്നതായി ഞാന്‍ അറിയുന്നു. ഞാനിനി എന്നിലെ നൈസര്‍ഗ്ഗികതയില്‍ അനിച്ഛാര്‍വ്വം ജീവിച്ചുകൊള്ളാം, ഞാന്‍ അനുഗൃഹീതനാണ്. അങ്ങയെ ഞാന്‍ നമസ്ക്കരിക്കുന്നു. മനസാ വാചാ കര്‍മ്മണാ തന്റെ ഗുരുവിനെ അനുസരിച്ച് പൂജിക്കുക ഒരു ശിഷ്യന്റെ ധര്‍മ്മമത്രേ. ഭഗവന്‍, അങ്ങയുടെ കൃപയാല്‍ എനിക്കീ സംസാരസാഗരതരണം ക്ഷിപ്രസാദ്ധ്യമായി. അങ്ങേയ്ക്ക് നമോവാകം.

ആരെ മനനം ചെയ്തു ധ്യാനിച്ചാലാണോ എല്ലാമെല്ലാം ബ്രഹ്മമെന്ന അനന്തബോധമാണ് എന്ന് തെളിഞ്ഞു കിട്ടുന്നത്, ആ പരംപൊരുളിനെ ഞാന്‍ നമസ്കരിക്കുന്നു.

ദിവ്യ ഗുരുവായ വസിഷ്ഠമഹര്‍ഷിയ്ക്ക് നമസ്കാരം.

ഓം തത് സത്

ഹരി: ഓം 

ശ്രീ ഗുരുഭ്യോ നമ: 

കായേന വാചാ മനസേന്ദ്രിയിര്‍ വാ 
ബുദ്ധ്യാത്മനാ വാ പ്രകൃതേര്‍ സ്വഭാവാത് 
കരോമി യത് സത് സകലം പരസ്മൈ 
നാരായണായേതി സമര്‍പ്പയാമി

ശുഭ സമർപ്പണം 

No comments:

Post a Comment

Note: Only a member of this blog may post a comment.