Jan 11, 2015

711 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 711

പ്രത്യേകം സര്‍വ വസ്തൂനാം കര്‍ത്താ ഭോക്താ പരാത്പര:
അനാദിനിധനോ ധാതാ സര്‍വം ബ്രഹ്മാത്മകം യത:
ശിഷ്യന്‍ പറഞ്ഞു: സ്വപ്നത്തില്‍ സ്വപ്നം കാണുന്നവന്‍ കൂടാതെ മറ്റൊന്ന് ഉണ്ടല്ലോ? അതായത് സ്വപ്നമെന്നും സ്വപ്നദര്‍ശിയെന്നും വിഭജിക്കപ്പെട്ടിട്ടില്ലാത്ത ശുദ്ധബോധമാണത്. അതുപോലെ ലോകമെന്ന ഭ്രമക്കാഴ്ചയും അറിയുന്നത ‘മറ്റൊന്ന്’ ആയിക്കൂടെ?
ഗുരു പറഞ്ഞു: അങ്ങിനെതന്നെയാണ് കാര്യം. അതിന്റെ സഹജഭാവമോ രൂപമോ നാമിക്കാണുന്ന ലോകമല്ല. ബോധം മാത്രമേയുള്ളൂ. അത് ഉണ്മയായുള്ളതിനെ പ്രോജ്വലത്താക്കുന്നു. എന്നാല്‍ കാഴ്ച്ചയെന്നത് മറ്റൊരാള്‍ അറിയുന്നതാണ്. വിരോധാഭാസങ്ങളുടെ സംശ്ലേഷണമാണത്.
അത് ഒന്നിനെയും പ്രകാശിപ്പിക്കുന്നില്ല. അതിന് അസ്തിത്വമുണ്ടെന്നു പറയാന്‍കൂടിയാവില്ല. അനന്തബോധത്തിലെ വിക്ഷേപമാണ് അത്. ദൃക്കില്‍ സത്തും അസത്തും എങ്ങിനെയുണ്ടാവും? അത് എല്ലാടത്തും എക്കാലത്തും കാണപ്പെടുന്നു എന്ന് പറയുമ്പോള്‍ത്തന്നെ അത് ഒരിടത്തും ഒരു കാലത്തും കാണപ്പെടുന്നില്ല എന്നും പറയാം. അത് സത്താണ്, അസത്തുമാണ്. അത് അനന്തബോധമാണ്.

അത് നശിക്കുന്നതേയില്ല. അതുപോലെ ലോകമെന്ന കാഴ്ചയ്ക്കും അന്തമില്ല. അനന്തബോധത്തിന്റെ ഉണ്മയെപ്പറ്റി ശരിയായി ഗ്രഹിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ ആകുലത. സൃഷ്ടിയും വിലയനവും എന്നീ രണ്ടു ഭാവാഭാവങ്ങള്‍ അനന്തത്തില്‍ സഹജമാണെന്ന് തിരിച്ചറിയുന്നതാണ് പരമശാന്തി. 

ഭഗവാന്‍, അല്ലെങ്കില്‍ അനന്തം തന്നെയാണ് കുടമായും മലയായും മരമായും തുണിയായും അഗ്നിയായും ചരാചരങ്ങളായ എല്ലാമെല്ലാമായും നിലകൊള്ളുന്നത്. എന്തും ഏതും ഭഗവാനാണ്. ഇവയുടെ വിപരീതഭാവങ്ങളും ഭഗവാന്‍. ശൂന്യം, കര്‍മ്മം, കാലം, ദൂരം, ആകാശം, ഭൂമി, അസ്തിത്വം, നന്മ, തിന്മ, എല്ലാം ഭഗവാന്‍ ആകുന്നു.

അനന്തബോധത്തില്‍ ഉള്‍ക്കൊള്ളാത്ത യാതൊന്നും എവിടെയും ഇല്ല. എല്ലാടത്തുമുള്ള എല്ലാമെല്ലാം ഇപ്പോഴും ബോധമാകുന്നു.

ഒരു പുല്‍ക്കൊടി സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഒരു കുടം സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഒരു തുണ്ട് തുണി സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ദൃശ്യമെന്നത് കര്‍ത്താവും ഭോക്താവുമാണ്.
പര്‍വ്വതം സ്വയം കര്‍ത്താവും ഭോക്താവുമാണ്.
മനുഷ്യന്‍ സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഓരോരുത്തരും ഓരോന്നും തന്നില്‍ത്തന്നെ പരിപൂര്‍ണ്ണനായ ഭാഗവാനാകുന്നു.

“ഈ ഓരോന്നിലും ഭഗവാനാണ് സ്വയം കര്‍ത്താവും ഭോക്താവുമായി എല്ലാം അനുഭവിക്കുന്നതും അഭിരമിക്കുന്നതും. എല്ലാമെല്ലാം ബ്രഹ്മമാകുന്നു. എല്ലാറ്റിനെയും ക്രമികമായി വികസ്വരമാക്കുന്നുവെങ്കിലും അതിന് ആദിയന്തങ്ങള്‍ ഇല്ല.”

സൃഷ്ടിയും വിലയനവും അനന്തബോധത്തിന്റെ അല്ലെങ്കില്‍ ഭഗവാന്റെ പ്രഭാവങ്ങളില്‍പ്പെടുന്നു. എല്ലാറ്റിന്റെയും കര്‍ത്താവും ഭോക്താവും ബോധമാണ്. അതിനാല്‍ ആരുമിവിടെ കര്‍ത്താവായും ഭോക്താവായും ഇല്ല എന്ന് പറയുന്നതും ഭാഗവാനാണിതെല്ലാം എന്ന് പറയുന്നതും ശരിയാണ്.

അതിനാല്‍ യമനിയമാദികള്‍ ഭഗവാനില്‍ നിലകൊള്ളുന്നു എന്ന് പറയുന്നതും ഇല്ലെന്നു പറയുന്നതും ശരിയാകുന്നു. ഇതെല്ലാം ഓരോരുത്തര്‍ക്കും നേരനുഭവമാണ്.


രാമാ ഞാനിതാണ് നിനക്കായി പറഞ്ഞു തന്നത്. അറിയാന്‍ യോഗ്യമായ എല്ലാം ഞാന്‍ നിനക്കായി പകര്‍ന്നു തന്നിരിക്കുന്നു. അതിന്റെ ഉണ്മയില്‍, പ്രബുദ്ധതയുടെ പ്രശാന്തതയില്‍ അഭിരമിച്ചാലും. നിര്‍വ്വാണപദത്തിലെന്നവണ്ണം സര്‍വ്വസ്വതന്ത്രനായി രാജ്യഭാരം നിര്‍വ്വഹിച്ചാലും.

No comments:

Post a Comment

Note: Only a member of this blog may post a comment.