അകല്‍പ്പം സിദ്ധസംഘേഷു
മോക്ഷോപായാ: സഹസ്രശ:
വ്യാഖ്യാതാശ്ച ശ്രുതാശ്ചാലാമീദൃശാസ്തു
ന കേചന (6.2/200/18)
വാല്‍മീകി പറഞ്ഞു: നിര്‍വാണത്തെപ്പറ്റിയുള്ള
ഈ പ്രഭാഷണം അവസാനിപ്പിച്ച ശേഷം വസിഷ്ഠന്‍ കുറച്ചു നേരം മൌനമവലംബിച്ചു. സഭാവാസികള്‍
എല്ലാവരും തന്നെ നിര്‍വികല്‍പ്പസമാധിയില്‍ അല്ലെങ്കില്‍ ധ്യാനലീനരായി
അവിടെയിരുന്നു. ആകാശത്ത് സന്നിഹിതരായിരുന്ന മുനിവൃന്ദം മുഴക്കിയ ആഹ്ലാദനാദം
എല്ലായിടത്തും അലയടിച്ചു. വാനത്തുനിന്നും പുഷവൃഷ്ടിയോടെ ഗന്ധര്‍വ്വന്മാര്‍ അവരുടെ
ദുന്ദുഭിമുഴക്കിയും പാടിയും ആഘോഷിക്കുകയുണ്ടായി.
സിദ്ധന്മാര്‍ ഇങ്ങിനെ പറഞ്ഞു:
“ഈ യുഗാരംഭം മുതല്‍ ഞങ്ങള്‍ മോക്ഷമാര്‍ഗ്ഗത്തെ പതിപാദിക്കുന്ന അനേകം പ്രഭാഷണങ്ങള്‍
കേട്ടിരിക്കുന്നു. എന്നാല്‍ ഈ ദിവ്യഭാഷണത്തിനെപ്പോലെ മറ്റൊന്നില്ല.” കുട്ടികളും
മൃഗങ്ങളും പോലും ഈ മഹാമുനിയുടെ വാക്കുകള്‍ കേട്ടാല്‍ മുക്തിപദത്തെ പ്രാപിക്കാന്‍
പര്യാപ്തരാവും!
ദശരഥ
മഹാരാജാവ് പറഞ്ഞു: ഭഗവന്‍, അങ്ങയെ പൂജിച്ച് ആദരിക്കാന്‍ ലോകത്തുള്ള
യാതൊന്നുകൊണ്ടും കഴിയില്ല. എങ്കിലും എന്റെ എളിയ പ്രാര്‍ത്ഥന കേട്ടാലും അനൌചിത്യം
എന്ന് വിചാരിക്കരുതേ. ഞാനും
എന്റെ കുലവും അങ്ങയെ ഞാനാര്‍ജ്ജിച്ചിട്ടുള്ള എല്ലാ പുണ്യവും പവിത്രതയും
അങ്ങേയ്ക്ക് മുന്നില്‍ അര്‍പ്പിക്കുന്നു. ഇതെല്ലാം അങ്ങയുടേതാണ് മഹാമുനേ. ഇനിയുള്ള
ഞങ്ങളുടെ കര്‍മ്മധര്‍മ്മങ്ങള്‍ എന്തെന്ന് കല്‍പ്പിച്ചാലും.
വസിഷ്ഠന്‍
പറഞ്ഞു: മഹാരാജാവേ, അങ്ങയുടെ ഉപചാരവാക്കുകള്‍ നാമിതാ സ്വീകരിച്ചിരിക്കുന്നു.
എനിക്കത് മതി. രാജ്യഭാരം വഹിക്കാന്‍ കഴിവുള്ളത് അങ്ങേയ്ക്കാണ്.
രാമന്‍
പറഞ്ഞു: ഭഗവന്‍, ഞാന്‍ അങ്ങേയ്ക്ക് എന്താണ് സമര്‍പ്പിക്കേണ്ടത്? ഞാന്‍ അങ്ങയുടെ
കാല്‍ക്കല്‍ സ്വയം അര്‍പ്പിക്കുന്നു.
രാമനെത്തുടര്‍ന്നു
ലക്ഷ്മണാദിസഹോദരന്മാരും മഹര്‍ഷിയെ
നമസ്കരിച്ചു. തുടര്‍ന്നു ദൂരെ ദേശങ്ങളില്‍നിന്നു വന്നിട്ടുള്ള മറ്റു
രാജാക്കന്മാരും അതിഥികളും മഹര്‍ഷിയെ നമസ്കരിച്ചു.
വസിഷ്ഠമുനിയെ
അവര്‍ പൂക്കള്‍ കൊണ്ട് മൂടി.
ഇതെല്ലാം കഴിഞ്ഞപ്പോള്‍ വസിഷ്ഠന്‍ പറഞ്ഞു:
മാമുനിമാരേ, ഞാന്‍ ചെയ്ത പ്രഭാഷണത്തിലെന്തെങ്കിലും തെറ്റുകുറ്റങ്ങളൊ കുറവുകളോ
ഉണ്ടെങ്കില്‍ അത് നിങ്ങള്‍ തുറന്നു പറഞ്ഞാലും.
മുനിവര്യന്മാര്‍
പറഞ്ഞു: മഹാമുനേ, അങ്ങയുടെ വാക്കുകളില്‍ ഒന്നുപോലും അനുചിതമെന്ന് ഞങ്ങള്‍ക്ക്
തോന്നിയിട്ടില്ല. ഒരൊറ്റ ശ്രുതിയില്‍പ്പോലും പിഴവില്ല. അത്യുന്നതമായ ചിന്തകളില്‍മാത്രം
വിഹരിക്കുകയായിരുന്നു ഈ പ്രഭാഷണം. ഞങ്ങളുടെ മനസ്സുകളും ഹൃദയങ്ങളും
മൂടിക്കെട്ടിയിരുന്ന അജ്ഞാനപടലങ്ങളെ ഒറ്റയടിക്കു നിര്‍മ്മൂലം ഇല്ലാതാക്കാന്‍
അങ്ങേയ്ക്ക് സാധിച്ചു. അങ്ങ് ഞങ്ങളുടെ ഹൃദയകമലങ്ങളെ വിടര്‍ത്തി. അങ്ങയെ ഞങ്ങള്‍
നമസ്കരിക്കുന്നു. അങ്ങാണ് ഞങ്ങള്‍ക്ക് ഗുരു.
ഇങ്ങിനെ പറഞ്ഞു മുനിമാര്‍
ഒരേസ്വരത്തില്‍ വസിഷ്ഠനോടു നമോവാകം ചൊല്ലി, പൂക്കള്‍ അര്‍പ്പിച്ചു.
അവിടെക്കൂടിയിരുന്ന
മുനിമാര്‍ ദശരഥനെയും പുകഴ്ത്തി സംസാരിച്ചു. രാമന്റെ മഹിമയും വാഴ്ത്തി. രാമനെയും
സഹോദരന്മാരെയും വണങ്ങി. വസിഷ്ഠനെയും വിശ്വാമിത്രനെയും വാഴ്ത്തി. അവരുടെ
കൃപയൊന്നുകൊണ്ട് മാത്രമാണല്ലോ അവിദ്യാനിര്‍മ്മാര്‍ജ്ജനപ്രദമായ ഈ പ്രഭാഷണം ഇവിടെ
നടക്കാനിടയായത്. വീണ്ടും വീണ്ടും ആ സത്സംഗസഭ വസിഷ്ഠന്റെ അപദാനങ്ങള്‍ വാഴ്ത്തി
അദ്ദേഹത്തെ വീണ്ടും വീണ്ടും നമസ്കരിച്ചു.
No comments:
Post a Comment
Note: Only a member of this blog may post a comment.