Jan 11, 2015

704 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 704

വര്‍ത്തമാനാനുഭവനമാത്രമോഹപ്രമാണകാ:
ശരീരകാരണാ സംവിദിത മോഹമുപാഗതാ: (6.2/207/10)

വസിഷ്ഠന്‍ പറഞ്ഞു: മഹാരാജന്‍, ഇത് കേട്ടാലും. അങ്ങയുടെ സംശയങ്ങള്‍ എന്നെന്നേയ്ക്കുമായി ദൂരീകരിക്കാന്‍ പോന്ന ഉത്തരങ്ങള്‍ ഞാന്‍ നല്‍കാം. ഈ ലോകത്തുള്ള എല്ലാം എല്ലായ്പ്പോഴും അയാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവയെ യാഥാര്‍ത്ഥ്യമെന്നും പറയാം. കാരണം ലോകത്തിന്റെ അടിസ്ഥാനമായ ബോധം സത്യമാണല്ലോ. ലോകത്തിന്റെയും ആന്തരസത്ത ഏകാത്മകമായ ബോധമൊന്നുമാത്രമാണ്.
ആ ബോധം ‘ഇതങ്ങിനെ, അല്ലെങ്കില്‍ ഇതിങ്ങിനെ’ എന്ന് ചിന്തിച്ചാല്‍, സത്തായോ അസത്തായോ അതപ്രകാരം തന്നെ നടപ്പിലാവുന്നു. അതാണ്‌ ബോധത്തിന്റെ സവിശേഷത. ബോധം ഒരു ദേഹത്തെ സങ്കല്‍പ്പിച്ചു, എന്നിട്ടാ ദേഹത്തെ അവബോധിച്ചു, അല്ലെങ്കില്‍ തിരിച്ചറിഞ്ഞു. ആത്മാവബോധമാണ് ദേഹത്തെ തിരിച്ചറിഞ്ഞത്; മറിച്ച് ദേഹം ആത്മാവിനെയല്ല തിരിച്ചറിഞ്ഞത്.

സൃഷ്ടിയുടെ ആരംഭത്തില്‍ യാതൊന്നും ഉണ്ടായിരുന്നില്ല. ബോധം മാത്രമേയുള്ളൂ. അതിനാല്‍ ബോധത്തില്‍ ലോകമെന്ന കാഴ്ച്ചയുണ്ടായത് സ്വപ്നമെന്നതുപോലെയാണ്. എങ്ങിനെയാണോ ബോധം വിശ്വത്തെ സങ്കല്‍പ്പിച്ചത്, അങ്ങിനെതന്നെയാണ് ലോകം ഉദിച്ചുയര്‍ന്നത്. ബോധം തന്നെയാണ് വിശ്വമായത്. അല്ലാതെ ലോകമെന്ന വേറിട്ടൊരു വസ്തുവുണ്ടോ?

ലോകം ബ്രഹ്മഭിന്നമല്ല എന്നത് ശാസ്ത്രഗ്രന്ഥങ്ങള്‍ വ്യക്തമായിപ്പറയുന്നുണ്ട്

എങ്കിലും കൂപമണ്ഡൂപങ്ങളെപ്പോലെ “മൂഢരായ അജ്ഞാനികള്‍ അവരുടെ വാദഗതികള്‍ തുലോം തുഛമായ സ്വാനുഭവങ്ങളെയും വികലമായ അറിവുകളേയും അവലംബിച്ചാണ് ഉന്നയിക്കുന്നത്. ദേഹമാണ് അനുഭവത്തിന്റെയും അവബോധത്തിന്റെയും സ്രോതസ്സെന്നവര്‍ തെറ്റിദ്ധരിക്കുന്നു.”

നമുക്ക് അവരുമായി യാതൊരു ബന്ധവുമില്ല. എത്ര ബുദ്ധിമാനാണെങ്കിലും മറ്റുള്ളവന്റെ സംശയത്തെ ദൂരീകരിക്കാന്‍ കഴിയാത്തവനും അജ്ഞാനിയത്രേ!

ആത്മാവബോധം ദേഹത്തിന്റെ പ്രവര്‍ത്തനമാണെന്ന് പറഞ്ഞാല്‍ എന്തുകൊണ്ടാണൊരു ശവം യാതൊന്നും അനുഭവിക്കാത്തത്? സത്യം മറിച്ചാണ്. വസ്തുക്കള്‍ സ്വപ്നത്തില്‍ പ്രത്യക്ഷമാവുന്നതുപോലെ   അനന്തബോധം എന്ന ബ്രഹ്മമാണ് വിശ്വമായി ഇവിടെ പ്രകടമാവുന്നത്. ബ്രഹ്മം അനന്തബോധമാണ്. അതാണ്‌ ഈ സ്വപ്നനഗരിയെ സങ്കല്‍പ്പിച്ചത്. അതാണ്‌ വിശ്വപുരുഷനായ വിരാട്ട്.

ഈ വിശ്വപുരുഷനാണ് ബ്രഹ്മാവ്‌. ശുദ്ധബോധമാണ് വിശ്വമായി അറിയപ്പെടുന്നത്. ബ്രഹ്മാവിന്റെ സ്വപ്നത്തില്‍ ഉദിച്ചതാണ്‌ സൃഷ്ടിയായി ഇപ്പോഴും അനുഭവങ്ങളായി അതേപടി തുടരുന്നത്.
ദേഹത്തിനു രണ്ടവസ്ഥകളാണ്. ജീവനുള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും. അതുപോലെ സൃഷ്ടികള്‍ ഉണ്ടായി മറയുന്നു. അതിനു ബ്രഹ്മേതരമായി കാരണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ സൃഷ്ടി ബ്രഹ്മഭിന്നമല്ല.

ശരീരം ഉണ്ടെങ്കിലും ഇല്ലെങ്കിലും, എവിടെ വെച്ചോ, എക്കാലത്തോ മരണത്തിനു മുന്‍പോ പിന്‍പോ ബോധം അവബോധിക്കുന്നതെന്തോ അതാണനുഭവമാകുന്നത്. ഈ ബോധം തന്നെയാണ് ‘മറ്റേ ലോകങ്ങളെ’ സങ്കല്‍പ്പിക്കുന്നതും അനുഭവിക്കുന്നതും.


മുക്തിയ്ക്കായുള്ള ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രബുദ്ധതയാര്‍ജ്ജിച്ചാലല്ലാതെ ഇത്തരം വിഭ്രമാത്മകാനുഭവങ്ങള്‍ അവസാനിക്കുകയില്ല. മാനസീകോപാധികള്‍ക്കപ്പോള്‍ അവസാനമായി. ബോധത്തിലെ ഭ്രമകാഴ്ചകള്‍ക്ക് വിരാമമായി.  

No comments:

Post a Comment

Note: Only a member of this blog may post a comment.