യദൂപര്‍വ്വമദൃഷ്ടം വാ നാ നുഭൂതം ന വാ ശ്രുതം
തദ്വര്‍ണ്ണ്യതേ സുദൃഷ്ടാന്തൈര്‍ഗൃഹ്യതേ ച തദൂഹ്യതേ (6.2/205/18)
രാമന്‍ ചോദിച്ചു: ഇങ്ങിനെ അനന്തബോധം എല്ലാമെല്ലാമായിരിക്കെ,
ഈ ലോകമെന്നത് സ്വപ്നവും ആയിരിക്കെ, എങ്ങിനെയാണ് ബോധത്തിന് ജാഗ്രദ്-സ്വപ്ന തലത്തില്‍
മൂര്‍ത്തീകരിക്കാന്‍ കഴിയുക?
വസിഷ്ഠന്‍ പറഞ്ഞു: സ്വപ്നത്തിലോ ജാഗ്രദിലോ എന്തുതന്നെ
കണ്ടുവെന്നാലും അതിനെല്ലാം ഉപാധിയയിരിക്കുന്നത് ആകാശമാണല്ലോ. അവ ആകാശത്തുനിന്നും
ഉണ്ടായി, ആകാശത്തിന്റെ ഭാവത്തില്‍ത്തന്നെ (ശൂന്യഭാവം) നിലകൊള്ളുന്നു. ഈ ആകാശം
ബോധമല്ലാതെ മറ്റൊന്നല്ല.
യാതൊന്നും, ഈ ദേഹം പോലും
സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിനാല്‍ അവയ്ക്ക് അസ്തിത്വവുമില്ല. അനന്തബോധം, ഒരു
സ്വപ്നത്തിലെന്നവണ്ണം എല്ലാറ്റിന്റെയും അസ്തിത്വം അനുഭവിക്കുകയാണ്. ബോധത്തില്‍ ഈ
അനുഭവം നിലകൊള്ളുന്നത് ഘര-ഖന-സാന്ദ്രമായ സൃഷ്ടികള്‍ എന്ന നിലയിലാണ്. ബോധത്തില്‍
ഉല്‍പ്പന്നമാവുന്ന വൈവിദ്ധ്യത അതിന്റെ അനന്ത സാദ്ധ്യതകളെ വെളിവാക്കുന്നു. അത്
അനന്തമായ സൃഷ്ടിജാലങ്ങളായി പ്രകടമാവുന്നു.
രാമന്‍ ചോദിച്ചു: അനന്തകോടി
വിശ്വസൃഷ്ടികള്‍ ഉണ്ടെന്നങ്ങു പറഞ്ഞു. അനന്തകോടി ജീവജാലങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന
സ്വഭാവഗുണങ്ങളോടെ അതാതിന്റെ ധര്‍മ്മനിഷ്ഠയോടെ നിലകൊള്ളുന്നുവെന്നും അങ്ങ്
പറഞ്ഞുവല്ലോ? അവയില്‍ സൃഷ്ടിയെന്ന പ്രക്രിയ
എങ്ങിനെയാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞു തരൂ.
വസിഷ്ഠന്‍ പറഞ്ഞു: “മുന്‍പ്
അനുഭവിച്ചിട്ടില്ലാത്തതും കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്തതുമായ കാര്യങ്ങളെ
സുവിദിതമാക്കാന്‍ ഗുരുക്കന്മാര്‍ പലേവിധങ്ങളായ ഉദാഹരണങ്ങളും ഉപയോഗിക്കും. കാരണം
അങ്ങിനെ സത്യത്തെ കൂടുതല്‍ എളുപ്പത്തില്‍ സാധകനെ മനസ്സിലാക്കാന്‍ സാധിക്കുമല്ലോ.”
ഏതായാലും നിനക്കീ വിശ്വത്തിന്റെ സ്വഭാവം
അറിയാം- ഒരേയൊരു ബ്രഹ്മം മാത്രം ആദിയന്തരഹിതമായി, നാമരൂപരഹിതമായി, മാറ്റങ്ങള്‍ക്ക്
വിധേയമല്ലാതെ നിലകൊള്ളുന്നു. വിശ്വവും അങ്ങിനെതന്നെയാണ്. ആദിയന്തങ്ങളില്ലാതെ,
ബ്രഹ്മമായിത്തന്നെയാണത് നിലകൊള്ളുന്നത്.
അനന്തബോധം
സ്വയമുള്ളില്‍ അവബോധിക്കുന്നതെന്തോ അനുഭവിക്കുന്നതെന്തോ, അതാണ് വിശ്വമായി
‘പ്രസൃഷ്ടമാ’വുന്നത്. എന്നാലത് സ്വപ്നം കാണുന്നവന്റെയുള്ളില്‍ ‘ഉണ്ടാവുന്ന’
സ്വപ്നവസ്തുവെന്നതുപോലെ ഭ്രമാത്മകമാണ്. മലകള്‍ ദൃഢമല്ല, ജലം ദ്രവാത്മകവുമല്ല. ബോധം
എന്തെന്തു ധരിക്കുന്നുവോ സങ്കല്‍പ്പിക്കുന്നുവോ (ഭാവിക്കുന്നുവോ) അത് അങ്ങിനെതന്നെ
ഭവിക്കുന്നു.
സ്വപ്നത്തിലെ
മല യാതൊന്നിലും നിലകൊള്ളുന്നില്ല. അത് നിശ്ശൂന്യമാണ്. അതുപോലെയാണ് വിശ്വവും.
നിശ്ശൂന്യം.
ബ്രഹ്മം
മാത്രമാണ് ബ്രഹ്മമായി എല്ലാക്കാലത്തും നിലനില്‍ക്കുന്നത്. യാതൊന്നും
സൃഷ്ടിക്കപ്പെട്ടിട്ടില്ല. യാതൊന്നും നശിപ്പിക്കപ്പെട്ടിട്ടുമില്ല. ബ്രഹ്മത്തില്‍
വൈവിദ്ധ്യതയോ അതിന്റെ അഭാവമോ ഇല്ലതന്നെ. ഏകത, അനേകത, വൈവിദ്ധ്യത, സത്യം, അസത്യം,
എന്നീ ധാരണകള്‍ക്കൊന്നും ബ്രഹ്മത്തില്‍ പ്രസക്തിയില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.