കേവലം ത്വമബുദ്ധത്വാച്ഛബ്ദശ്രവണ ബോധിത:
അദ്വയേ ബ്രഹ്മബോധേഽസ്മിന്ദ്വിതാമഭ്യുപഗച്ഛസി (6.2/212/13)
വസിഷ്ഠന്‍ തുടര്‍ന്നു: ബ്രഹ്മം സ്വയം അനന്തവിഹായസ്സാണെന്ന്
കരുതുന്നു. ബ്രഹ്മം അതാണല്ലോ! ആ അനന്തത്തില്‍ത്തന്നെയാണ് വിശ്വപുരുഷനായി അതില്‍
അനേകം ലോകങ്ങള്‍ നിലകൊള്ളുന്നത്. എന്നാല്‍ ഇവയൊന്നും ബ്രഹ്മഭിന്നമല്ല. ഇവയെല്ലാം
ബ്രഹ്മം തന്നെയാകുന്നു.
ലോകമെന്ന കാഴ്ച, ഭ്രമക്കാഴ്ചയാണ്. മരുഭൂമിയിലെ കാനല്‍ജലം നോട്ടത്തില്‍ ശരിക്കുള്ള ജലം പോലെ തന്നെയാണല്ലോ! അത് ഉണ്ടെന്നുള്ള തോന്നലിന്റെ സത്യം
നമുക്കറിയാം.
രാമന്‍ ചോദിച്ചു: ഭഗവന്‍,
എപ്പോഴാണ് ബ്രഹ്മത്തില്‍ സൃഷ്ടിയവബോധം ഇല്ലാതിരിക്കുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മത്തില്‍,
അനന്തബോധത്തില്‍ സൃഷ്ടിയെന്ന സങ്കല്‍പ്പം ഇപ്പോഴും ഇപ്പോഴും ഉണ്ട്. സൃഷ്ടിയും
അതിന്റെ അഭാവവും ബ്രഹ്മത്തില്‍ ഇപ്പോഴും ഉണ്ടെന്നു പറയുമ്പോഴും അവ രണ്ടും രണ്ടു
വ്യതിരിക്തമായ രണ്ടസ്തിത്വങ്ങളായല്ല ബ്രഹ്മത്തില്‍ നിലകൊള്ളുന്നത്. അങ്ങിനെ നോക്കുമ്പോള്‍
മറ്റൊരു വീക്ഷണത്തില്‍ അവ ബ്രഹ്മത്തില്‍ നിലകൊള്ളുന്നില്ല എന്ന് വേണമെങ്കില്‍
പറയാം. കാറ്റില്‍ ചലനമെന്നതുപോലെ സഹജസ്വഭാവമായതിനാല്‍ ബ്രഹ്മം സൃഷ്ടിയെ വേറിട്ട്
അറിയപ്പെടേണ്ട വസ്തുവായി അറിയുന്നില്ല എന്ന് പറയാം. അതിനാല്‍ സൃഷ്ടിക്ക്
ആദിയന്തങ്ങള്‍ ഇല്ല. അതാണ് ബ്രഹ്മം.
“പൂര്‍ണ്ണ പ്രബുദ്ധതയെ
പ്രപിച്ചിട്ടില്ലാത്തപ്പോള്‍, ഈ വാക്കുകള്‍ മാത്രം കേട്ട് ഉള്ളിലൊരു ഉണര്‍വ്വ് നിറയുമ്പോള്‍
നിന്നില്‍ ഒരാപേക്ഷിക ദ്വന്ദം അല്ലെങ്കില്‍ നാനാത്വം അനുഭവമായി
അങ്കുരിക്കുന്നുണ്ട്. അത് അദ്വയമായ ബ്രഹ്മമാകുന്നു.”
യാതൊന്നും ഇവിടെ
നിലകൊള്ളുന്നില്ല. അതിനാല്‍ വസ്തുക്കളെപ്പറ്റിയുള്ള ധാരണകള്‍ക്കും സാംഗത്യമില്ല.
ആത്മാവല്ലാതെ യാതൊന്നുമില്ല, ആത്മാവ് വസ്തുക്കളെ അവബോധിക്കുന്നുമില്ല.
മൂന്നു ലോകങ്ങളിലും
കാണപ്പെടുന്നവ എപ്പോഴും കാണപ്പെടുന്നു. എന്നാല്‍ അത് പരമപ്രശാന്തമായ
ബ്രഹ്മമാകുന്നു. അതില്‍ വൈവിദ്ധ്യത ഇല്ലേയില്ല. പൂര്‍ണ്ണപ്രബുദ്ധതയുടെ അഭാവമാണ്
വൈവിദ്ധ്യതയെ പ്രകടമാക്കുന്നത്. പൂര്‍ണ്ണ പ്രബുദ്ധന് വേദശാസ്ത്രങ്ങളോ യമനിയമങ്ങളോ
ആവശ്യമില്ല. കാരണം ‘ഞാന്‍’ എന്ന പരിമിതികൊണ്ടുണ്ടാവുന്ന ദ്വന്ദാനുഭവങ്ങളോ
നാനാത്വമോ അപ്പോളില്ല.
രാമന്‍
ചോദിച്ചു: പരം പൊരുളില്‍ ‘ഞാന്‍’ എന്നൊരു ധാരണ ഉദയം ചെയ്യുമ്പോള്‍ എന്ത്
സംഭവിക്കുന്നു?
വസിഷ്ഠന്‍
പറഞ്ഞു: ബോധത്തില്‍ ‘ഞാന്‍’ ഉദിക്കുമ്പോള്‍ അനന്തവിഹായസ്സെന്ന സങ്കല്‍പ്പം
അതോടൊപ്പം ഉണ്ടാവുന്നു. അതേത്തുടര്‍ന്ന് കാലദേശധാരണകളും വിഭജനാത്മകതയും
വൈവിദ്ധ്യതയും ഉണ്ടാവുകയായി. അങ്ങിനെയാണ് ‘ഞാനിവിടെയുണ്ട്’, ‘ഞാനിവിടെയില്ല’
എന്നിത്യാദി ചിന്തകള്‍ ഉദിക്കുന്നത്.
ഇവയെല്ലാം
ഉണ്ടാവുമ്പോള്‍ ‘ഞാന്‍’, സൂക്ഷ്മങ്ങളായ മൂലഘടങ്ങളെപ്പറ്റി ബോധവാനാകുന്നു. അതില്‍
നിന്നും ലോകമെന്ന അനുഭവം ഉല്‍പ്പന്നമാകുന്നു. അങ്ങിനെ ബ്രഹ്മത്തില്‍ നിന്നും
അനന്തബോധം ഭാവപ്പകര്‍ച്ചയാര്‍ന്നതുപോലെ ബ്രഹ്മേതരമായ ലോകാനുഭവം ആപേക്ഷികമായി
ഉണ്ടാവുന്നു. ഇത് സത്യമല്ല. ഉണ്മയായി ഉള്ളത് അനന്തബ്രഹ്മം മാത്രമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.