നഷ്ടോ മോഹ: പദം പ്രാപ്തം ത്വത് പ്രസാദാന്‍ മുനീശ്വര
സംപന്നോഽഹമഹം സത്യമത്യന്തമവദാതധീ:
സ്ഥിതോഽസ്മി ഗതസംദേഹ:
സ്വഭാവേ ബ്രഹ്മരൂപിണി
നിരാവരണവിജ്ഞാന: കരിഷ്യേ വചനം തവ (6.2/214/15)
വാല്മീകി പറഞ്ഞു: വസിഷ്ഠമുനി പ്രഭാഷണം അവസാനിപ്പിച്ചപ്പോള്‍
ആകാശത്ത് ദേവസംഗീതം മുഴങ്ങി. പുഷ്പവൃഷ്ടിയും ഉണ്ടായി.
സഭാവാസികള്‍ മഹര്‍ഷിയെ പൂജിച്ചു
വണങ്ങി.
ദശരഥരാജാവ് പറഞ്ഞു: ഞങ്ങള്‍ പരമ
വിജ്ഞാനത്തെ അങ്ങില്‍ നിന്നും ഗ്രഹിച്ചിരിക്കുന്നു. അങ്ങിനെ ഞങ്ങള്‍ പരമ്പൊരുളില്‍ വിശ്രാന്തിയടഞ്ഞിരിക്കുന്നു.
മഹാമുനിയായ അങ്ങയുടെ പ്രഭാഷണത്താല്‍ ഞങ്ങളുടെ മനസ്സും ഹൃദയവും വിഭ്രാന്തിയുടെ മായാ കവചത്തില്‍
നിന്നും തെറ്റിദ്ധാരണകളില്‍ നിന്നും വികല ചിന്തകളില്‍ നിന്നും മുക്തമായിരിക്കുന്നു.
രാമന്‍ പറഞ്ഞു: “ഭഗവാനേ,
മഹര്‍ഷിമാരില്‍ അഗഗണ്യനായുള്ള ഋഷിവരാ, അങ്ങയുടെ വാക്കുകള്‍ എന്നിലെ ഭ്രമങ്ങളെ
ഇല്ലാതാക്കിയിരിക്കുന്നു. എന്റെ മേധാശക്തിയിപ്പോള്‍ പൂര്‍ണ്ണമായി തെളിഞ്ഞു പ്രഭാവനിറവോടെയിരിക്കുന്നു.
എന്നിലിനി സംശയങ്ങളില്ല. ഞാനെന്റെ നൈസര്‍ഗ്ഗികമായ സഹജഭാവത്തില്‍, ബ്രഹ്മത്തില്‍,
നിര്‍വ്വാണപദത്തില്‍, വിശ്രാന്തനാണ്. അങ്ങയുടെ വാക്കുകള്‍ അനുസരിക്കാന്‍ ഞാന്‍
ജഗരൂകനാണ്.”
എന്തെങ്കിലും
കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ടോ കര്‍മ്മങ്ങളെ നിരാകരിക്കുന്നത് കൊണ്ടോ
എനിക്കൊന്നും നേടാനില്ല. എനിക്ക് സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല. അങ്ങയുടെ കൃപയില്ലാതെ
ഈ ജ്ഞാനാമൃത് ഞങ്ങള്‍ക്കെങ്ങിനെ ലഭിക്കാനാണ്? വഞ്ചിയോ പാലമോ കൂടാതെ ഒരു ചെറുബാലന്
എങ്ങിനെയാണ് സമുദ്രത്തിന്റെ മറുകരയിലെത്താനാവുക?
ലക്ഷ്മണന്‍
പറഞ്ഞു: നമ്മുടെ പൂര്‍വ്വാജിതപുണ്യം മൂലമാണ് ഈ മഹര്‍ഷിയുടെ വചനങ്ങള്‍ നമുക്ക് കേള്‍ക്കുവാന്‍
കഴിഞ്ഞത്.
വിശ്വാമിത്രന്‍ പറഞ്ഞു: നാമൊരായിരം ഗംഗാസ്നാനം ചെയ്തതിന്റെ ഫലമാണിപ്പോള്‍ ഈ സത്സംഗത്തിലൂടെ നമുക്ക് വന്നുചേര്‍ന്നത്.
നാരദന്‍
പറഞ്ഞു: നാമിപ്പോള്‍ കേട്ടത് സ്വര്‍ഗ്ഗത്തിലെലോ നരകത്തിലോ ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്നാണ്. നമുക്കതിനാല്‍ പൂര്‍ണ്ണ നൈര്‍മ്മല്യം
കൈവന്നിരിക്കുന്നു.
ശത്രുഘ്നന്‍
പറഞ്ഞു: ഞാനിപ്പോള്‍ പരമപ്രശാന്തിയും ആനന്ദവും അനുഭവിക്കുന്നു.
അങ്ങിനെ എല്ലാവരും
ഉപചാരവാക്കുകള്‍ പറഞ്ഞു മുനിയോടുള്ള നന്ദി രേഖപ്പെടുത്തിക്കഴിയവേ, വസിഷ്ഠന്‍
രാജാവിനോട് പറഞ്ഞു: ഒരു വേദശാസ്ത്ര ഗ്രന്ഥം പഠിച്ചു കഴിയുമ്പോള്‍ മഹത്തുക്കളെ
പൂജിക്കുന്ന കീഴ് വഴക്കമുണ്ട്. അതിനാല്‍ അങ്ങ് ബ്രാഹ്മണരെ സന്തോഷിപ്പിച്ചാലും. അതിനാല്‍ അങ്ങേയ്ക്ക്
പുണ്യം ലഭിക്കുകയും ചെയ്യും.
രാജാവ്
രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരം ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി അവരെ
പൂജിച്ച് അന്നദാനത്താലും, സമ്മാനദാനത്താലും സന്തോഷിപ്പിച്ചു. പിന്നീട് അദ്ദേഹം
തന്റെ പൌരാവലിയ്ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സേവകന്മാര്‍ക്കും, പാവപ്പെട്ടവര്‍ക്കും,
വികലാംഗന്‍മാര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി.
അതുകഴിഞ്ഞ്
തലസ്ഥാനത്ത് വലിയ ആഘോഷങ്ങള്‍ ആരംഭിച്ചു. സംഗീതം, നൃത്തം, വേദപാരായണം,
പുരാണപ്രഭാഷണം എന്നിവ ആര്‍ഭാടമായി കൊണ്ടാടി. കലാകാരന്മാര്‍ക്ക് കൈനിറയെ
സമ്മാനങ്ങളും ആഹാരവും ലഭിച്ചു. വിലപിടിച്ച കല്ലുകളും രത്നഹാരങ്ങളും അവര്‍ക്ക്
സമ്മാനമായി ലഭിച്ചു.
വസിഷ്ഠന്‍റെ
പ്രഭാഷണം ഭംഗിയായി അവസാനിച്ചതിന്റെ ആഘോഷം ദശരഥരാജാവും പരിവാരങ്ങളും ഒരാഴ്ച്ചക്കാലം
കൊണ്ടാടി.
No comments:
Post a Comment
Note: Only a member of this blog may post a comment.