Jan 11, 2015

701 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 701

യഥാ മയോപദിഷ്ടോസി യഥാ പശ്യസി ശാസ്ത്ര:
യഥാനുഭവസി ശ്രേഷ്ഠമേകവാക്യം തഥാ കുരു (6.2/203/21)

വസിഷ്ഠന്‍ രാമനോട് പറഞ്ഞു: രാമാ, കേള്‍ക്കാന്‍ യോഗ്യമായ കാര്യങ്ങള്‍ എല്ലാം നീ കേട്ട് കഴിഞ്ഞു. “ഞാന്‍ നിനക്ക് പറഞ്ഞുതന്ന കാര്യങ്ങളും നീ ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയവയും ചേര്‍ത്ത് ഇനി നീയവയെ സമഗ്രമായി സ്വജീവിതത്തില്‍ ചേര്‍ത്ത് അവയെ നിന്റെ നേരനുഭവമാക്കി മാറ്റിയാലും”
ഇനിയുമൊരിക്കല്‍ക്കൂടി ഞാന്‍ നിനക്കായി പരം പൊരുള്‍ സംബന്ധിച്ച സത്യം വെളിപ്പെടുത്താം. കണ്ണാടിയില്‍ പ്രതിബിംബം കൂടുതല്‍ തെളിഞ്ഞു കാണാന്‍ അത് ഉരച്ചുതുടച്ചു മിനുക്കി തെളിയിച്ചെടുക്കണമല്ലോ. ഇഹലോകത്തിലെ വസ്തുക്കളെല്ലാം ഒരുവന്റെ അനുഭവതലങ്ങളുടെയും അവബോധത്തിന്റെയും പ്രതിഫലനങ്ങളാണ്. എല്ലാ ശബ്ദങ്ങളും ഒഴുക്കുവെള്ളമുണ്ടാക്കുന്ന ശബ്ദംപോലെയാണ്. ഇവിടെ കാണുന്നതെല്ലാം അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ മാത്രമാണ്; ഭ്രമാത്മകദൃശ്യങ്ങളാണവ.

ഈ ലോകം ഒരു സ്വപ്നമെന്നതുപോലെ ഉല്‍പ്പന്നമായതാണ്. ജാഗ്രദ് എന്ന് പറയുന്ന അവസ്ഥ വാസ്തവത്തില്‍ സ്വപ്നാവസ്ഥതന്നെയാണ്. അത് ബോധഭിന്നമല്ല. കാരണം ബോധം മാത്രമാണ് സത്യം. ലോകം വാസ്തവത്തില്‍ നാമരൂപരഹിതമാകുന്നു.

രാമാ, പറയൂ, ഈ ലോകം അതിന്റെ എല്ലാ സന്നാഹങ്ങളോടുംകൂടി ഈ സ്വപ്ന നഗരിയില്‍ എങ്ങിനെയാണ് ദൃശ്യമായത്? ആരാണിത് മെനഞ്ഞെടുത്തത്? അതിന്റെ ശരിയായ സ്വഭാവമെന്ത്‌? എന്താണതിന്റെ ഉദ്ദേശം?

രാമന്‍ പറഞ്ഞു: ആത്മാവ്, അല്ലെങ്കില്‍ അനന്തബോധം മാത്രമാണ് ഭൂമി, മലകള്‍, എന്നുവേണ്ട എല്ലാറ്റിന്റെയും സത്ത. ആത്മാവ്, ആകാശം പോലെയാണ്. നാമരൂപരഹിതം, ഉപാധിവീതം. ഇവയൊന്നും ഒരിക്കലും ആരാലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ബോധത്തിലെ മനസ്സെന്ന ഒരു ധാരണാവിശേഷത്തില്‍ നിലകൊള്ളുന്ന സങ്കല്‍പ്പനങ്ങളായി മാത്രമേ ഇപ്പറഞ്ഞ എല്ലാത്തിനും നിലനില്‍പ്പുള്ളൂ. 

കാലം, ദൂരം, എന്നുവേണ്ട, എല്ലാമെല്ലാം ബോധത്തിന്റെ പ്രകടിതഭാവങ്ങളാണ്. പര്‍വ്വതനിരകളും അതുപോലെ ബോധമാകുന്നു. ഭൂമിയുടെ ദൃഢത, ജലത്തിന്റെ ദ്രവാവസ്ഥ മുതലായ നൈസര്‍ഗ്ഗികസ്വഭാവസവിശേഷതകള്‍ ബോധം തന്നെയാണ്. എന്നാല്‍ ഇപ്പറഞ്ഞ വസ്തുക്കള്‍ ഒന്നും നിലനില്‍ക്കുന്നില്ല. സത്തായി ഉള്ളത് ബോധം മാത്രം.

ജലത്തിന്റെ ദ്രാവകാവസ്ഥയാണ് കടലില്‍ അടിയൊഴുക്കും തിരമാലകളും ചുഴികളും ഉണ്ടാക്കുന്നത്. അതുപോലെ ബോധത്തിന്റെ അനന്ത സാദ്ധ്യതകളാണ് വൈവിദ്ധ്യമാര്‍ന്ന് പ്രകടമാകുന്നത്. ബോധത്തില്‍ ദൃഢതയും ഉറപ്പും ധാരണകളായി ഉയര്‍ന്നുവരുമ്പോള്‍ അവ മലകളും മറ്റുമാവുന്നു. അതുപോലെയാണ് മറ്റു വസ്തുക്കളും ‘ഉണ്ടാവുന്നത്’. 
 
ഈ ‘പ്രക്രിയ’യില്‍ ബോധത്തിന് മാറ്റങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല. ‘ഞാന്‍’, ‘നീ’, എന്നീ ധാരണകള്‍ ഉയര്‍ന്നുവരുന്നത് അഹൈതുകമാണ്. അനിച്ഛാപൂര്‍വ്വകമാണ്. അവയും ബോധം തന്നെയാണ്.

മനസ്സ്, ബുദ്ധി, അഹംകാരം, പഞ്ചഭൂതങ്ങള്‍, ലോകമെന്ന ഈ കെട്ടുകാഴ്ച, എല്ലാമെല്ലാം അനന്തബോധത്തില്‍ കാണപ്പെടുന്നു. അവയെല്ലാം അനന്തബോധത്തില്‍ നിന്നും ഭിന്നമല്ല താനും. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല; യാതൊന്നും നഷ്ടമായിട്ടില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.