Jan 3, 2015

691 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 691

ന ബുദ്ധ യാബുദ്ധ്യതേ ബോധോ ബോധാബുദ്ധേര്‍ന ബോദ്ധ്യതേ
ന ബുദ്ധ്യതേ വാ തേനാപി ബോദ്ധ്യോ ബോധ: കഥം ഭവേത് (6.2/194/11)
രാമന്‍ പറഞ്ഞു: ദേവന്മാര്‍ക്കും മഹര്‍ഷിവര്യന്മാര്‍ക്ക് പോലും അപ്രാപ്യമായ ആദിയന്തരഹിതമായ ആ പരംപൊരുള്‍ മാത്രമേ എങ്ങും എന്നും പ്രഭാസിക്കുന്നതായുള്ളു. എന്താണ് ലോകം? എന്താണീ വിഷയം?
എകതയെയും വൈവിദ്ധ്യതയേയും കുറിച്ചുള്ള ചര്‍വ്വിതചര്‍വ്വണം ഇനി മതി. ആദ്യമേയുണ്ടായിരുന്ന പ്രശാന്തതയ്ക്ക് മാറ്റമേതുമില്ല. ആകാശത്ത് ആകാശം എപ്രകാരമുണ്ടോ അതുപോലെയാണ് ബ്രഹ്മം എന്ന അനന്തബോധത്തില്‍ സൃഷ്ടിയുണ്ടായത്. ജീവനില്‍ ഈ അറിവ് നിറവാകുമ്പോള്‍ സംസാരമെന്ന പിശാചിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാം. എങ്കിലും വല്ലപ്പോഴും അതതിന്റെ തല പുറത്തുകാട്ടിയെന്നുമിരിക്കും. 
അജ്ഞാനസൂര്യന്‍ അസ്തമിക്കുമ്പോള്‍ ആകുലതകളുടെ ചൂട് ഇല്ലാതാകുന്നു. സംസാരമെന്ന പകല്‍വെളിച്ചവും അതോടെ ഇല്ലാതാകുന്നു. അജ്ഞാനവിമുക്തനായ സത്യജ്ഞാനി ലോകത്തിലെ പലവിധങ്ങളായ കര്‍മ്മങ്ങളിലും ആമഗ്നനാവുന്നു. ജനനമരണ ജരാനരകള്‍ ലോകനിയതിക്കനുസരിച്ചു നടക്കുന്നു.

സത്യത്തില്‍ ജ്ഞാനിയില്ല, അജ്ഞാനമില്ല, വിഭ്രമമില്ല, ആകുലതകളില്ല, സുഖങ്ങളുമില്ല.
സത്യത്തില്‍ ജ്ഞാന-അജ്ഞാനങ്ങള്‍, സുഖദുഖങ്ങള്‍ എല്ലാമെല്ലാം ബ്രഹ്മം മാത്രമാകുന്നു. ജ്ഞാനത്തിന്റെ നിറവില്‍ അത് ബ്രഹ്മമാകുന്നു. ജ്ഞാനത്തിന്റെ അഭാവത്തില്‍ ബ്രഹ്മേതരം എന്ന് പറയാവുന്ന യാതൊന്നും ഇല്ലാ താനും.

എന്നില്‍ പ്രബുദ്ധത ഉണര്‍ന്നിരിക്കുന്നു. എന്നിലെ വികലചിന്തകള്‍ക്കവസാനമായിരിക്കുന്നു. എന്നില്‍ സമതയും പ്രശാന്തതയും നിറഞ്ഞിരിക്കുന്നു. ഞാന്‍ ‘അതാണ്‌’. ലോകത്തെ ഞാന്‍ നിശ്ശൂന്യതയായി അറിയുന്നു.

എന്നിലെയീ നിറവിന്‌ മുന്പ് ബ്രഹ്മം ഉണ്ടായിരുന്നു; എന്നാലത് ആത്മ-അവിദ്യയായിരുന്നു. ഇന്നോ, അത് ആത്മ-ജ്ഞാനമാണ്.

ആകാശം ശൂന്യവും, അവിഭാജ്യവും, നീലവര്‍ണ്ണവുമാണെപ്പോഴും എന്നതുപോലെ ജ്ഞാനം, അജ്ഞാനം അല്ലെങ്കില്‍ അറിഞ്ഞത്, അറിയാത്തത് എന്നിങ്ങിനെ വേര്‍തിരിച്ചതെല്ലാം എപ്പോഴും ബ്രഹ്മം മാത്രമാണ്.

ഞാന്‍ നിര്‍വാണമാണ്. എന്നിലെ സംശയങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഞാന്‍ നിത്യസ്വതന്ത്രനായിരിക്കുന്നു. ഞാന്‍ പ്രസാദവാനും അനുഗൃഹീതനുമായിരിക്കുന്നു. ഞാന്‍ അനന്തനാണ്. എല്ലായ്പ്പോഴും ഞാനുണ്ട്, ഞാന്‍ ശൂന്യം, ഞാന്‍ പ്രശാന്തി. ഈ പരമപ്രശാന്തിയെത്ര ഉത്കൃഷ്ടം! വിഷയങ്ങളെക്കുറിച്ചുള്ള അറിവും ആശയും അറ്റുപോയിരിക്കുന്നു.

ഇനിയൊരിക്കലും നഷ്ടപ്പെടാത്ത വിധത്തില്‍ എന്നില്‍ സത്യസാക്ഷാത്ക്കാരം  നിറവായിരിക്കുന്നു. പ്രബുദ്ധമായ മേധാശക്തിയില്‍ എല്ലാറ്റിനെയും യഥാതഥമായിക്കാണാന്‍, അനുഭവിക്കാന്‍ എനിക്കാവുന്നു. എണ്ണമറ്റ ലോകങ്ങള്‍ അനന്തബോധത്തില്‍ ഉണ്ടായി മറഞ്ഞുകൊണ്ടേയിരിക്കുന്നു. അവയില്‍ ചിലത് ചിലര്‍ക്ക് ദൃശ്യവും മറ്റുചിലത് അദൃശ്യവുമാണ്. അവയെ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കാവും?

അവയവവങ്ങളും ജീവികളും തമ്മിലുള്ള അന്തരം തുലോം വാക്കുകളില്‍ മാത്രമാണ്. ലോകവും ബ്രഹ്മവും തമ്മിലുള്ള ബന്ധവും അതുപോലെയാണ്

ബ്രഹ്മം മാത്രമേയുള്ളൂ. ലോകം മിഥ്യയാകുന്നു. ഈ സത്യം നിറയുമ്പോള്‍ എല്ലാവിധ ആശകള്‍ക്കും അന്ത്യമായി. അതാണ്‌ പരമപ്രശാന്തി, നിര്‍വ്വാണം.


“ഈ പ്രബുദ്ധതയെന്നില്‍ നിറച്ചത് ബുദ്ധിയോ മേധാശക്തിയോ അല്ല. ബുദ്ധിശക്തിയെ അടക്കിയൊതുക്കിയുമല്ല ഇത് സാധിച്ചത്. സ്വയം അറിയാനുള്ള  വസ്തുവല്ലാത്തതിനാല്‍ പ്രബുദ്ധതയ്ക്ക് അവബോധമില്ല. അത് അവബോധത്തിനു പാത്രമല്ല.” 

No comments:

Post a Comment

Note: Only a member of this blog may post a comment.