ബലോ ലീലാമിവ ത്യക്തശങ്കം സംസാരസംസ്ഥിതം
യാവദ്ദേഹമിമാം സാധോ പാലയാമ്യമലൈകദൃക് (6.2/201/29)
അപ്പോള്‍ വസിഷ്ഠന്‍ രാമനോട് ചോദിച്ചു: രാമാ, നിനക്കിനി
എന്താണ് എന്നോടു ചോദിക്കാനുള്ളത്? ഇപ്പോള്‍ നീയീ വിശ്വത്തെ കാണുന്നത് എങ്ങിനെയാണ്?
നിന്റെ ആന്തരാനുഭവം ഇപ്പോളെങ്ങിനെയാണ്?
രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങയുടെ കൃപയാല്‍ ഞാന്‍ പൂര്‍ണ്ണമായും
പ്രബുദ്ധനായിരിക്കുന്നു. എല്ലാ മാലിന്യങ്ങളും എന്നെ വിട്ടകന്നു. എന്നിലെ
തെറ്റിദ്ധാരണകളും വിഭ്രമങ്ങളും പൊയ്പ്പോയിരിക്കുന്നു. എന്നെ ബന്ധിച്ചിരുന്ന എല്ലാ
കെട്ടുപാടുകളും അഴിഞ്ഞുപോയിരിക്കുന്നു. എന്നിലെ മേധാശക്തിക്കിപ്പോള്‍
സ്ഫടികത്തിളക്കമുണ്ട്. മനസ്സില്‍ കൂടുതലായി ഒന്നും അറിയണമെന്നുള്ള
ത്വരയില്ലിപ്പോള്‍. എനിക്ക് ഒന്നുമായും ബന്ധമില്ല. ബന്ധുക്കളോ, ശാസ്ത്ര
ഗ്രന്ഥങ്ങളോ എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. സന്യാസം പോലും എന്നെ ആകര്‍ഷിക്കുന്നില്ല.
ഞാനീ ലോകത്തെ ശുദ്ധവും അനന്തവും
അവിഭാജ്യവുമായ ബോധമായി കാണുന്നു. അല്ലെങ്കില്‍ ലോകമെന്നത് വെറും ശൂന്യതയാണ്. കാരണം
ഭ്രമാത്മകമായ കാഴ്ചകള്‍ ഇല്ലാതാവുന്നതോടെ ലോകവും ഇല്ലാതെയാവുമല്ലോ. അങ്ങ്
പറയുന്നതെന്തും ഞാന്‍ ചെയ്യാന്‍ ജാഗരൂകനാണ്. ഞാന്‍ എന്നില്‍ സഹജമായി വരുന്ന കര്‍മ്മങ്ങളെ
യാതൊരാസക്തിയും കൂടാതെ ആഘോഷമോ വിഷാദമോ ഇല്ലാതെ ചെയ്തുകൊള്ളാം. എന്നിലിനി
ഭ്രമക്കാഴ്ച്ചകളില്ല.
ഈ സൃഷ്ടിജാലം മറ്റെന്തെങ്കിലും
ആയി മാറുകയോ വിശ്വപ്രളയത്തിന്റെ കൊടുങ്കാറ്റടിക്കുകയോ ചെയ്തുകൊള്ളട്ടെ. എന്റെ
രാജ്യം സമ്പല്‍സമൃദ്ധമായിത്തീര്‍ന്നാലുമില്ലെങ്കിലും ഞാന്‍ ആത്മജ്ഞാനത്തില്‍
ആമഗ്നനാണ്.
ഞാനിപ്പോള്‍ പ്രശാന്തനാണ്.
എന്റെ ദൃഷ്ടിയിപ്പോള്‍ തെളിഞ്ഞിരിക്കുന്നു. എന്റെ സഹജഭാവം എന്തെന്ന് പറഞ്ഞു മനസ്സിലാക്കിത്തരുക ദുഷ്ക്കരമാണ്. എന്നില്‍ ആശകളും ആസക്തികളും ഇല്ലിപ്പോള്‍. ഞാന്‍
മറ്റു രാജാക്കന്മാരെപ്പോലെ ഭരണം കയ്യാളി ജീവിക്കും. മറ്റുള്ളവര്‍ പ്രബുദ്ധരായാലും
ഇല്ലെങ്കിലും എന്നില്‍ മാനസീകമായി യാതൊരാകുലതകളും ഉണ്ടാവുകയില്ല. എന്നില്‍
സമതാഭാവമാണിപ്പോള്‍.
“ഈ ദേഹമുള്ളിടത്തോളം കാലം ഞാനീ
രാജ്യഭാരം കയ്യാളും. ശുദ്ധമായ കാഴ്ചപ്പാടോടെ സംസാരത്തെക്കുറിച്ചുള്ള എല്ലാ
സംശയങ്ങളും തീര്‍ന്ന് ഒരു കുട്ടിയെങ്ങിനെ കളികളില്‍ ഏര്‍പ്പെടുമോ അങ്ങിനെ ഞാനുമീ
ജീവിതം നയിക്കും”
വസിഷ്ഠന്‍ പറഞ്ഞു: ഭേഷ്, രാമാ,
ബലേ ഭേഷ്. നീ തീര്‍ച്ചയായും സുഖദുഖങ്ങള്‍ക്ക് അതീതമായ ആ പരമപദം
പ്രാപിച്ചിരിക്കുന്നു. ഇഹലോകത്തിനും പരലോകത്തിനും അതീതമായ സത്യത്തെ നീ
കണ്ടെത്തിയിരിക്കുന്നു.
ഇനി
നീ വിശ്വാമിത്ര മഹര്‍ഷിയുടെ അനുജ്ഞകള്‍ പൂര്‍ത്തീകരിച്ചശേഷം രാജ്യഭാരം വഹിക്കുക.
സഭ
വീണ്ടും ഹര്‍ഷാരവം മുഴക്കി.
രാമന്‍
പറഞ്ഞു: ഭഗവന്‍, അഗ്നിയെങ്ങിനെ സ്വര്‍ണ്ണത്തെ നിര്‍മ്മലമാക്കുന്നു, അതുപോലെ അങ്ങ്
ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചിരിക്കുന്നു. സ്വന്തം
ദേഹമാണെല്ലാം എന്ന് കരുതിയിരുന്നവരിപ്പോള്‍ വിശ്വത്തെ ഒന്നാകെ ആത്മാവായി ദര്‍ശിക്കുന്നു.
ഞാന്‍ ഇപ്പോള്‍ സംശയലേശമില്ലാത്തവനാണ്. ഞാന്‍ അസ്തിത്വത്തിന്റെ
പരമകാഷ്ഠയിലാണിപ്പോള്‍. ശാശ്വതവും അവ്യയവുമായ ആനന്ദം എന്നിലങ്കുരിച്ചിരിക്കുന്നു.
പരമവിജ്ഞാനമൂറുന്ന വാക്കുകളാകുന്ന അമൃതുണ്ട് എന്റെ ഹൃദയം ശുദ്ധമായ
ആനന്ദമനുഭവിക്കുന്നു. ലോകമിപ്പോള്‍ ശാശ്വതവും അനന്തവുമായ സത്തായി എന്നില്‍
തെളിഞ്ഞത് അങ്ങയുടെ കൃപയാല്‍ മാത്രമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.