Jan 11, 2015

705 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 705

വിധീനാം പ്രതിഷേധാനാം ലോകസംസ്ഥാപ്രയോജനം
സൈവ സംവിദി രൂഢത്വാത്പ്രേത്യാപി ഫലദാ സ്ഥിതാ (6.2/208/19)

വസിഷ്ഠന്‍ പറഞ്ഞു: ബോധം എന്തെന്ത്‌ എപ്പെപ്പോള്‍ സങ്കല്‍പ്പിക്കുന്നുവോ അതനുഭവമാകുന്നു. അതുപോലെ അനുഗ്രഹങ്ങളും ശാപങ്ങളും അവയുടെ ശക്തിയാര്‍ജ്ജിക്കുന്നത് അനന്തബോധത്തില്‍നിന്നാണ്. ബോധത്തില്‍ ഉയര്‍ന്നുണരുന്ന സമുചിതമായ ധാരണകളാലാണ് യമനിയമങ്ങള്‍ക്ക് പ്രബലതയും സാധുതയും കൈവരുന്നത്.  
ഈ ലോകത്ത് ദേഹമെടുത്ത് ജീവിക്കുന്നവര്‍ക്ക് അവബോധിക്കാവുന്നതിനും അതീതമാണ് സൃഷ്ടിയാദ്യത്തിനു മുന്‍പുള്ള അവസ്ഥ. അതിനാലവര്‍ ആ അവസ്ഥ ‘അനസ്തിത്വ’മാണ് എന്ന് പറയുന്നു. എന്തൊക്കെയായാലും അസ്തിത്വാനസ്തിത്വ തലങ്ങള്‍ അനന്തബോധത്തിന്റെ ഇമകള്‍ ചിമ്മുന്നതുപോലെ മാത്രമാണ്.

ദിവാസ്വപ്നവേളകളില്‍ ഇമവെട്ടുന്ന സമയംകൊണ്ട് സങ്കല്‍പ്പലോകങ്ങള്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും നമുക്കാവുന്നു. അതുപോലെയാണ് അനന്തബോധം വിശ്വസൃഷ്ടി നടത്തുന്നതും അവയെ വിലയിപ്പിക്കുന്നതും.

അനന്തബോധത്തില്‍ ഉയരുന്ന ധാരണാസങ്കല്‍പ്പങ്ങള്‍ മാത്രമാണീ വിശ്വം. എന്നാല്‍ അത് യാതൊന്നും ചെയ്യുന്നില്ല. എല്ലായിടത്തും നിറഞ്ഞു വിളങ്ങുന്നതിനാല്‍, സര്‍വ്വവ്യാപിയായതിനാല്‍ അതിനു വിഘാതങ്ങള്‍ ഒന്നുമില്ല. എന്ത് സങ്കല്‍പ്പങ്ങള്‍ വേണമെങ്കിലും വിക്ഷേപിക്കാനും അവയെ ആവരണം ചെയ്യാനും ബോധത്തിനാകും.

“യമനിയമാദികള്‍ ഇവിടെയുള്ളത് ഒരു സാമൂഹിക ക്രമം വെച്ചുപുലര്‍ത്താന്‍വേണ്ടി മാത്രമാണ്. എന്നാല്‍ യമനിയമങ്ങളും ബോധത്തില്‍ രൂഢമായതിനാല്‍ ഇഹലോകത്തും പരലോകത്തും അവയ്ക്ക് ഫലപ്രാപ്തിയുണ്ട്.”

ബ്രഹ്മം ഒന്നും ആയിത്തീരുന്നില്ല. ആകാതിരിക്കുന്നുമില്ല. എന്നാല്‍ വിഷയ-വിഷയീ ബന്ധം ബോധത്തില്‍ ഉയര്‍ന്നുപൊങ്ങുമ്പോള്‍ ബോധത്തില്‍ ഭാവുകത്വം ഉണ്ടാവുന്നു. അതിലെ വിഷയമാണ് സൃഷ്ടി. എന്നാല്‍ ബ്രഹ്മം ആ ബന്ധുതയെ പിന്‍വലിക്കുമ്പോള്‍ സ്വയം ബ്രഹ്മത്തില്‍ ബ്രഹ്മമായി വര്‍ത്തിക്കുമ്പോള്‍ അത് അനന്തവിഹായസ്സായി, അനന്തപ്രശാന്തതയായി നിലകൊള്ളുന്നു. കാറ്റില്‍ ചലനമെന്നതുപോലെ  അസ്തിത്വാനസ്തിത്വങ്ങള്‍ ബ്രഹ്മത്തില്‍ സഹജമാകുന്നു.

വീണ്ടും വീണ്ടും കാണുന്ന ദിവാസ്വപ്നമെന്നതുപോലെ വാര്‍ദ്ധക്യം, മരണം മുതലായ കാലവിഭജനങ്ങള്‍ അനന്തബോധത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിക്ഷേപിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാണ് സസ്യജാലങ്ങളും പച്ചമരുന്നുകളും എന്നുവേണ്ട വൈവിദ്ധ്യതയാര്‍ന്ന വസ്തുക്കളെല്ലാം ത്രിലോകങ്ങളിലും ഉല്‍പ്പന്നമായത്.

ഒരേയൊരനന്തബോധമാണ് അനന്തസങ്കല്‍പ്പങ്ങളെ അനന്തവൈവിദ്ധ്യതയായി അവതരിപ്പിക്കുന്നത്. എല്ലാറ്റിലും പ്രഭാസിക്കുന്നത് ഏകവും അദ്വയവുമായ ബ്രഹ്മം ഒന്നുമാത്രം! 

No comments:

Post a Comment

Note: Only a member of this blog may post a comment.