ഏതാവദേവ ബോധസ്യ ബോധത്വം യദ്വിതൃഷ്ണതാ!
പാണ്ഡിത്യം നാമ തന്‍മൌര്‍ഖ്യം യത്ര നാസ്തി വിതൃഷ്ണതാ (6.2/194/34)
രാമന്‍ പറഞ്ഞു: നട്ടുച്ചയ്ക്ക് സൂര്യപ്രകാശം
ജാജ്വല്യമാനമാകുന്നതുപോലെ സ്വയമേവയാണ് പ്രബുദ്ധത അല്ലെങ്കില്‍ സാക്ഷാത്കാരം
ഉണ്ടാവുന്നത്. പ്രബുദ്ധനില്‍ എല്ലാ ആശകളും ആശങ്കകളും അസ്തമിച്ചിരിക്കുന്നു.
അതിനാല്‍ നിര്‍വ്വാണപദം അയാളെ തേടിയെത്തുന്നത് അനിഛാപൂര്‍വ്വമായാണ്.
അയാള്‍ സദാ ധ്യാനനിരതനാണ്. അയാള്‍ തന്റെ സ്വഭാവത്തില്‍
സുദൃഢചിത്തനാണ്. അയാള്‍ യാതൊന്നിനായും ആശിക്കുകയോ ഒന്നിനെയും നിരാകരിക്കുകയോ
ചെയ്യുന്നില്ല.
കത്തിച്ചുവെച്ച വിളക്കിന്റെ
പ്രകാശത്തില്‍ എല്ലാ കര്‍മ്മങ്ങളും നടക്കുന്നുവെങ്കിലും വിളക്കിന് ആ കര്‍മ്മങ്ങളില്‍
യാതോരു പ്രതിപത്തിയുമില്ല. പ്രബുദ്ധന്‍ ജീവിക്കുന്നു, കര്‍മ്മങ്ങള്‍
അനുഷ്ഠിക്കുന്നു. എന്നാല്‍ അതെല്ലാം അനിഛാപൂര്‍വ്വമത്രേ.
അനന്താവബോധം മാത്രമേയുള്ളൂ. അത്
സൃഷ്ടിയായി പ്രകടമാവുന്നു. അതിനെ ബ്രഹ്മം എന്നും വിളിക്കുന്നു. ഇത് സമ്യക്കായി
‘കാണുന്നവന്‍' ശാന്തിയറിയുന്നു.
ലോകവിഷയങ്ങളും
വസ്തുക്കളുമൊന്നും ബ്രഹ്മഭിന്നമല്ല. ഇതിനുമപ്പുറം സത്യജ്ഞാനികള്‍ അനിര്‍വചനീയവും
അവര്‍ണ്ണനീയവുമായ അനന്തത്തില്‍ വിരാജിക്കുന്നു. ‘ഇത് മാത്രമാണ് ഉണ്മ’ എന്നും
മറ്റുമുള്ള വിവരണങ്ങള്‍ പോലും അപര്യാപ്തം.
സംസാരം ദുഖമയമാകുമ്പോള്‍
പ്രശാന്തശീതളിമയാണ് നിര്‍വാണപദം. തടിയില്‍ ഇനിയും കൊത്തിയെടുത്തിട്ടില്ലത്ത
ശില്പമെന്നതുപോലെ അനന്തബോധത്തില്‍ സംസാരം നിലകൊള്ളുന്നു. അത് അവിച്ഛിന്നമാണ്.
വിവിധ ജീവികള്‍ ആ ശില്‍പ്പത്തെക്കാണുന്നത് വിവിധരീതികളില്‍ ആണ്. അത്
സുഖാനുഭവമാണെങ്കിലും നിര്‍വ്വാണമാണെങ്കിലും ഓരോരുത്തരും അവരവര്‍ക്ക് യോജിച്ച 'ശില്‍പ്പത്തെ' അവരവരുടെ ആഗ്രഹത്തിനൊത്ത്, വാസനയ്ക്കൊത്ത് രൂപപ്പെടുത്തുകയാണ്.
എന്നാല്‍ ഇതെല്ലാം വാസ്തവത്തില്‍
ആത്മാവ് മാത്രമാണ്. കൊത്തിയെടുത്ത ശില്‍പ്പങ്ങളും തടിതന്നെയാണല്ലോ. സ്വപ്നത്തില്‍
ബന്ധുക്കള്‍ മരിക്കുന്ന കാഴ്ചയ്ക്ക് ഉണരുമ്പോള്‍ ദുഖമുണ്ടാക്കാന്‍ കഴിയില്ല.
അതുപോലെ പ്രബുദ്ധന്‍ ലോകമെന്ന കാഴ്ചയാല്‍ ബാധിക്കപ്പെടുന്നില്ല. എല്ലാമെല്ലാം
ഒരേയൊരു അനന്തബോധം മാത്രമെന്ന അറിവില്‍ എല്ലാ വിഭ്രമങ്ങളും ഇല്ലാതാവുന്നു.
ആശകള്‍ക്ക് അന്തമായി. ആശകളുടെ, അന്ത്യം പ്രബുദ്ധതയെ
പ്രോജ്വലിപ്പിക്കുന്നു. പ്രബുദ്ധത ആശകളെ അവസാനിപ്പിക്കുന്നത് കൂടുതല്‍
തീവ്രമാക്കുകയും ചെയ്യുന്നു.
“പ്രബുദ്ധതയുടെ മുഖ്യലക്ഷണം
ആശകളുടെ, ആര്‍ത്തിത്വരകളുടെ അന്ത്യമാണ്. ആശകളൊടുങ്ങാത്തപ്പോള്‍ പ്രബുദ്ധതയില്ല.
എന്നാല്‍ ശാസ്ത്രപരമായി നോക്കിയാല്‍ ആശകള്‍ വാസ്തവത്തില്‍ അജ്ഞാനമാണ്. കുടിലതയാണ്.
ആഗ്രഹവിരാമവും
പ്രബുദ്ധതയും പരസ്പരം പ്രോല്‍സാഹിപ്പിക്കുന്നില്ലെങ്കില്‍
അവ രണ്ടും അസത്താണ്. പൂര്‍ണ്ണപ്രബുദ്ധതയില്‍ ഉദിക്കുന്ന ആഗ്രഹവിരാമം മോക്ഷമാണ്.
ഇതുണ്ടായിക്കഴിഞ്ഞാല്‍ ഒരുവന്‍ പിന്നീട് ദുഖിക്കുന്നില്ല. ജീവിതം മുന്നോട്ടു
പോകുന്നതിനു യാതൊരു തടസ്സങ്ങളുമില്ല. ആത്മാരാമനായി വര്‍ത്തിക്കുമ്പോള്‍ അയാള്‍
ആനന്ദം അനുഭവിക്കുന്നു. ആശകള്‍ അടങ്ങിയതിനാല്‍ അയാളില്‍ അഹംകാരമില്ല. അയാളുടെ കര്‍മ്മങ്ങള്‍
അനിച്ഛാപൂര്‍വമാകുന്നു. ആ ജീവിതം പൂര്‍ണ്ണനിര്‍മ്മലമാണപ്പോള്‍. കോടികളില്‍ ഒരാള്‍ക്ക്
ഈയവസ്ഥയില്‍, ശുദ്ധസത്തയില്‍ ഒരുപക്ഷേ എത്താനാകും.
No comments:
Post a Comment
Note: Only a member of this blog may post a comment.