പ്രബുദ്ധസ്യൈവ യാ പുംസ:
ശിലാജഠരവതിസ്ഥിതി:
ശാന്തൌ വ്യവഹൃതൌ വാ പി സാമലാ
മുക്തതോച്യതേ (6.2/195/4)
വസിഷ്ഠന്‍ പറഞ്ഞു: ഭേഷ്, രാമാ
ഭേഷ്! നീ തീര്‍ച്ചയായും പ്രബുദ്ധതയില്‍ എത്തിയിരിക്കുന്നു. നിന്റെ വാക്കുകളില്‍
അതിന്റെ ആര്‍ജ്ജവവും പ്രഭാവവും എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഇവിടെ
നിലകൊള്ളുന്നു എന്ന് തോന്നിയിരുന്ന അയാഥാര്‍ത്ഥ്യം, അതിനെപ്പറ്റി ചിന്തകള്‍
ഇല്ലാതിരിക്കുമ്പോള്‍ അപ്രത്യക്ഷമാവുന്നു. പരമപ്രശാന്തതയാണ് നിര്‍വ്വാണം. അതാണ്
പരമസത്യം.
“വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍
ആമഗ്നമായിരിക്കുമ്പോഴും പ്രബുദ്ധന്‍ പാറയുടെ മദ്ധ്യഭാഗത്തു ജീവിക്കുന്നതുപോലെ,
സുദൃഢമായി, അചഞ്ചലമായി, ഏകനും പ്രശാന്തനുമായി വര്‍ത്തിക്കുന്നു. അതാണ് ശരിയായ
നൈര്‍മ്മല്യം. അതാണ് മുക്തി.” കര്‍മ്മനിരതരാണെങ്കിലും രാമാ, നാം ആ തലത്തിലാണിപ്പോള്‍
വര്‍ത്തിക്കുന്നത്. നീയും അതില്‍ നിന്നും വ്യതിചലിക്കാതെ സ്വധര്‍മ്മം ആചരിച്ചാലും.
രാമാ, ഇനി നീ പറയൂ, എങ്ങിനെയാണ്
നിലനില്‍ക്കുന്നു എന്ന് തോന്നുന്ന ഈ ലോകത്തെ നിശ്ശൂന്യമെന്നു മനസ്സിലാക്കുന്നത്?
ലോകം മിഥ്യയാണെന്നു സാക്ഷാത്ക്കരിക്കുന്നത്?
രാമന്‍
പറഞ്ഞു: ലോകത്തിന്റെ ആദിയിലും ലോകം സൃഷ്ടിക്കപ്പെട്ടിട്ടില്ല. അപ്പോള്‍പ്പിന്നെ
ലോകം ഇപ്പോള്‍ നിലനില്‍ക്കുന്നു എന്നെങ്ങിനെ പറയാന്‍ കഴിയും?അതിനു
കാരണമൊന്നുമില്ല- കാരണമില്ലാതെ കാര്യത്തിന് നിലനില്‍പ്പുണ്ടോ? മാറ്റം
എന്നുപറഞ്ഞാല്‍ ഒരവസ്ഥയുടെ അവസാനവും മറ്റൊന്നിന്റെ തുടക്കവുമാണല്ലോ. മാറ്റങ്ങള്‍ക്കു
വിധേയമല്ലാത്ത സത്തിനെ സംബന്ധിച്ചിടത്തോളം മാറ്റമെന്നത് അസംബന്ധമാണ്. ഈ ലോകം
ബ്രഹ്മം എന്ന സത്തില്‍ ആരോപിച്ച കെട്ട് കാഴ്ച്ചമാത്രമാണ്. അത് വെറും
ഭ്രമമാകുന്നു.
സ്വപ്നത്തില്‍
ഒരു നിമിഷംകൊണ്ട് ഒരു ജന്മം മുഴുവന്‍ അനുഭവിച്ചു തീര്‍ക്കാം. അതുപോലെ തന്നെയാണ്
സൂര്യചന്ദ്രന്മാരെ അവലംബിച്ച് കാലമെന്ന അനുഭവവും.
അനന്തബോധത്തില്‍
സൃഷ്ടിയെന്ന ധാരണ ഉണ്ടെന്നു തോന്നുന്നത്, അതിന്റെ കാലദേശസംബന്ധിയായ എല്ലാ വൈഭവങ്ങളോടും കൂടിയാണ്. ഈ ‘അസത്ത്’
പ്രവര്‍ത്തനോന്മുഖമാണെന്ന് തോന്നിയാലും അത് മിഥ്യയാകുന്നു. ആകസ്മികമായി ഉല്‍പ്പന്നമായ
ധാരണാവിശേഷം ആവര്‍ത്തനം കൊണ്ട് രൂഢിയാര്‍ജ്ജിക്കുന്നു. മിഥ്യക്ക് എങ്ങിനെ സത്യഭാവം
കൈക്കൊള്ളാനാവും? അതിനെങ്ങിനെ യാഥാർത്ഥ്യഭാവത്തില്‍ നിലകൊള്ളാനാകും? ഒരുപക്ഷെ
സത്തും അസത്തും മിഥ്യയാണ്. എല്ലാം നിശ്ശൂന്യം. എന്തൊക്കെയുണ്ടോ, അതിന്റെ ഉണ്മ
സത്യം. അത് ആകാശംപോലെ സ്പഷ്ടം, പാറയുടെ അകംപോലെ ഘനസാന്ദ്രം, നിശ്ശബ്ദം, പ്രശാന്തം,
അനന്തം!
അങ്ങിനെയാണ്
സൃഷ്ടി. അത് നിത്യശുദ്ധപ്രബുദ്ധമായ അനന്തബോധത്തിലാണ് നിലകൊള്ളുന്നത്. എല്ലാ
ചിന്തകളുടെയും ധാരണകളുടെയും സത്തയാണ്. അനന്തബോധത്തിന്റെ സൂക്ഷ്മശരീരമെന്നതുപോലെയാണത്
കാണപ്പെടുന്നത്. ഈ സൂക്ഷ്മദേഹത്തില്‍ ഉയരുന്ന ശുദ്ധാനുഭവം അല്ലെങ്കില്‍ അവബോധമാണ്
സൃഷ്ടിയായി പ്രഭാസിക്കുന്നത്. സൃഷ്ടി ബ്രഹ്മമാകുന്നു.
പരബ്രഹ്മത്തിലാണ്
സൃഷ്ടി. പരബ്രഹ്മമാണ് സൃഷ്ടി. അവതമ്മില്‍ അന്തരമേതുമില്ല. അതിനാല്‍
പരമപ്രശാന്തതതന്നെയാണത്. വാസ്തവത്തില്‍ സൃഷ്ടിയോ ചലനമോ കര്‍മ്മങ്ങളോ ഇല്ല.
സ്വപ്നത്തെ സ്വപ്നമെന്ന് തിരിച്ചറിയുമ്പോള്‍ എല്ലാ തെറ്റിദ്ധാരണകളും അവസാനിച്ചു.
അവബോധം
തനിക്ക് അവബോധിക്കാനുള്ള വസ്തുവിനെ, വിശ്വത്തെ
നിരാകരിച്ച് അനന്തബോധത്തില്‍ വിശ്രാന്തിയടയുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.