ന വിനശ്യത എവേദം തത: പുത്ര ന വിദ്യതേ
നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത: (6.2/213/11)
വസിഷ്ഠന്‍ തുടര്‍ന്നു: നീയിപ്പോള്‍ എന്നോടു ചോദിച്ചതുപോലെ
കഴിഞ്ഞുപോയ ഒരു യുഗത്തിലും നീ ഇത് ചോദിച്ചിരുന്നു. അപ്പോഴും നീയെന്റെ ശിഷ്യനും
ഞാന്‍ നിന്റെ ഗുരുവുമായിരുന്നു. ഞാനപ്പോഴത്തെ ചര്‍ച്ചകള്‍ കൃത്യമായി ഓര്‍മ്മിക്കുന്നു.
ശിഷ്യന്‍ ചോദിച്ചു: ഭഗവന്‍, ലോകചക്രം അവസാനിക്കുമ്പോള്‍
അവസാനിക്കുനതെന്താണ്? എന്താണ് നശിക്കുന്നത്?
ഗുരു പറഞ്ഞു: മകനേ, എന്തെല്ലാം കാണപ്പെടുന്നോ അവയെല്ലാം
നശിക്കും. ദീര്‍ഘസുഷുപ്തിയില്‍ ആമഗ്നമാവുമ്പോള്‍ സ്വപ്നത്തില്‍ക്കാണുന്ന ലോകം
ഇല്ലാതാവുന്നതുപോലെയാണത്.
ഈ ലോകങ്ങളും അതില്‍ ‘ഉറച്ചു’
നില്‍ക്കുന്ന പരവ്വത നിരകളടക്കം എല്ലാമെല്ലാം അവസാനം ഇല്ലാതാവും. മാത്രമല്ല,
കാലവും കര്‍മ്മവും ലോകത്തിലെ യമനിയമ ക്രമങ്ങളുമെല്ലാം നശിച്ചുപോകും. എല്ലാ
ജീവജാലങ്ങളും ആകാശംപോലും ഇല്ലാതെയാവും. കാരണം ആകാശത്തെപ്പറ്റി ചിന്തിക്കാന്‍
ആരുമില്ലാത്തപ്പോള്‍ ആകാശത്തിനു എവിടെയാണ് നിലനില്‍ക്കാനാവുക?
ദൈവിക സത്വങ്ങള്‍ പോലും-
സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്, സ്ഥിതികാരകനായ മഹാവിഷ്ണു, സംഹാരകനായ പരമശിവന്‍ - എല്ലാം
നാമമടക്കം സമൂലം ഇല്ലാതെയാവും.പിന്നെയെന്താണ് അവസാനിക്കുക? ബോധം. അനന്തബോധം.
എന്നാല്‍ ഇപ്പറയുന്ന ബോധമെന്ന സംജ്ഞപോലും ഇപ്പോഴത്തെ അറിവിന്റെയും
അനുഭവത്തിന്റെയും വെളിച്ചത്തില്‍ പറയുന്നതാണ്.
ശിഷ്യന്‍ ചോദിച്ചു:
ഇല്ലാത്തതിന് ഉണ്മയില്ല എന്നും ഉള്ളതിനു നാശമില്ല എന്നും ഞാന്‍ കേട്ടിരിക്കുന്നു.
അപ്പോള്‍ നാമിക്കാണുന്നതിന്റെ നാശമെങ്ങിനെ സാധിക്കും?
ഗുരു പറഞ്ഞു: “മകനേ, ‘ഇത്’
നശിക്കുന്നതല്ല. അതിനാലാണ് ‘ഇത്’ കാണപ്പെടുന്ന വസ്തുവല്ല എന്ന് പറയുന്നത്.
അസത്തില്‍ ഉണ്മ ഭവിക്കുന്നില്ല. സത്തിന് ഉണ്മയുടെ അഭാവവുമില്ല.”
ഒരിക്കലുമൊരിടത്തും ഇല്ലാത്തവ
അഭാവിതങ്ങളാണ്. അവയെക്കെങ്ങിനെ നശിക്കാനാകും?
മരുഭൂമിയിലെ
കാനല്‍ജലത്തില്‍ എന്താണ് ശാശ്വതമായുള്ളത്? ഭ്രമക്കാഴ്ചയില്‍ എന്തിനാണ് സ്ഥിരതയുള്ളത്?
ഈ ലോകത്ത് കാണപ്പെടുന്നതെല്ലാം ഭ്രമക്കാഴ്ചയാണ്. അങ്ങിനെയുള്ള കാഴ്ചകള്‍ക്ക്
എന്തുകൊണ്ട് അവസാനമുണ്ടായിക്കൂടാ? ഉറക്കമുണരുമ്പോള്‍ സ്വപ്നം അവസാനിക്കുന്നു. ഉറക്കത്തിലേയ്ക്ക്
കടക്കുമ്പോള്‍ ജാഗ്രദവസ്ഥയുടെ അന്ത്യമായി. അതുപോലെയാണ് ലോകത്തിന്റെ അവസാനം.
ഉറക്കമുണരുമ്പോള്‍
സ്വപ്നനഗരങ്ങള്‍ എങ്ങുപോയി മറഞ്ഞു? അതുപോലെ, ഈ ലോകവും എവിടെപ്പോയി എന്ന്
നമുക്കറിയാനാവില്ല.
ശിഷ്യന്‍
ചോദിച്ചു: എന്തുകൊണ്ടാണ് ഈ ‘കാഴ്ചകള്‍’ ഉണ്ടാകുന്നതും മറയുന്നതും?
ഗുരു പറഞ്ഞു:
അനന്തബോധം മാത്രമാണ് ഇവയൊക്കെയായി കാണപ്പെടുന്നത്. ബോധ വിഭിന്നമായി ലോകമില്ല. വൈവിദ്ധ്യങ്ങളായ
കാഴ്ചകളെ പ്രകടമാക്കുമ്പോഴും ബോധത്തിന് മാറ്റങ്ങള്‍ ഒന്നുമില്ല. അതിന്റെ സഹജഭാവത്തില്‍
യാതൊരു വികല്‍പ്പവും സംഭവിക്കുന്നില്ല.
പ്രത്യക്ഷമാവലും
മറയലും ബോധത്തിന്റെ ഭാവങ്ങള്‍ തന്നെയാണ്. നീയാണ് സത്യത്തിലുള്ളത്. ജലത്തില്‍ക്കാണുന്ന
നിന്റെ പ്രതിബിംബം യാഥാര്‍ത്ഥ്യമല്ല. അത് ക്ഷണികമാണ്.
സ്വപ്നവും
സ്വപ്നരഹിതമായ അവസ്ഥയും സുഷുപ്തിയാണെന്നതുപോലെ സൃഷ്ടിയും വിലയനവും ബ്രഹ്മം തന്നെയാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.