Nov 30, 2014

665 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 665

സ്വഭാവസ്യ സ്വഭാവോസൌ കില കാരണമിത്യപി
യദുച്യതേ സ്വഭാവസ്യ സാ പര്യായോക്തികല്‍പനാ (6.2/177/29)
രാമന്‍ ചോദിച്ചു: ലോകമെന്ന കാഴ്ച അനന്തബോധത്തില്‍ ഉരുവാകുന്നതിനു കാരണങ്ങള്‍ യാതൊന്നുമില്ല. കാര്യങ്ങള്‍ അങ്ങിനെയാണെങ്കില്‍ അത്തരം ആഹേതുകസംഭവങ്ങള്‍ തുടര്‍ന്നും ലോകത്ത് ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?
വസിഷ്ഠന്‍ പറഞ്ഞു: എന്തെന്തു ധാരണകള്‍ ഒരുവന്‍ വച്ച് പുലര്‍ത്തുന്നുണ്ടോ അതെല്ലാം സത്യമെന്ന മട്ടില്‍ അവനിൽ പ്രതീതവല്‍ക്കരിക്കുന്നു. ബ്രഹ്മത്തില്‍ ഹേതുവും ഹേതുരാഹിത്യവും ഒരുപോലെയാണ്. കാരണം അത് സര്‍വ്വപ്രാഭവങ്ങളും ഉള്‍ക്കൊള്ളുന്നതാണല്ലോ? ജീവികളുടെ കാര്യമെടുത്താല്‍ ബുദ്ധികൂര്‍മ്മതയുള്ള ആളുടെ ദേഹത്തും ജഡവസ്തുക്കളായ നഖവും മുടിയുമെല്ലാം ഉണ്ട് എന്നതുപോലെയാണത്. ബ്രഹ്മേതരമായി എന്തെങ്കിലും അനുഭവമായി എന്നുവരികില്‍ അത് വികലമായ ഏതോ കാരണം കൊണ്ടാവണം. എന്നാല്‍ ഒരേയൊരനന്തബോധം എല്ലായിടത്തും പ്രഭാസിക്കുമ്പോള്‍ അതില്‍ എന്താണ് കാരണമാകുന്നത്? എന്താണതിന്റെ ഫലപ്രാപ്തി?

രാമന്‍ ചോദിച്ചു: അജ്ഞാനിയുടെ അനുഭവത്തില്‍ കാര്യകാരണബന്ധങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. ആഹേതുകമായി അജ്ഞാനിയില്‍ എന്താണുള്ളത്? അതെങ്ങിനെയാണ് നിലകൊള്ളുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ആരും അജ്ഞാനിയല്ല. അപ്പോള്‍പ്പിന്നെ ‘ഇല്ലാത്ത’ കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്ത് നാമെന്തിനു സമയം കളയണം? ചിലകാര്യങ്ങള്‍ക്ക് കാരണമുണ്ട്. മറ്റുചില കാര്യങ്ങള്‍ അഹേതുകവുമാണ്. അതൊരുവന്റെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു കാര്യത്തെ സത്തെന്നു നിനച്ചാല്‍ അത് സത്ത്.

സത്യത്തില്‍ സൃഷ്ടിയ്ക്ക് കാരണങ്ങള്‍ യാതൊന്നുമില്ല. ഈ ലോകം സൃഷ്ടിച്ചത് ദൈവമാണ് എന്നെല്ലാമുള്ള വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമാണ്. സ്വപ്നത്തിലെ നമ്മുടെ അനുഭവങ്ങള്‍ പോലെ ഇക്കാര്യത്തെ മനസ്സിലാക്കാന്‍ മറ്റുദാഹരണങ്ങള്‍ ഇല്ല.സൃഷ്ടിയെ ഒരു സ്വപ്നമെന്നതുപോലെ അവബോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭ്രമം. അതിനെ ശരിയായി അറിഞ്ഞാലോ, ഭ്രമം ഇല്ലാതാവുന്നു.

സൃഷ്ടി സംബന്ധിയായി ഊഹാപോഹങ്ങള്‍ നിറഞ്ഞ ഉദീരണങ്ങള്‍ ചെയ്യുന്നത് തികഞ്ഞ വിഡ്ഢിത്തവും മൌഢ്യവുമാണ്. ചൂടിന്റെ ‘കാരണം’ അഗ്നിയാണെന്ന് പറഞ്ഞാല്‍ അഗ്നിയ്ക്ക് നൈസര്‍ഗ്ഗികമായ സ്വഭാവം പിന്നെയെന്താണ്? ഈ ദേഹത്തിലെ മൂലഘടകങ്ങള്‍ക്ക് വാസ്തവത്തില്‍ രൂപമില്ല. അവയെല്ലാം അമൂര്‍ത്തമാണ്. അതിലോലമായ അലൌകീകപദാര്‍ത്ഥങ്ങളാണ്. അങ്ങിനെ സംജാതമായ ഭൌതീകദേഹത്തിന് കാരണമായി ഒന്നുമില്ല. മാത്രമല്ല, ‘ഇല്ലാത്തൊരു’ ലോകത്തെ ‘അനുഭവിക്കുന്ന’ ദേഹത്തിനു ഹേതുവായി എന്തുണ്ടാവാനാണ്?

“എന്തൊക്കെയുണ്ടോ, അതെല്ലാം, അവ സങ്കല്‍പ്പമാണെങ്കില്‍ക്കൂടി പ്രകൃതിയില്‍ സഹജമാകുന്നു. ‘പ്രകൃതി’ എന്ന വാക്കുപോലും വിശദീകരണാര്‍ത്ഥം ഉപയോഗിക്കുന്നു എന്നേയുള്ളു.” അതിനാല്‍ എല്ലാ വസ്തുക്കളും അവയെപ്പറ്റി നാം സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കാരണങ്ങളും മനസ്സില്‍ ഉദിച്ചു പൊങ്ങുന്ന ഭ്രമകല്‍പ്പനകള്‍ മാത്രമാണെന്ന് മനസ്സിലാക്കുക.

എല്ലാ കാര്യങ്ങളും കാരണത്തെ പിന്തുടര്‍ന്നുവരുന്നു എന്ന് ജ്ഞാനിക്കറിയാം.! 
ഒരാള്‍ താന്‍ കൊള്ളയടിക്കപ്പെട്ടതായി സ്വപ്നം കാണുന്നു. എന്നാല്‍ അത് സ്വപ്നമാണെന്ന തിരിച്ചറിവുണ്ടായാല്‍പ്പിന്നെ അയാൾക്ക്‌ ദുഖമില്ല. അതുപോലെ സത്യമറിയുമ്പോള്‍ ജീവിതത്തിലെ എല്ലാ ആകുലതകളും ഒഴിയുന്നു.

സത്യത്തില്‍ ഈ വിശ്വം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ടെന്നാല്‍  സൃഷ്ടിയ്ക്ക് ഉതകുന്ന കാരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലല്ലോ? ഈ വിശ്വം ഒരു സ്വപ്നദൃശ്യമെന്നതുപോലെ അനന്തബോധത്തില്‍ നിലകൊള്ളുന്നു. അത് ബ്രഹ്മമാകുന്നു. അത് ബ്രഹ്മത്തില്‍ത്തന്നെ പ്രോജ്വലിച്ചു നിലകൊള്ളുന്നു. സ്വപ്നവും സുഷുപ്തിയും നിദ്രയുടെ ഭാഗങ്ങള്‍ ആണെന്നതുപോലെ വിശ്വസൃഷ്ടിയും അതിന്റെ വിലയനവും അവിഭാജ്യമായ അനന്തബോധത്തിന്റെ ഭാവങ്ങളാണ്. 

664 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 664

അവിദ്യേയമനന്തേയമവിദ്യാത്വേന ചേതിതാ
ബ്രഹ്മത്വേന പരിജ്ഞാതാ ഭവതി ബ്രഹ്മ നിര്‍മലം (6.2/176/22)
രാമന്‍ ചോദിച്ചു: ഇങ്ങിനെ ബോധത്തില്‍ അനന്തമായ, എണ്ണമറ്റ ലോകങ്ങള്‍ ഉണ്ടായി മറയുന്നു എന്നങ്ങു പറഞ്ഞുവല്ലോ? പിന്നെയെന്തിനാണീ ലോകങ്ങളുടെ ഗുണഗണങ്ങളെപ്പറ്റി അങ്ങെന്നെ ഉദ്ബുദ്ധനാക്കിയത്?
വസിഷ്ഠന്‍ പറഞ്ഞു: അങ്ങിനെ നിന്നില്‍ ഈ ലോകമെന്നത് ഒരു നീണ്ട സ്വപ്നം മാത്രമാണെന്ന അറിവുണ്ടായല്ലോ? വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധം, അതുണ്ടാക്കുന്ന വിഷയസൂചന ഇവയെല്ലാം എന്തെന്നും നീ മനസ്സിലാക്കി. അങ്ങിനെ നോക്കുമ്പോള്‍ സങ്കല്‍പ്പജന്യങ്ങളായ സൃഷ്ടികളേയും ലോകമെന്ന കാഴ്ചയേയും പറ്റിയുള്ള വ്യാഖ്യാനങ്ങളൊന്നുംതന്നെ വൃഥാവിലല്ല. ഇങ്ങിനെ സ്പഷ്ടമായി വിശദീകരിക്കുമ്പോള്‍ ആത്മീയസത്തയെപ്പറ്റിയുള്ള അറിവ് നമ്മില്‍ സംജാതമാകുന്നു. വാക്കുകളും അവ നല്‍കുന്ന സന്ദേശങ്ങളും നമ്മിലുദിക്കുന്ന  അറിവിനെ സുദൃഢമാക്കുന്നു. സത്യത്തെക്കുറിച്ചുള്ള ഈ അറിവാണ് നമ്മെ ദൈനംദിന ജീവിതായോധനത്തിനു സന്നദ്ധരാക്കുന്നത്.

അറിയാനുള്ളതെല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ നിന്നില്‍ ത്രികാലജ്ഞാനമുറച്ചു (ഭൂത-വര്‍ത്തമാന-ഭാവികള്‍) കഴിഞ്ഞു. അപ്പോള്‍ നിനക്ക് ഞാന്‍ പറഞ്ഞുതന്നതിന്റെ സത്യാവസ്ഥ മനസ്സിലാവും. ഓരോരോ അണുവിനുള്ളിലും അനന്തം വിശ്വങ്ങള്‍ കുടികൊണ്ടിരിക്കുന്നു. അതിനെയെല്ലാം എണ്ണി തിട്ടപ്പെടുത്താന്‍ ആര്‍ക്കാണ് കഴിയുക?

ഇത്തരുണത്തില്‍ എന്റെ അച്ഛന്‍ ബ്രഹ്മദേവന്‍ പറഞ്ഞു തന്ന ഒരു കഥ ഞാനോര്‍മ്മിക്കുന്നു. ശ്രദ്ധിച്ചു കേട്ടാലും.

ഞാന്‍ അച്ഛനോട് ചോദിച്ചു: ഈ ലോകമെന്ന കാഴ്ച എന്താണ്? എവിടെയാണത്തിന്റെ നിലനില്‍പ്പ്‌? 

ബ്രഹ്മാവ്‌ പറഞ്ഞു: മുനേ, വിശ്വമായി കാണപ്പെടുന്നതെല്ലാം അനന്തമായ ബോധമല്ലാതെ മറ്റൊന്നുമല്ല. ബ്രഹ്മം എന്നാണതറിയപ്പെടുന്നത്. ഉപാധിരഹിതമായ മേധാശക്തി, അല്ലെങ്കില്‍ ശുദ്ധസത്വമാണിതെന്ന് ജ്ഞാനിക്കറിയാം. അനന്തമാണത്. എന്നാല്‍ അജ്ഞാനി അതിനെ വസ്തു പ്രപഞ്ചമായാണ് കാണുന്നത്.

ഈ സത്യത്തെ സുവിദിതമാക്കാന്‍ ബ്രഹ്മാണ്ഡത്തെക്കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. ഈ അപരിമിതമായ വിഹായസ്സിൽ അനന്തമായ ആത്മാവുണ്ട്. അത് ആകാശത്തില്‍ നിന്നും വിഭിന്നമല്ല. ആത്മാവ് ഉപാധിസ്ഥനും, പരിമിതപ്രഭാവനുമായ ഒരു ജീവനായി സ്വയം അവബോധിച്ചു. തന്റെ അനന്തമായ ആകാശഭാവത്തെ ത്യജിക്കാതെ തന്നെ ‘ഞാന്‍’ എന്ന അഹമായി ധരിച്ചു. അപ്പോഴും ആകാശമാണ്‌ തന്റെ ദേഹം. അങ്ങിനെ ഈ ‘ഞാന്‍’, ‘ഞാന്‍ ബുദ്ധിയാകുന്നു’ എന്നതിലേയ്ക്ക് വികസ്വരമായി.

ഈ ബുദ്ധി ‘ഇതിനെയും’, ‘അതിനെയും’, വേര്‍തിരിച്ചു കാണുവാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഉപാധിസ്ഥമായ ധാരണകള്‍ ഉണ്ടാവുകയും അവ ഭ്രമദൃശ്യങ്ങളാവുകയും ചെയ്തു. ‘ഞാന്‍ മനസ്സാകുന്നു’ എന്നൊരു ധാരണ സംജാതമാകുന്നതോടെ വൈവിധ്യമാര്‍ന്ന ധാരണകളും ചിന്തകളും ഉണ്ടാവാന്‍ തുടങ്ങി. മനസ്സ് പിന്നീട് പഞ്ചേന്ദ്രിയങ്ങളെ സങ്കല്‍പ്പിച്ചു. ഇവയ്ക്ക് നിയതമായ രൂപങ്ങള്‍ ഇല്ലെങ്കിലും അവയ്ക്ക് സ്വപ്നത്തില്‍ കാണുന്ന പര്‍വ്വതങ്ങളെപ്പോലെ ഘനവും ദൃഢതയും ഉണ്ടായി. മനസ്സ് പിന്നീട് തനിക്കൊരു ദേഹമുണ്ടെന്നു സങ്കല്‍പ്പിച്ചു. മൂന്നു ലോകങ്ങളും അതില്‍ വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളും അവതമ്മില്‍ കാലനിബദ്ധമായി പലരീതികളിലുള്ള ബന്ധുതയും ഉണ്ടായിത്തീര്‍ന്നു. കണ്ണാടിയില്‍ വിവിധദൃശ്യങ്ങള്‍ കാണപ്പെടുന്നതുപോലെ ആകര്‍ഷണീയവും വര്‍ണ്ണാഭവുമായ അനേകം ദൃശ്യപ്രപഞ്ചങ്ങള്‍ കാണപ്പെട്ടു. ഓരോരോ അണുക്കളിലും അത്തരം അനന്തമായ ലോകങ്ങളുണ്ട്.  

“അവിദ്യ ഇതിനെയെല്ലാം അജ്ഞാനമായി, അപരിമിതസൃഷ്ടി വിലാസമായി ധരിക്കുന്നു. എന്നാല്‍ ‘ഇതെല്ലാം ബ്രഹ്മം’ എന്ന് തിരിച്ചറിയുമ്പോള്‍ (സാക്ഷാത്ക്കരിക്കുമ്പോള്‍) അത് സ്വയം ബ്രഹ്മമായിത്തീരുകയും ചെയ്യുന്നു.” ഇക്കാഴ്ചകളെല്ലാം നേരിട്ട് കണ്ടുവെന്നാലും യാതൊന്നും വാസ്തവത്തില്‍ കണ്ടിട്ടില്ല. കാരണം ഇതെല്ലാമെല്ലാം വെറുമൊരു സ്വപ്നമായിരുന്നല്ലോ. ആരാണിവിടെ ദൃഷ്ടാവ്? എന്താണ് ദൃശ്യം? അനന്തസത്തയില്‍ എങ്ങിനെയാണ് ദ്വന്ദതയുണ്ടാവുക? 

663 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 663

ആരുഷേയമിദമിതി പ്രമാദാച്ചേന്ന രോചതേ
തദന്യദാത്മവിജ്ഞാനശാസ്ത്രം കിംചിദ്വിധാരയേത് (6.2/175/76)
വസിഷ്ഠന്‍ തുടര്‍ന്നു: ഒരുവൻ എന്താണ് സ്ഥിരമായി ചിന്തിക്കുന്നത്, അവന്റെ മനസ്സ് എന്തിലാണ് വ്യാപൃതമായിരിക്കുന്നത്, ഏതിലാണവന്റെ ജീവിതമുഴിഞ്ഞു വച്ചിട്ടുള്ളത് അതവനെ സംബന്ധിച്ചിടത്തോളം സത്യവും സ്പഷ്ടവുമാണ്. മനസ്സ് ബ്രഹ്മബോധത്തില്‍ ആമഗ്നമായിരിക്കുമ്പോള്‍ അത് ബ്രഹ്മം തന്നെയാകുന്നു. മനസ്സ് എന്തിലാണോ പൂര്‍ണ്ണമായി അഭിരമിക്കുന്നത്, അതായിത്തീരുകയാണ്.
ഒരുവന്റെ മനസ്സ് പരം പൊരുളില്‍ അല്ലെങ്കില്‍ അനന്തബോധത്തില്‍ വിശ്രാന്തിയടയുമ്പോള്‍ അയാള്‍ ധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അതില്‍ പ്രത്യേകമായ താല്‍പ്പര്യമുണ്ടായിട്ടോ അതില്‍ നിന്നും എന്തെങ്കിലും നേടാനോ അല്ല. വസ്തുപ്രപഞ്ചം ഇല്ലാ എന്നിരിക്കെ, അല്ലെങ്കില്‍ അതിന്റെ അസ്തിത്വത്തെപ്പറ്റി സുദൃഢമായി ഉണ്ടെന്നോ ഇല്ലെന്നോ പറയാനോ അവാത്തതുകൊണ്ട് കാര്യങ്ങള്‍ ചെയ്യുന്നത് ആരാണെന്നോ അതിന്റെ അനുഭവങ്ങളുടെ ഭോക്താവ് ആരാണെന്നോ നിര്‍ണ്ണയിക്കുക അസാദ്ധ്യം. നാം ബുദ്ധിയെന്നും, പ്രബുദ്ധതയുടെ ഉണര്‍വ്വെന്നും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവെന്നും മറ്റും പറയുന്നത് ശുദ്ധവും അനന്തവുമായ ബോധത്തെത്തന്നെയാണ്. 

ആകാശത്തിലെ വിശ്രാന്തി ശുദ്ധശൂന്യതതന്നെയാണ്. ഇതിലെല്ലാം കാണപ്പെടുന്ന ദ്വന്ദത വെറും മിഥ്യയാണ്. അതൊരിക്കലും ഉള്ളതല്ല. വൈവിദ്ധ്യത എന്നത് അര്‍ത്ഥമില്ലാത്ത ധാരണാസങ്കല്‍പ്പം മാത്രമാണ്.

ഒരുവന്‍ ദീര്‍ഘസുഷുപ്തിതലത്തില്‍ നിന്നും സ്വപ്നലോകത്തേയ്ക്ക് പോകുന്നതുപോലെ അനന്തബോധം പൂര്‍ണ്ണപ്രശാന്തമായ അവസ്ഥയില്‍ നിന്നും സൃഷ്ടിയുടെ ചടുലമായ അവസ്ഥയിലേയ്ക്ക് കടക്കുന്നു എന്ന് പറയാം. 

എകതയോ അനേകതയോ ഒന്നും ഉള്ളതല്ല. ബോധത്തിനുള്ളില്‍ത്തന്നെ അനന്തബോധം സൃഷ്ടിയെ ദര്‍ശിക്കുന്നു. സ്വപ്നത്തില്‍ ക്രമീകമായ സംഭവവികാസങ്ങളോ കാര്യകാരണബന്ധങ്ങളോ ഇല്ലാത്തതുപോലെ ഈ ലോകമെന്ന കാഴ്ചയ്ക്കും നിയതമായ കാര്യകാരണബന്ധങ്ങള്‍ ഇല്ല. വിഭാജനാത്മകതയും കാര്യകാരണങ്ങളും ഉള്ളതുപോലെ തോന്നിയാലും സത്യത്തില്‍ അവയൊന്നും ഇല്ല. സ്വപ്നത്തിലും വിഷയവസ്തു അവബോധ അവസ്ഥയിലും ഇതുപോലെയാണ് കാര്യങ്ങള്‍. 

ബ്രഹ്മം എന്ന അനന്തബോധമാണ് നിന്റെ മുന്നില്‍ ലോകമായി, സൃഷ്ടിജാലങ്ങളായി  വിക്ഷേപിക്കപ്പെട്ടു കാണപ്പെടുന്നത്.

സ്വപ്നവസ്തുക്കളെ സ്വപ്നത്തില്‍വെച്ച് നാം തിരിച്ചറിയുന്നില്ല. മാത്രമല്ല അവ ഒരുവന്റെ സംസ്കാരത്തെ – മാനസീക വാസനകളെ ഉണ്ടാക്കുന്നുമില്ല.  ‘ഞാനിത് മുന്പ് കണ്ടിട്ടുണ്ടല്ലോ’ എന്നിത്യാദി ചിന്തകള്‍ സ്വപ്നത്തില്‍ ഉണ്ടാകുന്നില്ല. സ്വപ്നത്തില്‍ സ്മൃതിയും ഇല്ല. തിരിച്ചറിവ്, സംസ്കാരം, സ്മൃതി എന്നീ മൂന്നു കാര്യങ്ങള്‍ മാറ്റിയാല്‍ ജാഗ്രദ് അവസ്ഥയില്‍ ഉള്ളത് അനന്തമായ ബോധം മാത്രം. അജ്ഞാനിയതിനെ സ്മൃതിയായി തെറ്റിദ്ധരിക്കുന്നു.

പ്രമാണീകരണവും അതിന്റെ നിരാസവും, യമനിയമാദികൾ, തുടങ്ങിയവ പരമ പുരുഷനില്‍ നാം ആരോപിക്കാറുണ്ട്. എന്നാല്‍ അത് ശരിയല്ല. ഒരുവന് തലചുറ്റുമ്പോള്‍ ലോകം മുഴുവനും ചുറ്റുന്നതായാണ് അനുഭവം. എന്നാല്‍ ചുറ്റല്‍ ഉള്ളത് അവനിലാണ്. വിഷയപ്രപഞ്ചം മിഥ്യയാണെന്ന അറിവുണ്ടെങ്കിലും കാണപ്പെടുന്നതെല്ലാം വിഭ്രമാത്മക ദൃശ്യങ്ങള്‍ മാത്രമാണെങ്കിലും നിസ്തന്ദ്രമായ അഭ്യാസം കൊണ്ട് മാത്രമേ ഈയറിവ് ഉണര്‍വ്വായി നിറയുകയുള്ളു. ഈയൊരു ഗ്രന്ഥത്തിന്റെ പാരായണം മാത്രമേ ഭ്രമചിന്തകളെ ഇല്ലാതാക്കാന്‍ ഉതകുകയുള്ളു. മനസ്സ്, പ്രപഞ്ചവിഷയങ്ങള്‍, ദേഹം എന്നീ മൂന്നു കാര്യങ്ങളെ വിശ്രാന്തിയിലാക്കാന്‍ ആത്മജ്ഞാനം അല്ലെങ്കില്‍ പ്രബുദ്ധതയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. ഈ മൂന്നുമുണ്ടാവുന്നത് അജ്ഞാനത്തില്‍ നിന്നുമാണല്ലോ.  

ഈ ശാസ്ത്രപഠനംകൊണ്ട് മാത്രം അജ്ഞാന ദൂരീകരണം സാദ്ധ്യമാണ്. സാധകനെ ഹതാശനാക്കി പാതിവഴിയില്‍ ഉപേക്ഷിക്കുന്ന ഒരു ശാസ്ത്രമല്ലിത്. ആദ്യതവണ മനസ്സിലായില്ലെങ്കില്‍ വീണ്ടും പഠിച്ചാല്‍ ഇതിലെ സന്ദേശം സാധകനു മനസ്സിലാവുകതന്നെ ചെയ്യും. ഈ ശാസ്ത്രഗ്രന്ഥം എല്ലാ ഭ്രമചിന്തകളെയും അകറ്റി സാധാരണ ജീവിതം പരമമായ അവസ്ഥ തന്നെയാണെന്ന് നമുക്കുറപ്പു തരുന്നു. അതിനാല്‍ ഈ ഗ്രന്ഥത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും സാധകന്‍ ദിവസവും പഠിക്കണം.

“എങ്കിലും ഈ ഗ്രന്ഥം മനുഷ്യവിരചിതമാണെന്നുള്ളതുകൊണ്ട് വേണ്ടത്ര ആധികാരികത ഇതിനില്ല എന്ന് തോന്നുന്ന പക്ഷം ആത്മജ്ഞാനദായിയായും, മുക്തിപ്രദായകവുമായ മറ്റേതെങ്കിലും ഗ്രന്ഥത്തെ സാധകന് ആശ്രയിക്കാവുന്നതാണ്. അങ്ങിനെയെങ്കിലും ആത്മജ്ഞാനസാധന യില്ലാതെ ഒരുവന്റെ ജീവിതം വെറുതേ പാഴാക്കരുത്.”

662 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 662

യതോ വാചോ നിവര്‍ത്തന്തേ തൂഷ്ണീംഭാവോവശിഷ്യതേ
വ്യവഹാര്യപി ഖാത്മൈവ തദ്വത്തിഷ്ഠതി മൂകവത് (6.2/175/24)
വസിഷ്ഠന്‍ തുടര്‍ന്നു:തുടക്കത്തില്‍ ഈ ലോകമോ മറ്റു ലോകങ്ങളോ അനന്തബോധത്തില്‍ ഉണ്ടായിരുന്നില്ല. സ്വപ്നത്തില്‍ ഒരു സ്ത്രീയെ ആലിംഗനം ചെയ്ത അനുഭവത്തെപോലെ ബോധത്തില്‍ മിഥ്യയായ ഒരു സങ്കല്‍പ്പാനുഭവം സംജാതമായി. സ്വപ്നത്തില്‍ ഉള്ളത് സ്വപ്നം കണ്ടയാള്‍ മാത്രമാണ്. അതുപോലെ അനന്തബോധം മാത്രമാണ് ആ മിഥ്യാനുഭവത്തില്‍ ഉള്ളത്. ലോകമായി കാണപ്പെടുന്നത് നിത്യശുദ്ധമായ ബോധത്തിലുരുവാകുന്നതെന്തോ അത് മാത്രമാണ്.
ശുദ്ധബോധത്തില്‍ മാലിന്യലേശംപോലും എങ്ങിനെ പുരളാനാണ്? ഈ അനുഭവവും കളങ്കരഹിതമാണ്. സ്വപ്നനഗരം ഉണ്ടാക്കുന്നത് സ്വപ്നം തന്നെയാണ്.

അതാണ്‌ ലോകം. സൃഷ്ടിയാരംഭത്തില്‍ ഭൂമിയൊന്നും ഉണ്ടായിരുന്നില്ലല്ലോ. ബോധചൈതന്യത്തില്‍ ഉണ്ടായ സ്പന്ദനമാണ്‌ ഭൂമിയും മറ്റു ഘടകങ്ങളെയും ഉണ്ടാക്കിയത്. ഇവയും, മനസ്സും, മാനസീകവ്യാപാരങ്ങളുമെല്ലാം ബോധം തന്നെയാകുന്നു. ബോധത്തിലുദിച്ചതായിപ്പറയുന്ന ഈ സ്പന്ദനം വായുവിലെ ചലനം എപ്രകാരം സഹജമാണോ അപ്രകാരമാണ്. അതുളവാകാന്‍ മനസ്സിന്റെ പ്രവര്‍ത്തനങ്ങളോ ചോദനകളോ ഒന്നും ആവശ്യമില്ല.

ബോധം ബോധത്തിലെ വസ്തുവായിത്തന്നെ, അതിന്റെ ശരീരമായി പ്രഭാസിക്കുന്നു. സ്വപ്നത്തില്‍ വസ്തുക്കള്‍ എന്നതുപോലെ പ്രതീതിയുണ്ടാക്കുന്ന വസ്തുക്കളാകുന്നതും മനസ്സ് തന്നെയാണ്. ബാഹ്യമായി മറ്റൊരു ഹേതുവുണ്ടാവുക അസാദ്ധ്യം! അതിനാല്‍ ദ്വന്ദതഎന്നത് അസംഭാവ്യം! ബോധത്തില്‍ വിഭജനാത്മകത ഇല്ലേയില്ല.

പരബ്രഹ്മം എല്ലാ രൂപധാരണകള്‍ക്കും അതീതമാണ്. എന്നാല്‍ അതിനു രൂപവല്‍ക്കരണം ഉണ്ടെന്നു തോന്നുമ്പോള്‍ അത് ലോകമായി പുറത്തു കാണപ്പെടുന്നു. സ്വപ്നത്തില്‍ വൈവിദ്ധ്യത ദര്‍ശിക്കുന്നതുപോലെ ഏകവും അനന്തവുമായ ബ്രഹ്മത്തില്‍ ലോകം കാണപ്പെടുന്നു. മനസ്സാണ് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌. അത് സൃഷ്ടിയുടെ ഹൃദയമാകുന്നു. എല്ലാം ചെയ്യുന്നതും എല്ലാത്തിനെയും ഇല്ലാതാക്കുന്നതും മനസ്സ് തന്നെയാണ്. ഇതിനെയെല്ലാം സൂക്ഷ്മമായി പഠിക്കുമ്പോള്‍ ബോധമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ല എന്ന സത്യം നമ്മില്‍ സുദൃഢമാവും.

ഇത് വിവരണങ്ങള്‍ക്ക് അതീതമാണ്. അന്വേഷണങ്ങള്‍ക്കെല്ലാമൊടുവില്‍ പൂര്‍ണ്ണ നിശ്ശബ്ദത മാത്രം ബാക്കിയാവുന്നു. കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും വിശാലവിഹായസ്സുപോലെ യാതൊന്നും ഏശാതെ, അത് മൂകമാകുന്നു.
 
അതുകൊണ്ട് പ്രബുദ്ധന്‍ അനന്തബോധത്തിന്റെ അറിവില്‍ നിശ്ശബ്ദനായി നിലകൊള്ളുന്നു. അയാളാണ് മനുഷ്യരില്‍ ഉത്തമന്‍. ബ്രഹ്മാവ്‌ ഈ ലോകത്തെ പ്രത്യക്ഷമാക്കുന്നത് അനിച്ഛാപൂര്‍വമായാണ്. അനന്തബോധം, കണ്ണുതുറക്കുമ്പോള്‍ അത് ലോകമായും കണ്ണടയ്ക്കുമ്പോള്‍ അത് പൂര്‍വ്വസ്ഥിതിയെയും പ്രാപിക്കുന്നു എന്നുവേണമെങ്കില്‍ പറയാം. എന്നാല്‍ രണ്ടവസ്ഥയിലും അനന്തബോധം മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. അത് ഭാവാഭാവതലങ്ങളില്‍ ഒരുപോലെയാണ്. സത്തും അസത്തുമാണ്.

മാറിമാറിവരുന്ന രണ്ടു തലങ്ങളാണിവ. ഒന്നില്ലാതെ മറ്റേതില്ല. സത്യത്തെ പരമപ്രശാന്തതയായി അറിയുക. അജമാണത്. മരണമില്ലാത്ത വിഹായസ്സാണത്. ചിലപ്പോള്‍ അതുപോലെ കാണപ്പെടുന്നില്ല എങ്കിലും ലോകമെന്ന കാഴ്ചയും അതുപോലെയാണ്. ഇപ്പോള്‍ അനുഭവിക്കുന്നുവെങ്കിലും വിഷയപ്രപഞ്ചം ഒരിക്കലും ഉണ്ടായിട്ടില്ല. അതൊരിക്കലും അവസാനിക്കാനുംപോകുന്നില്ല. അത് ബോധചൈതന്യത്തിന്റെ മാസ്മരീകപ്രതിഭാസമാണ്.

എന്തൊക്കെ, എവിടെയൊക്കെ, എങ്ങിനെയൊക്കെ, എപ്പോഴൊക്കെ അനുഭവിക്കുന്നുവോ അവ, സത്താണെങ്കിലും അല്ലെങ്കിലും  അപ്പോഴപ്പോള്‍ സംജാതമാവുന്നു എന്നെ പറയാനാവൂ. മറ്റൊരു കാരണവും ഉചിതമായിരിക്കുകയില്ല.

661 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 661

സര്‍ഗാസ്തരംഗാ ബ്രഹ്മാബ്ധേതേഷു സംവേദനം ദ്രവ:
സര്‍ഗാന്തരം സുഖാദ്യാത്മ ദ്വൈതൈക്യാദിതരത്കുത:  (6.2/174/2)
വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയുടെ സമാരംഭത്തില്‍ ഈ വിശ്വമായി പ്രഭാസിച്ചത് ബോധം തന്നെയാണ്. അതിനാല്‍ മൂന്നുലോകങ്ങളും ബ്രഹ്മത്തില്‍ നിന്നും ഭിന്നമല്ല.

“ബ്രഹ്മം സമുദ്രംപോലെയാണ്. സൃഷ്ടികളാകുന്നത് അതിലെ അലകള്‍പോലെയും അവ ജലത്തെ ‘അനുഭവിക്കുന്നതു’പോലെയാണ്. ഈ സൃഷ്ടിയ്ക്കു ശേഷവും ശുദ്ധമായ ഉപാധിരഹിതമായ ആനന്ദമുണ്ട്. അപ്പോള്‍പ്പിന്നെ എവിടെയാണ് ദ്വൈതം? അദ്വൈതം? അല്ലെങ്കില്‍ മറ്റെന്തെങ്കിലും?” സൃഷ്ടിയോ അതിന്റെ അഭാവമോ തമ്മില്‍ എന്താണന്തരം? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ആനന്ദാനുഭവങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം?

സുഷുപ്തിയും സ്വപ്നവും നിദ്രയിലെ രണ്ടവസ്ഥാവിശേഷങ്ങളാണല്ലോ. അതുപോലെതന്നെയാണ് അനന്തബോധത്തില്‍ മാറി മാറിവരുന്ന പ്രകടിതം, അപ്രകടിതം എന്നീ  രണ്ടനുഭവാവസ്ഥകള്‍. ലോകമെന്നത് വെറും സ്വപ്നനഗരമാണെന്ന അറിവുള്ളപ്പോള്‍ ഒരുവനിലെ പ്രത്യാശകള്‍ അതിലൂന്നുകയില്ല. ദിവാസ്വപ്നക്കാരന്‍ വൈവിദ്ധ്യമാര്‍ന്ന ദൃശ്യങ്ങളേയും പ്രത്യാശകളേയും വെച്ചുപുലര്‍ത്തുന്നു. അത്തരം ദിവാസ്വപ്നങ്ങളിലും ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നുവെങ്കിലും അവയ്ക്കൊന്നിനും വാസ്തവത്തില്‍ നിലനില്‍പ്പില്ല. 

ഈ ലോകത്തിന്റെ നിലനില്‍പ്പിന് മറ്റെന്തെങ്കിലും വിശദീകരണം നിങ്ങള്‍ തേടുന്നുണ്ടെങ്കില്‍ മനോവിഭ്രാന്തി, മോഹഭ്രമങ്ങള്‍, ഉന്മാദാവസ്ഥ, പിച്ചും പേയും പറയുന്ന അവസ്ഥ എന്നിവഎല്ലാം  സത്യമാകാനുള്ള സാദ്ധ്യതകളെയും അംഗീകരിച്ചുകൂടെ?

മനസ്സിനെ പലതരത്തില്‍ മാറ്റിമറിക്കുന്നതില്‍നിന്നുമുള്ള നിയന്ത്രണമാണ് ധ്യാനതലത്തില്‍ നാം അഭ്യസിക്കുന്നത്. പരമമായ ജഡാവസ്ഥയാണത്. എന്നാല്‍ മനസ്സ് യഥേഷ്ടം മേഞ്ഞു നടക്കുന്നതാണ് വൈവിദ്ധ്യതയെ ഉണ്ടാക്കാനുള്ള കാരണം. അതാണ്‌ സംസാരഹേതു.
അത്തരം ധ്യാനപരിശീലനംകൊണ്ട് സമതാഭാവം ഉണ്ടാവുകയില്ല. ബലംപ്രയോഗിച്ച് മനസ്സിനെ നിയന്ത്രിച്ച്‌ എല്ലാ ഉപാധികളും നിരോധിച്ചാല്‍ മോക്ഷം ലഭ്യമാണെങ്കില്‍ സുഷുപ്തിയവസ്ഥയും അങ്ങിനെയുള്ളതല്ലേ? അതിനാല്‍ സൃഷ്ടിയെന്നത് മിഥ്യയാണെന്ന തിരിച്ചറിവിന്റെ നിറവില്‍ മാത്രമേ മോക്ഷദായകമായ ആത്മജ്ഞാനം അങ്കുരിക്കുകയുള്ളൂ. അങ്ങിനെയുള്ള മോക്ഷം-നിര്‍വികല്‍പസമാധി- അന്തമില്ലാത്തതും അനന്തവും ഉപാധിരഹിതവുമാണ്.

യാതൊരു കാലുഷ്യവുമില്ലാതെ സാധകന്‍ ആത്മജ്ഞാനത്തില്‍ രൂഢമൂലനായി നിലകൊള്ളുന്നു. ഈയവസ്ഥയ്ക്കാണ് ശാശ്വതമായ നിദ്ര, തുരീയം, നിര്‍വാണം, മോക്ഷം എന്നൊക്കെപ്പറയുന്നത്. ധ്യാനാവസ്ഥഎന്നത് പൂര്‍ണ്ണപ്രബുദ്ധതയുടെ തലത്തിലാണുള്ളത്. വസ്തുപ്രപഞ്ചം മിഥ്യയാണെന്ന അവബോധം പരമമായ ഉദ്ബുദ്ധതയാണ്. അത് ജഡാവസ്ഥയല്ല, സുഷുപ്തിയല്ല, നിര്‍വികല്‍പമോ സവികല്‍പമോ ആയ സമാധിയല്ല. സങ്കല്‍പ്പിച്ചുണ്ടാക്കിയ ഒരയഥാര്‍ത്ഥതലവുമല്ല.
അതില്‍ വിശ്വം നിലകൊള്ളുകയും അതേസമയം വിലയനം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ ഏകത, അനേകത, വൈവിദ്ധ്യത, അവയുടെ പലവിധം സംഘാതങ്ങള്‍, ഒന്നുമില്ല. ഇവയുടെ അഭാവവും അതിലില്ല. അത് പരമപ്രശാന്തതയാണ്. അതിലുള്ളതും  പരമപ്രശാന്തതയാണ്.

ഈ ശാസ്ത്ര ഗ്രന്ഥത്തെ രാതിപകലുകള്‍ മുഴുവന്‍ നിസ്തന്ദ്രമായി പഠനം ചെയ്‌തു ഗവേഷണം ചെയ്തു മാത്രമേ ഈയറിവ് ഉണര്‍വ്വായി നമ്മില്‍ അങ്കുരിക്കൂ. തീര്‍ത്ഥാടനം, ദാനം, ജ്ഞാനസമ്പാദനം, ധ്യാനം, യോഗാഭ്യാസം, തപസ്സ്, യാഗകര്‍മ്മാദികള്‍ ഇവയ്ക്കൊന്നും പരിപൂര്‍ണ്ണതയെ പ്രദാനം ചെയ്യാന്‍ കഴിയില്ല.
    
സ്വര്‍ഗ്ഗം മുതലായ താല്‍കാലിക ഫലങ്ങള്‍ നല്‍കാന്‍ അവയ്ക്കാകുമായിരിക്കുമെങ്കിലും മനോമോഹം ഇല്ലാതാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ക്കൊന്നിനും കഴിയില്ല. മോഹം മായണമെങ്കില്‍ ആത്മജ്ഞാനം ഉണരണം. അതിന് ഈ ഗ്രന്ഥം ശദ്ധയോടെ പഠിക്കുന്നതുപോലെ ഉത്തമമായ മറ്റൊരു മാര്‍ഗ്ഗവുമില്ല.

Nov 25, 2014

660 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 660

ശരീരസ്യ യഥാ കേശനഖാദിഷു യഥാഗ്രഹ:
സര്‍വാത്മനസ്തഥാ കാഷ്ഠദൃഷദാദൌ തഥാഗ്രഹ: (6.2/173/8)

രാമന്‍ ചോദിച്ചു: എങ്ങിനെയാണ് സര്‍വ്വവ്യാപിയായ ബോധം ശരീരവുമായി താതാത്മ്യം പുലര്‍ത്തുന്നത്? എങ്ങിനെയാണ് ബോധം കല്ലുമായും തടിയുമായും താതാത്മ്യത്തിലാവുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ശരീരമുള്ള ജീവികള്‍ അവരുടെ സ്വന്തം കൈകളെ കാണുന്നതുപോലെ ‘സ്വന്തമെന്ന’ പോലെ അനന്തബോധം ദേഹവുമായി താദാത്മ്യത്തിലാണ്. “ദേഹം നഖത്തെയും തലമുടിയും സ്വന്തമായി കരുതുന്നു. അതുപോലെതന്നെ ദേഹവും കല്ലും മരവുമെല്ലാം ബോധഭാഗങ്ങളാണ്.” 

സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ഈ ധാരണകളും അനന്തബോധത്തില്‍ ആവിര്‍ഭവിച്ചിരുന്നു. കല്ലായും തടിയായും സ്വപ്നത്തില്‍ കാണുന്നത് ബോധം മാത്രമാണല്ലോ. ജീവികളുടെ ശരീരത്തില്‍ ചേതനവും അചേതനവുമായ ഭാഗങ്ങള്‍ ഉണ്ടല്ലോ. അതുപോലെ അനന്തബോധമാകുന്ന വിശ്വപുരുഷനിലും സചേതനവും അല്ലാത്തതുമായ വസ്തുക്കള്‍ ഉള്ളതുപോലെ കാണപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഇവയൊന്നും ഉണ്മയല്ല എന്നതാണ് സത്യം. ഇതിന്റെ സത്യാവസ്ഥ അറിയുമ്പോള്‍, സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ സ്വപ്നദൃശ്യമെന്നതുപോലെ എല്ലാ വസ്തുക്കളും അപ്രത്യക്ഷമാകും.

എല്ലാമെല്ലാം ശുദ്ധബോധം മാത്രമാണ്. വാസ്തവത്തില്‍ ഒരു ദൃഷ്ടാവോ ദൃഷ്ടിയോ ദൃഷ്ടിക്കുള്ള സാമഗ്രിയോ ഒന്നും ഇല്ല. ആയിരക്കണക്കിന് ലോകചക്രങ്ങള്‍ ഉണ്ടായി മാറി മറിഞ്ഞു പോയ്‌ക്കൊള്ളട്ടെ. അവയെല്ലാം അനന്തബോധം മാത്രമാകുന്നു. അവയൊന്നും അനന്തത്തില്‍ നിന്നും ഭിന്നമല്ല. കടലലകള്‍ സമുദ്രത്തില്‍ നിന്നും ഭിന്നമാകുന്നതെങ്ങിനെ?

‘ഞാന്‍ അലയല്ല, സമുദ്രമാണ്., എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പിന്നെ അലകളില്ല. ലോകമെന്ന കാഴ്ച ബ്രഹ്മവുമായി താരതമ്യം ചെയ്യുമ്പോള്‍ അലകളും സമുദ്രവും പോലെയാണ്. ലോകമെന്ന കാഴ്ചയുടെ വിക്ഷേപവും ആവരണവും ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷപ്രസ്ഫുരണങ്ങളാകുന്നു. സ്വപ്നത്തിലെന്നപോലെ ബോധത്തില്‍ ഉരുവാകുന്ന അനുഭവമാണ് മനസ്സ്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ എല്ലാ സൃഷ്ടികള്‍ക്കും പിതാമഹനാണ്.

നാമരൂപരഹിതവും അവിഭാജ്യവുമാണ് ഈ സത്ത. അതില്‍ ‘ഞാന്‍’, ‘നീ’, തുടങ്ങിയ ധാരണകള്‍ പൊന്തുകയാണ്. എന്നാല്‍ അവയും ബ്രഹ്മാവില്‍ നിന്നും വിഭിന്നമല്ല. എല്ലാറ്റിന്റെയും പ്രപ്രപിതാമഹനായി ഉള്ളത് അനന്തബോധം തന്നെ യാണ്.

കടലില്‍ ഉയര്‍ന്നും താഴ്ന്നും ലീലയാടുന്ന അലകള്‍ സമുദ്രം തന്നെയാനെന്നതുപോലെ സൃഷ്ടിയും വിലയനവും അനന്തബോധം തന്നെയാകുന്നു.

അനന്തബോധത്തില്‍ ഉണ്ടാകുന്ന ചൈതന്യചലനമാണ് വിശ്വപുരുഷന്‍ എന്നറിയപ്പെടുന്നത്. അദ്ദേഹത്തിനു ഗുരുത്വാകര്‍ഷണം, കാന്തികവലയം തുടങ്ങിയ ഊര്‍ജ്ജക്ഷേത്രങ്ങളുണ്ട്‌. അദ്ദേഹത്തില്‍ സ്വപ്നമെന്നതുപോലെ സൃഷ്ടികള്‍ ഉല്‍പ്പന്നമാകുന്നു. സൃഷ്ടിയെന്നത് സ്വപ്നമാകുന്നു. ജാഗ്രദ് എന്നതും സ്വപ്നമാണ്.

ഈ ലോകത്ത് സൃഷ്ടികളേയും ലോകമെന്ന കാഴ്ചയേയും അനുഭവിക്കാന്‍ ആകുമെങ്കിലും സത്യത്തില്‍ അവയെക്കുറിച്ചുള്ള ധാരണകള്‍ മാത്രമാണ് വിശ്വപുരുഷനില്‍ നിലകൊള്ളുന്നത്. ബോധമാണ് ഈ ധാരണകളെ ആവര്‍ത്തിച്ച് അനുഭവിക്കുന്നത്. ഈ വിശ്വപുരുഷനാണ് ബോധം മുഴുവന്‍ വ്യാപരിച്ചുകൊണ്ട് എല്ലാ സ്വപ്നവസ്തുക്കളുമായി കാണപ്പെടുന്നത്.
ഒരഭിനേതാവ് താന്‍ അഭിനയിക്കുന്നു എന്ന് സ്വപ്നം കാണുമ്പോള്‍ അയാള്‍ അഭിനയിക്കുന്ന വേദിയും, ആസ്വദിക്കുന്ന കാണികളേയും തന്നെത്തന്നെയും കാണുന്നതുപോലെ ബോധം സ്വയം ഈ ലോകാനുഭവത്തെ അവബോധിക്കുകയാണ്. 

659 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 659 (6.2/172/24)

കാകതാലീയവദ്ഭാന്തി സര്‍വാത്മനി സുസംവിദ:
സ്വാംഗ്ഭൂതാ: സ്വത: സ്വസ്ഥാസ്ഥാ ഏവ സ്മൃതയ: കൃതാ: (6.2/172/24)
വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടാവ് എന്നാല്‍ അത് മനസ്സ് തന്നെയാണ്. അതില്‍ വിഷയപരമായ വസ്തുതകള്‍ ഇല്ലേയില്ല. പൂര്‍വ്വജന്മത്തില്‍, അതായത് മുന്‍പിലത്തെ ലോകചക്രത്തില്‍വെച്ച്തന്നെ സ്വയം പൂര്‍ണ്ണതയെ പ്രാപിച്ചിരുന്നതിനാല്‍ അതിനെക്കുറിച്ച് അദ്ദേഹത്തിനു സ്മരണകള്‍ ഒന്നുമില്ല.
സ്മരണയുടെ അഭാവത്തില്‍ മൂര്‍ത്തീകരണത്തിനു ‘കാരണമേ’ യാതൊന്നുമില്ല. അത്തരം സ്മരണ ബ്രഹ്മാവില്‍ ഉണ്ടായി എന്നിരിക്കട്ടെ, അതിനും വസ്തുതാപരമായ ഉണ്മയില്ല. സ്വപ്നനഗരം എന്നതുപോലുള്ള ഉണ്മയേ അതിനുള്ളു. മുക്തപുരുഷനില്‍ സ്മരണകള്‍ ഉണ്ടാവുക അസാദ്ധ്യം.

രാമന്‍ ചോദിച്ചു: ഭഗവാനേ, എന്തുകൊണ്ടാണ് മുക്തനില്‍ സ്മരണകള്‍ ഇല്ലാത്തത്? സ്മരണകള്‍ ഇല്ലെങ്കില്‍ സൃഷ്ടിയുടെ മൂലഘടകങ്ങളായ ഗുണങ്ങള്‍ എങ്ങിനെയാണ് ഉണ്ടാവുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: സ്മരണകള്‍ ഉണ്ടാവുന്നത് വസ്തുപ്രപഞ്ചവുമായി ബന്ധപ്പെട്ടു മാത്രമാണ്. എങ്ങിനെയാണ് കാര്യ-കാരണ ബന്ധുതയും അതിന്റെ തുടര്‍ക്കഥകളും സംജാതമാകുന്നത്. എന്നാല്‍ അങ്ങിനെ ധരിക്കപ്പെടാന്‍ സാദ്ധ്യതയുള്ള വസ്തു ഇല്ലെന്നിരിക്കെ എങ്ങിനെയാണ് അതിനെപ്പറ്റി സ്മരണയുണ്ടാവുക ? എവിടെനിന്നാണ് ആ ഓര്‍മ്മകള്‍ മുളപൊട്ടുക? എല്ലാമെല്ലാം ബ്രഹ്മം അല്ലെങ്കില്‍ അനന്തവബോധം മാത്രമാണെന്ന സത്യം നിലനില്‍ക്കുമ്പോള്‍ സ്മരണയെന്ന ധാരണയ്ക്ക് പോലും നിലനില്‍പ്പില്ല.

ജീവികളില്‍ വസ്തുക്കളെപ്പറ്റിയുള്ള വിചിന്തനം ഉണ്ടാവുന്നതിനെ സ്മൃതി എന്ന് പറയുന്നു. എന്നാല്‍ അപ്പറഞ്ഞ വസ്തുക്കള്‍ സത്യമല്ലല്ലോ! അപ്പോള്‍ സ്മൃതിക്കെങ്ങിനെ നിലനില്‍ക്കാനാകും? ഇങ്ങിനെയൊക്കെയാണെങ്കിലും എല്ലാ ജീവജാലങ്ങളുടെയും സത്യസ്ഥിതി അനന്തമാകയാല്‍ വസ്തുവിചിന്തനം ബോധത്തില്‍ സഹജമാണെന്ന് വേണമെങ്കില്‍ പറയാം. അതിനാലാണ് ഞാനതിനെ സ്മൃതിയെന്നു പറഞ്ഞത്. എന്നാലത് സാധാരണക്കാരനായ ഒരജ്ഞാനിയുടെ നോട്ടത്തില്‍ മാത്രമാണ്.

ഈ ചര്‍ച്ചയിനി മതിയാക്കാം. ബോധത്തില്‍ ഉണ്ടാകുന്ന സഹജമായ ചലനത്തിനും സ്മൃതിഎന്ന് പറയാം. എന്നാല്‍ ആ സ്മൃതി തുടര്‍ച്ചയായി ആവര്‍ത്തിക്കുമ്പോള്‍  അത് മാഹ്യമായി മൂര്‍ത്തീകരിച്ചു കാണപ്പെടുന്നു.

ബോധത്തില്‍ എന്തെല്ലാം അനുഭവപ്പെടുന്നുവോ അവയും സ്മൃതിയാണ്. അനന്തബോധത്തില്‍ എല്ലാ അനുഭവങ്ങളും ഉല്‍പ്പന്നമാകുന്നത് ആകസ്മികമായും സഹജമായുമാണ്. കാരണം ബോധത്തിന്റെ അവയവങ്ങളാണ് അനുഭവങ്ങള്‍. എന്നാല്‍ ഇതിനു കാരണങ്ങള്‍ ഒന്നുമില്ല. കാകതാലീയ ബന്ധമേ (കാക്കയും പനമ്പഴവും പോലെ) ഇതിനുള്ളൂ. അവയാണ് സ്മരണകള്‍.

എല്ലാ സംഭവങ്ങള്‍ക്കും ഇത് ബാധകമാണ്. അവ ആകസ്മികമാണെങ്കിലും അല്ലെങ്കിലും അതങ്ങിനെയാണ്. ഇങ്ങിനെ ആകസ്മികവും പൂര്‍വ്വാപര ബന്ധങ്ങള്‍ സ്ഥാപിക്കാനരുതാത്തതുമായ സ്മരണകളെ നാമെന്തിനു ഗവേഷണം ചെയ്യണം? ആ സ്മരണകള്‍ക്ക് പാത്രമായ വസ്തുവിഷയങ്ങള്‍ സത്യമല്ലെന്ന് നമുക്കറിയാമല്ലോ! അവ അജ്ഞാനിയുടെ കണ്ണുകളില്‍ മാത്രമേ നിജമായുള്ളു. അത്തരം അജ്ഞാനികള്‍ക്കായി മോക്ഷമാര്‍ഗ്ഗങ്ങള്‍ വിവരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പ്രബുദ്ധതയെ പ്രാപിച്ചുവെങ്കിലും അല്പം സംശയം ബാക്കിയുള്ളവരെ ഉദ്ദേശിച്ചാണ് ഞാന്‍ പറയുന്നത്. ഈ സത്യത്തെ ഗ്രഹിക്കാന്‍ കഴിവില്ലാത്തവരുമായി ഒരിക്കലും സംഗത്തില്‍ ഏര്‍പ്പെടരുത്.

ബോധത്തില്‍ ചെറുതെങ്കിലും ഒരനുഭവം ഉണ്ടാകുന്നു. അത് ആവര്‍ത്തിച്ചനുഭവപ്പെടുമ്പോള്‍ മനസ്സിലൊരു മുദ്രയായി, സംസ്കാരമായി അത് പതിയുകയായി. അതാണ്‌ ലോകമെന്ന കാഴ്ചയായി, പ്രതീതിയായി മാറുന്നത്.എന്നാല്‍ എല്ലാമെല്ലാം അനന്തബോധത്തിലാണ് നിലകൊള്ളുന്നത്. അനന്തത്തിൽ മൂര്‍ത്തമായ രൂപങ്ങളോ ഭാവങ്ങളോ സ്മരണകളോ ഇല്ല.

ദ്വന്ദത എന്ന ധാരണപോലും മിഥ്യയാകുമ്പോള്‍  ബന്ധനവും തഥൈവ. 

658 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 658

അബ്രാഹ്മണ്യം ക്വ ഗച്ഛാമി വിപരീതമതോ ജഗത്
അസദ്ദൃശ്യം സദിത്യുക്തം ബ്രഹ്മൈവം നാവഗമ്യതേ (6.2/171/26)

വസിഷ്ഠന്‍ തുടര്‍ന്നു: “ബ്രഹ്മാവും അനന്തബോധവുമല്ലാത്ത വസ്തുവിനെ ഞാന്‍ എവിടെ കണ്ടെത്തും? കഷ്ടം ലോകമെത്ര വിചിത്രം! സത്യമല്ലാത്ത പ്രതീതികളെ സത്യമെന്ന് കരുതുന്ന ലോകം! എന്നിട്ടും അവരും അതേ  ബ്രഹ്മത്തിലാണ് ചെന്ന് ചേരുന്നത്.”
രത്നക്കല്ലിന്റെ തിളക്കം അതിന്റെ സ്വസൃഷ്ടിയല്ല; എന്നാല്‍ അത് രത്നത്തിലെ നിന്നും വിട്ടുള്ള ഒന്നല്ലതാനും. അതുപോലെ ലോകമെന്ന വിക്ഷേപം ശുദ്ധബോധമാകുന്ന ആത്മാവില്‍ നിന്നും വിഭിന്നമല്ല. ആ പരമാവബോധത്തില്‍ സുര്യന്‍ പ്രകാശിക്കുന്നു. സൂര്യന്‍ ആത്മവിഭിന്നമല്ല. എങ്കിലും സൂര്യചന്ദ്രാദികള്‍ക്ക് ആത്മാവിനെ പ്രകാശിപ്പിക്കാനോ കാണിക്കാനോ ആവില്ല. ബോധത്തിലെ സഹജപ്രഭാവമാണ് അവയ്ക്ക് പ്രകാശമേറ്റി മറ്റുള്ള വസ്തുക്കളെ ഭാസുരമാക്കി പ്രതീതിപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കുന്നത്.ആ ബോധം രൂപപൂര്‍ണ്ണമോ രൂപരഹിതമോ ആകാം. ഈ വാക്കുകളെല്ലാം വെറും കസര്‍ത്താണ്‌! അര്‍ത്ഥരഹിതം!

സൂര്യകിരണങ്ങള്‍ സൂര്യന്റെ തന്നെ ഭാഗമാണ്, അതില്‍ നിന്നും വിഭിന്നമല്ല. അപ്പോള്‍ അവ പ്രോജ്വലിക്കുന്നു; അവ പ്രോജ്വലിക്കുന്നില്ല എന്ന് രണ്ടു രീതിയിലും പറയാം. അതുപോലെ സൂര്യചന്ദ്രന്മാര്‍ പ്രോജ്വലിക്കുന്നു എന്നും ഇല്ലെന്നും പറയാം. സൂര്യചന്ദ്രന്മാരും മറ്റു ഭാസുരപ്രഭയുള്ള വസ്തുക്കളും പ്രകാശമാനമാകുന്നത് അനന്തബോധത്തിന്റെ നിറവിലാകയാല്‍  അവ  സ്വയംപ്രഭമല്ലെന്നോ ആണെന്നോ എങ്ങിനെ പറയാനാകും?

ആ പരമാവസ്ഥ എല്ലാറ്റിനും അതീതമാണ്. അത് ബോധഘനത്തിനും നിശൂന്യതയ്ക്കും അതീതമാണ്. അതില്‍ ഒന്നിന്റെയും സാന്നിദ്ധ്യമില്ല. എന്നാല്‍ അതിലെല്ലാം നിറഞ്ഞു വിളങ്ങുകയും ചെയ്യുന്നു. ഭൂമി മുതലായവയ്ക്ക് അസ്തിത്വമില്ല. വാസ്തവത്തില്‍ യാതൊന്നും അതില്‍ നിലനില്‍ക്കുന്നില്ല. അതില്‍ അനന്തകോടി ജീവാത്മാക്കള്‍ ഉണ്ടെങ്കിലും അവയ്ക്കൊന്നും ബോധത്തില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പില്ല. 

‘ചിലതുണ്ട്’, ‘ഒന്നുമില്ലായ്മയുണ്ട്’ എന്നൊക്കെയുള്ള ധാരണകള്‍ സത്യത്തില്‍ നിന്നും, ബോധത്തില്‍ നിന്നും ഏറെ അകലെയാണ്. അദ്വയവും ശാശ്വതവും സര്‍വ്വവും നിറഞ്ഞുവിളങ്ങുന്നതും നിലനില്‍ക്കുന്നതുമായ ‘അതാ’ണ് ലോകം. ഇതില്‍ നിന്നും വസ്തുതാപരമായ അറിവിനെ മാറ്റി നിര്‍ത്തിയാല്‍ത്തെളിയുന്ന വൈവിദ്ധ്യമാര്‍ന്ന ലോകത്ത് ബാക്കിയാവുന്ന ആ ഉണ്മയുണ്ടല്ലോ, അതാണ്‌ സത്യം. പരംപൊരുള്‍.

ബോധമാണ് അനന്തമായ അനുഭവങ്ങളും അനുഭൂതികളും ആകുന്നത്. സുഷുപ്തിയവസ്ഥയ്ക്ക് സ്വപ്നാവസ്ഥ എങ്ങിനെയാണോ അതുപോലെയാണ് ജാഗ്രദിനു തുരീയാവസ്ഥ. എന്നാല്‍ പ്രബുദ്ധന് ഈയവസ്ഥകളെല്ലാം തുരീയമാകുന്നു. സൃഷ്ടിയെക്കുറിച്ചുള്ള തത്വചിന്തകളും ബോധമെങ്ങിനെ വസ്തുവാകുന്നു എന്നുള്ളതിനെക്കുറിച്ചുള്ള വിചിന്തനങ്ങളും മറ്റും സാധകനെ പഠിപ്പിക്കാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങളാണ്. അവയില്‍ സത്യത്തിന്റെ കണികപോലുമില്ല. 

സ്വപ്നത്തെ സ്വപ്നമെന്ന് തിരിച്ചറിയുമ്പോള്‍ ആഹ്ലാദം. എന്നാല്‍ ഈയറിവില്ലാത്തപ്പോള്‍ ദുസ്വപ്നങ്ങള്‍ നല്‍കുന്നത് ദുഖമാണ്. വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ വ്യാപൃതനായിരുന്നാലും പ്രബുദ്ധന്‍ സത്യസാക്ഷാത്ക്കാരത്തിന്റെ നിറവിലാണെപ്പോഴും. നാനാത്വത്തില്‍ അയാള്‍ ഏകത്വം കാണുന്നു. അസുഖകരമായ കാര്യങ്ങളിലും അയാള്‍ ആനന്ദം കാണുന്നു. ലോകത്ത് ജീവിക്കുന്നുവെങ്കിലും അയാള്‍ അതില്‍ ആമഗ്നനല്ല. ഇതിലധികം പ്രബുദ്ധനു നേടാന്‍ എന്തുണ്ട്?

മഞ്ഞിനെപ്പോഴും തണുപ്പ് സഹജം. പ്രബുദ്ധന്‍ തനിക്ക് സഹജമായ രീതിയില്‍ ജീവിക്കുന്നു. യാതൊന്നിനും വേണ്ടി ആകുലപ്പെടാതെ യാതൊന്നിനെയും ഉപേക്ഷിക്കാതെ അയാള്‍ ജീവിക്കുന്നു. എന്നാല്‍ അജ്ഞാനിയോ, അയാള്‍ തന്‍റെ സഹജഭാവത്തിനനുകൂലമല്ലാത്ത എന്തിനൊക്കെയോ വേണ്ടി കഷപ്പെട്ടു പരക്കം പായുന്നു.

657 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 657

പ്രബുദ്ധാനാം പരം ബ്രഹ്മ നിര്‍വിഭാഗമിദം ജഗത്
ധീ മന്തോപി ന തദ്വിദ്മോ യദിദം ത്വപ്രബോധനം (6.2/171/15)
വസിഷ്ഠന്‍ തുടര്‍ന്നു: ലോകമായി ഇവിടെ പ്രോജ്വലിക്കുന്നത് അനന്തമായ ബോധം മാത്രമാണ്. വാസ്തവത്തില്‍ ലോകമോ നിശ്ശൂന്യതയോ ബോധം പോലുമോ അല്ല. ഒരു കാര്യം പറയാം; ലോകമെന്നു നാം വിളിക്കുന്ന ഈ വസ്തു അതല്ല. അത് ആകാശത്തേക്കാള്‍ സൂക്ഷ്മമായതിനാല്‍ അത് മറ്റെന്തോ ആയി കാണപ്പെടുകയാണ്. ‘അതിനും’, ‘ഇതിനും’ ഇടയ്ക്ക് ദേഹബോധമുണ്ട്. ആ ദേഹമോ, ഒരു പ്രതീതിയായി അനുഭവിക്കുകയാണ്.

സൃഷ്ടിയ്ക്ക് കാരണമൊന്നുമില്ലാത്തതിനാല്‍ അതുണ്ടായിവരാന്‍ ന്യായമായും സാദ്ധ്യതയില്ല.അപ്പോള്‍പ്പിന്നെ അതിനു നിലനില്‍പ്പുണ്ടെന്ന് എങ്ങിനെ പറയാന്‍ സാധിക്കും? അതിനാല്‍ ബാഹ്യമായ ഒരു വിശ്വം, എന്നുവേണ്ട, ഒരണുപോലും  ഉണ്ടെന്നു സ്ഥാപിക്കാന്‍ യാതൊന്നും നിലവിലില്ല.

എന്തെങ്കിലും ഇവിടെ ബാഹ്യവിശ്വമായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് വാസ്തവത്തില്‍ അനന്തബോധം തന്നെയാണ്. നിദ്രയിലുള്ള ഒരാള്‍ സ്വപ്നലോകത്തേയ്ക്ക് കടക്കുമ്പോള്‍ തന്റെ നിദ്രാസ്വഭാവത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാക്കുന്നില്ല. അതുപോലെ അനന്തബോധം അതിന്റെ ശുദ്ധബുദ്ധമുക്ത സ്വരൂപത്തെ മാറ്റിയിട്ടല്ല വസ്തുപ്രപഞ്ചമായി വിക്ഷേപിക്കപ്പെടുന്നത്.

അതുകൊണ്ട് ഭൂമി മുതലായ വസ്തുക്കള്‍ക്കൊന്നിനും, അവയ്ക്ക് രൂപമുണ്ടെങ്കിലും ഇല്ലെങ്കിലും, അത് കാണപ്പെടുന്നുണ്ടെന്നു തോന്നുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഉണ്മയില്ല. ആത്യന്തികമായി ഇതിനെല്ലാം പുറകിലുള്ള സത്യം  അനന്തബ്രഹ്മം മാത്രമാണ്. അതാണ്‌ എല്ലാമായി പ്രോജ്വലിക്കുന്നത്. സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ താന്‍ കണ്ട പര്‍വ്വതം വെറും ശൂന്യതയായിരുന്നുവെന്ന് അറിയുന്നതുപോലെ ഇക്കാണായ നാമരൂപങ്ങള്‍ വാസ്തവത്തില്‍ ഇല്ലാത്തവയാണെന്ന് പ്രബുദ്ധനറിയുന്നു.

“പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ഈ ലോകം അവിച്ഛിന്നമായ പരബ്രഹ്മമാണ്. നാമെല്ലാം ബുദ്ധിയുള്ളവരാണെങ്കിലും അവിദ്യയെന്നാല്‍ എന്താണെന്ന്, പ്രബുദ്ധതയില്ലാത്ത അവസ്തയെന്തെന്ന് നമുക്കറിയില്ലതന്നെ.”

‘അതിനും’, ‘ഇതിനും’ ഇടയ്ക്ക് ബോധഘനം നിലകൊള്ളുന്നു. അതാണ്‌ എല്ലാ ജീവജാലങ്ങളുടെയും ആന്തരസത്ത.ആത്മാവിന്റെ പരമാവസ്ഥയാണത്. ‘അതിനും’, ‘ഇതിനു’മിടയ്ക്കുള്ള അനന്തമായ വിഹായസ്സിലാണ് ബോധഘനം. അതിലാണ് എല്ലാമെല്ലാം സുദൃഢമായി നിലകൊള്ളുന്നത്.
ആ ബോധഘനം എന്താണോ അതുമാത്രമേ സത്തയും അസത്തായും നിലവിലുള്ളൂ. രൂപം, പ്രതീതി, തുടങ്ങി മനസ്സിലുദിക്കുന്ന ചോദനകളെല്ലാം സമുദ്രജലത്തിലെ ചുഴികളെന്നപോലെ ഒരേവസ്തു തന്നെയാണ്. ‘അതിനും’, ‘ഇതിനും’ ഇടയില്‍ അനന്തബോധമാണ്. അതിനെ ഉപാധികളൊന്നുമില്ലാതെ സാക്ഷാത്ക്കരിച്ചാല്‍പ്പിന്നെ ലോകമില്ല. ആകര്‍ഷണ വികര്‍ഷണങ്ങള്‍, അസ്തിത്വാനസ്തിത്വങ്ങള്‍, മുതലായ ദ്വന്ദങ്ങള്‍ അതിന്റെ അവയവങ്ങളാവുന്നു. എന്നാല്‍ അതിന്റെ സത്യസഹജഭാവത്തില്‍ മാറ്റങ്ങളേതും ഉണ്ടാവുന്നതേയില്ല.

ആദിയന്തങ്ങള്‍ എന്ന രണ്ടറ്റങ്ങള്‍ സങ്കല്‍പ്പിച്ചാല്‍ അവയും അതിനിടയിലുള്ള മദ്ധ്യവും എല്ലാം അനന്തബോധമാണ്, ആത്മാവാണ്. ‘അതിനും’, ‘ഇതിനും’ ഇടയിലുള്ള ബോധത്തിന്റെ മറ്റൊരുപേരാണ് ലോകം.

അനാദിയില്‍പ്പോലും സൃഷ്ടിയെന്ന ഒന്ന് ഉണ്ടായിട്ടേയില്ല. ലോകം ഉണ്ട് എന്നുപറയുന്നത് വെറും കഥമാത്രം. ഇല്ലാത്ത ലോകം ഉണ്ടെന്നു കരുതുകയും ഉണ്മയായി ഉള്ള എകസത്യത്തെ ഇല്ലെന്നു ധരിക്കുകയും ചെയ്യുന്നത് എത്ര മൌഢ്യമാണെന്നു നോക്കൂ. 

656 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 656

ഈദൃശേനാത്മമിത്രേണസ്യ സകലത്രേണ സംയുത:സ്വകര്‍മനാമ്നാ രമതേ സ്വഭാവേനൈവ നേരിത: (6.2/170/20)
രാമന്‍ ചോദിച്ചു: ഭഗവാനേ , ജ്ഞാനിയുടെ സുഹൃത്തായിരിക്കുന്നവന്‍ ആരാണ്? ആരുമായാണ് അയാള്‍ ആനന്ദിച്ചു രസിക്കുന്നത്? അയാളുടെ ആനന്ദം എന്തിലാണ്? എങ്ങിനെയാണ് അയാള്‍ ആ രസങ്ങളെ ആഘോഷിക്കുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: ജ്ഞാനിയുടെ സുഹൃത്ത് അയാളുടെ കര്‍മ്മങ്ങള്‍ തന്നെയാണ്. ആ കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത് തികച്ചും ആകസ്മികമായാണ്. അനിച്ഛാപൂര്‍വമാണ്. അവ അയാളിൽ യാതൊരുവിധ കാലുഷ്യങ്ങളും വിഭജനാത്മകതയും ഉണ്ടാക്കുന്നില്ല. ഒരച്ഛന്‍ മകന്റെ കുസൃതികളെയെന്നപോലെ അയാളതിനെ പ്രോത്സാഹിപ്പിക്കുന്നു. ആ കര്‍മ്മങ്ങള്‍ അയാള്‍ക്ക് ഉത്തേജനം നല്‍കുന്നു. ഒരു ഭാര്യയെപ്പോലെ അവ അയാളെ നിയന്ത്രിക്കുന്നു, നേര്‍വഴിക്കു നയിക്കുന്നു. കൊടിയ ദുരിതങ്ങളില്‍പ്പോലും ആ കര്‍മ്മങ്ങള്‍ അയാളെ ഉപേക്ഷിക്കുന്നില്ല. അവ സംശയങ്ങള്‍ക്ക് അതീതമായി വര്‍ത്തിക്കുന്നു. സംത്യജനത്തിനു സഹായകമായി അവ വര്‍ത്തിക്കുന്നു. അമൃതപാനം ചെയ്യുന്നതുപോലെയാണീ കര്‍മ്മങ്ങള്‍. കാരണം, അവ ക്രോധത്തെയും വെറുപ്പിനെയും ഇല്ലാതാക്കുന്നു.    
കൊടിയവിപത്തിലും കര്‍മ്മം അയാളുടെ സുഹൃത്തും സഹായിയുമാണ്. ശ്രദ്ധാ വിശ്വാസങ്ങളുടെ രത്നങ്ങള്‍ സൂക്ഷിച്ച ഖജാനയാണത്. അതയാളെ ദുഷ്ടതകളില്‍ നിന്നും സംരക്ഷിക്കുന്നു. ഒരു പിതാവിനെപ്പോലെ സദാ അയാളെ പരിരക്ഷിക്കാന്‍ ജാഗരൂകമാണത്. സ്വകര്‍മ്മം അയാള്‍ക്ക് എല്ലാവിധ സന്തോഷങ്ങളെയും നല്‍കുന്നു.

സ്വശരീരത്തിന്റെ പരിപോഷണം എല്ലായ്പ്പോഴും അതുറപ്പാക്കുന്നു. ‘ഇത് ചെയ്യാം’, ‘ഇതരുത്’, എന്നുള്ള വിവേചനബുദ്ധി നല്‍കുന്നതും അതാണ്‌. അഭികാമ്യങ്ങളായ അനുഭവങ്ങളെ കൊണ്ടുവരാനും അനഭിമതങ്ങളായവയെ നിരാകരിക്കാനും അതയാളെ സഹായിക്കുന്നു.
ഭാഷണം മധുരവും സുഖകരവുമാക്കാനും സ്വഭാവത്തില്‍ മധുരിമയുണ്ടാക്കാനും സഹായമനസ്ഥിതി വളര്‍ത്തിയെടുക്കാനും, എല്ലാവര്‍ക്കും ആരാധ്യനാവാനും സ്വാര്‍ത്ഥചിന്തകളില്‍ വീഴാതിരിക്കാനും സഹായിക്കുന്നത് കൂടാതെ ആത്മവിദ്യയാര്‍ജ്ജിക്കുന്നതിനും സ്വകര്‍മ്മം ഒഴിച്ചുകൂടാത്തതാണ്.

സമൂഹത്തിലെ നന്മയെ സംരക്ഷിക്കുവാനും, ദേഹമന:ക്ലേശങ്ങളെ ഇല്ലായ്മചെയ്യാനും സ്വകര്‍മ്മങ്ങള്‍ വേണം. ജ്ഞാനികളുമായുള്ള സത്സംഗം അവരുടെ സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നു. തുല്യജ്ഞാനികള്‍ തമ്മില്‍ ദ്വന്ദതയെന്നത് ഒരു  തോന്നല്‍പോലെ മാത്രമേയുള്ളൂ. 

ജീവിതത്തിലെ അവസ്ഥയെന്തായാലും ഒരുവന്റെ സ്വകര്‍മ്മം ആത്മത്യാഗത്തിലും ദാനധര്‍മ്മങ്ങളിലും തപധ്യാനങ്ങളിലും തീര്‍ഥയാത്രകളിലും ആമഗ്നമായിരിക്കണം. പുത്രനുമായും ഭാര്യയുമായും ബ്രഹ്മചാരികളായും ഭ്രുത്യരായും ബന്ധുക്കളായും എല്ലാം ഉചിതമായ ബന്ധം സ്ഥാപിച്ച് അവരുമായി ഭക്ഷണപാനീയങ്ങള്‍ പങ്കുവെച്ചു കഴിയാനും സ്വകര്‍മ്മം തന്നെ ശരണം.
 
“ജ്ഞാനി തന്റെ ഉത്തമസുഹൃത്തിനോടും ഭാര്യയോടും കൂടിയുള്ള സഹവാസം വളരെ ഇഷ്ടപ്പെടുന്നു. ഈ സുഹൃത്താണ് അയാളുടെ സ്വകര്‍മ്മം.” സ്നാനം, ദാനം, തപസ്സ്, ധ്യാനം എന്നിവര്‍ ആ സുഹൃത്തിന്റെ മക്കളാണ്. അവരും സമൂഹത്തിന്റെ നന്മയെ ഊട്ടി വളര്‍ത്തുന്നു. ഹൃദ്യവും മധുരവുമായ പെരുമാറ്റമാണ് അയാളുടെ ഭാര്യയെ എല്ലാവര്ക്കും പ്രിയങ്കരിയാക്കുന്നത്. ആ സ്വഭാവം അവള്‍ക്ക് അയത്നലളിതമാണ്. നൈസര്‍ഗ്ഗികമാണ്. സമത എന്നാണവളുടെ പേര്. ധാര്‍മ്മികവും ഉചിതവുമായ കര്‍മ്മങ്ങള്‍ നിറവേറ്റുവാന്‍ അവള്‍ തന്റെ ഭര്‍ത്താവിനെ സഹായിക്കുന്നു. മൈത്രിയെന്ന തോഴി അവള്‍ക്ക് സന്തതസഹചാരിയായുണ്ട്. ഈ സുഹൃത്തിന്റെയും ഭാര്യയുടെയും സാന്നിദ്ധ്യത്തില്‍ സസന്തോഷം കഴിയുന്നതിനാല്‍ ജ്ഞാനി ആനന്ദാനുഭവങ്ങളെ ആഘോഷിക്കാനോ ആകുലതകളില്‍ ദുഖിക്കാനോ തുനിയുന്നില്ല. അയാള്‍ ആരെയും വെറുക്കുന്നില്ല, ക്രോധത്തിനടിമപ്പെടുന്നുമില്ല. ലോകത്ത് കര്‍മ്മനിരതനായി വര്‍ത്തിക്കുമ്പോഴും എന്തെന്തു പരിതസ്ഥിതിയില്‍ ആണെങ്കിലും അയാള്‍ നിര്‍വാണപദത്തില്‍ത്തന്നെയാണ്.

വ്യര്‍ത്ഥമായ തര്‍ക്കങ്ങളില്‍ അയാള്‍ മൌനിയാണ്. ‘പലതും പറഞ്ഞു പകല്‍ കളയുന്ന’ കാര്യങ്ങള്‍ക്ക് അയാള്‍ ബധിരനാണ്. അധാര്‍മ്മികമായ കര്‍മ്മങ്ങളില്‍ അയാള്‍ പിണംപോലെ നിഷ്ക്രിയനാണ്. പവിത്രമായതിനെ പുറത്തു കാണിക്കാന്‍ അയാള്‍ നിപുണനാണ്. നിമിഷനേരം കൊണ്ട് സത്യത്തെ സുവിദിതമാക്കാന്‍ അയാള്‍ക്കാവും. ഈ ഗുണഗണങ്ങളെല്ലാം അയാള്‍ക്ക് നൈസര്‍ഗ്ഗികമായി ഉള്ളതാണ്. അതിനായി അയാള്‍ക്ക് പരിശ്രമിക്കേണ്ടതില്ല.

Nov 15, 2014

655 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 655

അനിമീലിതനേത്രസ്യ യസ്യ വിശ്വം പ്രലീയതെ
സാ ക്ഷീബ: പരമാര്‍ത്ഥേന  ഹാ ശേതേ സുഖമാത്മവാന്‍ (6.2/169/29)
വസിഷ്ഠന്‍ തുടര്‍ന്നു: ആര്‍ക്കാണോ ആഹ്ലാദം ആഹ്ലാദമല്ലാതെയും ദുഃഖം ദുഖമല്ലാതെയും ഇരിക്കുന്നത്, അയാള്‍ പ്രബുദ്ധനാകുന്നു. സുഖാനുഭവങ്ങളില്‍ മുഴുകുമ്പോഴും ആരുടെ ഹൃദയമാണോ കലുഷമല്ലാത്തത് അയാള്‍ പ്രബുദ്ധന്‍. ശുദ്ധബോധത്തിലും വിഷയപ്രപഞ്ചത്തിലും ഒരുപോലെ അഭിരമിക്കുന്നവന്‍ മുക്തന്‍.
രാമന്‍ ചോദിച്ചു: അങ്ങ് പറഞ്ഞു മുക്തപുരുഷന്‍ ആഹ്ലാദത്തില്‍ ആഹ്ലാദിക്കുകയോ ദുഖത്തില്‍ ദുഖിക്കുകയോ ചെയ്യുന്നില്ല എന്ന്. അങ്ങിനെയുള്ളയാളില്‍ ചേതനയുണ്ടോ? അയാളില്‍ ആര്‍ദ്രതയുണ്ടാകുമോ ?

വസിഷ്ഠന്‍ തുടര്‍ന്നു: അയാളുടെ അവബോധം പൂര്‍ണ്ണമായും ബോധത്തില്‍ മഗ്നമായിരിക്കുന്നതിനാല്‍ അയാള്‍ സുഖാനുഭവം വ്യതിരിക്തമായി അറിയുന്നില്ല. അറിയണമെങ്കില്‍ അതിനയാള്‍ പ്രത്യേകിച്ചു പരിശ്രമിക്കണം. അയാള്‍ ബോധത്തില്‍ അഭിരമിക്കുന്നു. അയാളിലെ സംശയങ്ങള്‍ക്ക് അറുതിയായിക്കഴിഞ്ഞു. വിവേകവിജ്ഞാനങ്ങള്‍ അയാളുടെ  ലോകവ്യവഹാരങ്ങളില്‍ അനിഛാപൂര്‍വം ചാരുതയേറ്റുന്നു.

നിദ്രയിലെന്നപോലെ തോന്നിയെന്നാലും അയാള്‍ പൂര്‍ണ്ണമായും ഉണര്‍ന്നു പ്രബുദ്ധതയില്‍ എത്തിയിരിക്കുന്നു; അയാള്‍ ആനന്ദലഹരിയില്‍ ആറാടുന്നു. അയാള്‍ പരമപദം പ്രാപിച്ചിരിക്കുന്നു. 
ചടുലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ലോകത്തിന്റെ ‘സ്വാദ്’ അയാളില്‍ ഇനിയില്ല. അനുനിമിഷം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ അനിഛാപൂര്‍വ്വം അയാള്‍ നിര്‍വഹിക്കുന്നു. പ്രബുദ്ധന്‍ ആത്മാവില്‍, അല്ലെങ്കില്‍ ബോധത്തില്‍ വിശ്രാന്തിയടഞ്ഞിരിക്കുന്നതിനാല്‍ അയാള്‍ കര്‍മ്മനിരതനാണെങ്കിലും ലോകരുടെ കാഴ്ച്ചയില്‍ അയാള്‍ പ്രശാന്തസുഷുപ്തിയിലാണ്. വാസ്തവത്തില്‍ അയാള്‍  ചൈതന്യവത്തോ ചൈതന്യരഹിതമോ അല്ല.

അവരെ ‘ഉറങ്ങുന്നവര്‍’ എന്ന് വിളിക്കാന്‍ കാരണം ലോകമെന്ന  കാഴ്ച അവരെ സംബന്ധിച്ച് ഒരുനീണ്ട സ്വപ്നം മാത്രമാണ്. അതവര്‍ ചേതനാരഹിതരായതുകൊണ്ടല്ല. അജ്ഞാനിക്ക് ഇരുട്ട് നിറഞ്ഞ രാത്രിഎന്നതുപോലെയുള്ള സത്യത്തിന്റെ, പരമപ്രശാന്തിയില്‍ അഭിരമിക്കുന്നതിനാല്‍ അവര്‍ നിദ്രയിലാണെന്ന് പറയുന്നു. മാത്രമല്ല അജ്ഞാനിയുടെ ‘ലോകത്തില്‍’ പ്രബുദ്ധനു താല്‍പ്പര്യമേതുമില്ല. അവര്‍ ആത്മാവില്‍ സദാ അഭിരമിക്കുന്നതിനാല്‍ അവര്‍ ചേതനാരഹിതരല്ല. അവര്‍ എല്ലാ ആകുലതകള്‍ക്കും അതീതരാണ്.     

ഈ സംസാരത്തില്‍ അലഞ്ഞു വലഞ്ഞ്, എല്ലാ വിധത്തിലുമുള്ള സുഖദുഖങ്ങളും   അനുഭവിച്ച് ജീവന്‍ അതിന്റെ സൌഭാഗ്യത്താല്‍ ഒടുവിലൊരു മഹാത്മാവിനെ കണ്ടെത്തുന്നു. ആ സത്സംഗം അതിനെ സംസാര സാഗരതരണത്തിനു സഹായിക്കുന്നു. ശയ്യയില്ലാതെയാണെങ്കില്‍പ്പോലും അയാള്‍ ശാതനായി ഉറങ്ങുന്നു. ഇവിടെ കര്‍മ്മങ്ങളില്‍ വ്യാപൃതനായി വര്‍ത്തിച്ചാലും അയാള്‍ ദീര്‍ഘനിദ്രയുടെ പ്രശാന്തി ആസ്വദിക്കുന്നു. എത്ര അത്ഭുതകരം! ഈ നിദ്രയെ കലുഷമാക്കാന്‍ യാതൊന്നിനുമാവില്ല.

“കണ്ണ് തുറന്നു പിടിച്ചിട്ടുണ്ടെങ്കിലും ഈ ലോകത്തെ ‘കാണാത്തവന്‍’ ശരിയ്ക്കും ലഹരിപിടിച്ച അവസ്ഥയിലാണ്. അയാള്‍ ദീര്‍ഘനിദ്രയുടെ ആനന്ദം ആസ്വദിക്കുന്നു.” പൂര്‍ണ്ണമായും നിറവിലെത്തിയതിനാല്‍ അയാളില്‍ ലോകമെന്ന ധാരണപോലും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. അയാള്‍ അമൃതപാനം ചെയ്ത് പൂര്‍ണ്ണ വിശ്രാന്തിയടഞ്ഞിരിക്കുന്നു. സുഖാനുഭവങ്ങളില്‍ നിന്നെല്ലാം അതീതമാണ്‌ അയാളിലെ ആഹ്ലാദം. യാതൊരുവിധമായ ആസക്തികളും ആഗ്രഹങ്ങളും അയാളില്‍ ഇല്ല. ഓരോ അണുവിലും വിശ്വമടങ്ങിയിരിക്കുന്നു എന്നയാള്‍ക്കറിയാം.


അയാള്‍ ഒന്നും ‘ചെയ്യുന്നില്ല’ എങ്കിലും അയാള്‍ സദാ കര്‍മ്മനിരതനായിരിക്കുന്നു. ഈ ലോകമെന്ന കാഴ്ചയ്ക്ക് സ്വപ്നസമാനമായ ഉണ്മയാണുള്ളതെന്ന് തികഞ്ഞ ബോധ്യത്തോടെയാണയാള്‍ പ്രശാന്തനായി സുഷുപ്തിയുടെ ആനന്ദത്തില്‍ നിലകൊള്ളുന്നത്. അയാളുടെ ബോധം ആകാശത്തിനേക്കാള്‍ വികസ്വരമത്രേ. പരമമായ ആത്മാന്വേഷണത്തിലൂടെ ജ്ഞാനമാര്‍ജ്ജിച്ച് നിര്‍മ്മലാകാശത്തില്‍ ഒരു നീണ്ട സ്വപ്നം കാണുന്നതുപോലെ അയാള്‍ ജീവിക്കുന്നു.

654 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 654

സ്തംഭേ ജഡേന സാ വ്യക്തിമനുത്കീര്‍ണേഹ ഗച്ഛതി
ചിതി ത്വന്തര്‍ഗത ചിത്ത്വാദേവാത്മന്യേവ ഭാത്യലം (6.2/168/42)
വസിഷ്ഠന്‍ തുടര്‍ന്നു: വിശ്വസൃഷ്ടിയും വിലയനവും ബോധത്തിലുയര്‍ന്ന വിഭ്രമാത്മകധാരണകള്‍ മാത്രമാണ്. സൃഷ്ടിധാരണ ഏറെനേരം നിലനില്‍ക്കുമ്പോള്‍ അതിന് യാഥാര്‍ത്ഥ്യത്തിന്റെ ഭാവം കൈവരുകയാണ്. കുറച്ചുനേരത്തെ സുഷുപ്തികഴിഞ്ഞ് പൊടുന്നനെയുണ്ടാകുന്ന സ്വപ്നം എന്നതുപോലെ വിശ്വപുരുഷനില്‍ വസ്തുപ്രപഞ്ചത്തിന്റെ രൂപവല്‍ക്കരണവും വിക്ഷേപവും ഉണ്ടാവുന്നതും ആകസ്മികമായാണ്. വിശ്വത്തില്‍ പ്രോജ്വലത്തായി കാണപ്പെടുന്നത് ബോധം തന്നയാണ്. ബോധമാണ് വിശ്വത്തിന്റെ ശരീരം.

ബോധംതന്നെയാണ് സ്മരണകളായും, മാനസീകമായി വൈവിദ്ധ്യതയുള്ള കാര്യങ്ങളായും, ഭൂമി മുതലായ ഘടകങ്ങളായും ഉദ്ഭൂതമാവുന്നത്.

രാമന്‍ ചോദിച്ചു: ഭഗവാനേ, ബുദ്ധിയില്‍ ശേഷിക്കുന്ന വാസനാമുദ്രകളാണ് സ്മരണകള്‍. അത്തരം സ്മരണകളുടെ അഭാവത്തില്‍ എങ്ങിനെയാണ് ധാരണകള്‍ ഉടലെടുക്കുക? എങ്ങിനെയാണ് എന്തെങ്കിലും ഭവിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാമ: നിന്റെ സംശയം ഞാനിപ്പോള്‍ തീര്‍ത്ത്‌ തരാം. അങ്ങിനെ അദ്വൈതതത്വം നമുക്ക് സുദൃഢമാക്കാം. ഒരു തടിക്കഷണത്തില്‍ ഇനിയും കൊത്തിയെടുത്തിട്ടില്ലാത്ത മൂര്‍ത്തിയാണ് ഈ ലോകമെന്ന വിക്ഷേപം. ആ തടിയില്‍ ഒരു രൂപത്തെ കൊത്തിയെടുത്താല്‍മാത്രമേ അതിനെയൊരു മൂര്‍ത്തിയെന്നു പറയാന്‍ കഴിയൂ. എന്നാല്‍ അനന്തബോധം ‘രണ്ടാ’വാന്‍ സാദ്ധ്യതയില്ലാത്തതായതിനാല്‍ ഇങ്ങിനെയൊരു മൂര്‍ത്തീനിര്‍മ്മിതി സാദ്ധമല്ലതന്നെ.

“ചൈതന്യരഹിതവും, ജഡവുമായ തടിയില്‍ താനേയൊരു മൂര്‍ത്തിയുണ്ടാവുകയില്ല. അതിന് ആരെങ്കിലും ആ മൂര്‍ത്തിയെ കൊത്തിയെടുക്കണം. എന്നാല്‍ ബോധം ബോധത്താല്‍ നിറഞ്ഞു സാന്ദ്രമായി നില്‍ക്കുന്നതിനാല്‍ ലോകമെന്ന കാഴ്ച അതില്‍ സ്വയം പ്രോജ്വലിക്കുകയാണ്” വാസ്തവത്തില്‍ ബോധം ഒരിക്കലും ബോധഭിന്നമായിരുന്നിട്ടില്ല. ലോകത്തെ ബോധത്തില്‍ നിന്നും കൊത്തിയെടുത്തിട്ടുമില്ല. എങ്കിലും അത് ലോകമായി പ്രഭാസിക്കുന്നു!

അനാദികാലത്ത് ബോധത്തില്‍ അനന്തമായ സാദ്ധ്യതകള്‍ ഉള്ളതിനാല്‍ എല്ലാ ധാരണകളും സാധിതമായി. ഈ ധാരണകള്‍ക്ക് ബോധസാന്നിദ്ധ്യമുള്ളതിനാല്‍ അവയെല്ലാം സത്താണെന്ന് തോന്നാന്‍ ഇടയായി. സ്വപ്നത്തിലെ വസ്തുക്കളെപ്പോലെയാണവ. ഹൃദയാകാശത്തില്‍ത്തന്നെ ബോധം പലവിധ ധാരണകള്‍ക്കും ഇടനല്കുന്നു.

“ഇത് ബ്രഹ്മബോധമാണ്’, ‘ഇത് ശുദ്ധബോധത്തെക്കുറിച്ചുള്ള ധാരണയാണ്’, ;ഇത് ജീവന്‍ എന്ന ധാരണ’, ‘ഇത് അഹങ്കാരം, ബുദ്ധി, മനസ്സ്, കാലം, ആകാശം’, ‘ഞാന്‍ ഇന്നാരാണ്’, ‘ഇത് കര്‍മ്മം’, ‘ഇവ പഞ്ചഭൂതങ്ങള്‍’, ‘ഇവ ഇന്ദ്രിയങ്ങള്‍’,’ഇത് പൂര്യഷ്ടകം എന്ന സൂക്ഷ്മശരീരം’, ‘ഞാന്‍ സൃഷ്ടാവായ ബ്രഹ്മാവ്‌’, ‘ഞാന്‍ ശിവന്‍, ഞാന്‍ വിഷ്ണു, ഞാന്‍ സൂര്യന്‍’, ‘ഇതകം’, ‘ഇത് പുറം’, ‘ഇത് സൃഷ്ടി, ഇത് ലോകം’, എന്നിത്യാദി ധാരണകള്‍ ബോധത്തിലാണുദിക്കുന്നത്.
    
ഭൌതികമായോ വസ്തുനിഷ്ഠമായോ സ്മരണകളായോ ദ്വന്ദങ്ങളായോ യാതൊന്നുമില്ല. കാരണമൊന്നുമില്ലാതെ ലോകമെന്ന കാഴ്ച ബോധത്തില്‍ ഉയരുന്നു. ബോധത്തില്‍ ബോധമായിത്തന്നെ അതനുഭവമാകുന്നു. ബോധമാണ് സ്വയം ലോകമായി ഭാവിച്ചു അനുഭവങ്ങളെ ആര്‍ജ്ജിക്കുന്നത്. അതിനാല്‍ സ്മരണകളോ, സ്വപ്നങ്ങളോ, കാലമോ, ഒന്നും ഇതിനു സംഗതമല്ല.

അകമേയുള്ള ബോധഘനത്തില്‍ ബാഹ്യമായുള്ള ഒരുലോകം കാണപ്പെടുന്നു. വാസ്തവത്തില്‍ അകത്തും പുറത്തുമായി മാറ്റ് യാതൊന്നുമില്ല. എല്ലാം പരംപൊരുള്‍ മാത്രം. അതിനാല്‍ അനന്തമായ ബ്രഹ്മം ഉണ്മയായിരിക്കുന്നതുപോലെ കാണപ്പെടുന്ന വസ്തുപ്രപഞ്ചവും ഉണ്മയാകുന്നു.

653 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 653

അബുദ്ധിപൂര്‍വ്വമേവാഗോ യഥാ ശാഖാവിചിത്രതാം
കരോത്യേവമജശ്ചിത്രാ: സര്‍ഗാഭാസ: ഖ ഏവ ഖം (6.2/168/1)
വസിഷ്ഠന്‍ തുടര്‍ന്നു: നിയതമായ ഇഛയോ മനോവ്യാപാരമോ കൂടാതെതന്നെ ഒരു മരത്തില്‍ വൈവിദ്ധ്യമാര്‍ന്ന ശാഖകള്‍ പടര്‍ന്നു പന്തലിക്കുന്നതുപോലെ അജവും അസൃഷ്ടവുമായ അനന്തബോധം വൈവിദ്ധ്യവും നിറഭേദങ്ങള്‍ ഉള്ളതുമായ ലോകമെന്ന കാഴ്ച്ചയെ സംജാതമാക്കുന്നു. ആകാശം ആകാശത്തെ സൃഷ്ടിക്കുന്നതുപോലെയാണത്.
മാനസീകവ്യാപരമൊന്നും കൂടാതെ സമുദ്രം അലകളെ സൃഷ്ടിക്കുന്നത് എങ്ങിനെയോ അതുപോലെ അനിഛാപൂര്‍വ്വകമായി ബോധം എല്ലാ തരത്തിലുമുള്ള സംഭവങ്ങളെയും സംജാതമാക്കുന്നു. കാരണം, ബോധമാണ് എല്ലാറ്റിന്റെയും ഈശന്‍. അതേ ബോധം തന്നെയാണ് ആ അനുഭവങ്ങള്‍ക്ക് മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിത്യാദി നാമങ്ങള്‍ പ്രദാനം ചെയ്യുന്നത്.
അനന്താവബോധം അനിഛാപൂര്‍വ്വം ബുദ്ധിയുള്ള വസ്തുവെന്ന ധാരണയെ ഉണ്ടാക്കുന്നതിലും മനോവ്യാപാരങ്ങള്‍ ഇല്ല. അതേപോലെ വസ്തുക്കളുടെ സ്വഭാവനിയതികളും ഉണ്ടാവുന്നത് അനന്തബോധത്തിലാണ്. എല്ലാമെല്ലാം ഒന്നാണ്. മരത്തിന്റെ തടി, ശാഖകള്‍, ഇലകള്‍, പൂക്കള്‍, എല്ലാം മരം തന്നെയാണ്. ഇവയിലെ വ്യതിരിക്തത പേരില്‍ മാത്രമാണ്. അതുപോലെ എല്ലാമെല്ലാം അനന്തബോധമാണ്. പേരില്‍ (വാക്കില്‍) മാത്രമാണ് വ്യതിരിക്തത.

അപ്പോള്‍ പിന്നെയെന്തിനാണ് വസ്തുഅനുഭവം എന്ന പാഴ് വേല? എന്നാണു നിങ്ങളുടെ ചോദ്യമെങ്കില്‍ ഇതെല്ലാം ഒരു നീണ്ട സ്വപ്നം മാത്രമാണെന്ന് ആദ്യമേ പറഞ്ഞത് ഓര്‍ക്കുക. അസത്തായതിനെ, ഒരിക്കലും തെളിയാത്തതിനെ ആരാണ് നമ്പുക? ‘ഇതൊരു മരം’ എന്ന ധാരണ നമ്മില്‍ ഉണ്ടാകുന്നതുപോലെ അനന്തബോധത്തില്‍ രൂപങ്ങളും ഭാവങ്ങളും ആകാശാദികളും ‘ഉണ്ടാകുന്നു’. 

ദൂരം, ദേശം, ആകാശം എന്നിവ  അവിഭാജ്യമാണെന്നതുപോലെ, വായുവിന്റെ ചലനമെന്നതുപോലെ, ഒക്കെയാണ് ബുദ്ധി മുതലായ നൈസര്‍ഗ്ഗികമായ കാര്യങ്ങള്‍ ബോധത്തില്‍, അല്ലെങ്കിൽ പരംപോരുളില്‍ നിലകൊള്ളുന്നത്. സൃഷ്ടി അനാദികാലം മുതല്‍ക്കേ ഒരു ദീര്‍ഘസ്വപ്നത്തിലെന്ന വണ്ണം തുടര്‍ന്നുപോരുന്നു. കാഴ്ച്ചകള്‍ക്കൊന്നും സുദൃഢമായ കാരണമില്ല. അപ്പോള്‍ അതും അനന്തബോധമല്ലാതെ മറ്റൊന്നാവുക വയ്യ.

നിത്യനിരന്തരമായ വിശ്വാനുഭവം ആയതിനാല്‍ സ്വപ്നരൂപത്തിലുള്ള ഇതിനെ അന്വേഷിക്കുകതന്നെ. അന്തര്‍ലീനമായിരിക്കുന്ന ബുദ്ധിയും ശുദ്ധബോധവുമല്ലാതെ സ്വപ്നത്തിന്റെ അന്ത:സത്തയെന്താണ്?

ബോധത്തിലെ സ്മരണയായല്ല സൃഷ്ടി ഉല്‍പ്പന്നമാകുന്നത്. യാതൊരു കാരണവും കൂടാതെ ‘കാകതാലീയ ന്യായത്തില്‍’ സ്വപ്നസങ്കല്‍പ്പമുണ്ടായി രൂപവല്‍ക്കൃതമാവുകയാണ്. ഒരിക്കല്‍ ഉണ്ടായിക്കഴിഞ്ഞാല്‍ സൃഷ്ടിയെ ‘സ്ഥിതി’ പിന്തുടരുകയായി.


പ്രസൃഷ്ടമായിഎന്ന് തോന്നിയാലും സൃഷ്ടി ഉണ്ടായിട്ടേയില്ല. ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കില്‍ ‘സ്ഥിതി’ എങ്ങിനെയുണ്ടാവാനാണ്? ശുദ്ധവും അനന്തവുമായ ബോധത്തില്‍ അനേകം ലോകങ്ങള്‍ ഉണ്ടായി മറയുന്നു. അവ ഉദ്ഭൂതമാവുന്നു, വിലയിക്കുന്നു. അവയുടെ എല്ലാം ആത്യന്തികമായ ഭാവം നിശ്ശൂന്യത മാത്രമാണ്. അവയുടെ സത്ത ശൂന്യമാകുന്നു. ശൂന്യത്തില്‍ ‘അഹം’ എന്നൊരു ധാരണ പോലുമില്ല. സൃഷ്ടിയെന്നത് ശൂന്യമാണ്. ശൂന്യമാണ് വളര്‍ന്നുവികസിച്ച് അവസാനം വിലീനമാവുന്നത്. 

652 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 652

അയമാത്മാ ത്വിയം ഖ്യാതിരിത്യന്ത: കലനാഭ്രമ:
ന സംഭവത്യതശ്ചൈനം ശബ്ദം ത്യക്ത്വാ ഭവാര്‍ത്ഥ ഭാക്  (6.2/167/4)
വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനം, അനാത്മജ്ഞാനം അല്ലെങ്കില്‍ ‘അസത്തി’നെക്കുറിച്ചുള്ള ജ്ഞാനം എന്നെല്ലാം പറയുന്നത് ഓരോരോ വീക്ഷണകോണുകളിലൂടെ പറയുന്ന വെറും വാക്കുകളാണ്.
ഇവയെല്ലാം അനന്തനിര്‍മ്മലമായ ബോധത്തിലുദിക്കുന്നു എന്നത് എനിക്ക് വ്യക്തമായി കാണാം.

“നമ്മുടെ ഉള്ളിലുണരുന്ന, ‘ഇത് ആത്മാവ്’, ‘ഇത് ആത്മജ്ഞാനം’, എന്നിത്യാദി ധാരണകള്‍ വെറും മിഥ്യയാണ്. ഈ വാക്കുകളെ സംത്യജിക്കുക. എന്നിട്ട് സത്യാനുഭവത്തില്‍, അതിന്റെ നേരറിവില്‍ അഭിരമിക്കുക.”

എണ്ണമറ്റ കര്‍മ്മങ്ങള്‍ അതിനുള്ളില്‍ നടക്കുന്നുവെങ്കിലും അത് പരമനിശ്ശബ്ദവും പ്രശാന്തവുമത്രേ. എത്രയെത്ര അതിഭാവുകത്വം നിറഞ്ഞ സംജ്ഞകളാല്‍ വിവരിച്ചാലും അതിനു യാതൊരിളക്കവുമില്ല. സദാ ചലിച്ചുകൊണ്ടിരിക്കുന്നതാണെങ്കിലും അത് പാറപോലെ ഉറച്ചു സുദൃഢമായിരിക്കുന്നു. പഞ്ചഭൂതങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്നുവെങ്കിലും  അത് അനന്തവിഹായസ്സെന്നപോലെ അവയാല്‍ ബാധിക്കപ്പെടാതെ നിലകൊള്ളുന്നു. എല്ലാ വസ്തുക്കളുടെയും ഗേഹമാണെങ്കിലും അത് ശുദ്ധബോധമായിത്തന്നെ നിലകൊള്ളുന്നു. സ്വപ്നനഗരമെന്നതുപോലെ കാണപ്പെടുന്നുവെങ്കിലും അത് അദൃശ്യബോധമായി നിലകൊള്ളുന്നു.

രാമന്‍ പറഞ്ഞു: ജാഗ്രദ് അവസ്ഥയിലും സ്വപ്നാവസ്ഥയിലും സ്മരണകളാണ് പ്രതീതികള്‍ ഉണ്ടാകുന്നതിന്റെ മൂലകാരണം. ബാഹ്യവസ്തുക്കള്‍ നിജമാണെന്ന് തോന്നിപ്പിക്കുന്നതും ഈ സ്മരണകള്‍ തന്നെയാണല്ലോ.

വസിഷ്ഠന്‍ തുടര്‍ന്നു: കാക്ക തെങ്ങോലയില്‍ ചെന്നിരിക്കുന്ന നിമിഷം തേങ്ങയടര്‍ന്നു വീഴുന്നതുപോലെ ആകസ്മികമായി അനന്തബോധം സ്വയം അവബോധിക്കുമ്പോള്‍ അതില്‍ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ പ്രകടമാവുന്നു. ഈ ബോധം എന്തെല്ലാം എവിടെയെല്ലാം എന്തൊക്കെ രീതികളില്‍ ഇച്ഛിക്കുന്നുവോ, ധ്യാനിക്കുന്നുവോ, ചിന്തിക്കുന്നുവോ, അവയെല്ലാം അതേപടി അപ്പോളപ്പോള്‍ കാരണമൊന്നും കൂടാതെ പ്രത്യക്ഷമാവുന്നു.

‘ഇത് ജാഗ്രദ്’, ‘ഇത് സ്വപ്നം’, ‘ഇത് നിദ്ര’, ‘ഇത് തുരീയം’, തുടങ്ങിയ ധാരണകള്‍ ബോധത്തിലുയരാന്‍ കാരണം അവയെല്ലാം ബോധം തന്നെയാണ് എന്നതാണ്. വാസ്തവത്തില്‍ സ്വപ്നമോ ജാഗ്രദോ നിദ്രയോ തുരീയമോ അവയ്ക്കെല്ലാം അതീതമായ മറ്റവസ്ഥകളോ ഒന്നും ഇല്ല. ഉള്ളത് പരമ പ്രശാന്തിയും നിശ്ശബ്ദതയുമാണ്. അല്ലെങ്കില്‍ ഈയവസ്ഥകളെല്ലാം എപ്പോഴും ജാഗ്രദാണെന്നും, സ്വപ്നമാണെന്നും, നിദ്രയാണെന്നും തുരീയമാണെന്നും പറയാം. അല്ലെങ്കില്‍ നമുക്കിതൊന്നും ‘എന്താണെന്നറിയാന്‍’ ആവില്ലയെന്നും ചിന്തകളിലുദിക്കുന്ന എല്ലാറ്റിനും അനുഭവം പ്രദാനം ചെയ്യാന്‍ കഴിയുമെന്നും മാത്രം നമുക്കറിയാം!
   
പ്രകടിതവും അപ്രകടിതവും ആണ് ജ്ഞാനവും അജ്ഞാനവും. ഇവരണ്ടും കാറ്റിന്റെ ചാലകത്വവും അചലത്വവും എന്നപോലുള്ള സഹജമായ രണ്ടവസ്ഥകളാണ്. അതിനാല്‍ ജഗ്രദ് അവസ്ഥയും മറ്റുള്ള അവസ്ഥകളും തമ്മില്‍ അന്തരമേതുമില്ല. സ്മരണ, ആശ എന്നിങ്ങിനെയുള്ള കാര്യങ്ങളും വെറും മിഥ്യ.

ഇവയെല്ലാം പരിമിതങ്ങളായ ദര്‍ശനങ്ങളാണ്. ആന്തരാനുഭവങ്ങള്‍ തന്നെ ബാഹ്യവസ്തുക്കളായി പ്രോജ്വലിച്ചു നിലകൊള്ളുമ്പോള്‍ എവിടെയാണ് വസ്തുനിഷ്ഠത? എവിടെയാണ് അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?


സ്മരണകള്‍ ഉണ്ടാവാന്‍ അനുഭവങ്ങള്‍ കൂടിയേ തീരൂ. അനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ വസ്തുക്കള്‍ യഥാര്‍ത്ഥമായിരിക്കുകയും വേണം. അനന്തബോധത്തിന്റെ പ്രത്യക്ഷധാരണകള്‍ പിന്നീട് ഭൂമി മുതലായ കാഴ്ചകളെ പ്രദാനം ചെയ്തു. ഈ ബോധം യഥേഷ്ടം പ്രഭാസിച്ചുകൊള്ളട്ടെ. അത് സത്തോ അസത്തോ ആകട്ടെ. അതെന്തെങ്കിലും ആകട്ടെ, ഒന്നുമല്ലാതെയിരിക്കട്ടെ. എന്നാല്‍ ബാഹ്യമായി ഒരു വസ്തുവെന്ന തോന്നലുണ്ടായ ഹൃദയത്തിലുമുള്ളത് അത് തന്നെയാണ്. അപ്പോള്‍ എന്താണ് ബാഹ്യം? എന്താണ് ആന്തരം? ഇവയെപ്പറ്റി ധ്യാനിക്കൂ. പ്രശാന്തതയില്‍ അഭിരമിക്കൂ. ഓം! ഓം! ഓം!

651 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 651

ആത്മഖ്യാതിരസത്ഖ്യാതിരഖ്യാതി: ഖ്യാതിരന്യഥാ
ഇത്യേതാശ്ചിച്ചമത്കൃത്യാ ആത്മഖ്യാതേര്‍വിഭൂതയ: (6.2/166/9)
വസിഷ്ഠന്‍ തുടര്‍ന്നു: ആത്മാവ് അല്ലെങ്കില്‍ അനന്തബോധം എന്നത് ഏറ്റവും സുവിദിതമായ സത്യമാണ്. കാരണം അതിന് ‘ആത്മാവ്’, ‘ജ്ഞാനം’ ഇത്യാദി വാക്കുകളുടെ പോലും ആവശ്യം ഇല്ലാത്തത്ര സ്വതന്ത്രമായ അസ്തിത്വമാണ് ഉള്ളത്. സൃഷ്ടിയുടെ ആദിമുതല്‍ക്കേതന്നെ സൃഷ്ടിയെന്ന ധാരണയുമായി അനന്താവബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആത്മജ്ഞാനം ചിന്താതീതവും വിഷയവിജ്ഞാനാതീതവുമാണെന്ന് ജ്ഞാനികളും വിവേകമതികളുമായവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാമെല്ലാം ആത്മാവ് മാത്രമാണ്.

ജ്ഞാനരാഹിത്യം എന്ന അവിദ്യയ്ക്ക് നിലനില്‍പ്പില്ല. ജ്ഞാനം, അജ്ഞാനം എന്നീ രണ്ടു ധാരണകള്‍ അനുയോജ്യങ്ങളായ സത്യവസ്തുക്കളില്ലാത്ത വെറും വാക്കുകള്‍ മാത്രം.

എന്താണിവിടെ അറിയാനും അറിയാതിരിക്കാനും ഉള്ളത്? എന്തിനെയെങ്കിലും കുറിച്ചുള്ള അറിവ് എന്നത് ‘അസത്താ’യതിനെക്കുറിച്ചുള്ളതാണ്. അതെല്ലാം  ബോധത്തില്‍ ഉയരുന്നവയാണ്.
“ആത്മജ്ഞാനം, അനാത്മജ്ഞാനം, അറിവിന്റെ അഭാവം, കാഴ്ചയ്ക്ക് അതീതമാണ് സത്യമെന്ന അറിവ്, ഇവയെല്ലാം അനന്താവബോധം തന്നെയാകുന്നു. ആത്മജ്ഞാനത്തിന്റെ വികസ്വരമാര്‍ന്ന പ്രകടിതഭാവങ്ങളാണവ.”

ആത്മജ്ഞാനം എന്ന വാക്കിന്റെ സാംഗത്യം ഇല്ലാതായാലും ആത്മജ്ഞാനം എന്ന പരമസത്യം ഉണ്ട്. കാരണം അത് മാത്രമാണ് സത്യം.

ഇതിനെക്കുറിച്ച്‌ ഉദാഹരണത്തോടെ ഞാന്‍ വിശദമാക്കാം. ആകാശം വശങ്ങളായുള്ള മഹത്തായ ഒരു ഭീമാകാരമായ പാറക്കല്ല്. അതില്‍ യാതൊരുവിധ വിള്ളലുകളോ പൊട്ടോ ഇല്ല. ഒരിക്കലും നാശമില്ലാത്ത സജാതീയമായ കല്ലാണത്. അതുപോലെ മറ്റൊന്നില്ല. അതിന്റെ തുടക്കം എവിടെനിന്നറിയില്ല. അതുണ്ടാക്കിയിരിക്കുന്നത് വസ്തുഘടകങ്ങള്‍ കൊണ്ടല്ല എങ്കിലും അത് ഖരമാണ്. അതിനുള്ളില്‍ അസംഖ്യം രൂപങ്ങള്‍ നിലകൊള്ളുന്നു. ജീവന്‍ എന്നാണ് ഓരോന്നിനെയും വിളിക്കുന്നത്. അതില്‍ ചൈതന്യവത്തും അല്ലാത്തവയും ഉണ്ട്. ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു പാറക്കല്ലാണത്.

ദേവാസുരനര ജാതികളാകുന്ന രൂപങ്ങളും രൂപമില്ലാത്തവയും അതിലുണ്ട്. ഞാനീ പാറക്കല്ലില്‍ ലീനമായ മുദ്രകളെ കണ്ടിട്ടുണ്ട്. നിനക്കും വേണമെങ്കില്‍ അവയെക്കാണാം.

രാമന്‍ ചോദിച്ചു: ആ പാറക്കല്ല് അഛേദ്യമാണെങ്കില്‍ എങ്ങിനെയാണ് അതിനുള്ളിലെ കാര്യങ്ങള്‍ അങ്ങേയ്ക്ക് കാണാന്‍ കഴിഞ്ഞത്?

വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും ആര്‍ക്കുമതിനെ പൊട്ടിക്കാനാവില്ല. എന്നാല്‍ ഞാനാ കല്ലിനുള്ളിലെ മുദ്രയായിത്തന്നെ നിലകൊള്ളുന്നതിനാല്‍ എനിക്കതിലെ മറ്റുമുദ്രകളെ കാണാം.
ഞാനിപ്പോള്‍ നിനക്ക് വേണ്ടി വിവരിച്ചത് പരംപൊരുളിന്റെ സത്ത, അല്ലെങ്കില്‍ ആത്മാവിനെയാണ്. നാമെല്ലാം ആ അനന്തമായ ‘ഒന്നിന്റെ’ അവിഭാജ്യഘടകങ്ങളാണ്. ആകാശം, വായു, മുതലായ ഭൂതങ്ങള്‍, കര്‍മ്മങ്ങളും പ്രവര്‍ത്തനങ്ങളും, ഉപാധികളും കാലമെന്ന ധാരണയും എല്ലാം ആ ‘ജീവിയുടെ’ അവയവങ്ങളത്രേ.

ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹംകാരം ഇവയെല്ലാം ആത്മസത്തയുടെ അവയവങ്ങളാകുന്നു. അനന്തബോധമല്ലാതെ മറ്റെന്ത് എവിടെയുണ്ടാവാനാണ്? ഈ ലോകത്തിലെ വസ്തുക്കള്‍ ശുദ്ധമായ അവബോധമാണ്, അനുഭവമാണ്. അതും ശുദ്ധമായ ബോധഘനം മാത്രമാണ്.