Mar 30, 2014

455 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 455

യാവത്തിലം യഥാ തൈലം യാവദ്ദേഹാം തഥാ ദശാ
യോ ന ദേഹദശാമേതി സ ച്ഛിന്നത്യസിനാംബരം (6/104/42)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരു നാഴികനേരം അവിടെ ഇരുന്നശേഷം രാജാവും കുംഭനും കൂടി ആ വനത്തില്‍ സ്വതന്ത്രരായി വീണ്ടും ഒരെട്ടു നാളുകള്‍കൂടി വിഹരിച്ചു. മറ്റൊരു വനത്തിലേയ്ക്ക് പോകാമെന്ന കുംഭന്റെ നിര്‍ദ്ദേശം രാജാവ് സമ്മതിച്ചു. പൂര്‍വ്വികരെയും ദേവന്മാരെയും പ്രീതിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ അവര്‍ യഥാവിധി ചെയ്തു. ‘ഇതെന്റെ വീട്’, ‘ഇതെന്റെതല്ല’ തുടങ്ങിയ തെറ്റിദ്ധാരണകള്‍ക്ക് അവരുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. ചിലപ്പോള്‍ രാജകീയമായ വസ്ത്രങ്ങളും മറ്റുചിലപ്പോള്‍ കീറത്തുണികളും ആയിരുന്നു അവരുടെ വസ്ത്രം. ചിലപ്പോള്‍ അവര്‍ ചന്ദനക്കൂട്ടണിഞ്ഞു. മറ്റുചിലപ്പോള്‍ ചാരവും. കുറച്ചുകഴിഞ്ഞപ്പോള്‍ രാജാവിലും കുംഭനിലുള്ളതുപോലെയൊരു തേജസ്സ് കാണായി.

തന്റെ പ്രിയനിലുള്ള ഈ പ്രശോഭ തിരിച്ചറിഞ്ഞ ചൂഡാല ഇങ്ങിനെയാലോചിച്ചു: ‘ഇതാ എന്റെ നാഥന്‍, ശക്തിമാനും ആത്മപ്രകാശത്താല്‍ പ്രശോഭിതനുമായിരിക്കുന്നു. ഈ വനമെത്ര ആനന്ദപ്രദം! ക്ഷീണമെന്തെന്നറിയാത്ത ഒരവസ്ഥയിലാണ് ഞങ്ങളിപ്പോള്‍. എന്നിട്ടും സുഖാനുഭവങ്ങള്‍ക്കായി ഹൃദയത്തില്‍ എന്താണ് ആഗ്രഹം മൊട്ടിടാത്തത്? മുക്തനായ മുനി അനിച്ഛാപൂര്‍വ്വം അതിഥികളായിവന്നെത്തുന്ന അനുഭവങ്ങളെ സ്വീകരിക്കുന്നു. അയാള്‍ ഇക്കാര്യങ്ങളില്‍ ദുര്‍വാശിക്കാരനായി സുഖാനുഭവങ്ങളെ തിരസ്കരിക്കുന്നതും അജ്ഞാനമാണ്. വിഡ്ഢിത്തവും.

ഏതൊരുവളുടെ വികാരങ്ങളാണോ ശക്തിശാലിയും പ്രതാപവാനും ഗുണവാനുമായ കാന്തന്റെ സാമീപ്യത്താല്‍, പൂക്കള്‍ നിറഞ്ഞ നന്ദനോദ്യാനത്തില്‍വെച്ച്പോലും  വിജൃംഭിതമാവാത്തത്, അവള്‍ ജീവച്ഛവം തന്നെ. പ്രയത്നമൊന്നും കൂടാതെ സ്വമേധയാ വന്നുചേരുന്ന സുഖങ്ങളെ തൃണവല്‍ഗണിക്കുന്നതുകൊണ്ട് ആത്മജ്ഞാനിയായ ഒരുവന് എന്താണൊരു നേട്ടം? എന്റെ കാന്തന് ഞാനുമായി ചേര്‍ന്നു രതിസുഖം ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കണം’.  

ഇങ്ങിനെ നിശ്ചയിച്ച് കുംഭന്‍ ശിഖിധ്വജനോടു പറഞ്ഞു: ഇന്ന് ഒരു സുദിനമാണ്. എന്റെ പിതാവിനെ മുഖം കാണിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ പോകണം. ഞാന്‍ വൈകുന്നേരം മടങ്ങിവരാം. അതുവരെ വിടതരിക. സുഹൃത്തുക്കള്‍ പരസ്പരം പൂക്കളര്‍പ്പിച്ചു ബഹുമാനിച്ചു പിരിഞ്ഞുപോയി.

കുംഭന്‍ അവിടം വിട്ട ഉടനെതന്നെ ചൂഡാല തന്റെ പ്രച്ഛന്ന വേഷം ദൂരെക്കളഞ്ഞ് കൊട്ടാരത്തിലേയ്ക്ക് പോയി. തന്റെ രാജകീയ കടമകള്‍ നിര്‍വ്വഹിച്ചു. വീണ്ടും ശിഖിധ്വജന്റെയടുത്ത് കുംഭനായി തിരിച്ചെത്തി. തിരികെ വന്ന കുംഭനില്‍ ഉണ്ടായിരുന്ന മ്ളാനഭാവം ശ്രദ്ധിച്ച രാജാവ് ചോദിച്ചു: എന്താണ് ദേവപുത്രാ അങ്ങയെ വിഷാദിപ്പിക്കുന്നത്? ബാഹ്യസ്വാധീനങ്ങളാല്‍  തങ്ങളുടെ സമതാഭാവം പ്രക്ഷുബ്ദമാക്കാന്‍ മഹാത്മാക്കള്‍ ഇടവരുത്തുകയില്ലല്ലോ?.

കുംഭന്‍ പറഞ്ഞു: സമതാഭാവത്തില്‍ വര്‍ത്തിക്കുമ്പോഴും ദേഹഭാവത്തില്‍ ഇരിക്കുമ്പോള്‍ ആ ദേഹങ്ങളുടെ സ്വാഭാവിക ചോദനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തവര്‍ വെറും മര്‍ക്കടമുഷ്ടിക്കാരാണ്. ദുര്‍വാശിക്കാര്‍. “എള്ളുണ്ടോ അവിടെ എണ്ണയുമുണ്ട്. ദേഹമുണ്ടോ അതിന്റെ വൈവിദ്ധ്യമാര്‍ന്ന ചോദനകളും സഹജം. ആരാണോ ദേഹത്തിന്റെ സഹജചോദനകളെ ബലമായി തടഞ്ഞു നിര്‍ത്തുന്നത് അയാള്‍ ആകാശത്തെ പടവാളുകൊണ്ട് തുണ്ടം തുണ്ടമാക്കാന്‍ തുനിയുന്നവനാണ്.”

യോഗനിരതമായ സമത എന്നത് മനസ്സിന്റെ ഭാവമാണ്. ദേഹാവയവങ്ങളുടെ പ്രവര്‍ത്തനമോ അവയുടെ അവസ്ഥാവിശേഷങ്ങളോ സമതാഭാവത്തെ ബാധിക്കുന്നില്ല. ദേഹം നിലനില്‍ക്കുന്നിടത്തോളം നാം അതിന്റെ പ്രവര്‍ത്തനങ്ങളെ സമുചിതമായി അനുവദിക്കുകതന്നെ വേണം. ബുദ്ധിയും ഇന്ദ്രിയങ്ങളും സമതയില്‍ നിലനിന്നുകൊള്ളട്ടെ. അതാണ്‌ ദേവന്മാര്‍ക്കുപോലും ബാധകമായ പ്രകൃതിനിയമം. 

No comments:

Post a Comment

Note: Only a member of this blog may post a comment.