യദാ വനം പ്രയാതസ്ത്വം തദാ ജ്ഞാനം ക്ഷതം ത്വയാ
പതിതം സന്ന നിഹതം മനസ്ത്യാഗമഹാസിനാ (6/91/14)
ബ്രാഹ്മണന്‍ (ചൂഡാല) തുടര്‍ന്നു: ഇനി ഞാന്‍ രണ്ടാമത് പറഞ്ഞ
കഥയുടെ പൊരുളെന്തെന്നു പറയാം. വിന്ധ്യാപര്‍വ്വതത്തില്‍ മേഞ്ഞുനടന്ന ആനയുണ്ടല്ലോ?
അത് അങ്ങ് തന്നെയാണ്.
വിവേകം, വൈരാഗ്യം എന്നിങ്ങനെ നല്ല രണ്ടു ‘കൊമ്പുകള്‍’
അങ്ങേയ്ക്കുണ്ടായിരുന്നല്ലോ. ആനയ്ക്ക് ദേഹോപദ്രവം ഏല്‍പ്പിച്ച ആനക്കാരന്‍ അങ്ങയിലെ
അജ്ഞാനമാണ്. അതാണ് അങ്ങയുടെ ദുഖഹേതു. ആനയെത്ര പ്രബലനായിരുന്നാലും ആനക്കാരന് ആനയെ
നിയന്ത്രിക്കാന്‍ കഴിയുന്നതുപോലെ ഇത്ര ജ്ഞാനവിശാരദനായിരുന്നിട്ടും അങ്ങയെ
അജ്ഞാനമാകുന്ന മൂഢത്വം ബാധിച്ചിരുന്നു. അതങ്ങയെ നിഷ്പ്രയാസം നിയന്ത്രിച്ചു.
ആനക്കൊട്ടില്‍ എന്നത് ആശകളുടെ തടവറയാണ്. അതിലങ്ങ് വിലങ്ങിട്ടു നില്‍ക്കുകയായിരുന്നു.
ഇരുമ്പുകൂട് കാലക്രമത്തില്‍ തുരുമ്പെടുത്ത് നശിക്കും എന്നാല്‍ ആസക്തികളുടെ
തടവറയുടെ ബലം കാലക്രമത്തില്‍ വര്‍ദ്ധിക്കുകയേയുള്ളു. ആന തന്റെ കൊട്ടിലു
തകര്‍ത്ത് പുറത്തുകടന്നതുപോലെ അങ്ങും രാജ്യമുപേക്ഷിച്ചു വനവാസം തുടങ്ങി. നല്ലത്
തന്നെ.
എന്നാല്‍ മാനസീകമായി
എല്ലാമുപേക്ഷിക്കുക എന്നത് ഭൌതീകമായുള്ള ത്യജിക്കല്‍ പോലെ എളുപ്പമല്ല. ആനക്കാരന്‍ ഈ
പാലായനത്തെപ്പറ്റി അറിഞ്ഞന്നതുപോലെ സന്യാസത്വര ഉള്ളില്‍ ഉണര്‍ന്നപ്പോള്‍ അങ്ങിലെ അജ്ഞാനവും മൂഢത്വവും പേടിച്ചു വിറച്ചു.
സുഖാനുഭവാസക്തി ഉപേക്ഷിക്കുമ്പോള്‍ ജ്ഞാനിയില്‍ നിന്നും അവിദ്യ ഓടിയൊളിക്കുന്നു.
“അങ്ങ് വനവാസത്തിനു പോയപ്പോള്‍
ഈ അവിദ്യയ്ക്കതൊരു കഠിനപ്രഹരം തന്നെയായിരുന്നു. എന്നാല്‍ അതിനെ തീരെ നശിപ്പിക്കാന്‍
അങ്ങേയ്ക്കായില്ല. മനസ്സിനെ ഇല്ലാതാക്കാന്‍, ബോധചൈതന്യത്തിന്റെ പ്രകമ്പനം പിടിച്ചു
നിര്‍ത്തുന്നതില്‍ അങ്ങ് പരാജയപ്പെട്ടു. ആനക്കാരനെ ആന കൊല്ലാതെ വിടുകയാണല്ലോ
ചെയ്തത്!.”
അതുകൊണ്ട്
ആ അവിദ്യ വീണ്ടും അങ്ങില്‍ തലപൊക്കി. മറ്റാഗ്രഹങ്ങള്‍ പണ്ട് അങ്ങയെ എങ്ങിനെ
നയിച്ചുവോ അങ്ങിനെതന്നെ, സന്യാസമെന്ന മറ്റൊരാനക്കുഴിയില്‍ വേറൊരു കൂട്ടം
ആഗ്രഹങ്ങളുമായി അങ്ങ് കഴിയുന്നു. രാജ്യം ഉപേക്ഷിച്ച സമയത്തുതന്നെ അങ്ങ് ആ അവിദ്യയെ
എന്നെന്നേയ്ക്കുമായി നശിപ്പിച്ചിരുന്നുവെങ്കില്‍ ഈ താപസജീവിതത്തിന്റെ പടുകുഴിയില്‍
അങ്ങ് വീഴുകയില്ലായിരുന്നു. അങ്ങ് വിവേകവൈരാഗ്യങ്ങളാകുന്ന രണ്ടു കൊമ്പുകളുള്ള
രാജഗജേന്ദ്രനായിരുന്നില്ലേ?
എന്നാല്‍
കഷ്ടമെന്നേ പറയാവൂ. വനത്തില്‍ അജ്ഞാനമാകുന്ന ആനക്കാരന്‍ അങ്ങയെ വീണ്ടും കെണിവച്ചു
പിടിച്ചു. അങ്ങ് താപസവേഷമെന്ന ഇരുട്ടാര്‍ന്ന കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നു.
രാജന്‍, അങ്ങെന്തുകൊണ്ടാണ് പ്രിയതമയായ ചൂഡാലയുടെ
വാക്കുകള്‍ കേള്‍ക്കാതിരുന്നത്? അവള്‍ സത്യസാക്ഷാത്ക്കാരം
പ്രാപിച്ചവളാണെന്നറിയാമല്ലോ? അവള്‍ സത്യജ്ഞാനികളില്‍ അഗ്രഗണ്യയത്രേ. അവളുടെ
വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ല. അവള്‍ പറയുന്നത് അനുസരിക്കാന്‍ സർവ്വഥാ യോഗ്യമാണ്. രാജ്ഞിയുടെ വാക്കുകള്‍ അന്നങ്ങു കേട്ടില്ല. എന്നാല്‍ അങ്ങെന്തുകൊണ്ടാണ് എല്ലാം ത്യജിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണ സംന്യാസം സ്വീകരിക്കാതിരുന്നത്?
No comments:
Post a Comment
Note: Only a member of this blog may post a comment.