Mar 10, 2014

439 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 439

ധനം ദാരാ ഗൃഹം രാജ്യം ഭൂമിശ്ഛത്രം ച ബാന്ധവാ:
ഇതി സര്‍വ്വം നതേ രാജന്‍ സര്‍വത്യാഗോ ഹി കസ്തവ (6/92/5)

ശിഖിധ്വജന്‍ പറഞ്ഞു: ഞാന്‍ എന്റെ രാജ്യം, കൊട്ടാരം, സാമ്രാജ്യം, എന്നുവേണ്ട എന്റെ ഭാര്യയെപ്പോലും ഉപേക്ഷിച്ചുവല്ലോ? എന്നിട്ടും ഞാന്‍ സര്‍വ്വതും ഇനിയും ത്യജിച്ചിട്ടില്ല എന്നങ്ങു പറയുന്നത് എന്താണ്?

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: “രാജാവേ, ഇപ്പറഞ്ഞ രാജ്യവും, കൊട്ടാരവും, സമ്പത്തും ഭാര്യയും ഒന്നും അങ്ങയുടേതല്ലല്ലോ? ഇവയെ ഉപേക്ഷിക്കുന്നത് സന്യാസമാവുകയില്ല”. എന്നാല്‍ അങ്ങയുടേതായി മറ്റൊന്നുണ്ട്. അതങ്ങ് ഇനിയും ത്യജിച്ചിട്ടില്ല. അതിനെക്കൂടി ത്യജിക്കുമ്പോഴാണ് ശരിയായ സന്യാസമാവുന്നത്. അതിനെ യാതൊന്നും അവശേഷിപ്പിക്കാതെ സമ്പൂര്‍ണ്ണമായി ഉപേക്ഷിച്ചാലും. അത് അങ്ങയെ എല്ലാ ദുഖങ്ങളില്‍ നിനും മോചിപ്പിക്കും. 

ശിഖിധ്വജന്‍ പറഞ്ഞു: ‘സാമ്രാജ്യവും അതിനുള്ളിലെ വസ്തുക്കളും ഒന്നും എന്‍റേതല്ലാ എങ്കില്‍ ഞാനീ വനപ്രദേശവും ഇതിലെ എല്ലാ വസ്തുക്കളും ഞാനിതാ  ഉപേക്ഷിക്കുന്നു.’ അദ്ദേഹം മനസാ ആ വനത്തെ ഉപേക്ഷിച്ചു. 

‘എന്നാല്‍ ഈ വനസ്ഥലികളൊന്നും അങ്ങയുടേതല്ലല്ലോ എന്ന് ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ ‘ഇപ്പോള്‍ എന്‍റേതായി ഈ പര്‍ണ്ണശാലമാത്രമേയുള്ളൂ. അതും ഞാന്‍ ഉപേക്ഷിക്കാം.’ എന്നായി ശിഖിധ്വജന്‍. അങ്ങിനെ തീരുമാനിച്ച് അദ്ദേഹം തന്‍റേതെന്നു വിചാരിച്ചിരുന്ന ആ കുടിലിനെയും ഉപേക്ഷിച്ചിട്ട് ഇങ്ങിനെ പറഞ്ഞു. ‘ഇതാ ഞാന്‍ സര്‍വ്വവും ത്യജിച്ചിരിക്കുന്നു.’ 

ബ്രാഹ്മണന്‍ വീണ്ടും പറഞ്ഞു: അവയും അങ്ങയുടേതല്ലല്ലോ? അപ്പോള്‍പ്പിന്നെ അങ്ങേയ്ക്ക് അവ ഉപേക്ഷിക്കാന്‍ എന്താണര്‍ഹത? ഇനിയും അങ്ങയുടേതായി ഒന്നുള്ളതിനെ ദൂരെക്കളയൂ, അങ്ങിനെ ദുഃഖനിവൃത്തി വരുത്തൂ.

ശിഖിധ്വജന്‍ പറഞ്ഞു: ഈ കുടിലുപോലും എന്‍റെയല്ലെങ്കില്‍ ഞാനീ ദണ്ഡും, മാന്തോലും, എല്ലാം ഉപേക്ഷിക്കാം.

വസിഷ്ഠന്‍ തുടര്‍ന്നു. ഇങ്ങിനെ പറഞ്ഞ് ശിഖിധ്വജന്‍ തന്റെ ആസനത്തില്‍ നിന്നും എഴുന്നേറ്റു. ബ്രാഹ്മണന്‍ നോക്കി നില്‍ക്കെ ആ പര്‍ണ്ണശാലയില്‍ ഉണ്ടായിരുന്ന എല്ലാം കൂട്ടിയിട്ട് തീ കൂട്ടി കത്തിച്ചുകളഞ്ഞു. തന്റെ രുദ്രാക്ഷമാല വലിച്ചെറിഞ്ഞു. ‘ഞാന്‍ മന്ത്രജപത്തിന്റെ ആവര്‍ത്തനം പവിത്രമാണെന്ന വിശ്വാസത്തില്‍ നിന്നും സ്വതന്ത്രനായിരിക്കുന്നു. എനിക്കിനി നിന്നെ ആവശ്യമില്ല.’ തന്റെ മാന്തോല്‍ അദ്ദേഹം തീയിലിട്ടു. തന്റെ കമണ്ഡലു ബ്രാഹ്മണന് നല്‍കുന്ന എന്ന സങ്കല്‍പ്പത്തില്‍ അഗ്നിയില്‍ സമര്‍പ്പിച്ചു.

‘ഉപേക്ഷിക്കണമെങ്കില്‍ എല്ലാം എന്നെന്നേയ്ക്കുമായി ഒറ്റയടിക്ക് വേണം. അല്ലെങ്കില്‍ അവ പിന്നെയും അടിഞ്ഞുകൂടുകതന്നെ ചെയ്യും. അതിനാല്‍ ഞാന്‍ എല്ലാം അഗ്നിയ്ക്കിരയാക്കട്ടെ’. അന്നുവരെ ഉപയോഗിച്ചിരുന്ന സാമഗ്രകള്‍ എല്ലാം – പൂജയ്ക്കുള്ളവ അടക്കം – അഗ്നിയിലിട്ടു. അവയെ അഗ്നിദേവന്‍ ആര്‍ത്തിയോടെ സ്വീകരിച്ചു. 

No comments:

Post a Comment

Note: Only a member of this blog may post a comment.