Mar 23, 2014

449 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 449

അഹമിത്യേവ സങ്കല്‍പ്പോ ബന്ധായാതിവിനാശിനേ
നാഹമിത്യേവ സങ്കല്‍പ്പോ മോക്ഷായ വിമലാത്മനേ (6/99/11)

ശിഖിധ്വജന്‍ പറഞ്ഞു; എന്നിലെ ഭ്രമചിന്തകള്‍ അവസാനിച്ചിരിക്കുന്നു. അങ്ങയുടെ കൃപയാല്‍ എന്നില്‍ ജ്ഞാനമങ്കുരിച്ചു. എല്ലാ സംശയങ്ങള്‍ക്കും അറുതിയായി. എന്താണ് അറിയാന്‍ യോഗ്യമായ അറിവെന്നെനിക്ക് വെളിവായി. സംസാരമെന്ന മായാസമുദ്രത്തെ ഞാന്‍ തരണം ചെയ്തിരിക്കുന്നു. ‘ഞാന്‍’ ഇല്ലാതെതന്നെ എന്നില്‍ പ്രശാന്തിയും ശുദ്ധജ്ഞാനവും നിറഞ്ഞിരിക്കുന്നു.

കുംഭന്‍ പറഞ്ഞു: ലോകം ഇല്ലാത്തപ്പോള്‍ ‘ഞാനും’ ‘നീയും’ എവിടെയാണുള്ളത്? അതിനാല്‍ സ്വയം പ്രശാന്തമായിരുന്ന്‍ അനിഛാപൂര്‍വ്വമായി അനുനിമിഷം വന്നുചേരുന്ന കര്‍മ്മങ്ങളെ ഉചിതമായി അനുവര്‍ത്തിച്ചാലും. എല്ലാമെല്ലാം ബ്രഹ്മമാണ്. അത് പ്രശാന്തിയാണ്. ‘ഞാന്‍’, ‘നീ’ തുടങ്ങിയ വാക്കുകള്‍ക്ക് അര്‍ത്ഥമില്ല. അത്തരം വാക്കുകളുടെ നിരര്‍ത്ഥകത അറിഞ്ഞുകഴിയുമ്പോള്‍ വിശ്വത്തെ ബ്രഹ്മമായി സാക്ഷാത്കരിക്കാം. സൃഷ്ടാവായ ബ്രഹ്മാവുപോലും വെറുമൊരു സങ്കല്‍പ്പമാണ്. ധാരണയാണ്. അതുപോലെയാണ് ‘ഞാന്‍’, ‘ആത്മാവ്’, എന്നീ പദങ്ങളും. അവയുടെ ശരിയായ തിരിച്ചറിവാണ് ബന്ധനവും മുക്തിയും.   

“ഞാന്‍ ഉണ്ട് എന്ന ധാരണ ബന്ധനത്തിനും ആത്മനാശത്തിനും വഴിയൊരുക്കുന്നു. എന്നാല്‍ ‘ഞാനില്ല’ എന്ന തിരിച്ചറിവ് മുക്തിയിലേയ്ക്കും നിത്യശുദ്ധതയിലേയ്ക്കുമാണ് നയിക്കുക.”

ബന്ധനവും മുക്തിയും ധാരണകള്‍ മാത്രമാണ്. ഈ ധാരണകളെ ധരിക്കുന്നത് അനന്തമായ ബോധമാണ്. അതുമാത്രമാണുള്ളത്. എല്ലാ ദുഖങ്ങളുടെയും ഉറവ, ‘ഞാനുണ്ട്’ എന്ന ധാരണയാണ്. അതിന്റെ അഭാവമാണ് പൂര്‍ണ്ണസ്വാതന്ത്ര്യം. ആ അഹംകാരം ഞാനല്ല എന്ന് തിരിച്ചറിഞ്ഞ് ശുദ്ധബോധത്തില്‍ അഭിരമിച്ചാലും. അത്തരം ശുദ്ധാവബോധം എല്ലാ ധാരണകളെയും അസ്തമിപ്പിക്കുന്നു. അപ്പോള്‍ പൂര്‍ണ്ണതയായി. പൂര്‍ണ്ണാവസ്ഥയുടെ ആ തലത്തില്‍ കാരണങ്ങളോ അവയുടെ പരിണിതഫലമായ വിഷയസൃഷ്ടിയോ ഇല്ല. 

വസ്തുക്കളുടെ അഭാവത്തില്‍ അനുഭവങ്ങളോ അവയുടെ ഭോക്താക്കളോ (അഹമോ) ഇല്ല. അഹമില്ലെങ്കില്‍പ്പിന്നെ ജനനമരണചക്രങ്ങളാകുന്ന സംസാരമെവിടെ? സംസാരം ഇല്ലാത്തപ്പോള്‍പ്പിന്നെ ബാക്കിയാകുന്നത് പരംപൊരുള്‍ മാത്രം. ശിലയില്‍ ഇനിയും  കൊത്തിയുണ്ടാക്കിയിട്ടില്ലാത്ത ശില്‍പ്പങ്ങള്‍ പോലെ വിശ്വം നിലകൊള്ളുന്നു. 

മനസ്സിന്റെ ഇടപെടലുകള്‍ കൂടാതെ ആരൊരുവന്‍ വിശ്വത്തെ കാണുന്നുവോ അയാള്‍ക്ക് ലോകമെന്നൊരു ഭിന്നധാരണ തന്നെയില്ല. അയാള്‍ സത്യദര്‍ശിയാണ്. ആ ദര്‍ശനമാണ് നിര്‍വാണം. സമുദ്രം മാത്രം സത്യമായി പരിലസിക്കുമ്പോള്‍ തിരകള്‍ എന്ന പദത്തിന് തന്നെ മൂല്യമില്ലാതെയാവുന്നു. ബ്രഹ്മം മാത്രം നിലനില്‍ക്കുമ്പോള്‍ ‘സൃഷ്ടി’ എന്ന പദം പോലും അര്‍ത്ഥമില്ലാത്തതാവുന്നു.

ഈ സൃഷ്ടി ബ്രഹ്മം തന്നെ. ബ്രഹ്മത്തിനു മാത്രമേ സൃഷ്ടിയെപ്പറ്റി അവബോധമുള്ളു. സൃഷ്ടി എന്ന പദത്തിന്റെ വാച്യാര്‍ത്ഥം ഉപേക്ഷിച്ചുകഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത് അതിന്റെ ശരിയായ അര്‍ത്ഥം മാത്രം. അത് ശാശ്വതമായ പരബ്രഹ്മമാകുന്നു.

ബ്രഹ്മം എന്ന പദത്തിന്റെ ആന്തരാര്‍ത്ഥത്തിലേയ്ക്ക് അന്വേഷണം നടത്തുന്നവന്‍ എല്ലാം അറിയുന്നു. അതുപോലെ ‘സൃഷ്ടി’ എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുന്നവനും എത്തിച്ചേരുന്നത് ബ്രഹ്മത്തിലത്രേ. എല്ലാറ്റിന്റെയും അടിത്തറയും എല്ലാ ധാരണാ സങ്കല്‍പ്പങ്ങള്‍ക്കും അവയെപ്പറ്റിയുള്ള അവബോധത്തിനും സാദ്ധ്യതയേകുന്ന ബോധം ബ്രഹ്മമാകുന്നു. ഈ പരമസത്യത്തെ സാക്ഷാത്കരിച്ച്‌ അറിവിന്റെയും അറിയലിന്റെയും ദ്വന്ദതകളെ പരിത്യജിച്ചുകഴിഞ്ഞാല്‍ പരമ പ്രാശാന്തിയാണ്. അത് അവാച്യവും അവര്‍ണ്ണനീയവുമാണ്. 

No comments:

Post a Comment

Note: Only a member of this blog may post a comment.