സ്ഥിതം സര്‍വ്വം പരിത്യജ്യ
യ: ശേതേഽസ്നേഹദീപവത്
സ രാജതെ
പ്രകാശാത്മാ സമ: സസ്നേഹദീപവത് (6/93/52)
ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: എല്ലാറ്റിന്റെയും
ഏകഹേതുവായതും, എല്ലാമടങ്ങുന്നതും എല്ലാറ്റിന്റെയും പൊരുളായതുമായ ആ വസ്തുവിന്റെ
പരിത്യാഗം മാത്രമേ സമ്പൂര്‍ണ്ണ സന്യാസത്തിനു വഴിതെളിക്കൂ.
ശിഖിധ്വജന്‍ പ്രാര്‍ത്ഥിച്ചു: മഹാത്മാവേ, എന്താണീ
വസ്തുവെന്ന് എന്നെ പ്രബോധിപ്പിച്ചാലും.
ബ്രാഹ്മണന്‍ പറഞ്ഞു:
പുണ്യാത്മാവേ, ആ വസ്തു മനസ്സാണ്. ജീവന്‍, പ്രാണന്‍, ചിത്തം, എന്നെല്ലാം
അതറിയപ്പെടുന്നു. അത് ജഡമോ അജഡമോ അല്ല. അതെപ്പോഴും ചിന്താക്കുഴപ്പത്തിന്റെ രീതിയില്‍
എല്ലാത്തിന്റെയും എല്ലാമായി നിലകൊള്ളുന്നു. ചിത്തമാണീ സംഭ്രാന്തി, അല്ലെങ്കില്‍
ലോകം എന്നറിയപ്പെടുന്നത്. അതാണ് മനുഷ്യന്‍. അതാണ് സാമ്രാജ്യങ്ങളുടെ, ദേഹത്തിന്റെ,
ഭാര്യാ പുത്രാദികളുടെയെല്ലാം മൂലബീജം. ഈ ബീജത്തെ പരിത്യജിച്ചാല്‍ പൂര്‍ണ്ണ
സന്യാസമായി. അതോടെ വര്‍ത്തമാനവും ഭാവിയുമെല്ലാം ത്യജിച്ചു കഴിഞ്ഞു.
ഇക്കാണുന്നതെല്ലാം- നന്മ,
തിന്മ, കാട്, നാട്, സാമ്രാജ്യങ്ങള്‍- എല്ലാം ചിത്തമുള്ള ഒരുവനില്‍ സംഭ്രമം
ഉണ്ടാക്കുന്നു. എന്നാല്‍ മനസ്സില്ലാത്ത ഒരുവന് അവ ആനന്ദസ്രോതസ്സാണ്. മരത്തെ കാറ്റ്
പിടിച്ചു കുലുക്കുന്നതുപോലെ ദേഹത്തെ പ്രകമ്പനം കൊള്ളിക്കുന്നത് മനസ്സാണ്. ജനന,
മരണ, ജരാനരകള്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍, പരമപൂജനീയരായ
മഹാത്മാക്കളുടെ നിശ്ചയദാര്‍ഢ്യം, എന്നുവേണ്ട, എല്ലാമെല്ലാം മനോവ്യാപാരങ്ങളാണ്.
മനസ്സ് തന്നെയാണ് ബുദ്ധി,
വിശ്വം, അഹങ്കാരം, പ്രാണന്‍, എന്നെല്ലാം അറിയപ്പെടുന്നതും. അതിനാല്‍ മനസ്സിന്റെ
പൂര്‍ണ്ണനിരാസമാണ് സന്യാസം. മനസ്സിനെ പരിത്യജിക്കുമ്പോള്‍ സത്യദര്‍ശനമായി.
വൈവിദ്ധ്യം, ഏകാത്മകത തുടങ്ങിയ ധാരണകള്‍ക്ക് അവസാനമായി. പ്രശാന്തിയാണ് പിന്നെ.
എന്നാല്‍ തന്റേതല്ലാത്ത വസ്തുവിനെ ത്യജിക്കുന്നതിലൂടെ ‘തന്റെ, നിന്റെ’, എന്ന
മട്ടിലുള്ള ഭിന്നത നാം സ്വയം ഉള്ളില്‍ സൃഷ്ടിക്കുകയാണ്. ഒരുവന്‍ എല്ലാം
പരിത്യജിക്കുമ്പോള്‍ അനന്താവബോധം എന്ന നിശ്ശൂന്യതയില്‍ എല്ലാമെല്ലാം
അടങ്ങിയിരിക്കുന്നു.
“എണ്ണയില്ലാത്ത വിളക്കെന്നപോലെ
ഒരുവന്‍ സമ്പൂര്‍ണ്ണ സന്യാസാവസ്ഥയില്‍ അഭിരമിക്കുമ്പോള്‍ അയാള്‍ നിറയെ എണ്ണയിട്ടു
കത്തിച്ച നിലവിളക്കുപോലെ ജാജ്വല്യപ്രഭയാര്‍ന്നു വിളങ്ങുന്നു.” രാജ്യമെല്ലാം
ഉപേക്ഷിച്ചിട്ടും അങ്ങ് നിലനില്‍ക്കുന്നു. അതുപോലെ മനസ്സുപേക്ഷിച്ചാലും അനന്തബോധം
നിലനില്‍ക്കും. ഈ വസ്തുക്കളെല്ലാം കത്തിച്ചു കളഞ്ഞിട്ടും അങ്ങേയ്ക്ക്
മാറ്റമൊന്നുമില്ല. മനസ്സിനെ മുഴുവനും ഉപേക്ഷിച്ചാലും അങ്ങിലെ പൊരുളിന്
മാറ്റമേതുമില്ല. എല്ലാമെല്ലാം പരിത്യജിച്ചവന് ജരാനരാദി ഭയങ്ങളോ ജീവിത സംഭവങ്ങളോ
ബാധകമല്ല.
അത്
മാത്രമാണ് പരമാനന്ദാവസ്ഥ. മറ്റെല്ലാം കൊടുംദുഃഖങ്ങള്‍!
ഓം!
No comments:
Post a Comment
Note: Only a member of this blog may post a comment.