Mar 27, 2014

453 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 453

പ്രബോധകാരണം യസ്യ ദുര്‍ലക്ഷ്യാണുവപുര്‍ഹൃദി
വിദ്യതേ സത്വശേഷോന്തര്‍ബീജേ പുഷ്പഫലം യഥാ (6/103/24)
വസിഷ്ഠന്‍ തുടര്‍ന്നു: ശിഖിധ്വജന്‍ അങ്ങിനെ ബോധത്തില്‍ യാതൊരുപാധികളുമില്ലാത്ത, നിസ്തന്ദ്രവും ആഴമേറിയതുമായ ധ്യാനത്തില്‍ മുഴുകിയിരിക്കേ ചൂഡാല തന്റെ പ്രച്ഛന്നവേഷം അവസാനിപ്പിച്ച് കൊട്ടാരത്തില്‍ തിരിച്ചെത്തി. രാജ്ഞിയായി തന്റെ ചുമതലകളില്‍ ഏര്‍പ്പെടുകയും ചെയ്തു. മൂന്നുദിവസം കഴിഞ്ഞ് രാജ്ഞി ശിഖിധ്വജന്‍ ധ്യാനിച്ചിരുന്ന വനത്തിലേയ്ക്ക് പോയി. അവിടെ അദ്ദേഹം ധ്യാനം തുടരുന്നതുകണ്ട് ആഹ്ളാദചിത്തയായി.

അവള്‍ ആലോചിച്ചു: അദ്ദേഹത്തെ ലോകബോധത്തിലേയ്ക്ക് തിരികെ കൊണ്ടുവരണം. ഇപ്പോള്‍ എന്തിനാണദ്ദേഹം ശരീരത്തെ ഉപേക്ഷിക്കുന്നത്? അദ്ദേഹം കുറച്ചുകാലം രാജ്യഭരണമൊക്കെ ചെയ്ത് അവസാനം ഞങ്ങള്‍ക്ക് ഒരുമിച്ച് ദേഹത്തെ ഉപേക്ഷിക്കാമല്ലോ.

ഞാന്‍ അദ്ദേഹത്തിനു നല്‍കിയ ഉപദേശങ്ങള്‍ ഒന്നും പാഴായിപ്പോവുകയില്ല. യോഗാഭ്യാസത്തിലൂടെ അദ്ദേഹത്തെ ഞാന്‍ ജഗരൂകനാക്കി നിലനിര്‍ത്തും!’

രാജ്ഞി ഒരു സിംഹം അലറുന്നതുപോലെ ശിഖിജനുമുന്നില്‍ ശബ്ദമുണ്ടാക്കി. അതാവര്‍ത്തിച്ചിട്ടും അദ്ദേഹം ധ്യാനത്തില്‍ നിന്നുമുണര്‍ന്നില്ല. അവള്‍ അദ്ദേഹത്തെ തള്ളിമറിച്ചിടാന്‍ നോക്കി. എന്നിട്ടും അദ്ദേഹത്തിന്‍റെ ആത്മാമഗ്നമായ യോഗാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല.

അവള്‍ ആലോചിച്ചു: ഹാ! അദ്ദേഹം പൂര്‍ണ്ണമായും ആത്മാവസ്ഥയിലാണ്! എങ്ങിനെയാണദ്ദേഹത്തെ ദേഹബോധത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക? അല്ലെങ്കില്‍ എന്തിനാണ് ഞാനത് ചെയ്യേണ്ടത് ? അദ്ദേഹം വിദേഹനാകട്ടെ. ഞാനും അങ്ങിനെതന്നെ ദേഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മുക്തയാകുന്നതല്ലേ നല്ലത്?

സ്വയം ശരീരത്യാഗം ചെയ്യാന്‍ ഒരുമ്പെടുമ്പോള്‍ പെട്ടെന്നവള്‍ ആലോചിച്ചു: ഞാന്‍ ശരീരം ഉപേക്ഷിക്കുന്നതിന്നു മുന്‍പേ അദ്ദേഹത്തില്‍ മനസ്സെന്ന ബീജത്തിന്റെ, വാസനയുടെ അംശമെങ്കിലും ബാക്കി നില്‍ക്കുന്നുണ്ടോ എന്നറിയണം. വാസനാലേശം ബാക്കിയുണ്ടെന്നുവരികില്‍ അദ്ദേഹത്തെ ഉണര്‍ത്തുവാന്‍ കഴിയും. അങ്ങിനെയാണെങ്കില്‍ ജീവന്‍മുക്തരായി രണ്ടാള്‍ക്കും ഈ ലോകത്ത് തന്നെ കഴിയാം. അതല്ല, അദ്ദേഹം പൂര്‍ണ്ണമായും മുക്തനായി എങ്കില്‍ ഞാനും ദേഹത്യാഗം ചെയ്ത് മുക്തിപദത്തെ പുല്‍കും.’ അദ്ദേഹത്തിന്‍റെ ദേഹം വീണ്ടും വിശദമായി പരിശോധിക്കേ, വ്യക്തിത്വത്തിന്റെ ബീജം അതില്‍ ഇനിയും സൂക്ഷ്മമായി സ്പന്ദിക്കുന്നതായി അവളറിഞ്ഞു.

രാമന്‍ ചോദിച്ചു: മഹാത്മന്‍, മുനിയുടെ ദേഹം വെട്ടിയിട്ട തടിപോലെ നിശ്ചേതനമായി കിടക്കുമ്പോള്‍ അതില്‍ സാത്വികജീവന്റെ തുടിപ്പ് (ശുദ്ധമനസ്സ്) രാജ്ഞിക്കെങ്ങിനെയാണ് കണ്ടുപിടിക്കാന്‍ സാധിച്ചത്?

വസിഷ്ഠന്‍ പറഞ്ഞു: “അദൃശ്യമായി, അതിസൂക്ഷ്മമായി സത്വത്തിന്റെ കണിക അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. അതാണ്‌ ദേഹബോധം ഉണരുന്നതിനു കാരണം. പൂവും കായും വിത്തില്‍ത്തന്നെ സാദ്ധ്യതാഭാവത്തില്‍ എപ്പോഴും ഉണ്ടല്ലോ.” മനസ്സ് പൂര്‍ണ്ണമായും വിലയനം പ്രാപിച്ച യോഗിവര്യന്റെ മനസ്സില്‍ ചഞ്ചലതകളില്ല. ദ്വൈതാദ്വൈത ചിന്തകളില്ല. അദ്ദേഹത്തിന്‍റെ ബോധം പാറപോലെ ദൃഢീകരിച്ചതാണ്. ശരീരം സമ്പൂര്‍ണ്ണ സമതയിലുമാണ്. അതിനാല്‍ ആ ദേഹത്തില്‍ സുഖദുഖദ്വന്ദങ്ങളില്ല. അതിന് ഉയര്‍ച്ച താഴ്ചകളില്ല. പ്രകൃതിയുമായി സമ്യക്കായ സംതുലിതാവസ്തയിലാണത് നിലനില്‍ക്കുന്നത്. ഏകത, അനേകത തുടങ്ങിയ ധാരണകള്‍ ഉള്ളിടത്തോളമേ മനസ്സ് മാറുന്നതുപോലെ ദേഹവും മാറുകയുള്ളൂ.

ചിന്തകളുടെ സഞ്ചാരമാണ് ലോകമായി കാണപ്പെടുന്നത്. അതുകൊണ്ട് മനസ്സ്, സുഖദുഃഖ ക്രോധമോഹാദി അനുഭവങ്ങള്‍ വേദിച്ച് അനിയന്ത്രിതമായിത്തീരുന്നു. എന്നാല്‍ മനസ്സ് സമതയില്‍ സുദൃഢമായി അഭിരമിക്കുമ്പോള്‍ അത്തരം ശല്യങ്ങള്‍ അതിനെ ബാധിക്കയില്ല. ആ മനസ്സിന്റെയുടമ ആകാശംപോലെ നിര്‍മ്മലനത്രേ.

No comments:

Post a Comment

Note: Only a member of this blog may post a comment.