ഉപലംഭസ്തു യശ്ചായമേഷാ
ചിത്തചമത്കൃതി:
ചിത്തത്വമാത്രസത്താസ്തി
ദ്വിത്വമൈക്യം ച നാസ്ത്യലം (6/97/15)
കുംഭന്‍ പറഞ്ഞു: ഒരു പ്രത്യേക
സമയത്ത്, ഒരിടത്ത് അതൊരാഭരണമായി 'മാറ്റി'യെന്ന് സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍
നമുക്ക് പറയാം. എന്നാല്‍ ആത്മാവിന്റെ കാര്യത്തില്‍ പരമപ്രശാന്തമായ അതില്‍ നിന്നും
ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഒന്നും അതിലേയ്ക്ക് തിരികെ
വിലയിക്കുന്നുമില്ല. ബ്രഹ്മം സ്വയം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ബ്രഹ്മം
സൃഷ്ടിയുടെ വിത്തോ കാരണമോ അല്ല. ലോകമെന്നത് വെറും അനുഭവം മാത്രമാണല്ലോ. ഈ
അനുഭവമില്ലെങ്കില്‍ ലോകമില്ല, അഹംകാരമില്ല. അതിനാല്‍ അനന്തമായ ബോധം മാത്രമേ
നിലനില്‍ക്കുന്നതായുള്ളു.
ശിഖിധ്വജന്‍ പറഞ്ഞു: മാമുനേ,
ഭഗവാനില്‍ ലോകമോ അഹംകാരമോ ഇല്ലായെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും ലോകവും
അഹംകാരവും ഉണ്മതന്നെയാണെന്ന മട്ടില്‍ എങ്ങിനെയാണ് പ്രകാശിച്ചു നില്‍ക്കുന്നത്?
കുംഭന്‍ പറഞ്ഞു: തീര്‍ച്ചയായും
അനന്തതതന്നെയാണ് ആദിയും അന്തവുമില്ലാതെ ശുദ്ധമായ അനുഭവമായി, അനുഭവവേദ്യമായ ബോധമായി
നിലനില്‍ക്കുന്നത്. അത് തന്നെയാണ് വിശ്വമായി, വികസ്വരമായി നിലകൊള്ളുന്നത്. വിശ്വം
പരംപോരുളിന്റെ ദേഹമെന്നമട്ടില്‍ വിരാജിക്കുന്നത്.
ബുദ്ധിയെന്ന മറ്റൊരു വസ്തുവോ,
‘ബാഹ്യ’മെന്ന ഒരിടമോ, ശൂന്യതയോ ഉണ്മയല്ല. (ഇല്ലാത്ത കാര്യങ്ങളാണ്). അസ്തിത്വത്തിന്റെ സാരാംശം
ശുദ്ധ അനുഭവമാണ്. ബോധത്തിന്റെ അന്തസത്തയും അതാണ്. ജലത്തില്‍ നിന്നും നനവെന്ന
നൈസര്‍ഗ്ഗികഗുണത്തെ പിരിക്കാനാവാത്തതുപോലെ ബോധാബോധങ്ങള്‍ നിലകൊള്ളുന്നു. എന്നാല്‍
അത്തരം ചേര്‍ച്ചകള്‍ക്ക് യുക്തിഭദ്രമായ അടിത്തറയില്ല. എന്നാല്‍ അതങ്ങിനെയാണ്.
ബോധത്തില്‍ ഭിന്നതകളോ വിരോധാഭാസങ്ങളോ ഇല്ലാത്തതിനാല്‍ അത് സ്വയം പ്രബുദ്ധമാണ്.
അനന്തമായ ബോധം ഏതെങ്കിലും
ഒന്നിന്റെ കാരണമാണെന്ന് വരികില്‍ അതിനെ എങ്ങിനെയാണ് അനിര്‍വചനീയമെന്നും
അദ്വിതീയമെന്നും പറയുക? അതിനാല്‍ ബ്രഹ്മം ഒരു വിത്തോ കാരണമോ ആവുക വയ്യ. പിന്നെ
എന്തിനെയാണ് നാം ‘കാര്യ’മായി കണക്കാക്കുക? അതിനാല്‍ സൃഷ്ടിയെ ബ്രഹ്മവുമായി ബന്ധിപ്പിക്കുന്നത്പോലും
അനുചിതമാണ്. ജഡത്തെ അനന്താവബോധവുമായി ബന്ധിപ്പിക്കുന്നത് അതുപോലെതന്നെ
അസംബന്ധമാണ്.
ലോകം, അഹങ്കാരം എന്നിങ്ങനെയുള്ള
വസ്തുക്കള്‍ ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത് വെറും പൊള്ളയായ കളിവാക്കുകള്‍
മാത്രം. ബോധത്തെ സംഹരിക്കാന്‍ കഴിയില്ല. എന്നാല്‍ അത്തരം സംഹാരത്തെപ്പറ്റി
ഗ്രഹിക്കാന്‍ കഴിയുന്നുവെങ്കില്‍ ആ ഗ്രഹണശക്തിക്കാധാരമായ ബോധം എല്ലാ സംഹാരങ്ങള്‍ക്കും
സൃഷ്ടികള്‍ക്കും അതീതമാണ്.
“അത്തരം സംഹാരങ്ങളെ ഉള്‍ക്കൊള്ളാന്‍
കഴിയുന്നുവെങ്കില്‍ അത് ബോധത്തിന്റെയൊരു വികൃതിമാത്രമാണ്. അതിനാല്‍ ബോധം മാത്രമേ
നിലനില്‍ക്കുന്നുള്ളു. ഒന്നും പലതുമൊന്നും ഇല്ലേയില്ല. ഈ ചര്‍ച്ചയിനി
അവസാനിപ്പിക്കാം”
No comments:
Post a Comment
Note: Only a member of this blog may post a comment.