തവാസ്ത്യേവാപരിത്യക്ത: സര്‍വസ്മാദ്ഭാഗ ഉത്തമ:
യം പരിത്യജ്യ നി:ശേഷം പരമായാസ്യശോകതാം (6/93/13)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ തന്റെ പൂര്‍വ്വ
സങ്കൽപ്പത്തിനനുസരിച്ചുണ്ടാക്കിയ പര്‍ണ്ണശാലയെ അഗ്നി വിഴുങ്ങി. വസ്ത്രങ്ങള്‍
അടക്കം എല്ലാം അദ്ദേഹം അഗ്നിയ്ക്ക് കൊടുത്തു. പൊടുന്നനെ ഈ തീ കണ്ടു മൃഗങ്ങള്‍ അവിടം
വിട്ടോടിപ്പോയി.
ശിഖിധ്വജന്‍ ബ്രാഹ്മണനോടു പറഞ്ഞു: ദേവപുത്രനായ അങ്ങ്
ഉപദേശിച്ചപ്രകാരം ഞാന്‍ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു. എന്നില്‍ ഏറെക്കാലമായി
അടിഞ്ഞുകൂടിയിരുന്ന പൂര്‍വ്വധാരണകളും ഞാന്‍ വേണ്ടെന്നു വെച്ചു. ഞാന്‍ ശുദ്ധനിര്‍മ്മലമായ
ആത്മജ്ഞാനത്തിലാണിപ്പോള്‍ അഭിരമിക്കുന്നത്.
ബന്ധനഹേതുക്കള്‍ എന്ന്
തോന്നുന്ന എല്ലാറ്റില്‍ നിന്നും മനസ്സ് വിമുഖമായി
സമതയില്‍ നിലകൊള്ളുന്നു. ഞാന്‍ എല്ലാം ത്യജിച്ചുകഴിഞ്ഞു. ഞാന്‍ എല്ലാ
കെട്ടുകളും അറുത്തുമാറ്റിയിരിക്കുന്നു. എന്നില്‍ പ്രശാന്തിയുണ്ടിപ്പോള്‍. ഞാന്‍ ആനന്ദവിജയം നേടിയിരിക്കുന്നു. അംബരമാണെന്റെ വസ്ത്രം. ആകാശമാണെന്റെ വസതി.
ഞാന്‍ അകാശസമാനനാണ്. ഇതില്‍പ്പരം ഇനിയെന്താണ് മഹാത്മാവേ ഞാന്‍ ഉപേക്ഷിക്കേണ്ടത്?
ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ഇനിയും അങ്ങ് എല്ലാം ഉപേക്ഷിച്ചിട്ടില്ല രാജാവേ, അതുകൊണ്ട് അങ്ങ് ആത്മാനന്ദം
അനുഭവിക്കുന്നു എന്ന മട്ടിലുള്ള ഈ നാട്യം അവസാനിപ്പിക്കൂ. “അങ്ങില്‍ എന്തോ ഉണ്ട്.
അതങ്ങ് കളഞ്ഞിട്ടില്ല. അതാണ് സംന്യസിക്കാന്‍ ഉചിതമായ വസ്തു. ഇനിയും ഒരു തരിപോലും
അവശേഷിക്കാതെ അങ്ങതുപേക്ഷിക്കുകയാണെങ്കില്‍ പരമാനന്ദാവസ്ഥയായി. ദുഖദുരിതങ്ങള്‍ക്കവിടെ
സ്ഥാനമില്ല.
കുറച്ചുനേരം
ആലോചിച്ചശേഷം ശിഖിധ്വജന്‍ പറഞ്ഞു: ദേവപുത്രാ എന്‍റേതായി ഇനി ഉപേക്ഷിക്കാന്‍
ഇനിയുള്ളത് ഈ ശരീരം മാത്രം. ഇന്ദ്രിയങ്ങളാകുന്ന എന്ന പാമ്പുകള്‍ ഇഴയുന്ന രക്തമാംസാദി
സംഘാതമായ ഈ ദേഹത്തെയും ഞാന്‍ ഉപേക്ഷിക്കാം. അങ്ങിനെ എന്‍റെ സന്യാസം പൂര്‍ണ്ണമാകട്ടെ.
ഇത്രയും പറഞ്ഞ് അദ്ദേഹം ദേഹത്യാഗത്തിനു പുറപ്പെട്ടപ്പോള്‍ ബ്രാഹ്മണന്‍ പറഞ്ഞു:
രാജാവേ, എന്തിനാണ് വെറുതെ ഈ നിരപരാധിയായ ദേഹത്തെ നശിപ്പിക്കുന്നത്? ഈ ക്രോധം
അവസാനിപ്പിക്കൂ. സ്വന്തം കിടാവിനെ കൊല്ലാന്‍ ശ്രമിക്കുന്ന കാളക്കൂറ്റന്റെ പോലുള്ള കൊപമാണിത്. ഈ ദേഹം വെറും ജഡമല്ലേ?
സ്വയം ചൈതന്യരഹിതമല്ലേ? അതിനെ നശിപ്പിക്കാന്‍ ശ്രമിക്കാതിരിക്കൂ. ദേഹത്തിന്റെ
സ്ഥിതിയ്ക്ക് മാറ്റമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല. അത് ജഡമായിത്തന്നെ തുടര്‍ന്നും
നിലകൊള്ളും.
ഈ ദേഹത്തിലൂടെ പ്രവര്‍ത്തിക്കുന്ന, അതിനെ
സ്പന്ദിപ്പിക്കുന്ന ആ ശക്തിയെക്കൂടി ത്യജിക്കാന്‍ ആകുമെങ്കില്‍ അങ്ങിലെ
പാപപുണ്യാദികളെയും ഉപേക്ഷിച്ചുകഴിഞ്ഞു എന്നർത്ഥം . അതാണ് പരമസന്യാസാവസ്ഥ. ആ സന്യാസാവസ്ഥയില്‍
ദേഹമടക്കം എല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയിലെത്തിയില്ലെങ്കില്‍
പാപപുണ്യാദികള്‍ താല്‍ക്കാലികമായി അടങ്ങിയേക്കാമെങ്കിലും അവ വീണ്ടും മുളച്ചു
പൊന്തും.
No comments:
Post a Comment
Note: Only a member of this blog may post a comment.