Mar 3, 2014

432 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 432

സ്വരൂപേ നിര്‍മലേ സത്യേ നിമേഷമപി വിസ്മൃതേ
ദൃശ്യമുല്ലാസമാപ്നോതി പ്രാവൃഷീവ പയോധര: (6/85/111)
യുവബ്രാഹ്മണന്‍ (ചൂഡാല) തുടര്‍ന്നു: ആത്മാവ് എന്ന സത്തിനെ ഒരു നിമിഷത്തേയ്ക്കെങ്കിലും മറന്നുവെന്നിരിക്കില്‍ അനുഭവവിഷയത്തിന് വികാസമുണ്ടാവുന്നു. എന്നാല്‍ നിസ്തന്ദ്രമായ അവബോധമുള്ളപ്പോള്‍ ഈ ച്യുതിയുണ്ടാകുന്നതല്ല. രാത്രി-പകലുകളുമായി ഇരുട്ടും വെളിച്ചവും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ സുഖദുഖങ്ങള്‍ അജ്ഞാനിയെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ അസ്തിത്വത്തെ ഉറപ്പിക്കുന്നു. എന്നാല്‍ ജ്ഞാനിയില്‍ അത്തരം അനുഭവങ്ങള്‍ ബോധമണ്ഡലത്തില്‍ പ്രതിഫലിക്കപ്പെട്ടാലും അത് വാസനാമാലിന്യമായി നിലനില്‍ക്കുന്നില്ല. അടുത്തുള്ള ഭൌതിക വസ്തുവിനെ പ്രതിഫലിപ്പിക്കുന്ന  ഒരു സഫടികത്തിലെന്നപോലെയാണ് ജ്ഞാനിയ്ക്ക് സമീപസ്ഥമായ വിഷയങ്ങള്‍. എന്നാല്‍ അജ്ഞാനിയെ ഈദൃശവിഷയങ്ങള്‍ സാരമായി ബാധിക്കുന്നു. അതെപ്പറ്റി അവന്‍ ചിന്തിച്ചുകൊണ്ടിരിക്കും. അത്തരം വിഷയങ്ങളുടെ അഭാവംപോലും അവനു ചിന്താവിഷയമായിരിക്കും.
അതാണവരുടെ പ്രകൃതി. പ്രലോഭനങ്ങള്‍ നേര്‍ത്തുനേര്‍ത്തില്ലാതെയായാല്‍ അത് മുക്തി. എന്നാല്‍ അത് മനസ്സിനെ കട്ടിച്ചായം തേയ്ച്ചു മറയ്ക്കുന്നതാണ് ബന്ധനം.

‘സുഖദുഖങ്ങള്‍ വിഷയവസ്തുക്കളുടെ അഭാവത്തിലും എങ്ങിനെയാണ് സംജാതമാവുന്നത്?’ എന്ന ശിഖിധ്വജന്റെ ചോദ്യത്തിനുത്തരമായി യുവബ്രാഹ്മണന്‍ ഇങ്ങിനെ പറഞ്ഞു: ദേഹം വഴി ഹൃദയത്തിലൂടെയും പഞ്ചേദ്രിയങ്ങളിലൂടെയും അര്‍ജ്ജിച്ചുവച്ച തോന്നലുകളും അവ്യക്തമായ കാഴ്ചകളുമാണ് അവയ്ക്ക് കാരണം. പിന്നീട് അവ തനിയേ വളര്‍ന്നു വലുതാവുന്നു. ഹൃദയം കലുഷമാവുമ്പോള്‍ ഈ ഓര്‍മ്മകള്‍ കുണ്ഡലിനി ശക്തിയാല്‍ ജീവനെ ഇളക്കിമറിക്കുന്നു. അപ്പോള്‍ ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന നാഡികളെ അത് ബാധിക്കുന്നു. ഈ നാഡികളെ സുഖാനുഭവങ്ങളും വേദനാനുഭവങ്ങളും ബാധിക്കുന്നത് വേറെവേറെ തരത്തിലാണ്. നാഡികള്‍ വിടര്‍ന്നു വികസ്വരമാവുന്നത് സുഖാനുഭവത്തിലാണ്. വേദനയില്‍ തിരിച്ചാണ് സംഭവിക്കുക. നാഡികള്‍ക്ക് ഇത്തരം ഇളക്കം ബാധിക്കാതെയിരിക്കുമ്പോള്‍ അത് മുക്തിയാണ്. ജീവനെ സുഖദുഖങ്ങള്‍ ബാധിക്കുന്ന അവസ്ഥതന്നെയാണ് ബന്ധനം.

വിഷയവസ്തുക്കളോ അനുഭവങ്ങളോ ജീവനെ ബാധിക്കാതിരിക്കുന്നതാണ് മോക്ഷം. എന്നാല്‍ സുഖദുഖങ്ങളുടെ സാന്നിദ്ധ്യമാത്രം കൊണ്ട് ജീവന്‍ ഇളകി മറിയുന്നു. എങ്കിലും ആത്മജ്ഞാനംകൊണ്ട് സുഖദുഖങ്ങളുടെ നിരര്‍ത്ഥകതയെ തിരിച്ചറിയുമ്പോള്‍ ജീവനില്‍ സമതുലിതാവസ്ഥ ഉണ്ടാവുകയും ചെയ്യും.

ഈ അവസ്ഥകള്‍ക്ക് സ്വതന്ത്രമായി ഒരു നിലനില്‍പ്പില്ല എന്നും ജീവന്റെ നിലനില്‍പ്പ്‌ അവയിലല്ല എന്നും  അറിവുറയ്ക്കുകയാണെങ്കില്‍ മോക്ഷമായി. ഇക്കാണുന്നതെല്ലാം അനന്തമായ അവബോധം മാത്രമാണെന്ന് തിരിച്ചറിയാനായാല്‍ മോക്ഷം. പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യം. സമ്പൂര്‍ണ്ണസമതുലിതാവസ്ഥയാണത്.

എണ്ണ തീര്‍ന്നുപോയ വിളക്കിലെ തിരിനാളം തുടര്‍ന്നു കത്താത്തതുപോലെ ജീവന്‍ പിന്നെ ചാഞ്ചാടി ആളുകയില്ല. ജീവന്‍ സ്വയം ഒരു സ്വതന്ത്രസത്തല്ല എന്ന് തിരിച്ചറിഞ്ഞ് ബോധത്തിലേയ്ക്ക് മടങ്ങുന്നു. ജീവന്‍ എന്നത് ബോധത്തിലെ പ്രഥമചിന്തമാത്രമായിരുന്നല്ലോ.

സുഖദുഃഖചിന്തകള്‍ ഒരുവന്റെ ആര്‍ജ്ജവത്തെ എങ്ങിനെയാണ് ചോര്‍ത്തിക്കളയുന്നതെന്ന ചോദ്യത്തിന് മറുപടിയായി ബ്രാഹ്മണന്‍ പറഞ്ഞു: ആദ്യം പറഞ്ഞതുപോലെ ജീവനാണ് പ്രാണനെ ചടുലമാക്കുന്നത്. പ്രാണന്റെ ചലനം ദേഹത്തിലെ ഊര്‍ജ്ജത്തെ മുഴുവന്‍ ആഗിരണം ചെയ്ത് അതൊടുവില്‍ സ്വാഭാവികമായും ബീജസ്വഭാവമാര്‍ന്ന ഊര്‍ജ്ജമായി പുറത്തുവരുന്നു.

പ്രകൃതി എന്താണെന്ന ചോദ്യത്തിനുത്തരമായി ബ്രാഹ്മണന്‍ ഇങ്ങിനെ പറഞ്ഞു: ആദ്യം ബ്രഹ്മം, ബ്രഹ്മമായി മാത്രം നിലനിന്നിരുന്നു. അതില്‍ സമുദ്രജലത്തിലെ അലകളെന്നപോലെ അനേകം വസ്തുക്കള്‍ സംജാതമായി. അതാണ്‌ പ്രകൃതി. അത് കാരണപരമായി ബ്രഹ്മവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. തെങ്ങോലയില്‍ കാക്ക വന്നിരിക്കുമ്പോള്‍ താഴെ വീഴുന്ന നാളികേരത്തിന്റെയെന്നപോലെയുള്ള ആകസ്മികത മാത്രമാണിത്. ഇതിലാണ് വൈവിദ്ധ്യമാര്‍ന്ന ഭിന്നപ്രകൃതികളോടെ അനേകം ജീവജാലങ്ങള്‍ കാണപ്പെട്ടത്.  

No comments:

Post a Comment

Note: Only a member of this blog may post a comment.