ഏവം ജഗദ്‌ഭ്രമസ്യാസ്യ ഭാവനം
താവദാതതം
ശിലീഭൂതസ്യ ശീതേന ശലിലസ്യേവ
രൂക്ഷതാ (6/95/2)
ശിഖിധ്വജന്‍ ചോദിച്ചു:
ഇക്കാണുന്ന തൂണുമുതല്‍ സൃഷ്ടാവ് വരെ എല്ലാം അസത്താണെങ്കില്‍ എങ്ങിനെയാണ് ദുഃഖം
എന്ന സത്യം ഉണ്ടായത്?
കുംഭന്‍ പറഞ്ഞു: “ഈ ലോകമെന്ന
ഭ്രമാത്മകാസ്തിത്വം വികസ്വരമായി നിലനില്കുന്നത് ആവര്‍ത്തിച്ചുള്ള പ്രമാണീകരണം
കൊണ്ടാണ്. ജലം മഞ്ഞുകട്ടയായാല്‍ അതൊരിരിപ്പിടമാക്കാന്‍ കൂടി സാധിക്കുമല്ലോ?”
അജ്ഞാനം
ഇല്ലാതാകുമ്പോള്‍ മാത്രമേ ഒരുവനില്‍ സത്യം സാക്ഷാത്കരിക്കപ്പെടുകയുള്ളു. അപ്പോള്‍
മാത്രമേ കലര്‍പ്പില്ലാത്ത മൂലസ്ഥിതി ദൃശ്യമാവൂ. നാനാത്വമെന്ന പ്രതീതി
ഇല്ലാതാവുമ്പോള്‍ സംസാരം (ലോകം) എന്ന അനുഭവവും ഇല്ലാതെയാകുന്നു. അപ്പോള്‍ സ്വരൂപം
ഉപാധികളില്ലാതെ പ്രഭാസിക്കുന്നു.
അനാദിയായ
പരമപുരുഷനാണ് നീ. ഈ ദേഹവും രൂപഭാവങ്ങളുമെല്ലാം അജ്ഞാനത്തിന്റെയും
തെറ്റിദ്ധാരണയുടെയും ഫലമായി ഉളവായതാണ്. സൃഷ്ടികര്‍ത്താവ്, സൃഷ്ടികള്‍ എന്നീ
ധാരണകള്‍ ഒരിക്കലും സംശയലേശമന്യേ സത്യമെന്ന് ആരും ദൃഷ്ടാന്തപ്പെടുത്തിയിട്ടില്ല.
അതായത്, കാരണം പ്രമാണീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍പ്പിന്നെ കാര്യത്തിനെന്തു
പ്രമാണമാണുള്ളത്? മരുമരീചികയിലെ
ജലമെന്നപോലെ ജീവജാലങ്ങളെല്ലാം വെറും കാഴ്ച്ചമാത്രമാണ്. ഇത്തരം കാഴ്ച്ചകളുടെ സത്യം
ആരാഞ്ഞുചെന്നാല്‍ അവ അപ്രത്യക്ഷമാവുന്നു.
ശിഖിധ്വജന്‍
ചോദിച്ചു: അപ്പോൾ സൃഷ്ടാവ് എന്ന 'കാര്യ'ത്തിന്റെ കാരണം പരം പൊരുള്‍
(ബ്രഹ്മം) അല്ലെങ്കില്‍ അനന്താവബോധമാണെന്നു പറയുന്നത് ശരിയാവില്ലേ?
കുംഭന്‍
പറഞ്ഞു: ബ്രഹ്മം അല്ലെങ്കില്‍ പരംപൊരുള്‍ എന്നത് രണ്ടാമതൊന്നില്ലാത്ത വസ്തുവാണ്.
ബ്രഹ്മം കാര്യകാരണങ്ങള്‍ക്ക് വിധേയമല്ല. അതില്‍ സൃഷ്ടിക്കാനോ എന്തെങ്കിലും കര്‍മ്മം
ചെയ്യാനോ ഉള്ള ആവശ്യമോ ചോദനയോ ഇല്ല. അത് കര്‍ത്താവല്ല, കര്‍മ്മമല്ല, കര്‍മ്മോപകരണമല്ല.
അത് കര്‍മ്മത്തിനു ബീജവുമല്ല. അതുകൊണ്ട് സൃഷ്ടാവിന്‍റെ കാരണമായി ബ്രഹ്മത്തെ
കരുതാന്‍ വയ്യ. സൃഷ്ടി എന്നൊന്ന് യഥാര്‍ത്ഥത്തില്‍ ഇല്ലേയില്ല. നീ അതുകൊണ്ട് കര്‍മ്മങ്ങളുടെ
കര്‍ത്താവോ ഭോക്താവോ അല്ല. നീ സര്‍വ്വസ്വമാണ്, സര്‍വ്വപ്രശാന്തനാണ്. ഇനിയും
ജനിച്ചിട്ടില്ലാത്ത പരിപൂര്‍ണ്ണനാണ്.
സൃഷ്ടിയ്ക്ക്
കാരണം ഇല്ല എന്ന് പറഞ്ഞല്ലോ. കാരണമില്ലാതെ കാര്യമില്ലാ എന്നതുകൊണ്ട് സൃഷ്ടിയും
ഇല്ല. ലോകമെന്ന പ്രതീതിയും 'ഇല്ലാത്ത'താണ്. ലോകമെന്ന കാഴ്ച ഭ്രമാത്മകം മാത്രം.
ലോകത്തിന്റെ അസ്തിത്വത്തെ ഇങ്ങിനെ അസത്തായ, ഭ്രമാത്മകദൃശ്യമെന്നു തിരിച്ചറിഞ്ഞാല്‍പ്പിന്നെ
ആര്, എന്തനുഭവിക്കാനാണ്? അതിനാല്‍ നീ ശുദ്ധനും നിര്‍മ്മലനുമാണ്. ബന്ധനം, മുക്തി
എന്നിവ വെറും വാക്കുകള്‍ മാത്രം.
സത്യം അങ്ങിനെയായിരിക്കെ ഞാന്‍ ‘നിത്യശുദ്ധന്‍,
പ്രബുദ്ധന്‍’ എന്ന് തിരിച്ചറിയുന്നു. ഞാന്‍ എന്നെ വന്ദിക്കുന്നു. എന്റെ ബോധത്തിന്
വിഷയമായി ഇപ്പോള്‍ ഒന്നുമില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.