ദേഹേ യസ്മിംസ്തു നോ ചിത്തം നാപി
സത്വം ച വിദ്യതേ
സ താപേ ഹിമവദ്രാമ പഞ്ചത്വേന
വിലീയതേ (6/103/33)
വസിഷ്ഠന്‍ തുടര്‍ന്നു: സത്വം
സമതാവസ്ഥയില്‍ ഇരിക്കുമ്പോള്‍ ശാരീരികമോ മാനസീകമോ ആയ പ്രശ്നങ്ങള്‍
അനുഭവങ്ങളാകുന്നില്ല. ഈ സത്വത്തെ കാലക്രമം കൊണ്ടല്ലാതെ പൂര്‍ണ്ണമായി പരിത്യജിക്കുക
സാദ്ധ്യവുമല്ല.
“മനസ്സോ, ദേഹത്തില്‍ സത്വമോ
ലേശം പോലുമവശേഷിക്കാത്തപ്പോള്‍ ചൂടില്‍ മഞ്ഞുരുകുന്നത്പോലെ ശരീരം മൂലഘടകങ്ങളായ
പഞ്ചഭൂതങ്ങളിലേയ്ക്ക് വിലയിക്കുന്നു.” ശിഖിധ്വജന്റെ ദേഹം മനസ്സില്‍ നിന്നും
മുക്തമായിരുന്നുവെങ്കിലും അദ്ദേഹത്തില്‍ സത്വത്തിന്റെ ഒരു ചെറുകണിക
അവശേഷിച്ചിരുന്നു. അതിനാല്‍ ദേഹം മൂലഭൂതങ്ങളിലേയ്ക്ക് തിരികെ ലയിച്ചില്ല.
ഇത്
കണ്ട് ചൂഡാല ഇങ്ങിനെ നിശ്ചയിച്ചു: സര്‍വ്വവ്യാപിയായ ശുദ്ധ പ്രജ്ഞയുടെ തലത്തില്‍
അദ്ദേഹത്തില്‍ ദേഹബോധം ഉണര്‍ത്തണം. ഏതായാലും കുറച്ചുകഴിഞ്ഞ് അദ്ദേഹം സ്വയം ഉണരും
എന്നുറപ്പാണ്. അപ്പോള്‍പ്പിന്നെ അതുവരെ ഞാനെന്തിനിവിടെ ഒറ്റയ്ക്ക് കഴിയണം?
ചൂഡാല
തന്റെ ദേഹം വിട്ട് ശിഖിധ്വജന്റെ ശുദ്ധമനസ്സില്‍ (സത്വത്തില്‍) പ്രവേശിച്ചു. ആ
മനസ്സിനെ ഒന്ന് പ്രകമ്പനം കൊള്ളിച്ച് പെട്ടെന്ന് തന്നെ തിരികെ തന്റെ
ദേഹത്തിലേയ്ക്ക് തിരിച്ചുവന്നു. അവള്‍ പിന്നെ ആ കുംഭനെന്ന യുവമുനിയുടെ
രൂപഭാവത്തിലാവുകയും ചെയ്തു.
കുംഭന്‍ മധുരലോലമായ സ്വരത്തില്‍ സാമഗാനങ്ങള്‍
ആലപിക്കാന്‍ തുടങ്ങി. ഇത് കേട്ട ശിഖിധ്വജന്‍ ധ്യാനം വിട്ടുണര്‍ന്നു. യുവമുനിയായ
കുംഭനെ മുന്നില്‍ക്കണ്ട ആഹ്ളാദത്തോടെ അദ്ദേഹം പറഞ്ഞു: ഭഗവന്‍, ഭാഗ്യമെന്നുപറയട്ടെ
നാം അങ്ങയുടെ ബോധത്തില്‍ വീണ്ടും ഉരുവായിരിക്കുന്നു. എന്നില്‍ അനുഗ്രഹവര്‍ഷം
ചൊരിയാന്‍ മാത്രമായി അങ്ങ് വീണ്ടും വന്നിരിക്കുന്നു!
കുംഭന്‍
പറഞ്ഞു: ഞാന്‍ അങ്ങയെവിട്ടു പോയിയെങ്കിലും ഇതുവരെ എന്റെ ഹൃദയം
അങ്ങയോടൊപ്പമുണ്ടായിരുന്നു. എനിക്ക് സ്വര്‍ഗ്ഗത്തില്‍പ്പോവാന്‍ ആഗ്രഹമില്ല.
അങ്ങയുടെ സാന്നിദ്ധ്യമാണ് അതിലേറെ അഭികാമ്യം. അങ്ങയെക്കൂടാതെ എനിക്കൊരു ശിഷ്യനോ
ബന്ധുവോ വിശ്വസ്തനായ ഒരു സഖാവോ ആരുമില്ല.
ശിഖിധ്വജന്‍
പറഞ്ഞു: ഞാന്‍ അതീവ ധന്യനായിരിക്കുന്നു. അങ്ങയെപ്പോലെ പൂര്‍ണ്ണമുക്തനും
പ്രബുദ്ധനുമായ ഒരാള്‍ എന്റെ സാമീപ്യം ആഗ്രഹിക്കുന്നു എന്നതെത്ര അനുഗ്രഹപ്രദം!
എന്റെകൂടെ ഈ വനത്തില്‍ കഴിഞ്ഞാലും.
കുംഭന്‍
ചോദിച്ചു: പറയൂ അങ്ങ് പരമാവസ്ഥയില്‍ കുറച്ചു നേരം പ്രശാന്തിയടയുകയുണ്ടായോ? ‘ഇത്
വിഭിന്നം’, ‘ഇത് സന്താപം’, മുതലായ ചിന്തകള്‍ അങ്ങില്‍ അവസാനിച്ചുവോ?
സുഖാനുഭാവങ്ങള്‍ക്കായുള്ള അങ്ങയുടെ ആഗ്രഹങ്ങള്‍ അവസാനിച്ചോ?
No comments:
Post a Comment
Note: Only a member of this blog may post a comment.