Jul 12, 2014

590 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 590

അസ്മാച്ഝാസ്ത്രാ ദൃതേ ശ്രേയോ ന ഭൂതം ന ഭവിഷ്യതി
തത: പരമബോധാര്‍ത്ഥമിദമേവ വിചാര്യതാം (6.2/103/25)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകമായി പ്രഭാസിച്ചു നില്‍ക്കുന്നത് അനന്താവബോധമാണ്. അതിനെങ്ങിനെ നാശമുണ്ടാവാനാണ്? ഈ ബോധമല്ലാതെ മറ്റൊരു വസ്തു ഉണ്ടാകാന്‍ സാദ്ധ്യതപോലുമില്ല. ദേഹം നശിക്കുമ്പോള്‍ ബോധം നശിക്കുന്നില്ല.
ശരീരത്തിന്റെ നാശത്തോടെ ബോധവും ഇല്ലാതാവുന്നു എന്നാണെങ്കില്‍ സംസാരദുഖവും ആകുലതകളും അതോടെ ഇല്ലാതാകണമല്ലോ? ദേഹമുള്ളിടത്തോളം കാലം ബോധം നിലനില്‍ക്കുന്നു എന്നാണെങ്കില്‍ മരിച്ച ദേഹത്തിന് എന്തുകൊണ്ടാണ് ബോധമില്ലാത്തത്? ഈവിധ തര്‍ക്കങ്ങളൊന്നും സത്യത്തെ കാണിച്ചു തരുന്നില്ല.

അനന്തമായ ബോധം മാത്രമാണ് ഉണ്മ. അത് എന്തെല്ലാം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നുവോ അതപ്രകാരം സത്തായിത്തീരുന്നു. ബോധത്തിന് തടസ്സമായി യാതൊന്നുമില്ല. ലോകമെന്നത് ഒരിക്കലും സൃഷ്ടിക്കപെട്ടിട്ടേയില്ല. ബോധം അനന്തമായ അനുഭവസാദ്ധ്യതകളെ അനുഭവിക്കാന്‍ സ്വയം ഇച്ഛിക്കുമ്പോള്‍ അത് നടപ്പിലാവുന്നു. ബോധത്തിന് സ്വയമറിയാം. എന്നാല്‍ അജ്ഞാനം മൂലം ജീവാത്മാവിന് സ്വാവബോധം ഉണ്ടാകുന്നില്ല.

ജ്ഞാനവും അജ്ഞാനവും ശുദ്ധബോധത്തിന്റെതന്നെ ഭാവങ്ങളാണ്. സത്യത്തില്‍ അങ്ങിനെയൊരു തരംതിരിവ് തന്നെ അനാവശ്യമത്രേ.

അതിനാല്‍ സാധകന്‍ തന്റെ ആത്മസാക്ഷാത്കാരത്തിനായി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. മനസ്സില്‍ നിന്നും എല്ലാ കലുഷചിന്തകളെയും അകറ്റി ജീവിതം മുഴുവന്‍ ഈ ശാസ്ത്രത്തെ പഠിക്കാനായി വിനിയോഗിക്കുക. പരിശ്രമം കൊണ്ട് നേടാന്‍ കഴിയാത്തതെന്താണ്? എന്നാല്‍ ഇതിനു വേണ്ടി ശ്രമിക്കാത്തവന് യാതൊരു നേട്ടവും ഉണ്ടാകുകയില്ല. മനസ്സിനെ ജ്ഞാനത്തിന്റെയോ അജ്ഞാനത്തിന്റെയോ വഴിയില്‍ നയിക്കാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  സാധിക്കും.

“ഇപ്പോഴത്തേതെന്നല്ല, എതുകാലത്തെയും ശാശ്വതനന്മയെന്ന ലക്ഷ്യം നേടാന്‍ ഈ  ശാസ്ത്രഗ്രന്ഥത്തിലൂടെയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അതിനാല്‍ പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മഹദ്ശാസ്ത്രത്തെ കൂലങ്കഷമായി അപഗ്രഥിച്ചു പഠിക്കണം.”

ഈ ഗ്രന്ഥം നിങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാളും, സുഹൃത്തുക്കളേക്കാളും ഏറെ പ്രയോജനം ചെയ്യും. ആത്മജ്ഞാനത്താലല്ലാതെ സംസാരമെന്ന കൊടും ദുരിതത്തില്‍ നിന്നും കരകയറാന്‍ സാദ്ധ്യമല്ല. വെറുതെ കാലം കഴിച്ചുകൂട്ടി മരണത്തിനായി കാത്തിരിക്കുക എന്നത് എത്ര കഷ്ടമാണ്! മൂഢന്മാരാണ് തങ്ങളുടെ ജീവിതം പണയം വെച്ചു സമ്പത്തിനും പ്രശസ്തിക്കും വേണ്ടി കഷ്ടപ്പെട്ട് തുലയുന്നത്. അവരെന്തുകൊണ്ടാണ് ശാസ്ത്രപഠനത്തിനും  അതുവഴി നേടാവുന്ന അമര്‍ത്ത്യതയ്ക്കും വേണ്ടി സമയം ചിലവഴിക്കാന്‍ മടിക്കുന്നത്?
ആത്മജ്ഞാനംകൊണ്ട് ഒരുവന്റെ ദൌര്‍ഭാഗ്യങ്ങളേയും ദുരിതാനുഭവങ്ങളേയും വേരോടെ പിഴുതെറിയാന്‍ നമുക്കാവുന്നു. നിങ്ങളുടെ നന്മയ്ക്കായാണ് ഞാനീ സത്യം ഇങ്ങിനെ വീണ്ടും വീണ്ടും വിളിച്ചു പറയുന്നത്. ഇതുകേട്ട് സത്യസാക്ഷാത്കാരം നേടൂ. ഇപ്പോള്‍ ഈ സംസാരമെന്ന രോഗത്തെ ചികില്‍സിക്കാത്തപക്ഷം മരണശേഷം നിങ്ങള്‍ എന്തുചെയ്യും? ഈ ശാസ്ത്രംപോലെ നിങ്ങള്‍ക്ക് ഹിതകരമായി മറ്റൊന്നുമില്ല.

ഇതൊരു വിളക്കുപോലെ നിങ്ങളുടെ പാതയെ പ്രകാശമാനമാക്കട്ടെ; ഒരച്ഛനെപ്പോലെ നിങ്ങളെ ഉപദേശിച്ചു നേര്‍വഴി തെളിക്കട്ടെ, ഒരു ഭാര്യയെപ്പോലെ നിങ്ങള്‍ക്ക് സുഖം തരട്ടെ. ഈ ശാസ്ത്രത്തില്‍ പുതുതായി ഒന്നും തന്നെ പറയുന്നില്ല. എന്നാല്‍ കഥകളിലൂടെ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ തത്വങ്ങള്‍ മനസ്സില്‍ പതിയാനെളുപ്പമാണ്. ഈ ഗ്രന്ഥത്തിലെ തത്വങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ആരാണീ തത്വങ്ങളെ പ്രസ്താവിച്ചവതരിപ്പിച്ചത്, അല്ലെങ്കില്‍ ആരാണീ ശാസ്ത്രഗ്രന്ഥം രചിച്ചത് എന്നതിനു പ്രാധാന്യമൊന്നുമില്ല. 

589 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 589

ഉപലാ അപി മിത്രാണി ബന്ധവോ വനപാദപാ:
വനമദ്ധ്യേ സ്ഥിതസ്യാപി സ്വജനാ മൃഗപോതകാ: (6.2/102/3)
രാമന്‍ ചോദിച്ചു: ഒരുവന്‍ പരമസത്യത്തെ സാക്ഷാത്ക്കരിച്ചു കഴിഞ്ഞാല്‍പ്പിന്നെ അയാള്‍ക്ക് എന്താണ് സംഭവിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: “അങ്ങിനെയുള്ള ഒരാള്‍ക്ക് വെറും കല്ലുപോലും സുഹൃത്താണ്. കാട്ടിലെ മരങ്ങള്‍ ബന്ധുക്കളാണ്. വനത്തില്‍ താമസിക്കുമ്പോള്‍ അയാള്‍ക്ക് ബന്ധുമിത്രാദികളായി ഉള്ളത് കാട്ടുമൃഗങ്ങളാണ്.”
സാമ്രാജ്യം അയാള്‍ക്ക് നിശ്ശൂന്യമാണ്. ദുരിതങ്ങള്‍ അയാള്‍ക്ക് സൌഭാഗ്യങ്ങളാണ്. സാമ്രാജ്യാധിപതി ആയിരിക്കുമ്പോഴും അയാള്‍ക്ക് ദുഖദുരിതങ്ങളെ ആഘോഷമാക്കാന്‍ കഴിയും. പൊരുത്തക്കേടിനെ ഒരുമയുടെ ലയമാക്കാന്‍ അയാള്‍ക്കാവുന്നു. ദുഖങ്ങളെ ആഹ്ളാദമാക്കാനും കര്‍മ്മകുശലതയോടെ പ്രവര്‍ത്തിക്കുമ്പോഴും സുദീര്‍ഘമൌനത്തിലെന്നപോലെ പ്രശാന്തനാകാനും അയാള്‍ക്ക്‌ കഴിയുന്നു.
കര്‍മ്മത്തിലയാള്‍ അകര്‍മ്മത്തെ കാണുന്നു. ദീര്‍ഘനിദ്രയില്‍ അയാള്‍ ഉണര്‍ന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ അയാള്‍ മരിച്ചവനെപ്പോലെയാണ്. എല്ലാമെല്ലാം ചെയ്യുമ്പോഴും അയാള്‍ ഒന്നുമേ ചെയ്യുന്നില്ല. അയാളുടെ സുഖാസ്വാദനത്തില്‍ ഭോക്തൃത്വഭാവമില്ല. അയാള്‍ എല്ലാവര്‍ക്കും സുഹൃത്താണ്. മറ്റുള്ളവരോട് അയാള്‍ കൃപാലുവും ഉദാരവാനുമാണ്, എന്നാല്‍ അയാള്‍ക്കാരോടും സഹതാപമില്ല. ആസക്തിയില്ലാത്തതും പരിപക്വവുമായ അയാളുടെ ആവശ്യങ്ങള്‍ നമുക്കറിയാം. സ്വപ്രവര്‍ത്തികള്‍ ഉചിതമായി ചെയ്യുന്നതിലാണയാള്‍ക്ക് താല്‍പ്പര്യം. സന്ദര്‍ഭാനുസാരം സന്തോഷ ദുഃഖങ്ങള്‍ പ്രടിപ്പിക്കാന്‍ അയാള്‍ക്കാവുന്നു. സ്വമേധയാ സഹജമായ കാര്യങ്ങളെ അയാള്‍ നിരാകരിക്കുന്നില്ല. ജീവിതനാടകത്തിലെ അയാളുടെ ഭാഗം ഭംഗിയായി അഭിനയിക്കാന്‍ അയാള്‍ ജാഗരൂകനാണ്. ദുഖിതനോട് അയാള്‍ക്ക് അനുകമ്പയുണ്ട്. ആഹ്ളാദവേളകളില്‍ അയാള്‍ സര്‍വ്വാത്മനാ പങ്കുകൊള്ളുന്നു. എന്നാല്‍ അയാളുടെ ഹൃദയത്തില്‍ ഇവയൊന്നും നിറഭേദമുണ്ടാക്കുന്നില്ല. 

രാമന്‍ ചോദിച്ചു: സമര്‍ത്ഥരും കൌശലക്കാരുമായവര്‍ക്ക് ഇപ്പറഞ്ഞ രീതിയിലുള്ള ജീവിതം നയിക്കാമല്ലോ. കുതിരയുടെ ബ്രഹ്മചര്യം പോലെ ശരിയായ ഉദ്ദേശങ്ങളില്ലാതെ പ്രകടനപരമായ ജീവിതം നയിക്കുന്നവരും ഉണ്ടാകാമല്ലോ? ഇവരില്‍ കപടനാട്യക്കരെയും ശരിയായ സത്യദര്‍ശികളെയും തമ്മില്‍ എങ്ങിനെ തിരിച്ചറിയാനാകും?

വസിഷ്ഠന്‍ പറഞ്ഞു: കപടമായാല്‍പ്പോലും സത്യദര്‍ശികളെപ്പോലുള്ള പെരുമാറ്റം അഭിലഷണീയമാണ്, അനുമോദനാര്‍ഹമാണ്. ശരിയായ ജ്ഞാനമുള്ളവര്‍ സ്വയം അവര്‍ക്ക് ആഗ്രഹങ്ങള്‍ ഉള്ളതുപോലെ പെരുമാറും. മൂഢന്മാരുടെ കൂടെ സ്വയം മറന്നെന്നപോലെ ചിരിച്ചുല്ലസിക്കുകയും ചെയ്യും. അവരുടെ ഉള്ളിലെ പ്രശാന്തതയും പ്രബുദ്ധതയും ആര്‍ക്കും അറിയുകയില്ല. എന്നാല്‍ ജ്ഞാനികള്‍ പരസ്പരം തിരിച്ചറിയുന്നു. ജ്ഞാനികള്‍ അവരുടെ അറിവിനെ കൊട്ടിഘോഷിക്കുകയില്ല, ജനത്തിന്റെ കയ്യടിക്കായി പരിശ്രമിക്കുകയുമില്ല. ജ്ഞാനിയുടെ പന്ഥാവില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കുന്നതടസ്സങ്ങളാണ് അവയെല്ലാം.
“ഞാനെത്ര നല്ലവനാണെന്ന് എല്ലാവരും അറിയാന്‍ ഞാന്‍ കൊതിക്കുന്നു. അങ്ങിനെ അവരെന്നെ പൂജിക്കട്ടെ’, എന്നിത്യാദി ചിന്തകള്‍ കപടന്മാരില്‍ മാത്രമേ കാണൂ. അന്തരീക്ഷത്തില്‍ പൊങ്ങാന്‍ കഴിയുന്ന ലഘിമ, മുതലായ സിദ്ധികള്‍ മന്ത്രങ്ങളാലും പ്രത്യേകതരം മരുന്നുകളാലും സ്വായത്തമാക്കാവുന്നതാണ്. അതിന് ജ്ഞാനിയാവണം എന്നൊന്നുമില്ല. കുറച്ചു കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും നേടാവുന്നവയാണ് സിദ്ധികള്‍. അവ പ്രബുദ്ധതയുടെ ലക്ഷണമൊന്നുമല്ല. അഹംകാരമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാവുന്നത്. ഇങ്ങിനെ ലഭിക്കുന്ന സിദ്ധിവിശേഷങ്ങള്‍ വാസനകളെ ഊട്ടിവളര്‍ത്തുന്നു. മനോപാധികളെ കൂടുതല്‍ നിറമുള്ളതാക്കുന്നു.

പ്രബുദ്ധന് ഇതിലൊന്നും താല്‍പര്യമില്ല. ലോകം അയാള്‍ക്ക് പുല്ലുവിലയാണ്. അനിച്ഛാപൂര്‍വമാണ് പ്രബുദ്ധന്റെ ജീവിതം. ഉചിതായ കര്‍മ്മങ്ങള്‍ ആകസ്മികമായി ചെയ്തയാള്‍ മുന്നോട്ടുപോകുന്നു. പ്രബുദ്ധന്റെ ജ്ഞാനത്തേക്കാള്‍ വലുതായ സ്വര്‍ഗ്ഗീയസുഖഭോഗങ്ങളൊന്നുമില്ല.

പ്രബുദ്ധന്‍ തന്റെ ദേഹത്തിനുണ്ടാകുന്ന ശീതോഷ്ണാനുഭവങ്ങള്‍ മറ്റു വല്ലവര്‍ക്കും ആണ് സംഭവിക്കുന്നതെന്നമട്ടില്‍ നിസ്സാരമായി കണക്കാക്കുന്നു. മറ്റുള്ളവരോടുള്ള കൃപ അയാള്‍ക്ക് സഹജമായുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടിയാണയാള്‍ ജീവിക്കുന്നത്. അയാള്‍ ഗുഹയിലോ കുടിലിലോ, വീട്ടിലോ താമസിക്കുകയോ പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുകയോ ആവാം. ചിലപ്പോള്‍ അയാള്‍ ഗുരുവോ മറ്റുചിലപ്പോള്‍ ശിഷ്യനോ ആവാം. അയാള്‍ ചിലപ്പോള്‍ അതീന്ദ്രിയ ശക്തി പ്രകടിപ്പിച്ചേക്കാം; മാത്രമല്ല  ചിലപ്പോള്‍ അയാള്‍ ശാശ്വതമായി സമാധിസ്ഥനുമായേക്കാം.  

588 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 588

ചൂര്‍ണ്ണതാം യാന്തു മേങ്ഗാനി സന്തു മേരൂപമാനി ച
കാ ക്ഷതി: കാ ച വാ വൃദ്ധിശ്ചിദ്രൂപവപുഷോ മമ (6.2/101/14)
വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാവരും, എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമാകുന്നു. ബോധത്തില്‍ നിന്നും വിട്ട് മറ്റെന്താണ് സാദ്ധ്യമായി ഉള്ളത്? ബോധം മാത്രമുള്ളപ്പോള്‍ മറ്റെന്താണ് കൊള്ളാനും തള്ളാനും ഉള്ളത്? ‘മറ്റൊന്ന്’ ഇല്ലാത്തപ്പോള്‍, രാഗദ്വേഷങ്ങള്‍ക്ക് (ഇഷ്ടാനിഷ്ടങ്ങള്‍) എന്താണൊരു സാംഗത്യം?
ബോധം തന്നെയാണ് മനുഷ്യനായും ദേവനായും പാതാളവാസികളായ നാഗങ്ങളായും മലകളായും ചരാചരങ്ങളായും ജീവനിര്‍ജീവജാലങ്ങലായും പ്രഭാസിക്കുന്നത്. ഞാന്‍ ശുദ്ധമായ ബോധമാകുന്നു. നീയും അതാകുന്നു. നാം കാലത്തിന്റെ പിടിയില്‍പ്പെട്ടു മരണമടയും, എന്നാല്‍ ബോധത്തിന് മരണമില്ല. ബോധത്തിന് അവബോധിക്കാന്‍ ഒരു വിഷയം ആവശ്യമില്ല. അതിനാല്‍ ഏകത, നാനാത്വം, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ വാചക മേളകള്‍ക്കൊന്നും യാതൊരര്‍ത്ഥവുമില്ല.

ഭൌതീകവാദികള്‍ പോലും ബോധത്തെ നിരാകരിക്കുന്നില്ല. ആത്മാവിനെ തള്ളിപ്പറയുന്നുമില്ല. അവരെയും ചിന്തിക്കാനും പ്രതികരിക്കാനുമുള്ള ചൈതന്യം ബോധം തന്നെയാണല്ലോ.

ഈ ബോധത്തെ ചിലര്‍ ബ്രഹ്മമെന്നും ചിലര്‍ ആത്മജ്ഞാനമെന്നും ചിലര്‍ ശൂന്യമെന്നും, മായാശക്തിയെന്നും, ചിദാകാശമെന്നും, ശിവനെന്നും, ആത്മാവെന്നും, മറ്റും പറയുന്നു. ഈ വാക്കുകളും വിവരണങ്ങളുമെല്ലാം ബോധം തന്നെയാണ്. ബോധം തന്നെയാണ് സ്വയമിങ്ങിനെയുള്ള ധാരണകളെ വിക്ഷേപിക്കുന്നത്. അതായത് വൈവിദ്ധ്യമാര്‍ന്ന വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെ ചൈതന്യസ്രോതസ്സും ബോധം തന്നെയാണ്.

എന്റെ അവയവങ്ങള്‍ മഹാമേരു പര്‍വ്വതംപോലെ ശക്തിമത്തായിക്കൊള്ളട്ടെ, അല്ലെങ്കില്‍ അവ പൊടിഞ്ഞു തകര്‍ന്നു തരിപ്പണമായിക്കൊള്ളട്ടെ. ഞാന്‍ ശുദ്ധമായ ബോധമാണെന്നു സാക്ഷാത്ക്കാരിച്ചാല്‍പ്പിന്നെ എന്ത് നേടാനാണ്? എന്ത് നഷ്ടപ്പെടാനാണ്? ബോധം അജനും അമരനുമാണ്. അതാകാശംപോലെയാണ്. ആകാശത്തിനു മരണമുണ്ടോ?

രാത്രിയുടെ ഇരുട്ടില്‍ ലോകം കാണാതാകുന്നു (നശിക്കുന്നു); സൂര്യോദയത്തില്‍ ലോകം വീണ്ടും കാണാകുന്നു (ഉണ്ടാകുന്നു). ജനനമരണങ്ങള്‍ അതുപോലെയാണ്. അതിനാല്‍ മരണത്തെ ഒരാഹ്ളാദസംഭവമായിവേണം കാണാന്‍. ഒരു ദേഹത്തുനിന്നും മറ്റൊന്നിലേയ്ക്ക് പോവുന്ന യാത്രയാണിത്. അതില്‍ ദുഖിക്കുന്നവര്‍ മൂഢന്മാരത്രേ. അല്ല, മരണശേഷം മറ്റൊരു ദേഹമെടുത്ത് ഒരാള്‍ ജനിക്കുന്നില്ല എങ്കിലും നമുക്ക് ദുഖിക്കേണ്ടതില്ല. കാരണം ഈ ജനനമരണ ചക്രത്തിന് ഒരവസാനമായി എന്ന് കരുതാമല്ലോ. അതുകൊണ്ട് ജ്ഞാനികള്‍ ജനനത്തെപ്പറ്റിയോ  മരണത്തെപ്രതിയോ ആഹ്ലാദിക്കുന്നില്ല, ദുഖിക്കുന്നുമില്ല.

അവനവന്റെ ദുഷ്പ്രവൃത്തികളെപ്പറ്റി ബോധവാനായ ഒരുവനില്‍ മരണഭയം ഉണ്ടാവുന്നു. അതിലും കാര്യമൊന്നുമില്ല. അവന് ‘ഇവിടെയും’, ‘അവിടെയും’ ദുരിതം അനുഭവിക്കണമല്ലോ!
എന്തിനാണ് നാം ‘അയ്യോ ഞാന്‍ മരിച്ചുപോകുമേ’ എന്ന് പറഞ്ഞ് വിലപിക്കുന്നത്? ‘ആഹാ, ഞാന്‍ ഉണ്ട്, ഞാന്‍ ഉണ്ട്’ എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിക്കുകയല്ലേ വേണ്ടത്? അനന്തമായ ബോധം മാത്രമേ സത്യമായുള്ളു എന്നറിയുമ്പോള്‍ ഇതെല്ലാം നിരര്‍ത്ഥകം. ആകാശം നിലകൊള്ളുന്നത് ആകാശത്താണ്!
ജനനം, മരണം എന്നീ വാക്കുകള്‍ക്ക് എന്താണര്‍ത്ഥം? നീ സ്വയം ബോധമാണെന്നുള്ള അറിവിന്റെ നിറവില്‍ ‘ഞാന്‍, എന്റെ’ എന്നീ ചിന്തകളില്ലാതെ കുടിച്ചും കഴിച്ചും സഹജഭാവത്തില്‍ ജീവിക്കൂ.

നീ ആകാശംപോലെയാണ്. നിന്നില്‍ ആസക്തികള്‍ എങ്ങിനെയുണ്ടാകാനാണ്? ജീവിതനദിയിലൂടെ തനിക്കടുത്തേയ്ക്ക് ഒഴുകിയെത്തുന്ന അനിച്ഛാപൂര്‍വ്വം ലഭിക്കുന്നതെല്ലാം ജ്ഞാനിക്ക് സ്വീകാര്യമാണ്. ആ നദി തനിക്കുമുന്നില്‍ എത്തിക്കുന്നവസ്തു മലീമസമാണെങ്കില്‍പ്പോലും അതയാളെ ആകുലപ്പെടുത്തുന്നില്ല. ദീര്‍ഘനിദ്രയിലെന്നപോലെ അയാളെ അതൊന്നും ബാധിക്കുന്നില്ല. 

587 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 587

മൃത: സ സംവിദാത്മത്വാദ്ഭൂയോ നോ വേത്തി സംസൃതിം
ജ്ഞാനധൌതാ ന യാ സംവിന്ന സാ തിഷ്ഠത്യസംസൃതി: (6.2/100/30)
രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഈ അനന്തവിശാലമായ വിശ്വം എല്ലാദിശകളിലേയ്ക്കും വിശാലവിസ്തൃതമായി പരന്നു കിടക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടല്ലോ. അവര്‍ അതിനെ ബോധഘനമായി കാണുന്നില്ല. അവരതിനെ സാധാരണ ‘ദൃശ്യ’മായി മാത്രമേ കാണുന്നുള്ളു. എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായി നാശത്തിലേയ്ക്ക് അനുനിമിഷം നീങ്ങിക്കൊണ്ടിരിക്കുന്ന വിശ്വത്തെ അവര്‍ കാണുന്നില്ല. അങ്ങിനെയുള്ള ആള്‍ക്കാരില്‍ മനോകാലുഷ്യം നീങ്ങാന്‍ എന്താണ് മാര്‍ഗ്ഗം?
വസിഷ്ഠന്‍ പറഞ്ഞു: അതിനുള്ള ഉത്തരം പറയുന്നതിന് മുന്‍പ് മറ്റൊരു ചോദ്യം നാം ഉന്നയിക്കേണ്ടിയിരിക്കുന്നു. അയാള്‍ വിഷയപദാര്‍ത്ഥങ്ങളെ കാണുന്നത് നാശമില്ലാത്ത വസ്തുക്കളായാണോ? അയാള്‍ ദേഹത്തെ മരണമില്ലാത്ത ശാശ്വതവസ്തുവായാണോ കണക്കാക്കുന്നത്? അപ്പോള്‍പ്പിന്നെ എവിടെയാണ് ദുഃഖം? എന്നാല്‍ ദേഹം പല വസ്തുക്കള്‍ കൊണ്ട് മെനഞ്ഞെടുത്തതാണെന്നുവരികില്‍ തീര്‍ച്ചയായും അതിന് നാശമുണ്ട്‌.

“ആത്മാവ് ശുദ്ധമായ അനന്തബോധമാണെന്നും, ഭൌതീക ദേഹമല്ലെന്നും അറിയുന്നവനെ സംബന്ധിച്ചിടത്തോളം അവന്റെ ബോധത്തില്‍ സംസാരം (ലോകമെന്ന കെട്ടുകാഴ്ച) തന്നെയില്ല. എന്നാല്‍ ഒരുവന്റെ ചിന്ത ഇത്തരത്തില്‍ ശരിയായ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നിര്‍മ്മലമായിത്തീര്‍ന്നില്ലായെങ്കില്‍ അവന് സംസാരമെന്ന ലോകം കൂടിയേ തീരൂ.”

ബോധം എന്നൊരു സംഗതി ഇല്ല എന്ന് കരുതുന്ന ഒരാള്‍ക്ക് അതിന് ചേര്‍ന്നരീതിയിലുള്ള ജഡാനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. മൂര്‍ത്തീകരിക്കപ്പെട്ട അവസ്ഥ മാത്രമേ സത്യമായുള്ളൂ എന്നയാളനുഭവിക്കുന്നു. ഈ വിശ്വാസമുള്ളില്‍ ദൃഢീകരിച്ച്, മരണമെന്നത് എല്ലാറ്റിന്റെയും അവസാനമാണെന്ന തോന്നല്‍ അവനിലുണ്ടാവുന്നു. ഇതെല്ലാം പക്ഷെ അപൂര്‍ണ്ണമായ അനുഭവത്താല്‍ തോന്നുന്നതാണ്. ബോധത്തിന്റെ ‘അനസ്തിത്വ’ത്തില്‍ വിശ്വസിക്കുന്നവന്‍ ദേഹമുപേക്ഷിക്കുമ്പോള്‍ ജഡവസ്തുവായിത്തീരുന്നു. അങ്ങിനെയവര്‍ കനത്ത ആന്ധ്യത്തിന്റെ ആഴങ്ങളിലേയ്ക്ക് താഴ്ന്നു പോവുന്നു.
   
എന്നാല്‍ ലോകമെന്നത് ഒരു സ്വപ്നം പോലെ ആപേക്ഷികമാണെന്ന് വിശ്വസിക്കുന്നവര്‍ ലോകമെന്ന ഭ്രമക്കാഴ്ച്ച തുടര്‍ന്നും അനുഭവിക്കുന്നു. ലോകം ശാശ്വതമെന്നു കരുതിയാലും മാറ്റങ്ങള്‍ക്ക് വിധേയമാണെന്ന് കരുതിയാലും സുഖ ദുഖാനുഭവങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും.

ലോകം മാറിക്കൊണ്ടിരിക്കുന്നു, എന്നാല്‍ അത് ശുദ്ധമായ ബോധഹീനമായ വിഷയവസ്തുകളുടെ സംഘാതമാണെന്നു കരുതുന്നവര്‍ അപക്വമതികളാണ്. അവരുമായി സംഗം വേണ്ട.

എന്നാല്‍ ദേഹം ബോധത്തില്‍ നിലകൊള്ളുന്നു എന്ന അറിവുള്ളവര്‍ ജ്ഞാനികളാണ്. അവര്‍ക്ക് നമസ്കാരം! ദേഹത്തില്‍ പ്രജ്ഞയുണ്ട് എന്ന് കരുതുന്നവര്‍ അജ്ഞാനികളാണ്. ശുദ്ധമായ ബോധം, ജീവനെന്ന ശരീരവുമെടുത്ത് ബ്രഹ്മാകാശത്ത് സഞ്ചരിക്കുന്നു. ആ ജീവന്‍ എന്തെന്തു കാര്യങ്ങള്‍ സ്വയം ചിന്തിക്കുന്നുവോ അതപ്രകാരം തന്നെ സംഭവിക്കുന്നു. ആകാശത്ത് മേഘങ്ങള്‍ പലവിധ രൂപങ്ങളെ ഉണ്ടാക്കുന്നതുപോലെ, അലകള്‍ സമുദ്രജലത്തിനുമേല്‍ ഉയര്‍ന്നു താഴുന്നതുപോലെ ലോകങ്ങള്‍ അനന്തബോധത്തില്‍ പ്രകടമാവുകയാണ്.


സ്വപ്നനഗരികള്‍ സ്വപ്നം കാണുന്നവന്റെ മനസ്സില്‍ മാത്രമേയുള്ളൂ. അതിന് കാരണങ്ങള്‍ ഒന്നും വേണ്ട. കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഒന്നുമില്ലാതെ ‘കെട്ടിപ്പടുത്ത’ നഗരങ്ങളാണവ. ലോകം അതാണ്‌! എല്ലാം ബോധമാണ്. ഇതറിവായി ഉണര്‍ന്നവന് ഭ്രമചിന്തകളില്ല. അവനില്‍ ആസക്തികളില്ല. മനോ വ്യാകുലതകളില്ല. ജീവിതം മുന്നില്‍കൊണ്ടുവരുന്ന സന്ദര്‍ഭങ്ങളില്‍ ഉചിതമായി, അനിച്ഛാപൂര്‍വം പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനായാസേന സാധിക്കുന്നു.

586 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 586

സംവിത്സത്യാസ്ത്വസത്യാ വാ താവന്‍മാത്ര: സ്മൃത പുമാന്‍
സാ യഥാനിശ്ചയോ നൂനം തത്സത്യമിതി നിശ്ചയ: (6.2/100/15)
ശ്രീരാമന്‍ ചോദിച്ചു: മഹര്‍ഷേ എന്നാല്‍ ചിലര്‍ പറയുന്നത് മരണം അനിവാര്യമാണെന്നും ദേഹത്ത് ജീവനുള്ളിടത്തോളം കാലം സുഖമായി ജീവിക്കണം എന്നുമാണ്. കാരണം മരണശേഷം ദേഹം വെറും ചാരമായിക്കഴിഞ്ഞാല്‍പ്പിന്നെ യാതൊന്നും അവശേഷിക്കുന്നില്ലല്ലോ. ഈ അഭിപ്രായമുള്ളവര്‍ക്ക് ഈ സംസാരത്തില്‍ ദുഖനിവൃത്തി എങ്ങിനെയാണ് സാധിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: അന്തര്‍പ്രജ്ഞയില്‍ എന്ത് ദൃഢമായി വിശ്വസിക്കപ്പെടുന്നുവോ അതാണ്‌ അനുഭവസിദ്ധമാവുക. ബോധം എന്നത് സര്‍വ്വവ്യാപിയും പൂര്‍ണ്ണവും അവിച്ഛിന്നവുമാണ്. അതുമാത്രമാണ് ഒന്നായും പലതായും കാണപ്പെടുന്നത്. സൃഷ്ടിയെന്ന സങ്കല്‍പ്പം ഉണ്ടാവുന്നതിനുമുന്‍പ് മറ്റൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ബോധമല്ലാതെ മറ്റൊന്നും സത്യമാവുക അസാദ്ധ്യം. ഈ ശാസ്ത്രത്തില്‍ വിശദമാക്കിയ സത്യത്തെ അറിയാത്തവര്‍ അജ്ഞാനികള്‍ തന്നെയാണ്. അവര്‍ നമ്മെ സംബന്ധിച്ചിടത്തോളം മരിച്ചവര്‍ക്ക് തുല്യരാണ്. എന്നാല്‍ ഈ സത്യം- ശുദ്ധാവബോധമെന്ന ബ്രഹ്മമാണ് എന്ന അവബോധമുള്ളവര്‍ക്ക് നമ്മുടെ ഉപദേശം ആവശ്യമില്ലാതാനും.
ബോധശരീരത്തില്‍ എന്തെന്തെല്ലാം സത്യമാണെന്ന് കരുതിയാലും അവയെല്ലാം സത്യമായിത്തന്നെ അനുഭവപ്പെടുന്നു. ഭൌതികശരീരം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും സൃഷ്ടമായിട്ടുള്ളത് ബോധമെന്ന ഒരേയൊരു വസ്തുകൊണ്ടാണ്.

ഇന്ദ്രിയാനുഭവങ്ങളാണ് ബോധം എന്ന് കരുതുകയാണെങ്കില്‍ ദുഃഖം സുനിശ്ചിതമത്രേ. കാരണം ജീവനുള്ളിടത്തോളം കാലം ഇതിനു വൈരുദ്ധ്യങ്ങളായ അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

എന്നാല്‍ ഈ ലോകമെന്നത് പരമബോധത്തിലുയരുന്ന ഒരു ധാരണാസങ്കല്‍പനം മാത്രമാണെന്ന അറിവുള്ള ഒരാളില്‍ എല്ലാ വൈപരീത്യങ്ങളും അവസാനിക്കുന്നു. വിഭജനാത്മകത ഇല്ലാതാവുന്നു. അനുഭവവൈരുദ്ധ്യങ്ങളും അസ്തമിക്കുന്നു.

ആകാശത്ത് പറന്നുനടക്കുന്ന ഥൂളീകണങ്ങള്‍ ആകാശത്തെ എങ്ങിനെ ബാധിക്കാനാണ്? അതുപോലെയാണ് ബോധസാക്ഷാത്ക്കാരത്തില്‍ അഭിരമിക്കുന്നവന്റെ സുഖദുഃഖാനുഭവങ്ങള്‍. ഒരു ദേഹത്തെയോ, വേറിട്ടൊരു വ്യക്തിയേയോ, ജീവനേയോ ഞാന്‍ കാണുന്നില്ല. എല്ലാമെല്ലാം ശുദ്ധമായ അവബോധം മാത്രം. അതില്‍ ഉണ്ടാവുന്ന ഭാവനകള്‍ അപ്രകാരംതന്നെ  ഭവിക്കുന്നു. സത്യമാണെങ്കിലും അല്ലെങ്കിലും ദേഹമെന്ന അസ്തിത്വത്തെ അനുഭവിക്കുന്നത് ‘അതാണ്‌’.

“ബോധമെന്നത് സത്യമെന്നോ അസത്യമെന്നോ കണക്കാക്കിയാലും വ്യക്തി ‘അതാണ്‌’. ബോധം സത്യമെന്ന് നിനയ്ക്കുന്നതെന്തോ അത് സത്യമായും യാഥാര്‍ത്ഥ്യമാണ്. ബോധം ആത്മാവെന്നപോലെയോ, കണ്മുന്നില്‍ കാണുന്ന വ്യക്തിയെന്നപോലെയോ യാഥാര്‍ത്ഥ്യമാണ്.

ഭൌതികവാദികള്‍ക്ക് പോലും വ്യക്തിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാനാവില്ല. അപ്പോള്‍പ്പിന്നെ അവര്‍ക്കും ബോധാസ്തിത്വത്തെ ചോദ്യം ചെയ്യാനാവില്ല.

എല്ലാ ശാസ്ത്രങ്ങളുടെയും അന്ത:സത്തയെ വെളിവാക്കുന്നതാണ് ഈ ജ്ഞാനം. എന്നാല്‍ ഈ ജ്ഞാനം വികലമാവുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും അറിവിനെ അജ്ഞാനത്തിന്റെ കാര്‍മേഘപടലം മറയ്ക്കുമ്പോഴാണ്. എന്നാല്‍ എല്ലാ തെറ്റിദ്ധാരണകളും അവസാനിക്കുന്നതോടെ ഉന്നതവും ഉചിതവുമായ ഫലമുണ്ടാവുന്നു.
 
ഇത് ശരിയായി അറിയാത്ത പക്ഷം തെറ്റിദ്ധാരണയ്ക്ക് അവസാനമുണ്ടാവുകയില്ല. ആത്മജ്ഞാനസിദ്ധിക്ക് ശേഷവും ഈ അറിവിനെ വീണ്ടും കാര്‍മേഘം മൂടാന്‍ ഇടയായാല്‍പ്പിന്നെ ദുഖനിവാരണം ക്ലിഷ്ടമാണ്. ബോധത്തെ ഉണ്മയായി തിരിച്ചറിയുന്നവര്‍ ജ്ഞാനികളുടെ സംഗത്തിലാണ് വന്നുചേരുക. ആ തിരിച്ചറിവില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ പാറപോലുള്ള നിര്‍ജീവവസ്തുക്കളായി ജഡാസ്തിത്വമായിത്തീരുന്നു.

ഈ അനന്തബോധം നിദ്രയിലായിരിക്കുമ്പോള്‍ വിഷയാനുഭവം ഉണരുന്നു, അങ്ങിനെ ലോകം ഉണ്ടാവുന്നു. ഇഹലോകവും ഇന്ദ്രിയാനുഭവങ്ങളും മാത്രമാണ് സത്യമെന്ന് കരുതുന്നവര്‍ നിദ്രയിലുള്ള ജഡമത്രേ. 

585 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 585

അയം സോഹമിദം തന്മ ഇത്യാകല്‍പിതകല്‍പനം
ജഗദ്യഥാ നൃണാം സ്ഫാരം തഥൈവോച്ചൈര്‍ഗുണൈ: കൃമേ: (6.2/99/9)

രാമന്‍ ചോദിച്ചു: ഞങ്ങള്‍ മനുഷ്യര്‍ക്ക് ദുഖനിവൃത്തിക്കായി അനേകം മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ക്രിമികീടങ്ങള്‍ക്കും ഈയാംപാറ്റകള്‍ക്കും, മരങ്ങള്‍ക്കുമൊക്കെ എങ്ങിനെയാണ് ദുഖനിവൃത്തിയുണ്ടാവുക?

വസിഷ്ഠന്‍ പറഞ്ഞു: എല്ലാ ജീവജാലങ്ങളും അവരവരുടെ സ്വഭാവമനുസരിച്ച് ബോധത്തിലാണ് നിലകൊള്ളുന്നത്. അവര്‍ക്കും തനതായ ആസക്തികളും ആഗ്രഹങ്ങളും ഉണ്ട്. നമ്മുടെ കാര്യത്തില്‍ ആഗ്രഹപൂരണത്തിനായി ചില തടസ്സങ്ങള്‍ ഉണ്ടെന്നാല്‍ മറ്റു ജീവജാലങ്ങളുടെ കാര്യത്തില്‍ കഠിനമായ തടസ്സങ്ങള്‍ നിരവധിയാണുള്ളത്. വിശ്വപുരുഷന്‍ പരിശ്രമിക്കുന്നതുപോലെ കീടങ്ങളും ഈയാംപാറ്റകളും പരിശ്രമിക്കുന്നു. ചെറിയൊരു കുട്ടി, തന്റെ മുഷ്ടിചുരുട്ടിപ്പിടിക്കുന്നത് തന്നെ വലിയൊരു നേട്ടമായിത്തീരുന്നു. എത്ര വമ്പാണെന്നു നോക്കൂ!

കിളികള്‍ ജനിച്ചു മരിക്കുന്നത് ശൂന്യമായ ആകാശദേശത്താണല്ലോ. ചെരിയൊരെറുമ്പിനു പോലും തന്റെ കുടുംബത്തെ പരിപാലിക്കണം.! ഒരു ചെറുമുറിയ്ക്കുള്ളില്‍ പാറിപ്പറക്കുന്ന കിളിയും ആകാശത്ത് പറന്നു പൊങ്ങുന്ന ഗരുഡനും ഒരേ മാഹാത്മ്യമാണുള്ളത്.

“’ഞാനിതാണ്’, ‘ഇതെന്റെതാണ്’, എന്നെല്ലാം ഉള്ള ചിന്തകള്‍ അതിന്റെ എല്ലാ അനുമാനങ്ങളോടും കൂടി മനുഷ്യര്‍ക്കും കീടങ്ങള്‍ക്കും മറ്റെല്ലാജീവികള്‍ക്കും സഹജമായി ഉള്ളതാണ്.”

നാം ജീവസന്ധാരണത്തിനു പരിശ്രമിക്കുന്നതുപോലെ തന്നെ എല്ലാ ജീവജാലങ്ങളും അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നുണ്ട്. അവരും ജീവിതത്തെ സ്നേഹിക്കുന്നു.
 
ഒരടിമയെ സംബന്ധിച്ചിടത്തോളം പുതിയൊരു രാജ്യത്തേയ്ക്ക് പോകുന്നതില്‍ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. അതുപോലെ പശുക്കളും മറ്റ് മൃഗങ്ങളും തങ്ങളുടെ ഉടമസ്ഥരുടെ വീടുകളോട് താല്‍പ്പര്യമൊന്നും ഉള്ളവരല്ല. അവര്‍ക്കും സുഖദുഖങ്ങളുണ്ടെങ്കിലും അവരില്‍ ‘എന്റെ’, ‘നിന്റെ’ എന്നിത്യാദി ചിന്തകള്‍ ഇല്ല. ഒരു വിത്തും മുളച്ചുവരുന്ന ചെടിയും മറ്റും ഒരു പുഴുവിന്റെ കടിയേല്‍ക്കുമ്പോള്‍ വേദനിക്കുന്നു, അല്ലെങ്കില്‍ അതേപ്പറ്റി അവബോധിക്കുന്നു. ഉറക്കത്തിലാണെങ്കിലും ഒരീച്ചയുടെ ഉപദ്രവം നാം അവഗണിക്കുമോ?

ഇന്ദ്രാദിദേവന്മാരും കീടങ്ങളും എല്ലാം ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഭയത്തിനും ആശയ്ക്കും ആഹാരത്തിനും ലൈംഗികതയ്ക്കും സുഖദുഖങ്ങള്‍ക്കും ജനനമരണാദി മാറ്റങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വിധേയരാണ്.

അതിലുള്ള ഏക വ്യത്യാസം വാക്കുകളിലെ വിവക്ഷകളിലും, ഘടകങ്ങളുടെ സ്വഭാവത്തിലും ഭാവിയെപ്പറ്റിയുള്ള ആശങ്കകളിലുമാണ്. ഉറക്കത്തിലെന്നവണ്ണം നില്‍ക്കുന്ന മരങ്ങളും അചരങ്ങളായ പാറക്കല്ലുകളും എല്ലാം അവിച്ഛിന്നമായ ഒരേയൊരു അനന്തബോധത്തിന്റെ അനുഭവത്തിലാണുള്ളത്. അതില്‍ വിഭാജനാത്മകത ഇല്ലേയില്ല.

ഇതെല്ലാം ശുദ്ധമായ ബോധം മാത്രം. കഴിഞ്ഞ സൃഷ്ടിചക്രത്തിലെന്നവണ്ണം ഇപ്പോഴും ഉറക്കത്തിലെന്നപോലെ പാറകളും മറ്റും നിലകൊള്ളുന്നു. അതുപോലെ നീ നീയായും ഞാന്‍ ഞാനായും നിലകൊള്ളുന്നു. ശുദ്ധബോധത്തില്‍ സുഖമോ ദുഖമോ ഇല്ല.
ഭ്രമചിന്തയ്ക്കും മോഹത്തിനും കാരണമാവുന്നത് അജ്ഞാനമാണ്. എന്നാല്‍ ശരിയായ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അജ്ഞാനത്തിന്റെ ഇരുട്ട് ഇല്ലാതാവുമ്പോള്‍ കാണുന്നത് ‘അവസ്തു’വാണ്. നാമരൂപരഹിതമായ അവിര്‍വചനീയമായ സത്ത. ലോകമെന്ന സ്വപ്നത്തിന്റെ സത്യം അറിഞ്ഞാല്‍പ്പിന്നെ അതവസാനിച്ചു. എന്താണിവിടെ അഭികാമ്യമായുള്ളത്? എന്താണ് നേടാന്‍ യോഗ്യമായുള്ള കാര്യം? അലകള്‍ ഒടുങ്ങിയതുകൊണ്ട് സമുദ്രജലത്തിനെന്തു നഷ്ടമാണുണ്ടാവുക? ദേഹം നശിക്കുമ്പോള്‍ ബോധത്തിനെന്താണ് ചേതം?
അജ്ഞാനി മാത്രമേ ലോകത്തെപ്പറ്റിയുള്ള ഭാവനകളില്‍ മുഴുകി ജീവിക്കുകയുള്ളു, കാരണം അയാള്‍ക്ക് ലോകം സത്യമാണ്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ശരിയായ അറിവ് ആത്മജ്ഞാനത്തിലേയ്ക്കുള്ള വാതില്‍ തുറക്കുന്നു. ഒരു കണ്ണാടിയില്‍ വസ്തുക്കള്‍ പ്രതിഫലിക്കുന്നതുപോലെ ലോകം ബ്രഹ്മത്തില്‍ കാണപ്പെടുന്നു. കണ്ണാടിയ്ക്കുള്ളില്‍ വസ്തുവില്ല. അതുപോലെ ലോകവും മിഥ്യയാണ്.

സ്വപ്നത്തിലെ ലൈംഗികാനുഭവമെന്നപോലെ യാതാര്‍ത്ഥ്യമായ ലോകത്തിനും ചില പ്രാഭവങ്ങളൊക്കെ ഉണ്ടെന്നപോലെയാണനുഭവം. എങ്കിലും എന്തിനാണീ ലോകത്തെ യഥാര്‍ത്ഥമെന്ന് കരുതുന്നതെന്ന് അജ്ഞാനിയ്ക്ക് മാത്രമേ അറിയൂ! 

584 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 584

ന നാസ്തിക്യാന്ന ചാസ്തിക്യാത്കഷ്ടാനുഷ്ഠാനവൈദികാ:
മനോജ്ഞമധുരാചാരാ: പ്രിയപേശല വാദിന: (6.2/98/3)
വസിഷ്ഠന്‍ തുടര്‍ന്നു: പവിത്രതയുടെ ശത്രുക്കളായ ലോഭം, മോഹവിഭ്രമം തുടങ്ങിയ കാര്യങ്ങള്‍ ജ്ഞാനികളില്‍ വളരെ ക്ഷീണിതമായിരിക്കും. അവരില്‍ അനാസക്തിയാണ് പ്രബലമായി കാണപ്പെടുക. അവര്‍ പരംപൊരുളില്‍ അഭിരമിക്കുന്നവരാണല്ലോ. അവര്‍ ക്രോധത്തിനോ അമിതാഹ്ളാദത്തിനോ വശംവദരാകുന്നില്ല. അവര്‍ യാതൊന്നിലും പങ്കാളികളല്ല, അവര്‍ക്ക് യാതൊന്നും ആവശ്യവുമില്ല.
അവര്‍ ആളുകളില്‍ കലുഷതയുണ്ടാക്കുന്നില്ല. അവര്‍ മറ്റുള്ളവരാല്‍ കലുഷമാവുന്നുമില്ല.

“അവര്‍ നിരീശ്വരവാദം വെച്ചു പുലര്‍ത്തുന്നവരല്ല, എങ്കിലും പ്രാചീനമായ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമല്ല. ശാസ്ത്രാനുസാരിയാനെങ്കില്‍ക്കൂടി  സ്വയം പീഡിപ്പിക്കുന്ന വിധത്തിലുള്ള അചാരങ്ങളോ അഭ്യാസങ്ങളോ അവര്‍ക്കില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ സാമാന്യബുദ്ധിക്കുന്ന നിരക്കുന്നതും, മാധുരിമയാര്‍ന്നതും സൌമ്യവും സ്നേഹപൂര്‍വുമായിരിക്കും.”

അവര്‍ ആളുകളുടെ ഹൃദയത്തെ ആഹ്ളാദപൂരിതമാക്കുന്നു. അവര്‍ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതരുന്നു. പ്രകൃത്യാതന്നെ ക്ഷണനേരം കൊണ്ട്  നന്മയുടെ പാതയിലുള്ള അഭികാമ്യമായ പ്രവൃത്തികളില്‍ അവര്‍ ഏര്‍പ്പെടുന്നു.

പുറമേയ്ക്ക് വിവിധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നാലും അവരുടെ ഉള്ളം സുഖശീതളവും പ്രശാന്തവും ആയിരിക്കും. അവര്‍ ശാസ്ത്രഗ്രന്ഥങ്ങളിലുള്ള തത്വങ്ങളെയും അവയുടെ അര്‍ത്ഥതലങ്ങളെപ്പറ്റിയും ഗവേഷണം ചെയ്യാന്‍ ഉത്സുകരായിരിക്കും.

ആളുകള്‍ പാകത വന്നവരാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ജ്ഞാനിക്ക് കഴിയുന്നു. എന്താണ് ഗ്രാഹ്യമെന്നും ത്യാജ്യമെനും അയാള്‍ക്കറിയാം. ഓരോരോ സന്ദര്‍ഭങ്ങളില്‍ ഉചിതമായ കര്‍ത്തവ്യമെന്തെന്നറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കറിയാം. നിഷിദ്ധപ്രവര്‍ത്തങ്ങളില്‍ നിന്നുമവര്‍ ഒഴിഞ്ഞു നില്‍ക്കുന്നു. സത്സംഗമാണവര്‍ ആഗ്രഹിക്കുന്നത്. അവരുടെ സത്സംഗം ആഗ്രഹിക്കുന്നവരെ ജ്ഞാനത്തിന്റെ പൂക്കളര്‍പ്പിച്ചാണവര്‍ പൂജിക്കുന്നത്. മറ്റുള്ളവരുടെ ദുഖവും സങ്കടവും കവര്‍ന്ന് കളയാന്‍ അവര്‍ക്ക് സാമര്‍ത്ഥ്യമുണ്ട്. 

കൃപാശീലരും മാന്യന്മാരുമാണവര്‍. എന്നാല്‍ ഭൂമിപാലന്മാര്‍ അധാര്‍മ്മികളാവുമ്പോള്‍ അവര്‍ മലകളെപ്പോലും ഇളക്കാന്‍ പോന്നമട്ടില്‍ സടകുടഞ്ഞെഴുന്നെല്‍ക്കുന്നു. ദുരിതമനുഭവിക്കുന്നവരെ അവര്‍ പ്രത്യാശാഭരിതരാക്കുന്നു. സന്തുഷ്ടരുടെ ആഹ്ളാദത്തെ വര്‍ദ്ധിപ്പിക്കുന്നു. അജ്ഞാനികളായ ആളുകളുടെ മൂഢതയെ അവര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു. ദുരിതങ്ങളാലും മാനസീകമായ പിരിമുറുക്കംകൊണ്ടും ദുഖാര്‍ത്തികള്‍ കൊണ്ടും വലയുന്നവരെ സഹായിക്കാന്‍ ഈ മഹാന്മാര്‍ മാത്രമേയുള്ളൂ.

ഇപ്പറഞ്ഞ സ്വഭാവ സവിശേഷതകള്‍ നോക്കി മഹദ് വ്യക്തികളെ കണ്ടുപിടിച്ച് അവരില്‍ അഭയം തേടാം. കാരണം സംസാരസാഗാരത്തെ തരണം ചെയ്യാന്‍ അവരുടെ സഹായം കൂടിയേ തീരൂ. ‘വരുന്നത് വരട്ടെ’ എന്ന മട്ടില്‍ വിധിവിഹിതവും പ്രതീക്ഷിച്ചുകൊണ്ട് ഒരിക്കലും നിഷ്ക്രിയനായി ഇരിക്കരുത്.

ഇപ്പറഞ്ഞ ഗുണങ്ങള്‍ എല്ലാം തികഞ്ഞ വ്യക്തിയല്ലെങ്കില്‍പ്പോലും അവയില്‍ ഒരു ഗുണമെങ്കിലും തികഞ്ഞയാള്‍ മഹാത്മാവ് തന്നെയാണ്. അയാളുടെ മറ്റെല്ലാ പോരായ്മകളും നമുക്കവഗണിക്കാം. മറ്റുള്ളവരിലെ നന്മയെ കാണാനും അംഗീകരിക്കാനും പഠിക്കണം. തിന്മകളെ മനസ്സിലാക്കുകയും വേണം. അങ്ങിനെയാണ് സദ്‌വൃത്തരെ കണ്ടെത്തുക. നന്മ നിറഞ്ഞ ഒരാളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍പ്പോലും അയാളെ സേവിക്കുക. എന്നാല്‍ അയാളിലെ തിന്മകളെ പ്രോത്സാഹിപ്പിക്കരുത്. ദുര്‍വാസനകളെ കീഴടക്കിയില്ലെങ്കില്‍ ഏതൊരു മഹാനും തിന്മയിലേയ്ക്ക് വീണുപോകാം.

ഇതൊക്കെ ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. നന്മയുള്ള ഒരാള്‍ സാഹചര്യങ്ങളുടെ പിടിയില്‍പ്പെട്ട് തിന്മയിലേയ്ക്ക് തിരിയുന്നത് ദൌര്‍ഭാഗ്യകരം തന്നെ. അത് സമൂഹത്തില്‍ ദുരിതം വിതയ്ക്കും. അതിനാല്‍ മറ്റു പ്രവര്‍ത്തികള്‍ എല്ലാം വിട്ട് മഹാത്മാക്കളെ സേവിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക. ഇതുമാത്രമേ ഇഹത്തിലും പരത്തിലും നമുക്ക് സഹായകരമാവൂ.

മഹാത്മാക്കളില്‍ നിന്നും അകന്നു ജീവിക്കരുത്. കാരണം അവര്‍ സാന്നിദ്ധ്യമാത്രം കൊണ്ട് മഹാത്മാക്കള്‍ എല്ലായിടത്തും നന്മയുടെ സുഗന്ധം പരത്തുന്നവരാണ്.

583 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 583

സര്‍വ്വ ഏവാനിശം ശ്രേയോ ധാവന്തി പ്രാണിനോ ബലാത്
പരിനിമ്നം പയാംസീവ തദ്വിചാര്യ സമാശ്രയേത് (6.2/97/22)
വസിഷ്ഠന്‍ തുടര്‍ന്നു: സ്വപ്രവര്‍ത്തികളിലും ശാസ്ത്രജ്ഞാനത്തിലും പരിജ്ഞാനികളായ ആളുകള്‍ അവിടെയും ഇവിടെയും ഉണ്ട്. അവരുമായുള്ള സത്സംഗമാണ് നാം തേടേണ്ടത്. ശാസ്ത്രത്തെപ്പറ്റി ഏറെ വാചോടാപം ചെയ്യുന്നവരുണ്ട്. എന്നാല്‍ നാം കണ്ടുപിടിക്കേണ്ടത് മറ്റുള്ളവര്‍ക്ക് ആനന്ദത്തെ പ്രദാനം ചെയ്യാന്‍ കഴിവുള്ളവരെയാണ്. അവരുടെ പെരുമാറ്റം കുറ്റമറ്റതായിരിക്കും.
“ആരോ ബലമായി പ്രേരിപ്പിച്ചിട്ടെന്നതുപോലെ എല്ലാവരും എല്ലാക്കാലത്തും സ്വന്തം നന്മയെ ലക്ഷ്യമാക്കിയാണല്ലോ പ്രവര്‍ത്തിക്കുക. ജലത്തിന്റെ ഒഴുക്കെപ്പോഴും താഴ്ന്ന നിലത്തേയ്ക്കായിരിക്കും. ഇതറിഞ്ഞു സാധകന്‍ സദ്ജനങ്ങളുമായി സംസര്‍ഗ്ഗം പുലര്‍ത്തണം.”
രാമന്‍ ചോദിച്ചു: പരംപൊരുളെന്ന മരത്തില്‍ ചുറ്റിപ്പടര്‍ന്നുകയറുന്ന വള്ളിച്ചെടിയെന്നപോലെയാണ് ലോകം നിലകൊള്ളുന്നത്. അതില്‍ ഭൂത-ഭാവികളെപ്പറ്റി അന്വേഷിച്ചറിഞ്ഞു പരമസത്യത്തെ കാണുന്നവര്‍ ആരൊക്കെയാണ്?

വസിഷ്ഠന്‍ പറഞ്ഞു: എല്ലാ സമൂഹത്തിലും ലോകത്തെ പ്രകാശമാനമാക്കുന്ന, പ്രഭാപൂരത്തോടെ വര്‍ത്തിക്കുന്ന, ജ്ഞാനസമ്പന്നരായ കുറച്ചാളുകളുണ്ട്. സംസാരസാഗരത്തില്‍ പൊന്തിക്കിടന്ന് ഒഴുകിനടക്കുന്ന ഉണക്കയിലകള്‍പോലെ മനുഷ്യരെല്ലാം അങ്ങുമിങ്ങും അലയുന്നു. 

സ്വര്‍ഗ്ഗവാസികള്‍ ആത്മാവിനെ മറന്ന് സുഖാനുഭവമെന്ന അഗ്നിയില്‍ വെന്തെരിയുന്നു. രാക്ഷസവര്‍ഗ്ഗങ്ങള്‍ അവരുടെ ശത്രുക്കളായ ദേവന്‍മാരുടെ പീഡനമേറ്റ് നശിച്ച് ഒടുവില്‍ ഭഗവാന്‍ നാരായണന്‍ അവരെ നരകത്തിലേയ്ക്ക് നയിക്കുന്നു. 

ആകാശചാരികളായ ഗന്ധര്‍വ്വന്മാര്‍ ജ്ഞാനഗന്ധംപോലുമില്ലാതെയാണ് കഴിയുന്നത്. അവര്‍ തങ്ങളുടെ സംഗീതാസ്വാദനത്തില്‍ മുഴുകി ഭ്രമിച്ചിരിക്കുന്നു. 

വിദ്യാധരന്മാര്‍ (വിദ്യയ്ക്ക് ആധാരമായവര്‍) വിദ്യാവിചക്ഷണന്‍മാരാണ്. എന്നാലതിന്റെ ഗര്‍വ്വും അവര്‍ക്കുള്ളതിനാലവര്‍ മാമുനിമാരെ ആദരിക്കുന്നില്ല.

യക്ഷന്മാര്‍ സ്വയം ചിരഞ്ജീവികളായി കണക്കാക്കി ജരാനരകള്‍ ബാധിച്ചവര്‍ക്കും രോഗികള്‍ക്കും മുന്നില്‍ തങ്ങളുടെ പ്രാവീണ്യം പ്രടിപ്പിച്ചു വിലസുന്നു. 

രാക്ഷസന്മാര്‍ വിഭ്രാന്തിയിലാണെപ്പോഴും. പിശാചുക്കള്‍ മറ്റുള്ളവരെ കഷ്ടപ്പെടുത്തുന്നതില്‍ താല്‍പരരാണ്. പാതാളവാസികളായ നാഗന്മാര്‍ മൂഢരും മന്ദബുദ്ധികളുമാണ്. അവര്‍ക്കെല്ലാം ജ്ഞാനമുണ്ടാവുന്നതെങ്ങിനെ?

ജീവിതമെന്ന നിസ്സാരതയ്ക്ക് പുറകെ വിറളിപിടിച്ചുഴറുന്ന മനുഷ്യര്‍ സങ്കുചിതമായ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. ദുഷ്ടചിന്തകളുമായി ആസക്തിപൂണ്ടു കഴിയുകയാണവര്‍. അവര്‍ നന്മയുള്ള ഒന്നുമായും സംഗത്തിലാവാന്‍ മെനക്കെടുന്നില്ല. ദംഭും ആഡംബരഭ്രമവും ആഗ്രഹങ്ങളും അവരെ ജ്ഞാനമാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. ദുര്‍മന്ത്രവാദിനികളായ യോഗിനിമാര്‍ തിന്നുകുടിച്ചുമദിച്ച്   സംസ്കാരരഹിതരെപ്പോലെ അപചയിക്കുന്നു.

എന്നാല്‍ പ്രബുദ്ധതയിലെത്തിയകുറച്ചുപേര്‍ (വിഷ്ണു, ബ്രഹ്മാവ്‌, രുദ്രന്‍ മുതലായവര്‍) ദേവവൃന്ദത്തിലുണ്ട്. നേതൃനിരയില്‍ കശ്യപന്‍, നാരദന്‍, സനത്കുമാരന്മാര്‍ മുതലായവരുണ്ട്. അസുരന്മാരില്‍ ഹിരണ്യകശിപു, ബലി, പ്രഹ്ലാദന്‍ എന്നിവരും, രാക്ഷസന്മാരില്‍ വിഭീഷണന്‍, പ്രഹസ്തന്‍, ഇന്ദ്രജിത്ത് എന്നിവരും നാഗന്മാരില്‍ തക്ഷകനും പ്രബുദ്ധരായവരില്‍പ്പെടുന്നു.

മനുഷ്യരില്‍പ്പോലും പ്രബുദ്ധരായ ചിലരുണ്ട്. എന്നാലവരുടെ എണ്ണം തുലോം വിരളമാണ്. ലക്ഷക്കണക്കായ ജനങ്ങളില്‍ പ്രബുദ്ധരായവര്‍ ഒന്നോ രണ്ടോ മാത്രം! 

582 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 582

തസ്മാത്സ്വനിശ്ചയേ യസ്മിന്‍യ: സ്ഥിത: സ തഥാ തത:
അവശ്യം ഫലമാപ്നോതി ന ചേദ്ബാല്യാന്നിവര്‍ത്ത്തേ (6.2/97/8)
വസിഷ്ഠന്‍ തുടര്‍ന്നു: പരമാത്മാവിന്റെ സ്വപ്നമാണ് ഈ ലോകം. എല്ലാമെല്ലാം ബ്രഹ്മമാണ്. അനുഭവവും ബ്രഹ്മം.
ലോകമെന്ന ഭ്രമക്കാഴ്ച വെറും പ്രകടനമാണ്. എന്നാല്‍ പരമബോധം ദൃഷ്ടമായ ഒന്നല്ല. അതുകൊണ്ട് ഭ്രമക്കാഴ്ച്ചയെ സത്യമായി, ആത്മാവിന്റെ സങ്കല്‍പ്പമായി കരുതാന്‍ ഇടയാകുന്നു. അനന്തബോധത്തിന്റെ സത്യാവസ്ഥ ‘മനസ്സിലാക്കാവുന്ന’ ഒരു തലത്തിലല്ലാ എങ്കിലും ലോകമെന്ന കാഴ്ചയെ ഭ്രമമായിത്തന്നെ കണക്കാക്കണം. നിശ്ശൂന്യതയെന്ന ധാരണയ്ക്ക് അങ്ങിനെയാണ് സാംഗത്യമുണ്ടാവുന്നത്. 
അനന്തബോധം അല്ലെങ്കില്‍ അതില്‍ നിന്നും ഉണരുന്ന പരമപുരുഷന്‍ കര്‍മ്മങ്ങളില്‍ പങ്കാളിയല്ല. അഹേതുകഹേതുവാണ് ലോകത്തിന്റെ ഉദ്ഭവത്തിന് നിദാനം. ഇതെല്ലാവര്‍ക്കും അനുഭവമുള്ളതും അറിയാവുന്നതുമാണ്. ചിലര്‍ പറയുന്നത് ബ്രഹ്മം ലോകമായി കാണപ്പെടുന്നു എന്നാണ്. ഇരുട്ടില്‍ കയറിനെ പാമ്പായി കാണുന്നതുപോലെയുള്ള അവിദ്യാദര്‍ശനമാണത്. എങ്കിലും അനുഭവത്തില്‍ ഇതും സത്യമാണ്. 

വിശ്വമെന്നത് അണുക്കളുടെ ഒരു സംഘാതമാണ്‌ എന്ന തത്വത്തിനും പ്രസക്തിയുണ്ട്. ഈ അറിവും ഉത്തമനിരീക്ഷണത്തോടെ വന്നുചേര്‍ന്ന അറിവാണല്ലോ. മറ്റുചിലരുടെ അഭിപ്രായത്തില്‍ ലോകമെന്നത് നാം എന്ത് കാണുന്നോ അതാണ്‌. ഈ തത്വം നാം കാണാത്ത ഇതരലോകങ്ങളിലും ബാധകമാണല്ലോ. അതിനാല്‍ ലോകമെന്നത് സത്തോ അസത്തോ അല്ല. അത് വെറും ആപേക്ഷികം മാത്രം. ഇനിയും ചിലരുടെ നോട്ടത്തില്‍ ബാഹ്യലോകം മാത്രമേ സത്യമായുള്ളൂ. മറ്റൊരു സത്തയും ഉണ്ടെന്നു കണക്കാക്കേണ്ടതില്ല. അവരെയും തെറ്റ് പറയാനാവില്ല. അവര്‍ അവരവരുടെ അനുഭവമനുസരിച്ച്‌, അവര്‍ക്ക് എത്താന്‍ കഴിയാത്ത അനുഭവതലങ്ങളെ തിരസ്കരിക്കുന്നു എന്നേയുള്ളു. മറ്റുള്ളവരുടെ അനുഭവങ്ങള്‍ക്ക് അങ്ങിനെ ഒരതീതതലം ഉണ്ടാവാം എന്നൊരു സാദ്ധ്യത അവര്‍ കാണുന്നതേയില്ല.

എല്ലാമെല്ലാം എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന തത്വവും പ്രസക്തമാണ്. ഈ മാറ്റങ്ങള്‍ക്ക് നിദാനമായ ശക്തി സര്‍വ്വശക്തമായിരിക്കണമല്ലോ. ദേഹമെന്ന കിളിക്കൂട്ടില്‍ ജീവനെന്ന കിളി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും മരണത്തോടെ ആ കിളി കൂടുവിട്ടു പറന്നു മറ്റൊരു ധാമത്തിലേയ്ക്ക് പോകുന്നുവെന്നും ഉള്ള വിശ്വാസം ചില വിദേശങ്ങളില്‍ പ്രബലമാണ്. അവരുടെ സമൂഹത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഈ തത്വത്തിനും സാംഗത്യമുണ്ട്.

മഹാന്മാര്‍ എല്ലാത്തിനെയും സമതാഭാവത്തില്‍ വീക്ഷിക്കുന്നു. യഥാര്‍ത്ഥ്യമായുള്ളത് എല്ലാറ്റിന്റെയും ആത്മാവാണെന്ന സത്യത്തെ അവര്‍ അറിയുന്നു. ചൈതന്യവത്തായ പ്രത്യേകകാരണങ്ങള്‍ (സൃഷ്ടാവ്) ഒന്നും കൂടാതെ പ്രകൃതി സ്വയമേവ ഉരുത്തിരിഞ്ഞുണ്ടാവുന്നു എന്ന് കരുതുന്നവരുമുണ്ട്. കാരണം പ്രകൃതിയില്‍ അനഭികാമ്യങ്ങളായ അനേകം പ്രശ്നങ്ങള്‍ - പ്രകൃതി ദുരന്തങ്ങള്‍ മുതലായവ ഉണ്ടാകുന്നുണ്ടല്ലോ. എന്നാല്‍ എല്ലാറ്റിന്റെയും സൃഷ്ടാവായി ഒരു വിശ്വശില്പി-നിയന്താവുണ്ടെന്നു പറയുന്നവരുടെ വാദവും വിലയുള്ളതാണ്. വിശ്വശക്തിയുടെ കേദാരമായി ആ ഭഗവാനെ അവര്‍ കാണുന്നു. 

മറ്റുള്ള ലോകങ്ങളും ഈ ലോകവും നിലകൊള്ളുന്നുണ്ടെന്ന് പറയുന്നവരും ശരിയാണ്. അവരെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥയാത്ര, പൂജാദികര്‍മ്മങ്ങള്‍, ഇവയ്ക്കെല്ലാം അര്‍ത്ഥമുണ്ട്. എല്ലാമെല്ലാം പൂര്‍ണ്ണശൂന്യമാണെന്ന വാദവും വൃഥാവിലല്ല. കാരണം ധ്യാനാത്മകനിരീക്ഷണത്തില്‍ നിന്നാണല്ലോ അവര്‍ അത്തരം ഒരു വിശ്വാസമാര്‍ജ്ജിച്ചിട്ടുണ്ടാവുക.

അനന്തബോധമെന്നത് ശുദ്ധസ്ഫടികം പോലെയാണ്. അതിനെല്ലാറ്റിനെയും, സകലമാന ധാരണകളേയും പ്രതിഫലിപ്പിക്കാനാവും.

അറിവുള്ളവര്‍ അനന്തബോധത്തെ ശൂന്യമെന്നോ ശൂന്യമല്ലെന്നോ കണക്കാക്കുന്നില്ല. അത് അനന്തശക്തിയുള്ളതാണ്. പരിമിതമായ ദൃഷ്ടിക്കും അറിവിനും അതിനെ അളക്കാനാവില്ല.

“അതിനാല്‍ എന്തിലാണോ ഒരുവന്‍ സുദൃഢമായി വിശ്വസിക്കുന്നത്, അവന്‍ അതില്‍ത്തന്നെ സധീരം അടിയുറച്ചു നില്‍ക്കുകയാണെങ്കില്‍, അയാള്‍ ആ ഭാവനാസാക്ഷാത്ക്കരത്തെ വെറും കുട്ടിക്കളിയായി കണക്കാക്കാതിരിക്കുന്ന പക്ഷം, അയാള്‍ ആ ലക്ഷ്യത്തില്‍ എത്തുകതന്നെ ചെയ്യും.

സാധകന്‍ സത്യാന്വേഷികളുമായി സത്സംഗം ചേര്‍ന്ന്‍ സത്യത്തെ അറിയാന്‍ ശ്രമിക്കണം. എന്നിട്ട് അവനവന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എത്തിച്ചേരുന്ന തീരുമാനങ്ങളില്‍ ചാഞ്ചല്യമില്ലാതെ അടിയുറച്ചു നില്ക്കണം.

581 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 581


ന ചദ്യാപി മൃതം രാമ ചിന്മാത്രം കസ്യചിത്ക്വചിത്
നച ശൂന്യാ സ്ഥിതാ ഭൂമിസ്തസ്മാത്ച്ചിത്പുരുഷോക്ഷയ: (6.2/96/16)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ ആ പാറയുടെ കഥ പറഞ്ഞത് നിനക്ക് സത്യസാക്ഷാത്ക്കാരമുണ്ടാവാനായാണ്. വാസ്തവത്തില്‍ യാതൊന്നും ഒരിടത്തും ഒരുകാലത്തും ഇല്ല. ബ്രഹ്മം മാത്രമേയുള്ളൂ. അതൊരുകാലത്തും വിഛിന്നമാവുകയില്ല.
ബ്രഹ്മം എന്നത് ബോധഘനമാണ്. അത് മാറ്റങ്ങള്‍ക്ക് വിധേയമല്ല. വിശ്വപുരുഷന്‍, സൂക്ഷ്മമായിരുന്നാലും സ്ഥൂലമായിരുന്നാലും ആ ബോധഘനത്തിലെ സ്വപ്നവസ്തുവാണ്. അതിനാല്‍ സൃഷ്ടികര്‍ത്താവായി ഒരു ബ്രഹ്മാവില്ല, സൃഷ്ടികളുമില്ല. ഉള്ളത് അനന്തമായ, അവിഭാജ്യമായ ബോധം മാത്രം.
സ്വപ്നത്തിലെ നാനാത്വം സ്വപ്നം കാണുന്നവനില്‍ ഇല്ല. അതുപോലെ ബോധത്തില്‍ സൃഷ്ടിയെന്ന ധാരണയുണ്ടായാലും ബോധത്തിനെ അത് ബാധിക്കുന്നതേയില്ല. ബോധം മാത്രമേയുള്ളൂ. സൃഷ്ടി ഇല്ലാത്തതാണ്, മിഥ്യയാണ്. സ്വപ്നത്തിലെ മാമല മലയല്ല, അത് സ്വപ്നമാണ്.
ഞാനും വിശ്വപുരുഷനും നീയുമെല്ലാം ബോധഘനമായ ചിദാകാശമാണ്. ചിദാകാശമെന്ന ‘ഞാന്‍’ ഇല്ലെങ്കില്‍ ദേഹം വെറും പിണം.
അനന്തബോധത്തെ മുറിക്കാനോ, എരിച്ചുകളയാനോ അവസാനിപ്പിക്കാനോ ആവില്ല. അതിനാല്‍ ആരുമൊരിക്കലും മരിക്കുന്നില്ല; ജനിക്കുന്നുമില്ല. ഒരുവന്‍ മരിക്കുമ്പോള്‍ ബോധവും മരിക്കുന്നു എന്ന് പറയുന്നത് മകന്‍ മരിക്കുമ്പോള്‍ അച്ഛനും മരിക്കുന്നു എന്ന് പറയുന്നതുപോലെ അസംബന്ധമാണ്. ബോധം ഇല്ലാതായാല്‍ പിന്നെ ഒന്നുമില്ല. ലോകമില്ല.

“രാമാ, ഈ ബോധം ഇപ്പോഴും മരിച്ചിട്ടില്ല. ഒരിക്കലും ഒരിടത്തും ആരിലും നാശമുണ്ടായിട്ടില്ല. സൃഷ്ടിയൊരു ശൂന്യതയായും നിലനിന്നിട്ടില്ല. അതിനാല്‍ എല്ലാവരിലെയും ആന്തരസത്ത  മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത നിര്‍മ്മലബോധം മാത്രമാകുന്നു.”

ഇക്കാര്യം ഉള്ളിലുണര്‍ന്നാല്‍പിന്നെ ജനനമെവിടെ? മരണമെവിടെ? ‘ഞാന്‍ ശുദ്ധബോധമാകുന്നു’ എന്ന സാക്ഷാത്ക്കാരം ലഭിച്ചവന്‍ ജീവനെപ്പറ്റിയും മരണത്തെപ്പറ്റിയും, സുഖദുഖങ്ങളെപ്പറ്റിയും ആകുലപ്പെടുന്നതെന്തിന്?

ഈ ഉണര്‍വ്വേര്‍പ്പെടാത്തവന്റെ കാര്യം കഷ്ടം! ബോധസാക്ഷാത്ക്കാരനിറവിലുള്ള ഒരുവനെ യാതൊരാപത്തുകളും ബാധിക്കുകയില്ല. അയാള്‍ക്ക് മാനസീകമായ പ്രശ്നങ്ങളോ രോഗങ്ങളോ ഉണ്ടാവുകയില്ല. ‘ഞാന്‍ ഈ ദേഹമാണ്’ എന്ന ചിന്തയില്‍ കഴിയുന്നവന്‍ തന്റെ ശക്തിയും ജ്ഞാനവും നഷ്ടപ്പെടുത്തുകയാണ്. ‘ഞാന്‍ ശുദ്ധബോധമാണ്’ എന്നുറച്ചവനില്‍ ശക്തിജ്ഞാനാദികള്‍ കൂടുതല്‍ പ്രബലമാവുന്നു. അവനില്‍ ലോഭ-മോഹ-മദ-മാല്‍സര്യങ്ങള്‍ ഇല്ല.

‘നാം മരിച്ചുപോകും’ എന്ന് വിലപിക്കുന്നവരുടെ മൂഢത നോക്കൂ. അവര്‍ ചിന്തിക്കുന്നത് ഈ ദേഹത്തെപ്പറ്റി മാത്രമാണ്. ‘ഞാന്‍ ബോധമാണ്’ എന്ന അറിവില്‍ വിരാജിക്കുന്നവര്‍ക്ക് ഏറ്റവും ശക്തിയേറിയ ആയുധം കൊണ്ടുള്ള പ്രഹരംപോലും പൂക്കള്‍ കൊണ്ടുള്ള തലോടലായി അനുഭവപ്പെടുന്നു.

ബോധത്തിന് മരിക്കാനാവുമെങ്കില്‍ ആളുകള്‍ ഇപ്പോഴും മരിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാണെങ്കില്‍ നീ പണ്ടേ മരിച്ചിരിക്കുന്നു. വാസ്തവത്തില്‍ ആരും മരിക്കുന്നില്ല, ഒന്നും ഇല്ലാതാവുന്നില്ല.

ബോധമാണ് ‘എനിക്ക് ജീവനുണ്ട്’, ‘ഞാന്‍ മരിച്ചു’ എന്നെല്ലാമുള്ള ധാരണ വെച്ചുപുലര്‍ത്തുന്നത്. ബോധം സംസാരത്തെ (ലോകത്തെ) കാണുന്നു, അതാവുന്നു. അതേ ബോധം തന്നെ മോക്ഷത്തെപ്പറ്റിയുള്ള അവബോധമാവുന്നു. സുഖദുഖങ്ങളെപ്പറ്റി ബോധം അറിയുന്നു, എന്നാല്‍ അവയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ഇടയാക്കുന്നില്ല.

ആത്മ-അവിദ്യയുടേതായ ഒരു തലത്തില്‍ ബോധം ഭ്രമാത്മകമാവുന്നു. ആത്മ-വിദ്യയുടെ തലത്തില്‍ അത് ഭ്രമവിമുക്തവുമാകുന്നു. എന്നാല്‍ ബോധം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.

വാസ്തവത്തില്‍ ഉണ്മ എന്നൊന്ന് ഇല്ല. അജ്ഞാനം, അസത്ത്, എന്നതും ‘ഇല്ലാത്ത’താണ്. ഒരാള്‍ എന്തെന്തു നിനയ്ക്കുന്നുവോ അതങ്ങിനെതന്നെ ആയി നിലകൊള്ളുകയാണ്. 

Jul 2, 2014

580 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 580

മോക്ഷ: ശീതളചിത്തത്വം ബന്ധ: സന്തപ്തചിത്തതാ
എതസ്മിന്നപി നാര്‍ത്ഥിത്വമഹോ ലോകസ്യ മൂഢതാ (6.2/95/29)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞുവല്ലോ, ആകാശങ്ങളില്‍ ഞാനൊരു പ്രേതപിശാചായി അലയുകയായിരുന്നു. ആരും എന്നെ കണ്ടില്ല. ദേവന്മാര്‍  എന്റെ നിയന്ത്രണത്തിലായിരുന്നു, എന്നാല്‍ അവര്‍ക്കെന്നെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല.
ഒരു ദിവസം ഞാന്‍ വിചാരിച്ചു. ‘എന്റെ ആഗ്രഹം സഫലമാവട്ടെ, ഈ ദേവജനങ്ങള്‍ക്ക് എന്നെ കാണുമാറാകട്ടെ.’ ആ ആഗ്രഹം ഉടന്‍ നടപ്പിലായി. അവര്‍ എന്നെ കണ്ടു. അവര്‍ക്കിടയില്‍ എന്റെ രൂപഭാവങ്ങളെപ്പറ്റി യുണ്ടായിരുന്ന ധാരണകള്‍ തുലോം വിഭിന്നങ്ങളായിരുന്നു.
എന്റെ വ്യക്തിത്വത്തെപ്പറ്റി അറിയാതിരുന്ന അവരില്‍ ചിലര്‍ വിചാരിച്ചത് ഞാന്‍ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതാണെന്നത്രേ. അവരെന്നെ ‘പാര്‍ത്ഥിവ വസിഷ്ഠന്‍’ എന്ന് വിളിച്ചു. ചിലര്‍ കരുതി ഞാന്‍ സൂര്യകിരണങ്ങളില്‍ നിന്നും ഉണ്ടായതാണെന്ന്. അവരെന്നെ ‘തൈജസവസിഷ്ഠന്‍’ എന്നഭിസംബോധനചെയ്തു. കാറ്റിലൂയലാടി ഞാനെത്തിയതാണെന്ന് കരുതിയ ചിലരെന്നെ ‘വാതവസിഷ്ഠ’നെന്നാണു വിളിച്ചത്. ജലത്തില്‍ നിന്നുമാണെന്റെ ഉദ്ഭവം എന്ന് കരുതിയ ചിലരെന്നെ ‘വാരിവസിഷ്ഠന്‍’ എന്നും വിളിച്ചു.  
കാലക്രമത്തില്‍ എനിക്ക് പദാര്‍ത്ഥസഞ്ചയമായ ഒരു സ്തൂലദേഹം കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം സൂക്ഷ്മദേഹവും സ്ഥൂലദേഹവും തമ്മില്‍ അന്തരമേതുമില്ല. രണ്ടും വാസ്തവത്തില്‍ ബോധം തന്നെയാണല്ലോ. ഇപ്പോള്‍ ഇവിടെയും ഞാന്‍ ആ ശരീരത്തിലൂടെ ഈ പ്രഭാഷണാര്‍ത്ഥം വര്‍ത്തിക്കുന്നു.

ജീവന്മുക്തനായ മുനി ബ്രഹ്മം തന്നെയാകുന്നു. അയാളുടെ ദേഹം ലോലലോലമാണ്. എന്നാല്‍ വിദേഹനായ മുനിയും ബ്രഹ്മമാകുന്നു. ബ്രഹ്മേതരമായി എന്നില്‍ യാതൊരു ധാരണയും ഇല്ല. അതിനാല്‍ വൈവിദ്ധ്യങ്ങളായ കാര്യങ്ങള്‍ ചെയ്യുമ്പോഴും എന്നില്‍ ബ്രഹ്മബോധം അവസാനിക്കുന്നതേയില്ല. സ്വപ്നം കാണുന്നവന് അജനും അമൂര്‍ത്തവുമായ സ്വപ്നവസ്തു എപ്രകാരം യാഥാര്‍ത്ഥ്യമാണോ അപ്രകാരം ഈ ലോകവും പദാര്‍ഥങ്ങളും എനിക്കും യാഥാര്‍ത്ഥ്യമാണ്.

ഈ സൃഷ്ടികളുടെയെല്ലാം നിജസ്ഥിതി അത് തന്നെ. സത്യമെന്ന മട്ടില്‍ പ്രശോഭിതമായി കാണപ്പെടുന്നുവെങ്കിലും അവ ഒരിക്കലും സൃഷ്ടമായിട്ടുണ്ടായിരുന്നിട്ടില്ല.

ലോലലോലനായ സൂക്ഷ്മശരീരിയായ വസിഷ്ഠന്‍ എന്നൊരാളെപ്പറ്റി നിങ്ങള്‍ക്കെല്ലാമുള്ള ധാരണകള്‍ ഘനീഭവിച്ച് ഞാന്‍ നിങ്ങളുടെ മുന്നിലിപ്പോള്‍ മൂര്‍ത്തമായിരിക്കുന്നു. എന്നാല്‍ ഇതെല്ലാം പൂര്‍ണ്ണനിശ്ശൂന്യത മാത്രമാണ്. ഈ ധാരണകള്‍ എല്ലാം സൃഷ്ടാവിന്റെ മനസ്സില്‍ ഉണ്ടായവ മാത്രമാണ്.

നിങ്ങളുടെ ബോധത്തില്‍ ‘ഞാന്‍’, ‘നീ’, മുതലായ സങ്കല്‍പ്പങ്ങള്‍ ഉറച്ചുപോയിരിക്കുന്നു. എന്നാല്‍ അവയെപ്പറ്റി ഗവേഷണം ചെയ്യാന്‍ നിങ്ങളിതുവരെ പരിശ്രമിച്ചിട്ടില്ല. അവയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയാല്‍, അവയുടെ സ്വരൂപമെന്തെന്നു മനസ്സിലാക്കിയാല്‍ അവ പൊടുന്നനേ അപ്രത്യക്ഷമാകുന്നു. സത്യം വെളിവാകുമ്പോള്‍ സൃഷ്ടിയെന്ന മിഥ്യ മരുമരീചികയില്‍നിന്നും ജലമെന്നപോലെ പോലെ എങ്ങോ പോയിമറയും.

വാസ്തവത്തില്‍ യോഗവാസിഷ്ഠമെന്ന മഹാരാമായണം പഠിക്കുന്നതോടെ ഒരുവനില്‍ അനായാസം ഈ സത്യസാക്ഷാത്ക്കാരം നിറവാകും. എന്നാല്‍ മോക്ഷം ലക്ഷ്യമാക്കാത്തവന്‍ വെറും കീടമാണ്. അവനെ മനുഷ്യനെന്ന് വിളിക്കാന്‍ വയ്യ. മോക്ഷത്തിന്റെ ആനന്ദവും അജ്ഞതയില്‍ നിന്നുളവാകുന്ന ദുഖവും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. മഹാരാമായണം പഠിക്കുന്നതിലൂടെ പരമപ്രശാന്തിയില്‍ എത്തിച്ചേരാം.

“മുക്തി, അന്ത:ശീതളിമയെ പ്രദാനം ചെയ്യുന്നു. എന്നാല്‍ ബന്ധനം മാനസീകമായ പിരിമുറുക്കവും തദ്ജന്യമായ കൊടുംചൂടുമാണ് നല്‍കുന്നത്. ഇക്കാര്യം അറിഞ്ഞിട്ടും മനുഷ്യന്‍ മോക്ഷത്തിനായി പ്രവര്‍ത്തിക്കുന്നില്ല. എത്ര മൂഢമതികളാണീ ജനങ്ങള്‍!”

ഇന്ദ്രിയസുഖാനുഭവങ്ങള്‍ക്കായുള്ള അദമ്യമായ ആഗ്രഹം അവരെ കീഴ്പ്പെടുത്തുന്നു. എന്നാല്‍ അങ്ങിനെയുള്ളവര്‍ക്കുപോലും ഈ ശാസ്ത്രം പഠിക്കുന്നതിലൂടെ മോക്ഷത്തിനായുള്ള ആഗ്രഹം വളര്‍ത്തിയെടുക്കാനാകും. 


ഏഴാം ദിവസം അവസാനിക്കേ, സഭ പിരിഞ്ഞു.

579 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 579

സത്ത്വാവഷ്ടംഭയന്ത്രേണ മന്ത്രേണാരാധിതേന വാ
ദൃശ്യന്തേപി ച ഗൃഹ്യന്തേ കദാചിത്കേനചിത്ക്വചിത് (6.2/94/39)
വസിഷ്ഠന്‍ തുടര്‍ന്നു: ചില പിശാചുക്കള്‍ക്ക് നമ്മെപ്പോലെ കൈകാലുകളും മറ്റും ഉണ്ടെങ്കിലും അവരുടേത് അതിലോലമായ ദേഹമാണ്. മറ്റു ചില പിശാചുക്കള്‍ക്ക് ഭയാനകമായ നിഴല്‍ രൂപങ്ങളാണുള്ളത്. അവര്‍ മനുഷ്യദേഹങ്ങളെയും മനസ്സുകളെയും അതിക്രമിച്ചു ബാധിക്കുന്നു. അവരില്‍ ചിലര്‍ മനുഷ്യരെ കൊല്ലുന്നു. ചിലര്‍ മൂടല്‍മഞ്ഞ് പോലെയും മറ്റുചിലര്‍ സ്വപ്നജീവികള്‍ പോലെയുമായിരിക്കും. ചിലരുടെ ദേഹം വായുനിര്‍മ്മിതമാണ്. ചില പിശാചുക്കള്‍ക്ക് അവയെ കാണുന്നവന്റെ ഭ്രമത്തിനൊത്ത ദേഹരൂപങ്ങളായിരിക്കും ഉണ്ടാവുക.
അവരെ നമുക്ക് അറിയാനാകില്ല. അവര്‍ക്ക് മറ്റുള്ളവരെയും അങ്ങിനെതന്നെ. എന്നാല്‍ അവര്‍ സുഖം, ദുഃഖം, ഉഷ്ണം, ശീതം എന്നിവയെല്ലാം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് തിന്നാനോ കുടിക്കാനോ ആവില്ല. അവര്‍ക്ക് ഒന്നും എടുക്കാനും കഴിയില്ല. എന്നാലവര്‍ക്കും ആശ, വെറുപ്പ്, ഭയം, ക്രോധം,ദുര, ഭ്രമം എന്നിത്യാദി വികാരങ്ങളുണ്ട്. അവരെ ആകര്‍ഷിച്ച് നമ്മുടെ വരുതിയിലാക്കാന്‍ മന്ത്രങ്ങളും, മരുന്നുകളും, തപസ്സും, ദാനവും, ധൈര്യവും, ധര്‍മ്മവും എല്ലാം ഉപയോഗിക്കാം.

“സത്വഗുണപ്രധാനിയായ ഒരുവനെപ്പോലും പിശാചുക്കള്‍ ബാധിച്ചേക്കാം. മാസ്മരീകങ്ങളായ കളമെഴുത്തുകള്‍, കോലങ്ങള്‍, മണ്ഡലങ്ങള്‍, മന്ത്രങ്ങള്‍, ആരെങ്കിലും എവിടെയെങ്കിലും എപ്പോഴെങ്കിലും ചെയ്യുന്ന പൂജകള്‍ എന്നിവയെല്ലാം കൊണ്ട് ബാധയുണ്ടാവാം”

എന്നാല്‍ ചില പ്രേതങ്ങള്‍ പവിത്രമാണ്. അവര്‍ ദേവതകളായി കാണപ്പെടുന്നു. ചിലര്‍ മനുഷ്യരൂപികളും മറ്റുചിലര്‍ സര്‍പ്പരൂപികളുമാണ്. ചിലര്‍ നായ്ക്കളെയും ചെന്നായ്ക്കളെയും പോലെ ഗ്രാമങ്ങളിലും കാടുകളിലും പൊട്ടക്കിണറുകളിലും വഴിയോരങ്ങളിലും മറ്റ് മലിനസ്ഥലങ്ങളിലും  അധിവസിക്കുന്നു. അവരുടെ ഉദ്ഭവം എങ്ങിനെയെന്ന് ഇനി പറയാം.

അനന്തബോധത്തില്‍ ജീവന്‍ എന്നൊരു ധാരണ ഉദിച്ചുയരുന്നു. അതിന്റെ മാന്ദ്യം വര്‍ദ്ധിച്ച് കൂടുതല്‍ സാന്ദ്രതയാര്‍ന്ന് അഹംകാരമാവുന്നു, അല്ലെങ്കില്‍ മനസ്സാകുന്നു. അതാണ്‌ പിന്നീട് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവായി അറിയപ്പെടുന്നത്.

ഈ പ്രപഞ്ചമാകെ ഉയര്‍ന്നുണര്‍ന്നു നിലകൊള്ളുന്നത് വെറും ധാരണയിലാണ്. അതുകൊണ്ടുതന്നെ അത് മിഥ്യയാകുന്നു. എന്നാല്‍ അതിന്റെ അനുഭവം യാഥാര്‍ത്ഥ്യമെന്നപോലെയാണ്. തന്റെ തോന്നല്‍ മാത്രമാണ് സത്യമെന്ന തോന്നല്‍ ഒരുവന് ഉണ്ടാകാമല്ലോ. ഈയര്‍ത്ഥത്തില്‍ ദേവന്മാരും മറ്റു സൃഷ്ടികളുമെല്ലാം സത്യമെന്ന് തോന്നാം. വാസ്തവത്തില്‍ ഇവിടെ ഒരു കൃഷിയിടമില്ല, വിത്തില്ല, കൃഷിക്കാരനില്ല, മരമില്ല, - ചുരുക്കത്തില്‍ സൃഷ്ടിയെന്നത് ഇല്ലാത്ത വസ്തുവാണ്.

എന്നാല്‍ സൃഷ്ടിയെന്ന സങ്കല്‍പ്പഭാവനയില്‍ ഇതെല്ലാം ഉണ്ട് താനും. അവയില്‍ ജാജ്വല്യമാനപ്രഭയുള്ളവരാണ് ദേവന്മാര്‍. പകുതി വെന്ത – പക്വതയെത്താത്തവരാണ് മനുഷ്യര്‍. കട്ടികൂടിയ മാലിന്യമാകുന്ന മൂടുപടം കൊണ്ട് കാഴ്ച മറഞ്ഞിരിക്കുന്നവരാണ് മൃഗങ്ങളും കൃമികീടങ്ങളും എന്നാല്‍ യാതൊരുപകാരവുമില്ലാതെ അശരീരികളായുള്ളവരാണ് പ്രേതപിശാചുക്കള്‍. ഈ ഭേദങ്ങള്‍ ഉരുത്തിരിയുന്നത് ബ്രഹ്മാവിന്റെ ഇഛയ്ക്കൊത്തല്ല, പ്രത്യുത എല്ലാത്തിനും കാരണം അവരവരുടെ സ്വതന്ത്രേഛമാത്രമാണ്. ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ എന്ത് ഭാവിക്കുന്നുവോ അതായിത്തീരുന്നു.
 
എന്നാല്‍ എല്ലാമെല്ലാം അതിവാഹികനെന്ന സൂക്ഷ്മ ദേഹമായി കാണുന്നുവെങ്കിലും അതെല്ലാം ബോധം മാത്രമാണ്. തുടര്‍ച്ചയായി ആത്മവഞ്ചന (തെറ്റിദ്ധാരണ) യില്‍ തുടരുന്നതുമൂലമാണ് അവര്‍ക്ക് ഭൌതികദേഹവും മൂര്‍ത്തരൂപവും ഉണ്ടാകുന്നത്. പിശാചുക്കളും അവരവരുടെ സ്വരൂപങ്ങളില്‍ നിലകൊള്ളുന്നു. ചെയ്യേണ്ടതെല്ലാം യഥേഷ്ടം ചെയ്ത് സ്വഭാവത്തിനനുസരിച്ചുള്ള അനുഭവങ്ങള്‍ സ്വായത്തമാക്കുകയാണ്. അവര്‍ ഒരു സ്വപ്നത്തിലെന്നവണ്ണം പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ സംവേദനക്ഷമരല്ലാത്തതിനാല്‍ അവര്‍ സ്വപ്നവസ്തുക്കളെപ്പോലെ നിലകൊള്ളുന്നു.

പ്രേതപിശാചുക്കളെപ്പോലെ തന്നെ വേതാളങ്ങളും ഉടലില്ലാത്തവരുമുണ്ട്. അവര്‍ സ്വയം അജ്ഞാനത്തിന്റെ, അല്ലെങ്കില്‍ ഇരുട്ടിന്റെ ഒരു വലയമുണ്ടാക്കി സൂര്യകിരണങ്ങളെപ്പോലും പ്രവേശിപ്പിക്കാതെ അതിനുള്ളിലിരിക്കുന്നു. അവര്‍ അജ്ഞതയുടെ ഇരുട്ടിലാണ് തഴച്ചുവളരുന്നത്. ജ്ഞാനത്തിന്റെ പ്രകാശം അവര്‍ക്ക് ശത്രുവാണ്.

578 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 578

ജനോ ജരഢഭേദത്വാന്ന സങ്കല്‍പ്പാര്‍ത്ഥഭാജനം
സ ഏഷ ജീര്‍ണ്ണഭേദത്വാത്സത്യകാമത്വഭാജനം (6.2/94/22)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ മഹര്‍ഷിയോടിങ്ങിനെ പറഞ്ഞു: അങ്ങയുടെ കഥ കേട്ടിട്ട് അങ്ങ് ആ പര്‍ണ്ണശാലയില്‍ത്തന്നെ തുടര്‍ന്നും ജീവിക്കണം എന്നാണെനിക്ക് പറയാനുള്ളത്. എഴുന്നേല്‍ക്കൂ, നമുക്ക് സിദ്ധപുരുഷന്മാരുടെ ഉത്തമലോകങ്ങളില്‍ വിഹരിക്കാം. നമുക്കൊരോരുത്തര്‍ക്കും അവരവര്‍ക്ക് ഉചിതമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നതാണല്ലോ അഭികാമ്യമായുള്ളത്. അങ്ങിനെ നമ്മുടെ മനസ്സിന് വ്യതിചലനമില്ലാതെ ഏകാഗ്രമായിരിക്കാം.
ഞങ്ങള്‍ ആകാശത്തുയര്‍ന്നുപൊങ്ങി പരസ്പരം ആദരവര്‍പ്പിച്ച് അവരവരുടെ വഴിക്ക് പിരിഞ്ഞു.
രാമന്‍ ചോദിച്ചു: അങ്ങയുടെ ദേഹം ഭൂമിയില്‍ പൊടിഞ്ഞു ജീര്‍ണ്ണമായിത്തീര്‍ന്നിരുന്നുവല്ലോ. അപ്പോള്‍പ്പിന്നെ ഏതു ദേഹത്തിലാണ് അങ്ങ് സിദ്ധലോകത്ത് പാറിനടന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ദേവരാജാവായ ഇന്ദ്രന്റെ നഗരിയില്‍ ചെന്നപ്പോള്‍ എനിക്ക് ആകാശദേഹമായിരുന്നതിനാല്‍ ആര്‍ക്കുമെന്നെ കാണാന്‍ കഴിഞ്ഞില്ല. എന്നെയാര്‍ക്കും തൊടാനോ പിടിക്കാനോ കഴിഞ്ഞിരുന്നില്ല. ഞാന്‍ ഒരു ചിന്താശകലം പോലെ ശുദ്ധസങ്കല്‍പ്പസമ്പന്നമായിരുന്നു. ഇത് സ്വപ്നത്തില്‍ സൃഷ്ടിക്കപ്പെടുന്ന വസ്തുദേഹാദികളെപ്പോലെയാണ്. അത്തരം സ്വപന്സൃഷ്ടികളുണ്ടാക്കാന്‍ പിണ്ഡമുള്ള പദാര്‍ത്ഥങ്ങള്‍ വേണ്ടല്ലോ.

ഇതെല്ലാം അസംഭാവ്യം എന്ന് തള്ളിക്കളയുന്നവര്‍ സ്വപ്നാനുഭവത്തെ തള്ളിക്കളയുന്നവരാണ്. അത്തരം സുവിദിതമായ അനുഭവങ്ങളെ തള്ളിക്കളയുന്നവരെ നമുക്കവഗണിക്കാം. എനിക്ക് മറ്റുള്ളവരെ, പ്രത്യേകിച്ചും ഭൌതികദേഹമുള്ളവരെ കാണാന്‍ കഴിഞ്ഞിരുന്നു. അവര്‍ക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. 

രാമന്‍ വീണ്ടും ചോദിച്ചു: അപ്പോള്‍ ആ ഋഷിക്ക് അങ്ങയെ കാണാന്‍ സാധിച്ചതെങ്ങിനെ?

വസിഷ്ഠന്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ളവര്‍ക്ക് സ്വാഭീഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. യാതൊന്നും ഞങ്ങളുടെ ഇഛകൂടാതെ സംഭവിക്കുകയില്ല. ലൌകീകജീവിതത്തില്‍ ആണ്ടുമുങ്ങിയവര്‍ മാത്രമേ തങ്ങളിലെ ആതിവാഹികനെ (സൂക്ഷ്മദേഹം) ക്ഷണനേരത്തെയ്ക്കെങ്കിലും മറക്കുകയുള്ളു. ‘ഈ ഋഷി എന്നെ കാണട്ടെ’ എന്ന് ഞാന്‍ ചിന്തിച്ചപ്പോള്‍ അദ്ദേഹം എന്നെ കണ്ടു.

“വിഭജനാത്മകമായ ദൃഷ്ടി ഉള്ളില്‍ വേരൂന്നിയവര്‍ക്ക് അവരവരുടെ ഇഛകളെ സാക്ഷാത്ക്കരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ആ മുനിയെപ്പോലെ ഭേദചിന്തയില്ലാത്തവര്‍ക്ക് അഭീഷ്ടസിദ്ധി ക്ഷിപ്രസാദ്ധ്യമത്രേ.”

മനോസുതാര്യതയുള്ള സിദ്ധപുരുഷന്മാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിപുണതയുള്ളതാക്കാന്‍ സാധിക്കും.

ഇനി കഥയിലേയ്ക്ക് തിരിച്ചു വരാം. ഞാന്‍ ആകാശദേശങ്ങളില്‍ ഒരു പ്രേതപിശാചുക്കളെപ്പോലെ പാറിപ്പറന്നു നടന്നു.

രാമന്‍ ചോദിച്ചു: ഭഗവന്‍, വാസ്തവത്തില്‍ പ്രേതപിശാചുക്കള്‍ ഉണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, പിശാചുക്കള്‍ ഈ ലോകത്തുണ്ട്. അവര്‍ എന്താണെന്നും അവര്‍ എന്ത് ചെയ്യുന്നുവെന്നും ഞാനിനി പറയാം. ഒരു ചോദ്യം ചോദിക്കുമ്പോള്‍ അതിനുചിതമായ ഉത്തരങ്ങള്‍ നല്‍കാത്തവന്‍ നല്ലൊരു ഗുരുവല്ല.

577 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 577

ജീര്യന്തേ ജീര്യത: കേശ ദന്താ ജീര്യന്തി ജീര്യത:
ക്ഷീയതേ ജീര്യതേ സര്‍വം തൃഷ്ണൈ വൈകാ ന ജീര്യതേ (6.2/93/86)
മുനി തുടര്‍ന്നു: ‘ഇത് ഇന്നുണ്ടായി’, ‘ഇതെന്റെതാണ്’, ‘ഇത് അവന്റെതാണ്’, എന്നെല്ലാം ചിന്തിച്ച്‌ കാലം കടന്നു പോകുന്നത് മനുഷ്യന്‍ അറിയുന്നില്ല. നമ്മള്‍ ഏറെ കുടിക്കുകയും തിന്നുകയും ചെയ്തിരിക്കുന്നു. ഏറെയിടങ്ങളില്‍ ചുറ്റിക്കറങ്ങി നടന്നിട്ടുമുണ്ട്. സുഖദുഖങ്ങളും കുറെയേറെ അനുഭവിച്ചു. ഇനിയെന്താണ് ചെയ്യാനായി ബാക്കിയുള്ളത്?
എങ്ങിനെയാണ് നമ്മില്‍ പരമപ്രശാന്തി കൈവരിക? എല്ലാ മരങ്ങളും തടിയാണ്; എല്ലാ ജീവികളും മാംസപിണ്ഡമാണ്. മണ്ണെല്ലാം കളിമണ്ണ്. എല്ലാം അശാശ്വതവും ദുഃഖപൂരിതവുമാണ്. പിന്നെ എന്തിലാണ് ഞാന്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത്? എനിക്ക് ആരാണഭയം?
സുഹൃത്തുക്കളോ ബന്ധുക്കളോ പരിചിതമായ സുഖങ്ങളോ ഒന്നും നമുക്കുതകുകയില്ല. കാരണം അവയെല്ലാം കാലത്തിന്റെ കനിവിലാണ് നിലകൊള്ളുന്നത്. എല്ലാവരും നാളെ ചത്ത് മണ്ണടിയാനുള്ളവരാണ് എന്നറിഞ്ഞിട്ടും പിന്നെ എന്തിലാണ് ഞാന്‍ വിശ്വാസം സുദൃഢമാക്കുക? ശാസ്ത്രവിധിപ്രകാരമുള്ള ആചാരക്രമങ്ങളും കര്‍മ്മങ്ങളും പോലും ജലം ഉയര്‍ന്ന നിരപ്പില്‍ നിന്നും താഴേയ്ക്ക് ഒഴുകുന്നത്പോലെ  ഒരുവനെ സംസാരത്തിലേയ്ക്ക് നയിക്കുകയാണ്.

അവ ഒരുവനെ ചിന്താക്കുഴപ്പത്തില്‍ ചാടിച്ച് അവനില്‍ അങ്കലാപ്പുളവാക്കുന്നു. വാസ്തവത്തില്‍ അസത്തായത്, തുടര്‍ച്ചയായ സങ്കല്‍പ്പം കൊണ്ട് സത്തായി തോന്നുകയാണ്. അസത്ത് അസത്ത് മാത്രമാണ്. അതൊരിക്കലും ഉണ്മയാവുകയില്ല.

എന്നാല്‍ ഭ്രമചിന്തയില്‍ അമര്‍ന്നിരിക്കുന്ന മനുഷ്യര്‍ ഇന്ദ്രിയസുഖങ്ങള്‍ക്ക് പിറകേ ഓടിയോടി നദിയൊഴുകി കടലില്‍ ചെന്ന്ചേര്‍ന്ന് സ്വയമില്ലാതാവുന്നതുപോലെ  സ്വയം നശിക്കുന്നു. അജ്ഞാനകലുഷമായ മനസ്സ്, വില്ലില്‍ നിന്നും പുറപ്പെട്ട അമ്പെന്നപോലെ ഇന്ദ്രിയാനുഭൂതികളിലേയ്ക്ക് പാഞ്ഞടുക്കുന്നു. നന്മയിലേയ്ക്ക് ഉന്മുഖമല്ല അതിന്റെ ദിശ. സുഖം വാസ്തവത്തില്‍ ദുഖമാണ്. ഐശ്വര്യം അനൈശ്വര്യമാണ്. ഇന്ദ്രിയസുഖമെന്നത് രോഗപീഢയാണ്. സുഖാന്വേഷണത്വര കേവലം ജുഗുപ്സാവഹം.

വിപത്തുക്കള്‍ വാസ്തവത്തില്‍ അനുഗ്രഹമാണ്. സുഖത്തിനു പിറകേ ദുഃഖം സഹജമായുമുണ്ട്. ജീവിതം മരണത്തില്‍ അവസാനിക്കുന്നു.

ആഹാ മായാശക്തി എത്ര അപാരം!

ഇന്ദ്രിയ സുഖമെന്നത് കൊടിയ വിഷമുള്ള സര്‍പ്പത്തെക്കാള്‍ അപകടകരം. വെറും സ്പര്‍ശനമാത്രയില്‍ നമ്മെയത് നശിപ്പിച്ചുകളയും. സമ്പത്ത് ഭ്രമഹേതുവാകയാല്‍ അതും വിഷത്തേക്കാള്‍ നികൃഷ്ടം!  സുഖം ആസ്വാദ്യകരവും ഐശ്വര്യം നല്ലതുമാണെന്നു പറയാമെങ്കിലും ജീവിതം ക്ഷണഭംഗുരമാകയാല്‍ അതിലൊന്നും യാതോരര്‍ത്ഥവുമില്ല. സുഖസമ്പത്തുക്കള്‍ ബാഹ്യദൃഷ്ടിയില്‍ സന്തോഷപ്രദമാണ്, എന്നാല്‍ അവയുടെ അവസാനം അസന്തുഷ്ടിയും ദുഖവുമാണ്.

“പ്രായം കൂടുമ്പോള്‍ മുടി നരയ്ക്കുന്നു. പല്ലുകളും മറ്റ് അവയവങ്ങളും ദേഹശക്തിയും എല്ലാം അപചയിക്കുന്നു. എന്നാല്‍ ആസക്തിയ്ക്ക് മാത്രം ഒരു കുറവുമില്ല.”

ബാല്യവും യൌവ്വനവും ഒരു കാര്യത്തില്‍ സാമ്യമുള്ളതാണ്. രണ്ടും പെട്ടെന്ന് കടന്നു പോകുന്നു. ഒരുപുഴപോലെ ജീവിതം ഒഴുകിത്തീരുന്നു. കഴിഞ്ഞുപോയ കാലത്തെ ഒരിക്കലും തിരികെ കൊണ്ടുവരാനാവില്ല.

കുറേക്കാലം കഴിഞ്ഞ് എന്നില്‍ അഹങ്കാരം ശമിച്ചു. സ്വര്‍ഗ്ഗീയസുഖങ്ങളില്‍ എനിക്ക് പ്രതിപത്തി ഇല്ലാതായി. മഹര്‍ഷേ, അങ്ങയെപ്പോലെ ഞാനും ഏകാന്തമായ ഒരിടം കണ്ടെത്താന്‍ ആഗ്രഹിച്ചു. അങ്ങിനെയാണ് ആകാശത്ത് ഞാനാ പര്‍ണ്ണശാലയില്‍ എത്തിയത്. അതങ്ങയുടെ ധാമമാണെന്നോ അങ്ങൊരു ദിവസം തിരികെ വരുമെന്നോ ഞാനറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഞാനത് മനസ്സിലാക്കുന്നത്.

ഈദൃശകാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ തന്റെ മേധാശക്തിയാകുന്ന അന്തര്‍നേത്രങ്ങള്‍ കൊണ്ട് ഭൂതവര്‍ത്തമാനഭാവി കാര്യങ്ങള്‍ മനസ്സിലാക്കുകയുള്ളൂ. അതാണ്‌ മനസ്സിന്റെ സ്വഭാവം. ദേവന്മാര്‍ക്ക് പോലും ഇത് ബാധകമാണ്.