ഗ്രാഹ്യഗ്രാഹകസംബന്ധ:
സ്വാനിഷ്ഠോഽപി ന ലഭ്യതേ
അസതസ്തു കഥം ലാഭ: കേന ലബ്ധോഽസിത: ശശീ (6.2/37/6)
വസിഷ്ഠന്‍ തുടര്‍ന്നു:
ആശകളാകുന്ന വിഷങ്ങളെ ഇല്ലാതാക്കുന്ന സാധനയാണ് യോഗം. യോഗത്തെപ്പറ്റി ഞാന്‍ നേരത്തെ
പറഞ്ഞിരുന്നു. എന്നാല്‍ അത് കൂടുതല്‍ വിശദമാക്കാന്‍ ഞാന്‍ ഒന്നുകൂടി വിവരിക്കാം.
എന്തെങ്കിലും വസ്തുവിനായി നീ ആഗ്രഹിച്ചു എന്നിരിക്കിലും ആത്മാവല്ലാതെ യാതൊന്നും
ഇല്ല എന്നറിയുക.
നിനക്ക് എന്താണ്
ആഗ്രഹിക്കാനുള്ളത്? ബോധം ആകാശം പോലെ അതിസൂക്ഷ്മമാണ്. അവിച്ഛിന്നവും. അത് തന്നെ
വിശ്വം. എങ്ങിനെയാണ് നീ ആഗ്രഹിക്കുക? ആഗ്രഹിക്കാനായി മറ്റു വിഷയങ്ങള്‍
ഉണ്ടായിട്ടില്ല തന്നെ.
“വിഷയത്തിനെ ആഗ്രഹിച്ചു നിവര്‍ത്തിച്ചവനും
ആ വസ്തുവിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മള്‍ അറിയുന്നില്ല.
എങ്ങിനെയാണ് ‘അസത്തായ’ വസ്തുവിനെ ലഭിക്കുക? കറുത്ത ചന്ദ്രനെ ആര്‍ക്കാണ് ലഭിക്കുക?
ഇങ്ങിനെ വിഷയലഭ്യതയെപ്പറ്റിയും
അത് ലഭിച്ചയാളെപ്പറ്റിയും വ്യക്തമായി വിശകലനം ചെയ്തറിയുമ്പോള്‍ അവ എവിടെപ്പോയി
മറയുന്നു എന്ന്‍ നമുക്കറിയില്ല.
ദൃഷ്ടാവ്,
ദൃക്ക്, ദൃശ്യം എന്നീ ത്രിപുടികള്‍ക്ക് തമ്മില്‍ അന്തരമേതും ഇല്ലാതെയിരിക്കുമ്പോള്‍
അഹംകാരം മുതലായവ ബോധത്തില്‍, അല്ലെങ്കില്‍ ആത്മാവില്‍ വിലയിക്കുന്നു. നിര്‍വാണപദത്തില്‍
കാഴ്ച്ചക്കാരനില്ല. കാഴ്ചയില്‍, ദൃശ്യമില്ല. ഇവയില്‍ ഏതെങ്കിലും ഉള്ളപ്പോള്‍
മുക്തിയുമില്ല.
വിഷയങ്ങളുടെ
ഭ്രമാത്മകകാഴ്ചകള്‍കൊണ്ട് പ്രായോഗികമായ യാതൊരു പ്രയോജനവുമില്ല. വെള്ളിപോലെ
തിളങ്ങുന്ന ചിപ്പിയ്ക്ക് വെള്ളിയുടെ മൂല്യമില്ലല്ലോ. ഭ്രമാത്മകമായ കാഴ്ചകളെ യഥാര്‍ത്ഥമെന്നു
കരുതുമ്പോള്‍ അസന്തുഷ്ടി സഹജം. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം
സാക്ഷാത്ക്കരിക്കുമ്പോള്‍ അത് ആനന്ദദായകമാണ്. അവരണ്ടും തമ്മില്‍ കാര്യകാരണബന്ധം
പോലും ഇല്ല. കാരണം അനന്തമായ, ഏകമായ അവബോധം മാത്രമാണല്ലോ ഉണ്മ.
കാര്യം,
കാരണം എന്നീ രണ്ടു വാക്കുകള്‍ അര്‍ത്ഥരഹിതമത്രേ. ജലത്തിന്റെ ‘നനവെ’ന്ന
സ്വഭാവത്തിനും കാറ്റിന്റെ ‘ചലന’മെന്ന സഹജഭാവത്തിനും കാരണം എന്താണ്?
വിശ്വം
മുഴുവനും ഭഗവാനാകയാല്‍ ദുഃഖം, സന്തോഷം, എന്നിവയൊന്നും ‘ഉള്ള’വയല്ല. ഉപാധിരഹിതമായ
ബോധമല്ലാതെ മറ്റൊന്നും ഇല്ലാത്തപ്പോള്‍ ആശകള്‍ എങ്ങിനെ എവിടെ ഉദിക്കാനാണ്?
രാമന്‍
ചോദിച്ചു: എല്ലാമെല്ലാം ബ്രഹ്മവും അനന്തമായ ബോധവും ആണെങ്കില്‍ ആശകളും അതുതന്നെ.
അപ്പോള്‍ അനുശാസനങ്ങള്‍ക്കും വിലക്കുകള്‍ക്കും എന്താണൊരു ന്യായീകരണം?
വസിഷ്ഠന്‍
പറഞ്ഞു: ഒരിക്കല്‍ സത്യസാക്ഷാത്ക്കാരമായാല്‍പ്പിന്നെ ആശകളും ബ്രഹ്മം തന്നെയാണ്. എന്നാല്‍
രാമാ, ആത്മജ്ഞാനം ഉണ്ടാകുന്ന അതേ മാത്രയില്‍, ജ്ഞാനം ഉണരുന്ന നിമിഷത്തില്‍,
സൂര്യോദയത്തില്‍ ഇരുട്ടെന്നപോലെ ആശകള്‍ ഇല്ലാതെയാകുന്നു. ആത്മജ്ഞാനമാകുന്ന
സൂര്യോദയം ഉണ്ടാവുമ്പോള്‍ ദ്വന്ദാത്മകതയും അതിന്റെ ഉപാധികളും വാസനകളും എല്ലാം
ഇല്ലാതെയാവുന്നു. അത്തരം അവസ്ഥയില്‍ ആശകള്‍ക്ക് എങ്ങിനെ നിലനില്‍ക്കാനാവും?
No comments:
Post a Comment
Note: Only a member of this blog may post a comment.