ജ്ഞത്വേന ജ്ഞത്വമാസാദ്യ മുനിര്‍ഭവതി
മാനവ:
അജ്ഞത്വാദജ്ഞതാമേത്യ പ്രയാതി
പശുവൃക്ഷതാം (6.2/29/66)
അനന്തമായ ബോധം സ്വയം
തിരിച്ചറിയുന്നതു തന്നെയാണ് മനസ്സ്. മാനസീകവൈഷമ്യങ്ങളുണ്ടാക്കുന്ന സംസാരമായതും
ബന്ധനമായതും അത് തന്നെയാണ്. അനന്താവബോധം സ്വയം തിരിച്ചറിയാതെ അങ്ങിനെതന്നെ നിലനില്‍ക്കുന്ന
അവസ്ഥയാണ് മോക്ഷം എന്നുപറയാം.
മനോബുദ്ധികള്‍ ശുദ്ധമായ
അവബോധത്തിന്റെ രൂപാന്തരങ്ങളാണ്. അവ വെറും വാക്കുകള്‍ മാത്രം. വാസ്‌തവത്തില്‍
ശുദ്ധവും അവിച്ഛിന്നവുമായ ബോധം മാത്രമേ ഉണ്മയായുള്ളു. അകവും പുറവും ബോധം മാത്രം
സത്യമായുള്ളപ്പോള്‍ വിഭജനചിന്തകള്‍ എങ്ങിനെ ഉണ്ടാവാനാണ്? എവിടെയാണ് അത്
നടപ്പിലാവുക? ബോധവും ശുദ്ധനിശ്ശൂന്യതയും തമ്മില്‍ അന്തരമുണ്ടോ? അഥവാ ഉണ്ടെങ്കിലും
അതിനെ വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം.
സ്വപരിമിതിയെന്ന ധാരണ
അവസാനിക്കുമ്പോള്‍ ഞാന്‍ ആകാശംപോലെ അനന്തമാണ്. അത്തരം പരിമിതികള്‍ വെറും
ധാരണകളായതുകൊണ്ട് അതിനു അനന്തതയെ പരിമിതപ്പെടുത്താന്‍ കഴിയില്ല. ഈ അറിവ് ഒരുവനില്‍
ഉണരുമ്പോള്‍ ആത്മാവബോധമുണ്ടെങ്കിലും അതും അവസാനിച്ച് ദൃഷ്ടവും ദൃഷ്ടാവും തമ്മില്‍
അന്തരമില്ലാതെയാവുന്നു. നിശ്ശൂന്യതയാണ് പരമസത്യമെന്നപോലെയാണത്.
എന്നാല്‍ അവിദ്യ എന്ന സംജ്ഞ സൂചിപ്പിക്കുന്നത്
ഒളിഞ്ഞിരിക്കുന്ന ജ്ഞാനത്തെയാണ്. ഈ ജ്ഞാനം അവിദ്യയെ നശിപ്പിച്ച്
വിശ്രാന്തിയടയുന്നു. ഇതാണ് പരമമായ അവസ്ഥ. “അകമേ നിശ്ശബ്ദനായിരിക്കുന്ന മുനി
മനുഷ്യനാവുന്നു (മനുഷ്യന്‍ മുനിയാവുന്നു); ജ്ഞാനഹീനനായതുകൊണ്ട് അജ്ഞാനി മൃഗമോ മരമോ
ആവുന്നു.”
‘ഞാന്‍
ബ്രാഹ്മണന്‍’, ‘ഇത് ലോകം’, തുടങ്ങിയവ ഭ്രമാത്മകമായ ധാരണകള്‍ മാത്രമാണ്.
അന്വേഷിച്ചു ചെല്ലുമ്പോള്‍ അത്തരം കാര്യങ്ങളുടെ പൊള്ളത്തരം വെളിവാകും. വെളിച്ചം
ഇരുട്ടന്വേഷിച്ചു പോകുമ്പോള്‍ ഇരുട്ടിനെ എവിടെ
കാണാനാണ്? ശരിയായ അറിവുള്ളതുകൊണ്ട് ഇന്ദ്രിയങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമതമായിരിക്കുമ്പോള്‍ത്തന്നെ
പ്രശാന്തനായ മനുഷ്യനില്‍ തെറ്റിദ്ധാരണകള്‍
ഇല്ലാത്തതിനാല്‍ അയാള്‍ അനുഭവങ്ങള്‍ക്ക് വശംവദനാകുന്നില്ല. ദീര്‍ഘനിദ്രയിലെന്നപോലെ
അയാള്‍ ജീവിക്കുന്നു. ദീര്‍ഘനിദ്രയില്‍
സ്വപ്നങ്ങളില്ല, അത് സമാധിയിലാണ് അവസാനിക്കുക.
പ്രതീതികള്‍ക്ക് വിഷയമായ എല്ലാ
വസ്തുക്കളും ജ്ഞാനത്തില്‍ വിലയിക്കുന്നു. അപ്പോള്‍ എല്ലാം ഒന്നായി കാണപ്പെടുന്നു.
കാണപ്പെടുന്ന വസ്തുക്കളെല്ലാം ഉപാധിസ്ഥമായ മനസ്സിന്റെ അവസ്ഥയാണെന്നു
തിരിച്ചറിയുന്നതോടെ ആത്മാവിന്റെ പരിമിതികള്‍ ഇല്ലാതെയാവുന്നു.
ഉപാധികളില്ലാത്തതിനാല്‍
അവിടെ കര്‍ത്തൃത്വവും ഭോക്തൃത്വവും ഇല്ല. സുഖവും ദുഖവും ഇല്ല. പാപവും പുണ്യവും
ഇല്ല. ആര്‍ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ല.
ഇതെല്ലാം ശുദ്ധശൂന്യത. അഹംകാരം എന്ന
ഭാവനയും ‘എന്റെ’ എന്ന തോന്നലുമെല്ലാം വ്യര്‍ത്ഥം. എല്ലാ കാഴ്ചകളും ഭ്രമകല്‍പ്പനകള്‍
മാത്രമാകുന്നു. അവയൊന്നും നമ്മില്‍ നിലനില്‍ക്കുന്നില്ല.
ഈ
‘കാഴ്ച’യുള്ളവന്‍ അനിച്ഛാപൂര്‍വ്വം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് കഴിയുകയോ പൂര്‍ണ്ണമൌനത്തില്‍
(കഷ്ടമൌനം) ഒരു തടിക്കഷണം പോലെയിരിക്കുകയോ ചെയ്യും. അയാള്‍ ബ്രഹ്മമാണ്. ദേഹമെടുത്ത
ജീവികള്‍ക്ക് പരമപ്രശാന്തിയടയാന്‍ ഇത് മാത്രമേ മാര്‍ഗ്ഗമുള്ളു.
No comments:
Post a Comment
Note: Only a member of this blog may post a comment.