May 21, 2014

509 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 509

കോഹം കഥമിദം ദൃശ്യം കോ ജീവ: കിം ച ജീവനം
ഇതി തത്വജ്ഞസംയോഗാദ്യാവജ്ജീവം വിചാരയേത് (6.2/32/18)
വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധത്തില്‍ ചലനമുണ്ടാവുമ്പോള്‍ ‘ഞാന്‍’, ‘ലോകം’ മുതലായ ഭാവനകള്‍ ഉടലെടുക്കുന്നു. ആത്മാവില്‍ നിന്നും അഭിന്നമാണെന്ന് അറിവുണ്ടെങ്കില്‍ ഇവ രണ്ടും വാസ്തവത്തില്‍ നിര്‍ദ്ദോഷകരമാണ്. എന്നാല്‍ അവയ്ക്ക് ഉണ്മ കല്‍പ്പിച്ചു നല്‍കുമ്പോള്‍ അത് നിര്‍ഭാഗ്യകരം തന്നെയാണ്.
വാസ്തവത്തില്‍ അപരിമേയമായ സത്തില്‍ ചലനം ഉണ്ടാവുക എന്നത് അസംഭാവ്യമാണ്. അതിന്റെ ഹേതുവായ ചലനം പോലും അസംഭാവ്യം എന്നിരിക്കെ തജ്ജന്യമായ വസ്തുക്കളുടെ ഉണ്മയെപ്പറ്റി എന്തുപറയാനാണ്‌! വന്ധ്യയുടെ പുത്രന്‍ നൃത്തം ചെയ്യുന്നു എന്ന് പറയുന്നതുപോലെയാണത്. അവിദ്യയിലാണ് അത്തരം ചലനങ്ങള്‍ നിലകൊള്ളുന്നത്. അതുകൊണ്ട് ആ ചലനങ്ങളും അവിദ്യ തന്നെയാണ്. ശരിയായ അറിവിന്റെ വെളിച്ചത്തില്‍ അതവസാനിക്കുന്നു. അഹങ്കാരം ഉദിക്കുന്നത് അസ്തിത്വം എന്ന ധാരണയുണ്ടാവുമ്പോഴാണ്. ആ ധാരണയെ ഉപേക്ഷിച്ചാല്‍പ്പിന്നെ അഹംകാരം ഇല്ലാതെയായി.

ഇതിനാണ് ധ്യാനാവസ്ഥ എന്നും സമാധിസ്ഥിതി എന്നും പറയുന്നത്. അത് അതിബൌദ്ധീകമായ ഒരു തലമത്രേ. അവിടെ ഉപാധിരഹിതമായ ബോധമാണുള്ളത്. ദ്വന്ദതയുടെയും അദ്വൈതത്തിന്റെയും വലകളില്‍ കുടുങ്ങാതിരിക്കൂ. അത്തരം ധ്രുവീകരണങ്ങള്‍ ദുഖത്തിലും നിരാശയിലും നമ്മെ കൊണ്ട് ചെന്നെത്തിക്കും. അയഥാര്‍ത്ഥമായതിനെ, അസ്ഥിരമായതിനെ പിന്തുടരുമ്പോള്‍ അത് ദുഖത്തെ ആനയിക്കുന്നു. അത്തരം ഭാവനകള്‍ ഇല്ലാത്തപ്പോള്‍ ദുഖമില്ല. ദീര്‍ഘനിദ്രയില്‍ ദുഖമെവിടെ?  

ഉപാധികളെ നിരാകരിക്കുന്ന ബോധം സ്വയം ഉപാധിരഹിതമായ പ്രകൃതിയെ അറിയുന്നു. അതാണ്‌ മുക്തി. ശാസ്ത്രശാസനകളിലൂടെ ‘ഞാന്‍’ ഇല്ലേയില്ല, എന്ന അറിവ് സുദൃഢമാവുമ്പോള്‍ നിന്നിലെ അനന്താവബോധനിറവിനെ ആര്‍ക്കും ഇളക്കാനാവില്ല. ലോകവും ഞാനുമെല്ലാം വെറും ഭാവനാ തലത്തിലെ നിര്‍മ്മിതികള്‍ മാത്രമാണ്. ഉണ്മ അവയൊന്നുമല്ല.

‘ഞാന്‍ ആരാണ്’, ‘എങ്ങിനെയാണ് ഈ ലോകം ഉണ്ടായത്?’ എന്നിങ്ങിനെയുള്ള  ചോദ്യങ്ങള്‍ ഉള്ളിലുയരുമ്പോഴാണ് ലോകവും ഞാനും ഇല്ലാതെയാകുന്നത്. ‘ഞാന്‍’ ഇല്ല എന്ന തിരിച്ചറിവാണ് മുക്തി, അല്ലെങ്കില്‍ നിര്‍വാണം. ആ അറിവിന്റെ പ്രകാശത്തില്‍ അവിദ്യയ്ക്ക് അവസാനമായി.

“അതിനാല്‍ ഒരുവന്‍ തന്റെ ജീവിതമവസാനിക്കുന്നതുവരെ ‘ഞാന്‍ ആരാണ്?’, ‘ഈ ലോകമെങ്ങിനെ ഉരുവായി?’, ‘എന്താണ് ജീവന്‍ അല്ലെങ്കില്‍ വ്യക്തിത്വം?’, ‘എന്താണ് ജീവിതം?’, എന്നിത്യാദി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മഹാത്മാക്കളുടെ ഉപദേശമനുസരിച്ച് അന്വേഷിച്ചുകൊണ്ടിരിക്കണം.”

നീ സത്യാസാക്ഷാത്കാരം ലഭിച്ച മഹാത്മാക്കളെ സമീപിക്കുമ്പോള്‍ അവരിലെ  ആത്മജ്ഞാനത്തിന്റെ പ്രഭാപൂരം നിന്നിലെ അജ്ഞാനത്തിന്റെ ഇരുട്ടും അതിന്റെ കൂട്ടായിരിക്കുന്ന അഹംകാരവും ഇല്ലാതാക്കുന്നു. അതുകൊണ്ട് അവരുമായുള്ള സത്സംഗം തുടരുക.

വൈവിദ്ധ്യമാര്‍ന്ന ചിന്താസരണികള്‍ നിന്റെ അറിവിനെ വികലമാക്കിയേക്കാം അല്ലെങ്കില്‍ നിന്നില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കാം. അതിനാല്‍ ഈ സത്സംഗം പൊതുവായ സ്ഥലങ്ങളില്‍ വെച്ചാവുന്നതിനേക്കാള്‍ നല്ലത് സ്വകാര്യമായി ആകുന്നതാണ്. അറിവ് ആഗ്രഹിക്കുന്നയാള്‍ മഹാത്മാക്കളെ സ്വകാര്യമായി സന്ദര്‍ശിച്ച് അവരില്‍ നിന്നും സത്യജ്ഞാനാമൃതം സ്വീകരിച്ച്‌ അതിനെക്കുറിച്ച് ധ്യാനനിരതനാവണം. ഈ ധ്യാനം ബോധാകാശത്തെ മൂടുന്ന നിഴലുകളായ ഭാവനകള്‍, ധാരണകള്‍ മുതലായവയെ ക്ഷണത്തില്‍ ഇല്ലാതെയാക്കും.  

No comments:

Post a Comment

Note: Only a member of this blog may post a comment.