സ്വ സങ്കല്‍പ്പേന ചേത്യോക്തം
ചിദിത്യപരനാമകം
അനന്തം ചേതനാകാശം ജീവശബ്ദേന
കഥ്യതേ (6.2/19/2)
രാമന്‍ ചോദിച്ചു: മഹാമുനേ,
പരമാത്മാവുമായി ബന്ധപ്പെട്ട് ജീവന്റെ ആസ്ഥാനം, സ്വഭാവം, രൂപം എന്നിവയെപ്പറ്റി
എന്നെ ഉദ്ബോധിപ്പിച്ചാലും.
വസിഷ്ഠന്‍ പറഞ്ഞു: രാമാ,
“അനന്താവബോധം തന്നെയാണ് സ്വയം തിരിച്ചറിയുമ്പോള്‍ ജീവനായി അറിയപ്പെടുന്നത്. അത്
സ്വയം അതിന്റെ തന്നെ അറിവിന് വിഷയമായി
തീരുന്നരീതിയില്‍ ധാരണ വെച്ചുപുലര്‍ത്തുന്നു. അത് ‘ചിത്ത്’ എന്നും
ശുദ്ധബോധം എന്നും അറിയപ്പെടുന്നു.”
ഈ
ജീവന്‍ അണുസൂക്ഷ്മമോ അതിസ്തൂലമോ ആയ പദാര്‍ത്ഥമല്ല. അത് നിശ്ശൂന്യതയോ
മറ്റെന്തെങ്കിലുമോ അല്ല. ജീവന്‍ സ്വയം അറിയുമ്പോള്‍ അത് സര്‍വ്വവ്യാപിയും നിര്‍മ്മലവുമായ ബോധം
തന്നെയാണ്. അണുവിനെക്കാള്‍ അതിസൂക്ഷ്മം, എന്നാല്‍ സ്തൂലമെന്ന വാക്കിനു
വിവക്ഷിക്കാവുന്നതിലും ഉപരിയാണതിന്റെ വിസ്താരം. അത് എല്ലാമെല്ലാമാണ്. ശുദ്ധമായ
അവബോധമാണ്. ജ്ഞാനികള്‍ അതിനെ ജീവന്‍ എന്ന് വിളിച്ചു.
എന്തെന്ത്
വിഷയങ്ങള്‍ ഇവിടെ അനുഭവിച്ചുവെന്നാലും അത് ജീവന്‍ സ്വയം അനുഭവിക്കുന്നതാണ്.
അനുനിമിഷം അനുഭവിക്കുന്നവ അവിടവിടെത്തന്നെ അനുഭവമാക്കുന്നതും ജീവനാണ്. അത്തരം
അനുഭവങ്ങളെ സ്വായത്തമാക്കുന്നത് കാറ്റിന്റെ ചലനമെന്നതുപോലെ ജീവനില്‍ സഹജമാണ്.
എന്നാല്‍ അത്തരം ‘അനുഭവങ്ങള്‍’ നിലയ്ക്കുമ്പോള്‍ ജീവന്‍ ബ്രഹ്മം തന്നെയാകുന്നു.
ചിത്തം
സ്വയം അഹംകാരം എന്ന ധാരണയെ നിലനിര്‍ത്തി, കാല-ദേശ-ചലന-വസ്തു മുതലായവകളെ സൃഷ്ടിച്ച്
ദേഹത്തില്‍, ദേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നു. എന്നിട്ട് അസത്തായ എല്ലാറ്റിനെയും
സ്വയമുള്ളില്‍ സത്തായി ധരിച്ച് വശാവുന്നു. സ്വയം മരണത്തെ സ്വപ്നത്തില്‍ ദര്‍ശിക്കുന്നതിനു
സമമാണിത്.
സ്വരൂപത്തെ
മറന്നുകൊണ്ട് ജീവന്‍ തെറ്റായ ധാരണകളുമായി താതാത്മ്യം പ്രാപിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളുമായി ആകസ്മികബന്ധം സ്ഥാപിച്ച് അവയുടെ അനുഭവങ്ങള്‍ സ്വന്തം
അനുഭവങ്ങളായി തെറ്റിദ്ധരിക്കുന്നു. പഞ്ചപ്രഭാവങ്ങള്‍ വരപ്രസാദമാക്കി അന്തര്യാമിയായ
പുരുഷനായും ബ്രഹ്മാണ്ഡഭാവത്തില്‍ വിരാട്ടായും അത് പ്രോജ്വലിച്ചു നില്‍ക്കുന്നു.
പരമാത്മാവില്‍ നിന്നും ഉണ്ടായ പ്രഥമനിര്‍ഗളനം അതിസൂക്ഷ്മായ ഈ മനോജീവനാണ്.
ഈ പുരുഷന്‍ സ്വയം ഉയര്‍ന്നു,വളര്‍ന്നു,വികാസംപ്രാപിച്ചു,ചുരുങ്ങി,
ഒടുങ്ങുന്നു. അയാളുടെ സ്വരൂപം മനസ്സിന്റെ, ചിന്തകളുടെ, അല്ലെങ്കില്‍
ധാരണകളുടെ സൂക്ഷ്മതലത്തിലാണ്. അതിനാല്‍
എട്ടുകോട്ടകളുള്ള നഗരം - പൂര്യഷ്ടകം എന്നാണതറിയപ്പെടുന്നത്. ഈ സൂക്ഷ്മസത്വം
ചെറുതാണ്, വലുതാണ്; ഗോചരമാണ്, അഗോചരമാണ്; അകത്തും പുറത്തും സര്‍വ്വവ്യാപിത്വം
സഹജമായും അതിനുണ്ട്. എട്ടവയവങ്ങള്‍ -പഞ്ചേന്ദ്രിയങ്ങളും മനസ്സും അഹംകാരവും, പിന്നെ
വ്യക്താവ്യക്തജീവനും ആണിവ. എല്ലാ വേദങ്ങളും പാടിയതവനാണ്. യമനിയമാദികളുടെ
ഉപജ്ഞാന്താവും അവനാണ്.
അവ
ഇന്നും നിലനില്‍ക്കുന്നു. അവന്റെ തലയാണ് ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത്.
അവന്റെ കാലുകള്‍ പാതാളത്തിലാണ്. അകാശമാണവന്റെ വയര്‍. ലോകങ്ങള്‍ അവന്റെ പാര്‍ശ്വഭാഗങ്ങള്‍.
ജലം അവന്റെ ചോരയാണ്. മലകളും ഭൂമിയും അവന്റെ മാംസം. നദികള്‍ അവന്റെ രക്തക്കുഴലുകള്‍.
ദിക്കുകള്‍ അവന്റെ കൈകള്‍, നക്ഷത്രങ്ങള്‍ അവന്റെ തലമുടി. വിശ്വവാതങ്ങള്‍ അവന്റെ
പ്രാണന്‍. ചന്ദ്രമണ്ഡലം അവന്റെ ജീവജ്യോതി. അവന്റെ മനസ്സ് വിശ്വത്തിലെ എല്ലാ
ധാരണകളുടെയും സമഷ്ടി.
അവനാണ്
പരമാത്മാവ്. ഈ വിശ്വജീവനില്‍നിന്നും മറ്റനേകം ജീവനുകള്‍ ഉദ്ഭവിച്ചു മൂലോകങ്ങളിലും
പരന്നു വ്യാപരിക്കുന്നു. ബ്രഹ്മാ,വിഷ്ണു,രുദ്രന്മാരും മറ്റുള്ളവരുമെല്ലാം
മാനസസൃഷ്ടികളാണ്. അവന്റെ ചിന്താധാരണകളുടെ മൂര്‍ത്തീകരണമാണ്
ദേവാസുരയക്ഷകിന്നരഗന്ധര്‍വ്വന്മാരെല്ലാമാകുന്നത്. സ്വധാമമായ ബോധത്തില്‍നിന്നുമാണ്
ജീവന്‍ ഉണ്ടായത്. അങ്ങിനെയുള്ള അനേകായിരം വിരാട്പുരുഷന്മാര്‍ ഉണ്ടായിട്ടുണ്ട്,
ഇനിയും ഉണ്ടാവുകയും ചെയ്യും.
No comments:
Post a Comment
Note: Only a member of this blog may post a comment.