May 13, 2014

502 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 502

അപേക്ഷൈവ ഘനോ ബന്ധ ഉപേക്ഷൈവ വിമുക്തതാ
സര്‍വ്വശബ്ദാന്വിത തസ്യാം വിശ്രാന്തേന കിമീക്ഷ്യതേ  (6.2/26/36)
വസിഷ്ഠന്‍ പറഞ്ഞു: ലോകമെന്ന ഭ്രമത്തില്‍ ഒരുവന്‍ വീണുകഴിഞ്ഞാല്‍പ്പിന്നെ മഴകഴിയുമ്പോള്‍ ഈയാംപാറ്റകള്‍ എന്നപോലെ അയാളെ എണ്ണമറ്റ അനേകം ഭ്രമക്കാഴ്ച്ചകള്‍ ആര്‍ത്ത് പൊതിയുകയായി.
മനസ്സ് വസന്തകാലത്തെ വനം പോലെയാണ്. അത് പല പല ധാരണകളാലും ഭാവനകളാലും ഇടതൂര്‍ന്നും ഇരുളടഞ്ഞും നിബിഢമായി നില്‍ക്കുന്നു. അജ്ഞാനമെന്ന സ്വപരിമിതികള്‍ മൂലം ജീവികള്‍ക്ക് എണ്ണമറ്റ സുഖ-ദുഖാനുഭവങ്ങള്‍ ഉണ്ടാവുന്നു.    
മഹാമുനിയും ആകാശത്തിലെ ചന്ദ്രനും തമ്മില്‍ ഭേദമൊന്നുമില്ല. അവ രണ്ടും ആഹ്ളാദത്തെ പ്രദാനം ചെയ്യുന്നു. അവര്‍ പ്രശാന്തശീതളമാണ്, അമൃത് നിറഞ്ഞതാണ്‌, നിശ്ചലമാണ്, മാത്രമല്ല അവ രണ്ടും മറ്റുള്ളവരുടെ കാഴ്ച്ചയ്ക്ക് സഹായകരമായ വെളിച്ചം നല്‍കുന്നവയുമാണ്. ഒരു ചെറിയകുട്ടിയും അജ്ഞാനിയും ഒരുപോലെ ഇഷ്ടാനിഷ്ടങ്ങളുടെ വരുതിയില്‍ ചാഞ്ചാടുന്നവരാണ്. അവര്‍ക്ക് എന്താണിതുവരെ ചെയ്തത്, എന്തിനി ചെയ്യണം, എന്താണുചിതം എന്നും മറ്റുമുള്ള ചിന്തകളില്ല. കേവലം പുഴുക്കള്‍ മുതല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് വരെ മനസ്സിനെ പൂര്‍ണ്ണമായി അടക്കാതെ പരമപ്രശാന്തി അടയുക സാദ്ധ്യമേയല്ല.

ബന്ധനത്തിന്റെ സ്വഭാവത്തെപ്പറ്റി കൂടുതല്‍ പഠിക്കുന്നതോടെ അതിന്റെ പിടിമുറുക്കത്തിന് അയവുണ്ടാവുന്നു. അങ്ങിനെയുള്ള സാധകന്റെ മുന്നിലുള്ള തടസ്സങ്ങള്‍ നിഷ് പ്രയാസംതരണം ചെയ്യാന്‍ അയാള്‍ക്കാവുന്നു. ഉണര്‍ന്നു കിടക്കുന്ന, ശ്രദ്ധയുള്ള ഒരാള്‍ക്ക് ഭൂതങ്ങളെ പേടിയുണ്ടാവില്ല.

നീ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ ബാഹ്യലോകം ഇല്ലാതെയാവുന്നു. ബോധത്തില്‍ നിന്നും ലോകമെന്ന ധാരണ നീക്കിയാല്‍ ശുദ്ധബോധം മാത്രം ബാക്കിയാവുന്നു. ഇപ്പോഴും ശുദ്ധമായ അവബോധം മാത്രമേ ബാക്കി നില്‍ക്കുന്നുള്ളൂ. ലോകമെന്നത് മിഥ്യയാണ്. ബോധത്തിലെ ചെറിയൊരു പ്രകമ്പനമാണ്‌ ലോകമായിത്തീര്‍ന്നത്. 

അത് വിശ്വമനസ്സിന്റെ സൃഷ്ടിയാണ്. വിശ്വമനസ്സ് അങ്ങിനെയുള്ള ഒരു സൃഷ്ടിയെ ഭാവന ചെയ്യുന്നു. എന്നാല്‍ അങ്ങിനെയൊരു സൃഷ്ടിക്കായുള്ള വസ്തുക്കള്‍ അതിനു സ്വന്തമായി ഇല്ല.

ലോകമെന്നത് ബ്രഹ്മത്തിന്റെ കാന്‍വാസ്സില്‍ ചായങ്ങളോ സാമഗ്രികളോ ഇല്ലാതെ വരച്ച ഒരു ബ്രഹദ്ചിത്രമാണ്. അപ്പോള്‍പ്പിന്നെ ഈ ലോകം ആരുണ്ടാക്കി? എപ്പോള്‍ ? എങ്ങിനെ? എവിടെ?

‘ഞാന്‍ സന്തുഷ്ടനാണ്’ എന്ന ധാരണ സന്തുഷ്ടിയെ നല്‍കുന്നു. ‘ഞാന്‍ ദുഖിതനാണ്’ എന്ന ഭാവന ദുഖത്തെ പ്രദാനം ചെയ്യുന്നു. ഈ ധാരണകളെല്ലാം ബോധം മാത്രമാകുന്നു. ഭാവനകള്‍ എന്ന നിലയ്ക്ക് അവയ്ക്കൊന്നിനും നിലനില്‍പ്പില്ല. ആത്മാവ് അനന്തവും അപരിമേയവും അനുപാധികവും ആകയാല്‍ അതില്‍ യാതൊരുവിധ ചഞ്ചലതകളും ഇല്ല. ആസക്തികളോ, ആശകളോ, പരാശ്രയമോ ഇല്ലാത്തതിനാല്‍ ആത്മാവില്‍ ചലനമേതും ഉണ്ടാവുന്നില്ല.

“പരാശ്രയത്വമാണ് ബന്ധനം. ആരെയും ഒന്നിനെയും ആശ്രയിക്കേണ്ടിവരാത്ത അവസ്ഥയാണ് മോക്ഷം. ആരാണോ അനന്തമായതില്‍, പൂര്‍ണ്ണമായതില്‍, ‘എല്ലാം’ ആയതില്‍ വിശ്രാന്തിയടയുന്നത് അയാള്‍ക്ക് യാതൊന്നിലും ആഗ്രഹങ്ങള്‍ ഇല്ല.”

ദേഹം സ്വപ്നത്തിലെ ദേഹം പോലെ മിഥ്യയാണെന്നറിയുന്ന ജ്ഞാനി എന്തിനാണ് പിന്നെ ആഗ്രഹിക്കുക? അത്മീയോന്നതിയും ഉണര്‍വ്വും പ്രാപിച്ച മുനി സ്വാനുഭൂതിയില്‍ രമിക്കുന്നു. അയാളിലെ എല്ലാ ആഗ്രഹങ്ങള്‍ക്കും പരിസമാപ്തിയായി.

രാമാ, മാങ്കി ഇതെല്ലാം കേട്ട് ഭ്രമങ്ങളൊഴിഞ്ഞ് അതിതീവ്രമായ ധ്യാനത്തില്‍ ആമഗ്നനായി. അയാള്‍ അനിവാര്യവും ഉചിതവുമായ കാര്യങ്ങള്‍ അനിച്ഛാപൂര്‍വ്വം നിര്‍വഹിച്ച് പുഴയൊഴുകുംപോലെ* ജീവിച്ചു.


*പ്രവാഹപതിതം കാര്യം    

No comments:

Post a Comment

Note: Only a member of this blog may post a comment.