ഖവാതേന്തര്‍മൃതപ്രാണാ: പ്രാണാനാമന്തരേ മന:
മനസോന്തര്‍ജഗദ്‌വിദ്ധി തിലേ തൈലമിവ സ്ഥിതം (6.2/18/10)
വസിഷ്ഠന്‍ തുടര്‍ന്നു: അഹംകാരം അസത്താണെന്ന്
തിരിച്ചറിയുന്നതോടെ സുഖം, ദുഃഖം, നന്മ, തിന്മ എന്നിത്യാദി ഫലങ്ങളെല്ലാം
കായ്ക്കുന്ന മഹത്തായ സൃഷ്ടിവൃക്ഷം ഇല്ലാതെയാകുന്നു. അഹം എന്നത് സത്യമല്ലെന്ന
അറിവില്‍ സമതാഭാവത്തോടെ നിലകൊള്ളുന്നവന്‍ ദുഖിക്കുന്നില്ല.
അഹംകാരം എന്ന തെറ്റിദ്ധാരണയെ
ആത്മജ്ഞാനം നിരാകരിക്കുമ്പോള്‍ അതുവരെ തികച്ചും സത്തയാണെന്ന് ഉറച്ചിരുന്ന അഹം എവിടെപ്പോയി
മറയുന്നു എന്നറിയില്ല. അതുപോലെതന്നെ ഈ ദേഹത്തെ കൊണ്ട് നടന്നിരുന്ന പ്രാണശക്തിയും
എങ്ങോട്ടാണ് പോയി മറയുന്നതെന്ന് ആര്‍ക്കും അറിയില്ല. ദേഹമാകുന്ന ഇല അഹംകാരമെന്ന
ഈര്‍പ്പത്തെ മണ്ണില്‍ നിന്നും വലിച്ചെടുക്കുമെങ്കിലും ആത്മജ്ഞാനമാകുന്ന സൂര്യന്‍
അതിനെ ബാഷ്പീകരിച്ച് ബ്രഹ്മമെന്ന അതിസൂക്ഷ്മ ജലബാഷ്പകണികകളാക്കി മാറ്റുന്നു.
ആത്മജ്ഞാനത്തിന്റെ അഭാവത്തില്‍
അഹംകാരത്തിന്റെ ബീജം കണ്ണിമചിമ്മുന്ന സമയംകൊണ്ട് വലിയൊരു വടവൃക്ഷമായി അസംഖ്യം
ശിഖരങ്ങളും ഇലകളും പൂക്കളും കായ്കളുമായി വളര്‍ന്നു പന്തലിക്കുന്നു.
സൃഷ്ടിജാലം മുഴുവനും അഹംകാരത്തില്‍
അടങ്ങിയിരിക്കുന്നതായി അറിഞ്ഞവരാണ് ജ്ഞാനികള്‍. മരണത്തിനുപോലും ഇതിനൊരവസാനം
ഉണ്ടാക്കാന്‍ കഴിയില്ല. ഒരു വിഷയത്തിലുള്ള സത്ത മറ്റൊന്നിലേയ്ക്ക്
സംക്രമിക്കുന്നതാണ് മരണം. നിന്റെ ദൃഷ്ടിക്ക് മുന്നിലുള്ള എണ്ണമറ്റസൃഷ്ടിജാലങ്ങളെ നോക്കൂ. ആ ജീവികള്‍ക്കുള്ളില്‍
നിലകൊള്ളുന്ന എണ്ണമറ്റ മറ്റുജീവികളെയും കാണൂ.
ജീവശക്തിയായ പ്രാണനില്‍
മനസ്സുണ്ട്. ലോകം മനസ്സിലാണ് നിലനില്‍ക്കുന്നത്. മരണസമയത്ത് ഈ പ്രാണന്‍ ദേഹത്തെ
വിട്ട് ആകാശത്തിലെത്തുന്നു. അവിടെ പ്രാണന്‍ അങ്ങുമിങ്ങും പാറിപ്പറന്നു നടക്കുന്നു.
പ്രാണനുകള്‍ അതാതിന്റെ ലോകങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച് ആകാശം മുഴുവനും നിറഞ്ഞു
നില്‍ക്കുന്നതും കാണൂ. എന്റെ അകക്കണ്ണുകൊണ്ട് അവയെ എനിക്കിപ്പോള്‍ ഇവിടെ കാണാം.
“മരിച്ചു മണ്ണടിഞ്ഞവരുടെ
പ്രാണനുകള്‍ ആകാശം നിറഞ്ഞിരിക്കുന്നു. ആ പ്രാണനുകളില്‍ എല്ലാം മനസ്സുണ്ട്. ആ
മനസ്സുകളിലാണ് എള്ളില്‍ എണ്ണയെന്നപോലെ ലോകങ്ങള്‍ നിലകൊള്ളുന്നത്.”
പ്രാണന്‍ ആകാശത്ത് കാറ്റിലാടി
നടക്കുന്നതുപോലെ ഈ മനസ്സുകളിലാണ് ലോകങ്ങള്‍ ചാഞ്ചാടുന്നത്. പൂക്കളിലെ പൂമണം
കാറ്റില്‍ പടരുന്നത് പോലെയാണത്. രാമാ, മേധാശക്തിയാകുന്ന അകക്കണ്ണുകൊണ്ട് മാത്രമേ
ഇത് കാണാനാകൂ. ഭൌതീകമായ കണ്ണുകള്‍ക്ക് അവ ദൃശ്യമല്ല.
ഈ
ലോകങ്ങള്‍ എല്ലായിടത്തും ഇപ്പോഴും ഉണ്ട്. ധാരണകളുടെ സഹജസത്തയാകയാല്‍ അവ
ആകാശത്തേക്കാള്‍ സൂക്ഷമതരമാണ്. വാസ്തവത്തില്‍ അവ ആകാശത്ത് ഒരിടത്തുന്നിന്നു
മറ്റൊരിടത്തേയ്ക്ക് ചലിക്കുകയോ ചാഞ്ചാടുകയോ ചെയ്യുന്നില്ല. എന്നാല്‍
പ്രാണ-മനോ-ധാരണാ സംഘാതമായ ജീവനെ സംബന്ധിച്ചിടത്തോളം അത് സൃഷ്ടിക്കുന്ന ലോകം
തികച്ചും യഥാതഥമാണ്. കാരണം സൃഷ്ടിയെന്ന സത്തയെപ്പറ്റി, അതിന്റെ വാസ്തവികതയെപ്പറ്റി
ജീവന്‍ സുദൃഢമായി വിശ്വസിക്കുന്നു.
നല്ല
കുത്തൊഴുക്കുള്ള നദിയുടെ കരയിലെ വസ്തുക്കള്‍ - മരങ്ങളും മറ്റും - ജലത്തില്‍
പ്രതിബിംബിക്കുമ്പോള്‍ ആ വസ്തുക്കള്‍ വളഞ്ഞു വക്രിച്ചതായി തോന്നുന്നു. അത് വെറും
തോന്നല്‍ മാത്രമാണ്. എന്നാല്‍ ആത്മാവില്‍, അനന്തമായ അവബോധത്തില്‍ അത്തരം ചലനങ്ങള്‍
ഒന്നുമില്ല. ഒരു കുടം ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്ക് മാറ്റുമ്പോള്‍ ആ
കുടത്തിലെ ആകാശം മാറുന്നില്ല. അതുപോലെ ലോകമെന്ന കാഴ്ച കാണപ്പെടുന്നത്
ഉണ്മയെപ്പറ്റിയുള്ള വിഭ്രമാത്മകചിന്തകളാല്‍ ആണ്. സത്യത്തില്‍ ബ്രഹ്മം
മാത്രമേയുള്ളൂ. അതിനെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.