വരമന്ധഗുഹാഹിത്വം ശിലാന്ത:കീടതാ
വരം
വരം മരൌ പന്ഗുംമൃഗോ ന
ഗ്രാമ്യജനസംഗമ: (6.2/23/20)
വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ
രാമാ, മാങ്കിമുനി ചെയ്തപോലെ ആസ്കതിയോ മനോപാധികളോ ഇല്ലാതെ, മനസ്സില്‍ നിറഭേദം ഇല്ലാതെ
പരമാവസ്ഥയിലേയ്ക്ക് സധീരം കടന്നുചെല്ലൂ.
നിന്റെ പൂര്‍വ്വികനായ അജന്‍ ഒരു
യഗകര്‍മ്മത്തിനായി എന്നെ ക്ഷണിച്ചിരുന്നു. ആകാശമാര്‍ഗ്ഗത്തുനിന്നും ഞാന്‍
വന്നിറങ്ങിയത് പൊടിപടലം നിറഞ്ഞ, ചൂടേറിയ ഒരു വനപ്രദേശത്താണ്. കാട്ടിലൂടെ
കടന്നുപോകുമ്പോള്‍ ഒരു യാത്രക്കാരന്‍ ഇങ്ങിനെ വിലപിക്കുന്നത് കേട്ടു. “ഈ സൂര്യന്റെ
താപം എല്ലാത്തിനെയും ചുട്ടുനീറ്റുന്നു. അതുപോലെ ദുഷ്ടജനസംസര്‍ഗ്ഗം പാപവും
കുടിലതയും ഉണ്ടാക്കാന്‍ മാത്രമേ ഉതകുന്നുള്ളു. ഞാനാ ഗ്രാമത്തില്‍പ്പോയി ഈ തളര്‍ച്ചയില്‍
നിന്നുമൊരല്‍പം ആശ്വാസം കിട്ടുമോ എന്ന് നോക്കട്ടെ.’
അയാള്‍ ഗ്രാമത്തിലേയ്ക്ക്
കടക്കുന്നതിനു തൊട്ടുമുന്‍പ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘യാത്രക്കാരാ, സ്വന്തം
പാത ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അങ്ങേയ്ക്ക് സ്വാഗതം! ദാഹിക്കുമ്പോള്‍
ഉപ്പുവെള്ളം കുടിച്ചാല്‍ എന്നപോലെയാണ് അജ്ഞാനികള്‍ വസിക്കുന്ന ഗ്രാമത്തില്‍
നിങ്ങള്‍ക്ക് ലഭിക്കാന്‍ പോവുന്ന അനുഭവം. ഉപ്പുവെള്ളം ദാഹം ശമിപ്പിക്കുകയില്ല.
ഇവിടെനിന്നും അങ്ങേയ്ക്ക് ശാശ്വതമായ സന്തുഷ്ടി ലഭിക്കുകയില്ല. അജ്ഞാനി തെറ്റായ
പാതയില്‍ അലക്ഷ്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ആത്മാന്വേഷണം
നടത്തുന്നില്ല. തെറ്റുകളില്‍ നിന്നും പിന്തിരിയുന്നുമില്ല. അവര്‍ വെറും
യന്ത്രങ്ങളെപ്പോലെയാണ് ഇവിടെ കഴിയുന്നത്.
“ഇരുളടഞ്ഞ ഗുഹയില്‍ വാഴുന്നൊരു
സര്‍പ്പമാവുന്നതും, പാറയ്ക്കുള്ളില്‍ കുടികൊള്ളുന്നൊരു പുഴുവാകുന്നതും
മണലാരണ്യത്തിലെ കാനല്‍ജലം തേടുന്ന മുടന്തുള്ളൊരു മാനാകുന്നതും ഈ അജ്ഞാനികളായ
ഗ്രാമവാസികളുമായുള്ള സഹവാസത്തേക്കാള്‍ ഉത്തമമത്രേ.”
അവരുടെ
സഹവാസം നൈമിഷികസുഖത്തെ നല്‍കുന്നു. എന്നാല്‍ അത് ആത്മനശീകരണത്തിന്
വഴിയൊരുക്കുന്നു.’ ഞാന്‍
അങ്ങിനെ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു: ഭഗവന്‍, അങ്ങാരാണ്? അങ്ങൊരു
ചക്രവര്‍ത്തിയെപ്പോലെ പ്രഭയാര്‍ന്നവനാണ്, എന്നാല്‍ കയ്യില്‍ ഒന്നുമില്ലാ താനും.
അങ്ങ് അമൃത് കുടിക്കുകയുണ്ടായോ? ഒന്നും ഇല്ലെങ്കിലും അങ്ങ് പൂര്‍ണ്ണനായും
തൃപ്തനായും കാണപ്പെടുന്നു. എന്താണ് ഒന്നുമല്ലെങ്കിലും എല്ലാമായ അങ്ങയുടെ ഈ
രൂപത്തിന്റെ രഹസ്യം? അഭൌമം, എങ്കിലും അത് ഭൂമിയില്‍ നിലകൊള്ളുകയും ചെയ്യുന്നു.
അങ്ങ്
എല്ലാ പ്രത്യാശകള്‍ക്കും ആശകള്‍ക്കും അതീതനാണ്. എങ്കിലും അങ്ങ് ആശകളേയും
പ്രതീക്ഷകളെയും ഉപേക്ഷിക്കുന്നതായും തോന്നുന്നില്ല. അങ്ങയുടെ ബോധത്തില്‍ പല പല
ധാരണകളും ഭാവനകളും ഉയരുന്നത് അങ്ങയുടെ ഇച്ഛയ്ക്കനുസരിച്ചാണ്. അങ്ങില്‍ ഈ വിശ്വം
മുഴുവനും കുടികൊള്ളുന്നത് പഴത്തിനുള്ളിലെ വിത്തില്‍ മരമെന്നപോലെയാണ്.
‘തീര്‍ത്ഥയാത്രക്കാരനായ
എന്റെ പേര് മാങ്കി. ഞാനേറെ അലഞ്ഞിരിക്കുന്നു. എനിക്കിനി സ്വധാമം കണ്ടെത്തണം
എന്നുണ്ട്. എന്നാല്‍ തിരികെ വീടെത്താനുള്ള ഊര്‍ജ്ജം എന്നിലില്ല. ഭഗവാനേ, മഹാന്മാരെ
കണ്ടാലുടന്‍ അവര്‍ സൗഹൃദം കാണിക്കും. എനിക്കീ സംസാരം തനിയെ കടക്കാന്‍
സാധിക്കുന്നില്ല. ദയവായി എന്നെ പ്രബുദ്ധനാക്കിയാലും’
ഞാന്‍
അയാളോട് പറഞ്ഞു: യാത്രക്കാരാ, പേടിക്കണ്ട. ഞാന്‍ വസിഷ്ഠന്‍. നീ തീര്‍ച്ചയായും
മുക്തിയുടെ കവാടത്തില്‍ എത്തിയിരിക്കുന്നു. ആത്മാന്വേഷിയായ സദ്ജനങ്ങളുമായുള്ള സംഗം
നീ കാംഷിക്കുന്നുവല്ലോ. അതുകൊണ്ടുതന്നെ നീ സംസാരത്തിന്റെ മറുകര കണ്ടിരിക്കുന്നു.
നിന്റെ മനസ്സില്‍ അനാസക്തി ഉയര്‍ന്നതിനാല്‍ പ്രശാന്തിയും അവിടെയുണ്ട്. സത്യത്തെ
മറയ്ക്കുന്ന മൂടുപടം മാറ്റുമ്പോള്‍ ഉണ്മ സ്വയം പ്രശോഭിക്കുന്നു. പറയൂ,
നിനക്കെന്താണ് അറിയേണ്ടത്? ഈ ലോകമെന്ന ഭ്രമക്കാഴ്ച്ചയെ എങ്ങിനെ നശിപ്പിക്കാമെന്നാണ്
നീ ഉദ്ദേശിക്കുന്നത്?
No comments:
Post a Comment
Note: Only a member of this blog may post a comment.