ഉദ്യത്സ്വാപി ജഗത്വേഷ ശാന്തമേവാവതിഷ്ഠതേ
അനിച്ഛ ഏവ മുകുര: പ്രതിബിംബശതേഷ്വിവ (6.2/35/38)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ അനന്തമായ ബോധം എല്ലാടവും
നിറഞ്ഞിരിക്കുന്നു. അതിനാല്‍ ബോധത്തിന് ബ്രഹ്മാണ്ഡത്തിന്റെ ഒരറ്റത്തുനിന്ന്
മറ്റേയറ്റത്തേയ്ക്ക് എത്താന്‍ ഇമവെട്ടുന്ന ഞൊടിയിട മതിയാകും. (സമയം എന്ന ഭാവന
തന്നെ വേണ്ട എന്നര്‍ത്ഥം.)
നീയെന്തു കര്‍മ്മങ്ങളില്‍
വ്യാപൃതനായിരുന്നാലും ഉപാധിരഹിതമായ ആത്മാവില്‍ സുദൃഢനായിരിക്കൂ. അജ്ഞാനത്തിന്റെ
സ്വഭാവം എന്തെന്നുവച്ചാല്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ അത് അപ്രത്യക്ഷമാവുന്നു
എന്നതാണ്. നിരീക്ഷിക്കാനും അറിയാനും ആവുന്നതാണെങ്കില്‍ അതറിവാകും (ജ്ഞാനം).
അജ്ഞാനത്തിനു അസ്തിത്വമില്ല എന്ന സ്ഥിതിയ്ക്ക് ബോധത്തില്‍ ഭിന്നതയും
ഉണ്ടാവുകയില്ലല്ലോ.
എകമാണെങ്കിലും അനേകമെന്നപോലെ;
ശുദ്ധമെങ്കിലും പങ്കിലമെന്നപോലെ, നിറവുറ്റതെങ്കിലും നിശ്ശൂന്യതയെന്നപോലെ, ചലവും
അചലവുമായി, പരിണാമങ്ങളോടു കൂടിയും അല്ലാതെയും, പരമപ്രശാന്തമായും പ്രക്ഷുബ്ദമായും,
അസ്തിത്വമുള്ളതായും ഇല്ലാത്തതായും, ചൈതന്യവത്തായും ജഡമായും, ആത്മാവായും
അനാത്മാവായും, ആത്മാവായും വിഷയമായും, ശാശ്വതമായും ക്ഷണഭംഗുരമായും, അറിയാവുന്നതെന്നു
തോന്നുന്ന അറിവായും അല്ലാതെയും, തമസ്സ് മൂടിയിരിക്കുന്നു എന്നനുമാനിക്കുന്നതായും
അല്ലാതെയും, എല്ലാമെല്ലാം സത്താണെങ്കിലും ദൃശ്യമല്ലാതെയും ബ്രഹ്മം നിലകൊള്ളുന്നു. അത് മാത്രമേയുള്ളു.
അനന്തതയ്ക്ക്
ഉപാധികളില്ലാത്തതിനാല്‍ അതിനെ എവിടെയെങ്കിലും ‘കണ്ടെത്തുക’ അസാദ്ധ്യം. അതില്‍ കര്‍ത്താവ്,
കര്‍മ്മം, കാര്യം, കാരണം, എന്നിത്യാദി വിഭജനങ്ങള്‍ ഇല്ല. അത് എല്ലാമെല്ലാമായി
എല്ലായിടത്തും എല്ലാക്കാലത്തും നിലകൊള്ളുന്നു. അത് അദൃശ്യമെങ്കിലും നിന്റെ
തൊട്ടുമുന്നിലുണ്ട്. അതില്‍ ബോധ-ജഡ ഭിന്നതയില്ല. ‘ഞാന്‍’, ‘ഞാനില്ല’, ‘മറ്റാരെ’ങ്കിലും
ഉണ്ടെങ്കില്‍ അത്, എല്ലാം ഞാന്‍ തന്നെയാണ്.
ബ്രഹ്മാണ്ഡങ്ങള്‍
അനന്താവബോധത്തില്‍ പ്രത്യക്ഷമാവുന്നുവെങ്കിലും അത്തരം വിഭജനങ്ങള്‍ സാദ്ധ്യമല്ല.
ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ ബോധം തന്നെ കാണണമെന്നുറച്ചെന്നപോലെ സ്വയം കണ്ണാടിയായി മാറി അതില്‍ അനവരതം പ്രതിഫലിക്കുകയാണ്.
അങ്ങിനെ ശുദ്ധസത്വത്തിന്റെ പ്രതിഫലനമെന്നോണം വിശ്വം വികസ്വരമാവുന്നു. അനന്തമായ
ബോധം തന്നെയാണ് ലോകം.
എല്ലാ വസ്തുക്കളും വിഷയങ്ങളും
അതില്‍ ഉയരുന്നു, പ്രോജ്വലിക്കുന്നു, ഒടുവില്‍ അതില്‍ത്തന്നെ വിലയനം
പ്രാപിക്കുന്നു. ലോകം ഒരു കാന്‍വാസിലെ ചിത്രപടമാണ്. ബോധമാണതെഴുതാന്‍ എടുത്ത
നിറമില്ലാത്ത ചായം. വസ്തുക്കള്‍ സൃഷ്ടി സംഹാരങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ ബോധം
ശാശ്വതവും ഉപാധിരഹിതവുമാണ്.
“ആയിരക്കണക്കിന് ലോകങ്ങള്‍
ബോധത്തില്‍ ഉയരുന്നുവെങ്കിലും അത് പ്രശാന്തമാണ്. കാരണം അതില്‍ സൃഷ്ടിവാഞ്ഛയില്ല.
കണ്ണാടിയില്‍ എത്രതന്നെ പ്രതിഫലനങ്ങള്‍ ഉണ്ടായാലും അവയതിനെ
ബാധിക്കാത്തതുപോലെയാണത്.”
No comments:
Post a Comment
Note: Only a member of this blog may post a comment.